ജാലകം നിത്യജീവൻ: March 2015

nithyajeevan

nithyajeevan

Tuesday, March 10, 2015

വി.യൗസേപ്പിനോടുള്ള നൊവേന (10-03-2015 to 18-03-2015)

    വി.യൗസേപ്പിന്റെ തിരുനാളിന്നൊരുക്കമായുള്ള  നൊവേന (10-03-2015 to 18-03-2015)
                                 ഓ, സ്നേഹനിധിയായ വി.യൗസേപ്പിതാവേ, അങ്ങയുടെ എല്ലാ  സഹനങ്ങളെയും,  സന്താപങ്ങളെയും സന്തോഷങ്ങളെയും പ്രതി ഞാനങ്ങയോട് അപേക്ഷിക്കുന്നു;  എനിക്കിപ്പോൾ ഏറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം (ഇവിടെ അപേക്ഷ സമർപ്പിക്കുക) ദൈവത്തിൽനിന്ന് പ്രാപിച്ചുതരേണമേ.
                 എന്നോട് പ്രാർഥന യാചിച്ചിരിക്കുന്ന  എല്ലാവരുടെയും അപേക്ഷകളും നിയോഗങ്ങളും ദൈവതിരുമനസ്സിന് വിധേയമായി സാധിച്ചുകൊടുക്കേണമേ.  എന്റെ അന്ത്യവിനാഴികയിൽ അവിടുത്തെ സാന്നിദ്ധ്യവും സഹായവും അനുഗ്രഹവും ഞാൻ യാചിക്കുന്നു.  അങ്ങനെ ഞാൻ അങ്ങയോടും പരിശുദ്ധമാതാവിനോടുമൊപ്പം പരിശുദ്ധ ത്രിത്വത്തെ എന്നെന്നും വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ.  ആമേൻ. 
1 സ്വ . 1 നന്മ 1 ത്രി.

