ജാലകം നിത്യജീവൻ: February 2017

nithyajeevan

nithyajeevan

Thursday, February 9, 2017

ദിവ്യബലി

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 


Eucharistic Miracle of Lanciano,Italy
        കമ്മട്ടിലച്ചൻ ബലി തുടരുകയാണ് . കൂദാശാവചനങ്ങൾ ഉച്ചരിക്കുന്ന സമയമായപ്പോൾ പീലാസായിലിരിക്കുന്ന ഈശോയുടെ ഹൃദയം എടുത്തുയർത്തിയിട്ട് അച്ചൻ പറഞ്ഞു; "ഇത് എന്റെ ശരീരമാകുന്നു." കാസാ എടുത്തുയർത്തിയിട്ട്  പറഞ്ഞു; "ഇത് എന്റെ രക്തമാകുന്നു."  കർത്താവിന്റെ പരിശുദ്ധാത്മാവിന്റെ അഭിഷേക പ്രാർത്ഥനകളുടെ സമയമായപ്പോൾ ഞാൻ തീയിൽ നിൽക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.  അതു വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായിരുന്നുള്ളു.  കാഴ്ചവസ്തുക്കൾ വിഭജിക്കുന്ന സമയമായപ്പോൾ അച്ചൻ ബലിപീഠത്തിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജീവനുള്ള ഈശോയുടെ ഹൃദയം രണ്ടായി മുറിച്ചു! പിന്നെ വീണ്ടും അവ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചു.. ഞാൻ നോക്കുമ്പോൾ ആ കഷണങ്ങളെല്ലാം ജീവനുള്ള ഓരോ മുഴുവൻ ഹൃദയമായി മാറിയിരിക്കയാണ്.  എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.. പാത്രം നിറയെ ജീവനുള്ള ചെറു ഹൃദയങ്ങൾ ഒരുമിച്ചിരുന്ന് തുടിക്കുകയാണ് ..  കുർബാന സ്വീകരണസമയമായപ്പോൾ എങ്ങനെ കുർബാന സ്വീകരിക്കുമെന്നോർത്തു ഞാൻ മടിച്ചു നിന്നപ്പോൾ എന്റെ കാവൽമാലാഖ എന്നെ ബലമായി മുൻപോട്ട് നയിച്ചു. എന്റെ ഊഴമായപ്പോൾ അച്ചൻ ജീവനുള്ള ഒരു ഹൃദയമെടുത്ത് കാസായിലെ തിരുരക്തത്തിൽ മുക്കി എന്റെ നാവിൽ വെച്ചുതന്നപ്പോൾ അഗ്നി വിഴുങ്ങുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.  