ഈശോ പറയുന്നു: "സഹോദരങ്ങളോടുള്ള സ്നേഹം മാനുഷിക പരിമിതികളിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല; അതിനുപരിയായി അത് വളരണം. അതു പൂർണ്ണമാകുമ്പോൾ ദൈവസിംഹാസനത്തെ അത് സ്പർശിക്കയും ദൈവത്തിന്റെ അനന്തസ്നേഹവും ഔദാര്യവുമായി ഒന്നിക്കയും ചെയ്യും. വിശുദ്ധരുടെ ഐക്യം എന്നു പറയുന്നത് നിരന്തരമായ ഈ പ്രവർത്തനമാണ്. നമ്മുടെ സഹോദങ്ങളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിന് നിരന്തരമായി, എല്ലാ വിധത്തിലും പ്രവർത്തനനിരതനാണ് ദൈവം. സ്നേഹത്തെ പ്രതി സഹോദരങ്ങൾക്കു വേണ്ടി ചെയ്യുന്ന ത്യാഗപ്രവൃത്തിക്ക് ദൈവതൃക്കണ്ണുകളിൽ വലുതായ മൂല്യമാണുള്ളത്. ഒരു കഷണം കേക്കോ മറ്റെന്തെങ്കിലും ഭക്ഷണമോ സ്നേഹത്തെ പ്രതി ത്യാഗം ചെയ്ത് ഉപേക്ഷിച്ചാൽ, അതുവഴി നാമറിയാതെ വിദൂരതയിൽ പട്ടണി കിടക്കുന്ന ഒരു സഹോദരന് അത്ഭുതകരമായി ഭക്ഷണം ലഭിച്ചെന്നു വരാം; അല്ലെങ്കിൽ നിരാശയിലും മനഃക്ളേശത്തിലും കഴിയുന്ന ഒരാത്മാവിൽ സമാധാനവും പ്രത്യാശയും ഉളവാക്കാൻ കുഴിഞ്ഞെന്നു വരാം. ത്യാഗത്തിന്റെ അടിസ്ഥാനത്തിൽ കോപത്തിന്റെ ഒരു വാക്ക് ഉച്ചരിക്കാതിരിക്കയാണെങ്കിൽ, വിദൂരസ്ഥനായ ഒരുവന്റെ ഒരു കുറ്റകൃത്യം അതുവഴി തടയപ്പെട്ടേക്കാം. അതുപോലെ സ്നേഹത്തെ പ്രതി ഒരു പഴം പറിക്കാനുള്ള ആഗ്രഹം നിഗ്രഹിക്കുമ്പോൾ, ഒരു കള്ളനെ മോഷണത്തിൽ നിന്ന് അതു തടഞ്ഞേക്കാം. സാർവലൗകിക സ്നേഹം എന്ന ദൈവത്തിന്റെ പദ്ധതിയിൽ ഒന്നും നഷ്ടപ്പെടുന്നില്ല. ഒരു ചെറിയ കുട്ടിയുടെ നിസ്സാരമായ ഭക്ഷണ പരിത്യാഗമോ ഒരു രക്തസാക്ഷിയുടെ ബലിയോ നഷ്ടപ്പെടുന്നില്ല. പോരാ, ഞാൻ പറയുന്നു, ഒരു രക്തസാക്ഷിയുടെ ദഹനബലി ആരംഭിക്കുന്നത് അവന്റെ ബാല്യം മുതൽ അവനു ലഭിച്ചിട്ടുള്ള വീരോചിതമായ പരിശീലനത്തിലാണ്. ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വേണ്ടി ചെയ്യുന്ന ത്യാഗങ്ങളിലൂടെയാണ്..."
(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)
(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)