Thursday, March 5, 2015

ഫാത്തിമ - ചെകുത്താന്റെ കളി

സി.ലൂസി പോൾ ആറാമൻ പാപ്പായോടൊപ്പം 




                       ഔറെമിലെ മജിസ്ട്രേറ്റ്, കുട്ടികളെയുംകൊണ്ട് ഔറേം ലക്ഷ്യമാക്കി പായുന്നത് ഗ്രാമവാസികൾ കണ്ടു.  അയാൾ അവരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്ന് ഗ്രാമവാസികൾക്കു മനസ്സിലായി. അവർ കുതിരവണ്ടിയുടെ നേരെ കല്ലെറിയാൻ തുടങ്ങി; കുട്ടികൾക്ക് ഏറു കൊള്ളാതിരിക്കാൻ അവരെ ഒരു പുതപ്പുകൊണ്ട്‌ പുതപ്പിച്ച്‌ അയാൾ വണ്ടി പായിച്ചു. വണ്ടി നേരെ ചെന്നുനിന്നത് അയാളുടെ വീടിന്റെ മുന്പിലാണ്. കുട്ടികളെ ഒരു മുറിക്കുള്ളിലാക്കി പൂട്ടിയിട്ട് അയാൾ  പറഞ്ഞു; "നിങ്ങളുടെ രഹസ്യം വെളിപ്പെടുത്താതെ ഈ മുറിയിൽ  നിന്ന് നിങ്ങൾ പുറത്തിറങ്ങാൻ പോകുന്നില്ല."  കുട്ടികൾ ഒരക്ഷരംപോലും മറുപടി പറഞ്ഞില്ല. അയാൾ പൊയ്ക്കഴിഞ്ഞപ്പോൾ ജസീന്ത മറ്റു രണ്ടുപേരെയും ആശ്വസിപ്പിച്ചു: "അയാൾ നമ്മളെ കൊല്ലുകയാണെങ്കിൽ കൊല്ലട്ടെ; നമ്മൾ നേരെ സ്വർഗ്ഗത്തിൽ പോകും."
            എന്നാൽ,അവർ ഭയന്നതുപോലെ ഒന്നും സംഭവിച്ചില്ല. മജിസ്ട്രേട്ടിന്റെ ഭാര്യ അവരോട് വളരെ സ്നേഹത്തോടെ പെരുമാറി. ഉച്ചയ്ക്ക് അവർക്ക് നല്ല ഭക്ഷണം നൽകുകയും പിന്നീട് അവരുടെ കുട്ടികളോടൊപ്പം കളിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു.  അവരെ സന്തോഷിപ്പിക്കാൻ തന്നാലാവുന്നത് അവർ ചെയ്തു.
           കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടതിനാൽ, ദർശനസ്ഥലത്ത് സാത്താൻ പ്രത്യക്ഷപ്പെടുമെന്നും അന്നേരം ഭൂമി പിളർന്ന്  അവിടെക്കൂടിയിരിക്കുന്ന സകലരും അതിനുള്ളിലാക്കപ്പെടുമെന്നും ഒരു അഭ്യൂഹം ഇതിനിടയിൽ ഗ്രാമവാസികൾക്കിടയിൽ  പരന്നു.  എന്നാൽ,ഇതൊന്നും ആളുകളെ പിന്തിരിപ്പിച്ചില്ല. അവർ കൂട്ടമായി ആ വിശുദ്ധസ്ഥലത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. ജൂലൈ മാസത്തിൽ അവിടെക്കൂടിയ ആൾക്കൂട്ടത്തേക്കാൾ വലുതായിരുന്നു ഓഗസ്റ്റിലേത്. അന്നത്തെ സംഭവവികാസങ്ങൾക്കു ദൃക് സാക്ഷിയായിരുന്ന  മരിയ കരീര പറയുന്നു:  
     "എനിക്ക് പേടിയൊന്നും തോന്നിയില്ല;  അവിടെ ആളുകൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു;  പ്രാർത്ഥനയുള്ളിടത്ത് പിശാച് വരില്ലല്ലോ .. ദൈവത്തിന്റെ തിരുഹിതമനുസരിച്ച് മാതാവേ എന്നെ നയിക്കേണമേ എന്നു പ്രാർഥിച്ചുകൊണ്ട് ഞാൻ അവിടെയിരുന്നു..
