ജാലകം നിത്യജീവൻ: May 2010

nithyajeevan

nithyajeevan

Friday, May 28, 2010

ദൈവമനുഷ്യന്റെ സ്നേഹഗീത

മരിയ വാൾതോർത്ത എന്ന ഇറ്റാലിയൻ മിസ്റ്റിക്കിന്റെ  ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന മഹത്ഗ്രന്ഥത്തിൽ ഈശോയുടെയും മാതാവിന്റെയും ജീവിതം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദൈവവചനമായ ഈശോമിശിഹാ തന്നെയാണ്   ഈ  വെളിപ്പെടുത്തലുകൾ
നൽകിയിരിക്കുന്നത്. സുവിശേഷത്തെ വിശദീകരിക്കുന്ന എഴുനൂറോളം ദർശനങ്ങൾ, വിവിധ ക്രിസ്തീയ തത്വങ്ങളെ വിശദീകരിക്കുന്ന കുറിപ്പുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ഈശോയുടെയും അവിടുത്തെ അമ്മയുടെയും അപ്പസ്തോലന്മാരുടേയും ജീവിതവും ജീവിതസംഭവങ്ങളും ദർശനമായി ഇപ്രകാരം കാണിക്കുന്നതിന്റെ കാരണങ്ങൾ ഈശോ പറയുന്നു.
1. ഏറ്റം പ്രധാന കാരണം ഇതാണ്; നിങ്ങൾ നശിക്കയാണ്. നിങ്ങളെ രക്ഷിക്കുവാൻ ഞാനാഗ്രഹിക്കുന്നു.
2. സുവിശേഷത്തോടും ക്രിസ്തുവിനെ സംബന്ധിക്കുന്ന സകലതിനോടും തീക്ഷ്ണമായ സ്നേഹം പുരോഹിതരിലും അൽമായരിലും ഉണ്ടാകണം. പ്രത്യേകിച്ചും, നവമായ ഒരു സ്നേഹം എന്റെ അമ്മയോട് ഉണ്ടാകണം.  അവളുടെ പ്രാർത്ഥനയിലാണ് ലോകത്തിന്റെ രക്ഷയുടെ രഹസ്യം അടങ്ങിയിരിക്കുന്നത്. അവൾ, എന്റെ അമ്മ, ശപിക്കപ്പെട്ട സർപ്പത്തെ ജയിക്കുന്നവളാണ്. മേരിയാണ് രക്ഷകനെ ലോകത്തിനു നൽകിയത്. ലോകം വീണ്ടും രക്ഷ നേടുന്നത് അവളിൽ നിന്നായിരിക്കും.

3. ആദ്ധ്യാത്മിക ഗുരുക്കന്മാർക്കും ആത്മനിയന്താക്കൾക്കും അവരുടെ ശുശ്രൂഷയിൽ സഹായമാകുന്നതിന്, ഞാൻ ജീവിച്ചിരുന്ന കാലത്തെ വൈവിധ്യമാർന്ന ആത്മാക്കളെക്കുറിച്ചും അവരെ രക്ഷിക്കാന്‍ ഞാനുപയോഗിച്ച രീതികളെക്കുറിച്ചും അവർ പഠിക്കുവാൻ.  കാരണം എല്ലാ ആത്മാക്കളോടും ഒരേരീതിയിൽ വർത്തിക്കുന്നത് മൗഢ്യമായിരിക്കും. നീതിമാനായ ഒരാളെ പരിപൂർണ്ണതയിലേക്കു നയിക്കുന്നതു പോലെയല്ല, പാപിയായ ഒരുവനെ, അല്ലെങ്കിൽ ഒരജ്ഞാനിയെ നയിക്കുന്നത്. 