ഞാൻ ഒരുതരത്തിൽ തിരിച്ചുവന്ന് കമിഴ്ന്നു വീണ് ആ കിടപ്പിൽ കുർബാന തീരുന്നതുവരെ കിടന്നു.. കുർബാന തീർന്നുവെന്ന് പ്രാർത്ഥന കേട്ട് മനസ്സിലാക്കിയപ്പോൾ ഞാൻ എഴുന്നേറ്റു.  തലയുയർത്തി നോക്കിയപ്പോൾ ആരാധനയ്ക്കായി എഴുന്നെള്ളിച്ചു വെച്ചിരിക്കുന്ന ദിവ്യകാരുണ്യമാണ് ഞാൻ കണ്ടത്. ഒരു വലിയ തിരുഹൃദയം!!! അരുളിക്കയിലിരുന്ന് ആ ഹൃദയം ജീവനോടെ തുടിക്കുകയാണ് ! അതിൽനിന്നും തിരുരക്തം പുറത്തേക്കു ഒഴുകി ബലിപീഠത്തിലെ തുണികളെല്ലാം രക്തത്തിൽ കുതിർന്നിരുന്നു! വീണ്ടും ഈ ഒരു കാഴ്ച കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു.. അതുകൊണ്ട് ഒരുതരത്തിൽ പുറത്തിറങ്ങി ആറാം നിലയിലുള്ള ചാപ്പലിൽ പോയിരുന്നു പ്രാർത്ഥിക്കാമെന്നു കരുതി ഞാൻ അവിടേക്കു ചെന്നു. അവിടെച്ചെന്നപ്പോൾ അവിടെയും ഇതുപോലെ തന്നെ ഒരു ഹൃദയം എടുത്തുവെച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. തിരിച്ചു വീണ്ടും രണ്ടാം നിലയിലെ ചാപ്പലിൽത്തന്നെ വന്ന് ഈശോയോടു ക്ഷമ യാചിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു; "ഈശോയേ, ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയതാണ്:  തിരുവോസ്തിയിൽ നീ മറഞ്ഞു തന്നെയിരുന്നാൽ മതി. ഇതുപോലെ കാണപ്പെടേണ്ട. എനിക്കിത് സഹിക്കാൻ പറ്റുന്നില്ല.  ഇനി ഒരിക്കലും ഞാനങ്ങനെ പ്രാർത്ഥിക്കുകയില്ല......." (തിരുവോസ്തിയിൽ ഈശോ മറഞ്ഞിരിക്കുന്നതുകൊണ്ടാണ് ആളുകൾ വിശ്വസിക്കാത്തതെന്നും സഭ വിട്ടുപോകുന്നതെന്നും അതുകൊണ്ട് ഈശോ തിരുവോസ്തിയിൽ മറഞ്ഞിരിക്കാതെ വെളിപ്പെട്ടുതന്നെ ഇരിക്കണമെന്ന് മുൻപ് ഞാൻ കൂടെക്കൂടെ പ്രാർത്ഥിച്ചിരുന്നു,) ഒരുപാട് സമയം കരഞ്ഞു പ്രാർത്ഥിച്ച്  വീണ്ടും വീണ്ടും ഈശോയോട് ക്ഷമ ചോദിച്ച ശേഷം ഞാനവിടെനിന്നു പോന്നു.  ഇനി ആ കാഴ്ച കാണേണ്ടി വരികയില്ലെന്നുതന്നെ ഞാൻ പ്രത്യാശിച്ചു.
     എന്നാൽ അടുത്ത ദിവസവും ബലിയർപ്പണസമയത്ത്  ഇതേ കാര്യങ്ങൾ ആവർത്തിച്ചു.  