                പതിനൊന്നു മണിയായി. ആളുകൾ പാട്ടു പാടുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടികൾ വരാഞ്ഞതുകാരണം അവർ അസ്വസ്ഥരായിരുന്നു. അവരെ മജിസ്ട്രേട്ട് തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞതോടെ ആളുകൾ പ്രകോപിതരായി. നിരാശയും കോപവും മൂത്ത അവർ എന്ത് അതിക്രമത്തിനും തയാറായി.. എന്നാൽ,ദൈവം അതനുവദിച്ചില്ല. ആളുകളുടെ ശ്രദ്ധതിരിച്ചുകൊണ്ട് പെട്ടെന്ന് ഒരു ഇടിമുഴക്കമുണ്ടായി! തങ്ങൾ കൊല്ലപ്പെടാൻ പോകയാണെന്നു പേടിച്ച് മിക്കവരും   കരയാൻ തുടങ്ങി.. എല്ലാവരും തന്നെ ഭയന്നുപോയിരുന്നു..
                  ഇടിമുഴക്കത്തിനു പിന്നാലെ ഒരു മിന്നൽപ്പിണരുണ്ടായി.  തൊട്ടുപിന്നാലെ, വെണ്മയേറിയ ഒരു മേഘത്തുണ്ട് ആ ഓക്ക്മരത്തിന്മേൽ  വന്നിരിക്കുന്നത് ഞങ്ങളെല്ലാവരും കണ്ടു; ഏതാനും നിമിഷം കഴിഞ്ഞപ്പോൾ അത്  മേലോട്ടേക്ക് ഉയർന്നുപോയി. ഞങ്ങൾ ചുറ്റും നോക്കിയപ്പോൾ വിചിത്രമായ ഒരു കാഴ്ചയാണ് കണ്ടത് ; എല്ലാവരുടെയും മുഖങ്ങൾ മഴവിൽശോഭയോടെ പല വർണങ്ങളിൽ തിളങ്ങുന്നു; മരങ്ങളിന്മേൽ ഇലകളില്ല; പകരം പൂക്കൾ  മാത്രം.  ഓരോ ഇലയും പൂവായി മാറിയിരുന്നു!! നിലമാകട്ടെ, ചെറിയ ചെറിയ ചതുരത്തിലുള്ള  ബഹുവർണപ്പരവതാനി വിരിച്ചതുപോലെ തോന്നിച്ചു.  രാത്രി ജാഗരണപ്രാർത്ഥനയ്ക്കായി അവിടെ താവളമടിച്ചിരുന്നവർ  ഒരു ആർച്ചുണ്ടാക്കി അതിന്മേൽ രണ്ട് വിളക്കുകൾ തൂക്കിയിരുന്നു.  അവ സ്വർണ്ണം പോലെ തിളങ്ങി..
                  ഈ അടയാളങ്ങൾ പെട്ടെന്നുതന്നെ അവസാനിച്ചു; അപ്പോഴാണ്‌ ദൈവമാതാവ് അവിടെ വന്നുവെന്നും കുട്ടികളെ കാണാഞ്ഞു സ്വർഗത്തിലേക്ക് മടങ്ങിപ്പോയി എന്നും ആളുകൾക്കു മനസ്സിലായത്‌. മാതാവ് നിരാശയോടെയാണ് മടങ്ങിയതെന്ന ഒരു തോന്നൽ ആളുകളെ ഗ്രസിച്ചു;  അതോടെ അവർ അക്രമാസക്തരായി ഗ്രാമത്തിലേക്കു തിരിച്ചു;  വികാരിയച്ചന്റെ ഒത്താശയോടെ മജിസ്ട്രേട്ടാണ് ഈ പണി പറ്റിച്ചതെന്നു കരുതി അവരെ രണ്ടുപേരെയും  നേരിടാനായിരുന്നു അവരുടെ നീക്കം. എന്നാൽ, ജസീന്തയുടെ പിതാവ് അവരെ തടഞ്ഞു;  സർവ്വശക്തിയുമെടുത്ത്‌ ഉച്ചത്തിൽ അദ്ദേഹം വിളിച്ചുപറഞ്ഞു:   "ശാന്തരാകൂ കൂട്ടരേ,  ആരെയും ഉപദ്രവിക്കരുത്.. തെറ്റു ചെയ്തവരെ ദൈവം ശിക്ഷിച്ചുകൊള്ളും. അവിടുന്നറിയാതെ  യാതൊന്നും സംഭവിക്കുന്നില്ല."
ജനക്കൂട്ടം അനുസരിച്ചു. അവർ ശാന്തരായി പിരിഞ്ഞുപോയി."
         വികാരിയച്ചനാകട്ടെ, മജിസ്ട്രേട്ടിന്റെ ഗൂഡതന്ത്രങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പിറ്റേന്ന് പത്രങ്ങൾ വഴി പ്രസ്താവനയിറക്കി തന്റെ നിരപരാധിത്വം വ്യക്തമാക്കി. 