ഈ ലിഖിതങ്ങൾ വായിക്കുമ്പോൾ ചിലർ എതിർക്കും; 'ഈശോ ഗ്രീക്കുകാരോടും റോമാക്കാരോടും സൗഹൃദം പുലർത്തിയിരുന്നതായി സുവിശേഷത്തിൽ കാണുന്നില്ല. അതിനാൽ അക്കാര്യങ്ങളെല്ലാം ഞങ്ങൾ തള്ളിക്കളയുന്നു.' സുവിശേഷത്തിൽ പ്രത്യക്ഷപ്പെടാത്ത എത്രയോ കാര്യങ്ങളുണ്ട്! തങ്ങളുടെ അഭേദ്യമായ യഹൂദ മനോഭാവത്തിൽ, സുവിശേഷകർ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത എന്തെല്ലാം വിട്ടുകളഞ്ഞിട്ടുണ്ട്! 
എന്റെ പരസ്യജീവിതത്തെക്കുറിച്ച് ഇതെല്ലാം നിങ്ങൾ വായിക്കുകയും സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞാലും നിങ്ങൾ എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കുകയില്ല. "ഈശോ ചെയ്ത മറ്റനേകം കാര്യങ്ങളുണ്ട്. അവയെല്ലാം ഓരോന്നായി എഴുതുകയാണെങ്കിൽ എനിക്കു തോന്നുന്നു, ലോകത്തിനു തന്നെയും അവ ഉൾക്കൊള്ളാൻ സ്ഥലമുണ്ടാകയില്ല" എന്നു സുവിശേഷകനായ ജോൺ പറയുന്നു. അതിശയോക്തി മാറ്റിവച്ചിട്ടു പറയുകയാണെങ്കിൽ, ഞാൻ നിങ്ങളോടു് ഗൗരവമായി പറയുന്നു, എന്റെ ഓരോ പ്രവൃത്തിയും, ഓരോ പ്രബോധനവും,  ഒരാത്മാവിനെ രക്ഷിക്കാന്‍ ഞാൻ ചെയ്ത പ്രായശ്ചിത്തവും പ്രാർത്ഥനയും എഴുതപ്പെടുകയാണെങ്കിൽ, അവ നിങ്ങളുടെ ഏറ്റവും വലിയ ലൈബ്രറികളുടെ ഒരു വലിയ മുറി നിറയുവാനുണ്ടാകും. ഞാൻ  ഇങ്ങനെയും പറയുന്നു; പ്രയോജനമില്ലാത്ത, പൊടിപിടിച്ച, വിഷമുള്ള ശാസ്ത്രങ്ങൾ കത്തിച്ചുകളയാൻ കഴിയുമെങ്കിൽ എന്റെ പുസ്തകങ്ങൾക്ക് ഇടമുണ്ടാകും. നിങ്ങൾക്ക് പ്രയോജനമുണ്ടാകും. എന്നെക്കുറിച്ച് എത്ര  കുറവായിട്ടുള്ള അറിവാണു നിങ്ങൾക്കുള്ളത്! 
4. മനുഷ്യപുത്രനെയും അവന്റെ അമ്മയേയും അവരായിരിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിന്.  മാംസത്തിലും രക്തത്തിലും അവർ യഥാർത്ഥത്തിൽ ആദത്തിന്റെ മക്കളാണ്. എന്നാൽ നിഷ്ക്കളങ്കനായ ആദത്തിന്റെ മക്കൾ. മനുഷ്യന്റെ മക്കളെല്ലാം ഞങ്ങളെപ്പോലെ ആകേണ്ടതായിരുന്നു; ആദി മാതാപിതാക്കൾ അവരുടെ പരിപൂർണ്ണ മഹത്വത്തിന് കുറവു വരുത്താതിരുന്നെങ്കിൽ! 
പല സാഹചര്യങ്ങളും നിമിത്തം അന്ധകാരത്തിൽ മൂടപ്പെട്ടുപോയ ചില കാര്യങ്ങൾ വ്യക്തമാക്കാനും കൂടിയാണ് ഈ രചന. ദൈവരാജ്യപ്രഘോഷണത്തിന്റെ പ്രഭാപൂരിതമായ ചിത്രത്തിൽ ഇരുളിന്റെ ഇടങ്ങളും കടന്നുകൂടിയിട്ടുണ്ട്. വ്യക്തമല്ലാത്തവ, അഥവാ ബന്ധമില്ലാത്തതുപോലെയുള്ള വിടവ്, വിശദീകരിക്കുവാൻ കഴിയാത്ത കാര്യങ്ങൾ എന്നിവ. എപ്പോഴും ക്ഷമിക്കണം എന്നു നിരന്തരം പഠിപ്പിച്ചിരുന്ന ഞാൻ, വഴക്കമില്ലാത്ത എന്റെ എതിരാളികളോട് ഒരുതരം വഴക്കമില്ലായ്മയും നിർബ്ബന്ധവും കാണിക്കേണ്ടതായി വന്നിട്ടുണ്ട്. ഇക്കാര്യം നിങ്ങൾ ഓർമ്മിക്കണം; ദൈവം തന്റെ കാരുണ്യം മുഴുവനും കാണിച്ചശേഷം, സ്വന്തം മഹത്വം നിമിത്തം 'മതി' യെന്നു പറയുന്ന സമയവും ഉണ്ടാകും. ദൈവം നല്ലവനായതു കൊണ്ട് അതിൽനിന്നു മുതലെടുക്കാം എന്നു വിചാരിച്ച് തന്റെ ദീർഘക്ഷമയെ പരീക്ഷിക്കുന്നവരോട് ഇങ്ങനെയും ഞാൻ പറയുന്നു: ദൈവത്തെ നിന്ദിക്കാൻ പാടുള്ളതല്ല. ഇത് ജ്ഞാനത്തിന്റെ പഴയ ഒരു ചൊല്ലാണ്.
5. എന്റെ പീഡാനുഭവത്തിന്റെ ദൈർഘ്യവും സങ്കീർണ്ണതയും ശരിയായി മനസ്സിലാക്കേണ്ടതിന്.
6. എന്റെ വചനത്തിന്റെ ശക്തി;  അതിന്റെ ഫലങ്ങളിലുള്ള വൈവിധ്യം; അതു സ്വീകരിക്കുന്നവരുടെ സ്വഭാവത്തിലുള്ള വൈവിധ്യമനുസരിച്ചുള്ള ഫലങ്ങൾ. വചനം സ്വീകരിക്കുന്നവർ, സന്മനസ്സുള്ളവരാണോ അതോ നീതിരഹിതരായ മനുഷ്യരുടെ 
ദുർമ്മനസ്സുള്ളവരാണോ എന്നതിനനുസൃതമായിരിക്കും അത് ഫലംചെയ്യുക.