Wednesday, February 1, 2017

ബലിയർപ്പണം

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 


                     കാഴ്ചവയ്പിന്റെ  സമയമായതിനാൽ കാഴ്ചവസ്തുക്കൾ ഒരുക്കാനായി ഈശോ ഒരു വശത്തേക്കു മാറിയപ്പോൾ എനിക്കൊന്നു കണ്ണടച്ചു തുറക്കാനായി. കണ്ണുതുറന്നപ്പോൾ  ബലിപീഠത്തിൽ ഒരുക്കി വച്ചിരിക്കുന്ന കുറച്ചു സാധനങ്ങൾ എന്റെ ശ്രദ്ധയാകർഷിച്ചു. ചില്ലുകൊണ്ടുള്ള വളരെ വലിയ ഒരു കാസ;  അതുപോലെ തന്നെയുള്ള വളരെ വലിയ ഒരു പീലാസാ. അതിനടുത്ത് ഒരു പ്ലെയ്റ്റിൽ മൂർച്ചയുള്ള ഒരു കത്തി; തൊട്ടടുത്ത് ഒരു ബയ്സിനിൽ കുറച്ചു വെള്ളം;  അതിനടുത്തു തന്നെ മറ്റൊരു പ്ലെയ്റ്റിൽ ഒരു വെള്ള ടവ്വൽ മടക്കി വെച്ചിട്ടുണ്ട്.  അപ്പമോ വീഞ്ഞോ അവിടെ കണ്ടില്ല. അപ്പവുംവീഞ്ഞുമില്ലാതെ ഈശോ എങ്ങിനെയാണ് ബലിയർപ്പിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുനിൽക്കവേ, പെട്ടെന്ന് ഈശോ അപ്രത്യക്ഷനായി. ഇപ്പോൾ ഈശോയുടെ സ്ഥാനത്തു നിൽക്കുന്നത് കമ്മട്ടിലച്ചനാണ്!  ഈശോ ധരിച്ചിരുന്നതുപോലെയുള്ള തിരുവസ്ത്രങ്ങളാണ് കമ്മട്ടിലച്ചൻ ഇപ്പോൾ  ധരിച്ചിരിക്കുന്നത്. അച്ചനെ ഞാൻ മിക്കപ്പോഴും കാണാറുള്ളതാണ്; കാണുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഭയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഈ സമയത്ത് അച്ചനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കാൻ പോലും പറ്റുമായിരുന്നില്ല.  അത്ര വലിയ തേജസ്സായിരുന്നു ആ മുഖത്ത്. എന്നാലും അപ്പവും വീഞ്ഞുമില്ലാതെ അച്ചൻ എങ്ങിനെ ബലിയർപ്പിക്കുമെന്നോർത്ത് ഞാൻ നിൽക്കവേ, പെട്ടെന്ന് ഒരു ക്രൂശിതരൂപം  ബലിപീഠത്തിന്റെ മധ്യത്തിലേക്ക് ഇറങ്ങി വന്നു.. കുരിശിൽക്കിടന്ന് എല്ലാ തിരുമുറിവുകളോടും കൂടെ ഈശോ പിടയുകയാണ്! തിരുമുറിവുകൾ തുറന്ന് തിരുരക്തം പുറത്തേക്ക് ഒഴുകിയപ്പോൾ അച്ചൻ ആ കാസയെടുത്ത് കുരിശിൻചുവട്ടിൽ പിടിച്ചു. തിരുരക്തം വീണ് കാസാ നിറഞ്ഞു;  ഏറ്റവുമൊടുവിൽ അഞ്ചാറുതുള്ളി വെള്ളവും കൂടി വീണു.   ആ കാസാ ബലിപീഠത്തിൽവെച്ചിട്ട് അച്ചൻ  തന്റെ കൈ വീണ്ടും ക്രൂശിതരൂപത്തിന്റെ നേരെ നീട്ടി, ഈശോയുടെ ഹൃദയത്തിലെ മുറിവിലൂടെ കൈ കടത്തി ഈശോയുടെ ഹൃദയം പറിച്ചെടുത്ത് പീലാസയിലേക്കു വെച്ചു. അപ്പോൾ അച്ചന്റെ കൈ നിറയെ ഈശോയുടെ തിരുരക്തമായി. അത് അവിടെയുണ്ടായിരുന്ന ബെയ്‌സിനിലെ വെള്ളത്തിൽ നല്ലപോലെ കഴുകി, അടുത്തു വെച്ചിരുന്ന വെള്ള ടവ്വൽ കൊണ്ട്  കൈ തുടച്ചിട്ട് അച്ചൻ ബലി തുടർന്നു.അപ്പോഴാണ് ഞാൻ കണ്ടത്, പീലാസായിൽ എടുത്തു വച്ചിരിക്കുന്ന   ഈശോയുടെ ഹൃദയം ജീവനോടെ തുടിക്കുകയാണ് !! അതോടെ എന്റെ പകുതി ജീവൻ പോയതുപോലെയായി. ആ കാഴ്ച എനിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു! പിന്നീട് അങ്ങോട്ടു നോക്കണമെന്നു പോലും എനിക്കു തോന്നിയില്ല.  പക്ഷേ, അതു  കാണാതെ എനിക്കു നിവൃത്തിയില്ലായിരുന്നു; കാരണം, ഞാനാഗ്രഹിക്കുന്നതുപോലെ ഇരിക്കാനോ നിൽക്കാനോ കണ്ണുതുറക്കാനോ അടയ്ക്കാനോ ഒന്നും എനിക്കു കഴിയുമായിരുന്നില്ല.