Sunday, March 1, 2015

ഫാത്തിമ - നാലാം ദർശനം

                     

ഫാത്തിമ ഉൾപ്പെടുന്ന ഭൂവിഭാഗം അന്ന് ഔറേം പ്രൊവിൻസിന്റെ കീഴിലായിരുന്നു. അതിന്റെ അന്നത്തെ ഭരണാധികാരിയായ (മജിസ്ട്രെറ്റ്)   ആർതർ ഒലിവേറിയ സാന്റോസ്‌,  മേസോണിക് (സാത്താൻസേവ) വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. രാഷ്ട്രീയമായി പരമാധികാരം കൈയാളിയിരുന്ന അയാൾ, സ്വന്തമായി ഒരു പത്രവും നടത്തിയിരുന്നു; അതിലൂടെ കത്തോലിക്കാസഭയെയും വൈദികരെയും ഇകഴ്ത്തിക്കാണിച്ച് ആളുകളുടെ വിശ്വാസം തകർക്കാൻ തന്റെ സകല കഴിവുകളും അയാൾ പ്രയോഗിച്ചുപോന്നിരുന്നു. 
                   ദൈവമാതാവിന്റെ കോവാ ദെ ഇറിയായിലെ പ്രത്യക്ഷപ്പെടലുകളെപ്പറ്റിയുള്ള വാർത്ത താമസംവിനാ അയാളുടെ ചെവിയിലുമെത്തി.  ഈ വാർത്ത രാജ്യം മുഴുവൻ പ്രചരിച്ചാലുണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട അയാൾ, ഇതിനൊരവസാനം വരുത്തുമെന്ന് ദൃഡനിശ്ചയം ചെയ്തു.  
 സി.ലൂസി എഴുതുന്നു:
              പരിശുദ്ധ മാതാവിന്റെ കോവാ ദെ ഇറിയായിലെ
ദർശനങ്ങൾ പരസ്യമായപ്പോൾ ഒരു ദിവസം,  എന്റെ പിതാവിന് ഭരണാധികാരികളിൽ നിന്ന് ഒരു കൽപ്പന  കിട്ടി.  ഞങ്ങൾ മൂന്നുപേരെയും കൂട്ടി അഡ് മിനിസ്റ്റേറ്ററുടെ പക്കൽ ചെല്ലാനായിരുന്നു നിർദേശം.  ജസീന്തയുടെയും ഫ്രാൻസിസിന്റെയും പിതാവായ എന്റെ അങ്കിൾ പറഞ്ഞു: "ഞാനെന്തായാലും എന്റെ കുട്ടികളെ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ല.  അവർ കുഞ്ഞുങ്ങളായതിനാൽ അവരുടെ പ്രവൃത്തികൾക്ക്  അവർ ഉത്തരവാദികളാണെന്നു ഞാൻ കരുതുന്നില്ല. തന്നെയുമല്ല, ഈ ദീർഘദൂരമത്രയും (6മൈൽ) കാൽനടയായി യാത്ര ചെയ്യാൻ അവർക്ക് ശേഷിയുമില്ല.  അവർക്കാവശ്യമായ വിവരങ്ങൾ ഞാൻ നൽകിയാൽ മതിയല്ലോ.."