അപ്പസ്തോലന്മാരും യൂദാസും വൈരുദ്ധ്യമുള്ള രണ്ട് ഉദാഹരണങ്ങളാണ്. ആദ്യം പറഞ്ഞവർ, അപൂർണ്ണതകൾ ധാരാളമുള്ളവർ; പരുക്കൻ പ്രകൃതക്കാർ; പഠനമില്ലാത്തവർ; വികാരത്താൽ പൊട്ടിത്തെറിക്കുന്നവർ - എന്നാൽ സന്മനസ്സുള്ളവർ. യൂദാസ് -  അവരിൽ അധികം പേരെയുംകാൾ പഠനമുള്ളവൻ; തലസ്ഥാന നഗരിയിൽ ജീവിച്ച പരിഷ്കാരി; ദേവാലയത്തോട് ഇടപഴകിയവൻ - എങ്കിലും ദുർമ്മനസ്സുകാരൻ.  ആദ്യം പറഞ്ഞവർ, നന്മയിൽ വളർന്ന് പരിണാമം പ്രാപിച്ചു. രണ്ടാമതു പറഞ്ഞവൻ, തിന്മയിൽ വളർന്ന് വ്യത്യസ്തനായി; അവൻ താണു. നല്ലവരായ പതിനൊന്നുപേർ പരിപൂർണ്ണതയിലേക്കു വളർന്നു."

Sunday, May 23, 2010

സമർപ്പണം
പരിശുദ്ധ പരമ ത്രിത്വത്തിനും പരിശുദ്ധ അമ്മയ്ക്കും.
മധ്യസ്ഥർ- വി.യൗസേപ്പ് പിതാവും വിശുദ്ധ മിഖായേലും.
പ്രത്യേക മധ്യസ്ഥർ   -   വിശുദ്ധ ശിമയോൻ ശ്ലീഹായും വിശുദ്ധ മറിയം മഗ്ദലനായും.
                                               
  23-05-2010

ഇന്ന് പെന്തക്കോസ്ത തിരുനാൾ. പരിശുദ്ധാത്മാവിന് സ്തുതിയും ആരാധനയും. പരിശുദ്ധ പരമ ത്രിത്വത്തിനു് ആരാധന.