                   എന്നാൽ എന്റെ പിതാവിന്റെ പ്രതികരണം മറിച്ചായിരുന്നു.   അദ്ദേഹം പറഞ്ഞു; 'ഞാൻ ലൂസിയെയും കൂട്ടി പോകാനാണ് ഉദ്ദേശിക്കുന്നത്. അവളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ തന്നെ മറുപടി പറയട്ടെ."
                    അടുത്ത ദിവസം ഞങ്ങൾ പോകാനിറങ്ങി. ജസീന്തയുടെയും ഫ്രാൻസിസിന്റെയും പിതാവിനെക്കാത്ത് അവരുടെ വീടിനുമുൻപിൽ അൽപ്പസമയം നിന്നു. ജസീന്ത സുഖമില്ലാതെ കിടക്കുകയായിരുന്നതിനാൽ ഞാൻ ഓടിപ്പോയി അവളെക്കണ്ടു. അവളെ ആശ്ലേഷിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു : "അവർ നിന്നെ കൊല്ലുകയാണെങ്കിൽ അവരോടു പറയണം, ഞാനും ഫ്രാൻസിസും നിന്നെപ്പോലെതന്നെ കുറ്റക്കാരാണ്,  അതുകൊണ്ട് ഞങ്ങളെയും കൂടി കൊല്ലണമെന്ന്.  ഞങ്ങൾ നിനക്കുവേണ്ടി  മുട്ടിപ്പായി പ്രാർഥിക്കാൻ പോകയാണ് ...."
               മജിസ്ട്രെറ്റ് എന്നെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തെങ്കിലും ഒരക്ഷരം പോലും ഞാൻ വിട്ടുപറഞ്ഞില്ല. രഹസ്യം തുറന്നു പറഞ്ഞില്ലെങ്കിൽ ജീവനോടെ വെച്ചേക്കില്ലെന്നു ഭീഷണിപ്പെടുത്തിയശേഷം അയാൾ ഞങ്ങളെ വിട്ടയച്ചു.
                   ഞങ്ങൾ തിരിച്ചെത്തിയപ്പോൾരാത്രിയായി.  ഞാൻ നേരെ ഓടിപ്പോയത് ഞങ്ങൾ പതിവായി പ്രാർഥിക്കാൻ ഒത്തുകൂടിയിരുന്ന കിണറിന്നരികിലേയ്ക്കാണ്.  ഞാൻ കരുതിയതുപോലെ തന്നെ  ഫ്രാൻസിസും ജസീന്തയും അവിടെ മുട്ടിന്മേൽ നില്പ്പുണ്ടായിരുന്നു... കണ്ണീരൊഴുക്കിക്കൊണ്ട് അവർ എനിക്കുവേണ്ടി പ്രാർഥിക്കുകയായിരുന്നു..
                          എന്നെ കണ്ടപ്പോൾ അതിശയത്തോടെ അവർ പറഞ്ഞു; "ഓ, നീ തിരിച്ചുവന്നോ? നിന്റെ സഹോദരി വെള്ളം കോരാനായി ഇവിടെ വന്നപ്പോൾ പറഞ്ഞു, അവർ നിന്നെ കൊന്നുവെന്ന് .. ഞങ്ങൾ നിനക്കുവേണ്ടി പ്രാർഥിക്കയായിരുന്നു.."        
   അടുത്ത ദർശനത്തീയതിയായ ഓഗസ്റ്റ് 13 അടുത്തുവരികയായിരുന്നു...

            ഔറെമിലെ മജിസ്ട്രേറ്റ്, തന്റെ അന്വേഷണം അവസാനിപ്പിച്ചുവെന്ന് ഗ്രാമവാസികൾ കരുതി. എന്നാൽ, അയാൾ തന്റെ പ്ലാൻ നടപ്പിലാക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന് പിന്നീടാണ് അവർക്കു മനസ്സിലായത്‌.  
   ജസീന്തയുടെ പിതാവ്  ഇപ്രകാരം പറയുന്നു:
               "ഓഗസ്റ്റ് 13 തിങ്കളാഴ്ച -  പണിസ്ഥലത്തായിരുന്ന എന്നെ വീട്ടിലേക്കു വിളിപ്പിച്ചു; വീടിനുമുൻപിൽ എത്തിയപ്പോൾ ഒരുകൂട്ടം അപരിചിതർ അവിടെ നിൽക്കുന്നതാണ്  കണ്ടത്. എനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല; എന്നെ അതിശയിപ്പിച്ചത് എന്റെ ഭാര്യയുടെ പെരുമാറ്റമാണ്.. വേവലാതി പൂണ്ട് അടുക്കളയിൽ നില്ക്കുകയായിരുന്ന അവൾ, ഒരക്ഷരം പോലും മിണ്ടാതെ, മുൻവശത്തെ മുറിയിലേക്ക് പോകാൻ ആംഗ്യം കാണിക്കുക മാത്രം ചെയ്തു.  ഞാൻ ഉറക്കെത്തന്നെ ചോദിച്ചു: "എന്താണിത്ര ധൃതി ?"
                അവൾ സംസാരിക്കാതെ വീണ്ടും ആംഗ്യം കാണിച്ചു.  ഞാൻ സാവധാനം മുൻവശത്തെ മുറിയിലേക്ക് ചെന്നു; ഔറെമിലെ മജിസ്ട്രേറ്റ് അവിടെയിരിപ്പുണ്ടായിരുന്നു!!
"ഓ, താങ്കൾ ഇവിടെയെത്തിയോ?" ഞാൻ കുശലം ചോദിച്ചു.
"ഉവ്വ്,  എനിക്കും മാതാവിന്റെ അത്ഭുതം കാണാൻ ആഗ്രഹമുണ്ട്.."
എന്തോ പിശകുണ്ടെന്ന് എന്റെ ഹൃദയം മന്ത്രിച്ചു..
"ശരി, നമുക്ക് പോകാം.. എവിടെ കുട്ടികൾ? അവരെ എന്റെ വണ്ടിയിൽ ഞാൻതന്നെ ദർശനസ്ഥലത്തേക്കു കൊണ്ടുപോകാം; സമയം പോകുന്നു.. കുട്ടികളെ വിളിപ്പിക്കൂ.." അയാൾ അക്ഷമനായി പറഞ്ഞു.
"അവരെ വിളിപ്പിക്കേണ്ട ആവശ്യമില്ല; സമയമാകുമ്പോൾ അവർ തനിയെ എത്തിക്കൊള്ളും.." ഞാനിതു പറഞ്ഞുതീർന്നതും കുട്ടികൾ മൂവരും എത്തിയതും ഒരേ സമയത്തായിരുന്നു.  അവരെ കണ്ടയുടൻ വണ്ടിയിൽ കയറാൻ മജിസ്ട്രേറ്റ് നിർബന്ധിച്ചു.  കുട്ടികൾ വഴങ്ങിയില്ല. അയാൾ പറഞ്ഞു; "വണ്ടിയിലാകുമ്പോൾ നമുക്ക് വേഗം അവിടെയെത്താൻ കഴിയും; തന്നെയുമല്ല, പോകുംവഴിക്ക് നമുക്ക് വികാരിയച്ചന്റെ അടുക്കൽ ഒന്നുകയറേണ്ടതുണ്ട്. അദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ, എനിക്കു നിങ്ങളോട് ചില കാര്യങ്ങൾ കൂടി ചോദിക്കാനുണ്ട്."
             ഞങ്ങൾ പുറപ്പെട്ടു.    വികാരിയച്ചൻ കാത്തിരിപ്പുണ്ടായിരുന്നു. (അദ്ദേഹത്തിന്റെ ആദ്യത്തെ അഭിപ്രായം - അതായത് ഈ ദർശനങ്ങൾ പിശാചിന്റെ തട്ടിപ്പാണെന്നുള്ളത് - മാറിയിരുന്നു; ഇതെല്ലാം കുട്ടികളുടെ ഭാവന മാത്രമാണെന്നായിരുന്നു ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിശ്വാസം)  പള്ളിമേടയിലെത്തിയപ്പോൾ   മജിസ്ട്രേട്ടിന്റെ  വിധം മാറി; സൗഹൃദഭാവം അധികാരഭാവത്തിനു വഴിമാറി.
"ആദ്യത്തെയാളെ വിളിക്കൂ .." അച്ചന്റെ മുൻപിലിരുന്ന് അയാൾ കൽപ്പിച്ചു.
"ആദ്യത്തെയാളോ ? ആരാണത് ?" ഞാൻ അജ്ഞത നടിച്ചു.
"ലൂസി.."
ലൂസി അവരുടെ മുൻപിലേക്കു ചെന്നു.
അച്ചൻ ചോദിച്ചു; "നീ ഈ പറഞ്ഞുനടക്കുന്ന കാര്യങ്ങൾ പറയാൻ നിന്നെ ആരാണ് പഠിപ്പിച്ചത്?"
"കോവാ ദെ ഇറിയായിൽ എനിക്കു പ്രത്യക്ഷയായ അമ്മ.."
"ഇത്തരം ദുഷിച്ച നുണകൾ പറയുകയും പരത്തുകയും ചെയ്യുന്നവർ നരകത്തിൽ പോകും.  നീ  പറയുന്ന നുണകൾ വിശ്വസിച്ച് കൂടുതൽക്കൂടുതൽ ആളുകൾ അങ്ങോട്ടേക്കു പോവുകയാണ്.."
ലൂസി ധൈര്യസമേതം പറഞ്ഞു: "കള്ളം പറയുന്നവരാണ്  നരകത്തിൽ പോകുന്നതെങ്കിൽ ഞാനവിടെ പോകയില്ല; കാരണം, ഞാൻ കള്ളം പറഞ്ഞിട്ടില്ല. ഞാൻ കണ്ടതും അമ്മ എന്നോടു പറഞ്ഞതുമായ കാര്യങ്ങൾ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ.. ആളുകളോട് അവിടെ വരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടില്ല. വരാൻ ആഗ്രഹമുള്ളവർ സ്വന്ത ഇഷ്ടപ്രകാരമാണ് അവിടെ വരുന്നത്.."
 "നീ   പറയുന്ന    ഈ    അമ്മ    ഒരു    രഹസ്യം    നിന്നെ
അറിയിച്ചിട്ടുണ്ടോ?"
"ഉണ്ട്; എന്നാൽ, അത് വെളിപ്പെടുത്താൻ എനിക്ക് അനുവാദമില്ല.  അങ്ങേക്ക് അറിയണമെന്നുണ്ടെങ്കിൽ, അമ്മയോട് ഞാൻ ചോദിക്കാം; അമ്മ അനുവദിച്ചാൽ രഹസ്യം വെളിപ്പെടുത്താം.."
ഈ സമയം മജിസ്ട്രേറ്റ് ഇടപെട്ടു. കുട്ടികളെ ദർശനസ്ഥലത്തേക്കു പോകാൻ അനുവദിച്ചാൽ തന്റെ പ്ലാൻ പൊളിയുമെന്നു മനസ്സിലാക്കിയ അയാൾ പറഞ്ഞു; " പക്ഷേ അതൊക്കെ പ്രകൃത്യാതീതമായ കാര്യങ്ങളല്ലേ?  ശരി, നീ പൊയ്ക്കോള്ളൂ .. അല്ലെങ്കിൽ വേണ്ട, നമുക്കൊരുമിച്ച് പോകാം.. ഇപ്പോൾത്തന്നെ താമസിച്ചുപോയി.."
                  ലൂസി അയാളുമൊന്നിച്ചു പുറത്തേക്ക് ഇറങ്ങി വന്നു. ഒരു നിമിഷത്തിനുള്ളിൽ അയാളുടെ കുതിരവണ്ടി കുട്ടികൾ നിന്നിരുന്നതിന്റെ തൊട്ടുമുന്പിലായി വന്നുനിന്നു.  ഫ്രാൻസിസിനെ മുൻപിലും പെണ്‍കുട്ടികളെ പിന്നിലുമായി വലിച്ചുകയറ്റി  അയാൾ പുറപ്പെട്ടു; കോവാ ദെ ഇറിയാ ലക്ഷ്യമാക്കിയാണ് വണ്ടി പോകുന്നതെന്നു കണ്ട് ഞാൻ ആശ്വസിച്ചു.  എന്നാൽ, റോഡിലെത്തിയപ്പോൾ കുതിര വെട്ടിത്തിരിഞ്ഞ് ഔറേം ലക്ഷ്യമാക്കി മിന്നൽ  പോലെ പാഞ്ഞുപോയി.  ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്‌ വളരെ വിദഗ്ദ്ധമായി നടപ്പിലാക്കിയ ഒരു തട്ടിക്കൊണ്ടുപോകലാണെന്ന് അന്നേരമാണ് എനിക്കു ബോദ്ധ്യമായത് .."
              വഴി മാറിയാണ് കുതിരവണ്ടി സഞ്ചരിക്കുന്നതെന്നു മനസ്സിലാക്കിയ ലൂസി പറഞ്ഞു; "ഇതല്ല ദർശനസ്ഥലത്തേക്കുള്ള വഴി.."  ഔറേമിലെ വികാരിയെക്കൂടി കാണാനുണ്ടെന്നുപറഞ്ഞ് മജിസ്ട്രേറ്റ് കുട്ടികളെ നിശബ്ദരാക്കി.  അവർ ഭയന്നുപോയിരുന്നു..