യുഗാന്ത്യത്തിനും ക്രിസ്തുനാഥൻ്റെ രണ്ടാം വരവിനും തൊട്ടു മുമ്പുളള ശുദ്ധീകരണ നാളുകളിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകവും തുടർച്ചയായതുമായ പ്രകൃതിക്ഷോഭങ്ങളും മറ്റു ദുരന്തസംഭവങ്ങളുമെല്ലാം അതാണു സൂചിപ്പിക്കുന്നത്.
2017 ഓഗസ്റ്റിൽ, ഒരു ദർശകനിലൂടെ ഈശോ വെളിപ്പെടുത്തി: "എത്രയോ പ്രാവശ്യം ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുകൾ നൽകി.. എൻ്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ കൺമുമ്പിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കാണാതിരിക്കാനും മാത്രം അന്ധരാണോ നിങ്ങൾ? നിന്ന നിൽപ്പിൽ ആളുകളും സ്ഥലങ്ങളും ഇല്ലാതാകുന്നത് നിങ്ങൾ കാണുന്നു.. എന്നിട്ടും നിങ്ങൾക്കു മാറ്റം വരുന്നില്ല.."
2019 മെയ്മാസത്തിൽ നൽകിയ സന്ദേശത്തിൽ ദൈവപിതാവ് പറയുന്നു: "പ്രവചിക്കപ്പെട്ട കാര്യങ്ങൾ ഓരോന്നായി നിറവേറുന്നത് നിങ്ങൾ കാണും. ഇതാണ് സമയം.
തിന്മയുടെ അഴിഞ്ഞാട്ടമാണ് ലോകത്തിലിപ്പോൾ നടക്കുന്നത്. മൃഗങ്ങളേക്കാൾ മോശമായി ജീവിച്ചിട്ട് എൻ്റെ രാജ്യത്തിൽ പ്രവേശിക്കാമെന്ന വ്യാമോഹം നിങ്ങൾക്കു വേണ്ടാ.. മാനസാന്തരപ്പെടുന്നില്ലെങ്കിൽ വലിയ ശിക്ഷ വരുമെന്ന് പഴയനിയമകാലത്ത് ഞാൻ നോഹ വഴി ജനത്തെ അറിയിച്ചു. ആരും വിശ്വസിച്ചില്ല. അതിൻ്റെ ഫലം അവർ അനുഭവിച്ചു. അതുപോലെ, ലോകമെമ്പാടുമുളള അനേകരിലുടെ ഇപ്പോൾ ഞാൻ സന്ദേശങ്ങൾ നൽകുന്നു. സ്വീകരിക്കാത്തവർ എന്നെന്നേക്കുമായി നശിക്കും."
അഞ്ചും ആറും പ്രമാണങ്ങളുടെ ലംഘനമാണ് (അബോർഷൻ, വ്യഭിചാരം, അവിഹിതബന്ധങ്ങൾ, സ്വവർഗ ബന്ധങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളെ ദുരുപയോഗിക്കുന്നത്) ഇപ്പോഴത്തെ ഏറ്റവും വലിയ പാപമെന്നും ഈ അവസ്ഥ തുടരാൻ ഇനി അനുവദിക്കില്ലെന്നും തൻ്റെ നീതി ഉടൻ നടപ്പാകുമെന്നും അതോടെ ലോകത്തിൽ തിന്മ ഇല്ലാതാകുമെന്നും ഈശോയും സന്ദേശം നൽകുന്നു. ഈശോ പറയുന്നു: "മനുഷ്യർക്ക് മാനസാന്തരം വരണമെന്ന് അവർ മനസ്സിലാക്കുന്നതിനായി പ്രകൃതിക്ഷോഭങ്ങളിലുടെ ഞാൻ മുന്നറിയിപ്പു നൽകുന്നു. എന്നാൽ, അധികം പേരും അതു ഗൗനിക്കുന്നില്ല. ഇവ കാണുമ്പോൾ നിങ്ങൾ പാപവഴിയിലാണെന്നു മനസ്സിലാക്കണം. പീഢനകാലം തൊട്ടടുത്തെത്തിയെന്നും പിശാചിൻ്റെ ഭരണം അവസാനിക്കാൻ പോകയാണെന്നും ഭൂമിക്കൊരു സമാധാനകാലം ഞാൻ കൊണ്ടുവരുമെന്നും ഗ്രഹിച്ചുകൊളളുക... അനുതപിച്ച് ഒരുങ്ങുക. ആകാശത്തിൽ അടയാളം കാണുമ്പോൾ കൃപയിലായിരിക്കണം.."
പരിശുദ്ധ അമ്മ പറയുന്നു: "ദൈവനീതിയുടെ പാനപാത്രം നിറഞ്ഞുകഴിഞ്ഞു; അതു മുഴുവനായി നിറഞ്ഞു കവിഞ്ഞൊഴുകുന്നു. ഇക്കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും കർത്താവിൻ്റെ പത്തു പ്രമാണങ്ങൾ അനുസരിക്കുന്നില്ല. നിങ്ങളുടെ ദൈവം പരസ്യമായി അവഹേളിക്കപ്പെടുന്നു, നിഷേധിക്കപ്പെടുന്നു, അവിടുത്തേക്കെതിരേ ദൂഷണം പറയപ്പെടുന്നു. കർത്താവിൻ്റെ ദിവസം ആചരിക്കാത്തവരുടെ എണ്ണം കുടിക്കൂടി വരുന്നു.
ഓരോ വർഷവും ലോകമാസകലം ലക്ഷക്കണക്കിനു നിരപരാധികളായ ശിശുക്കൾ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ വച്ചുതന്നെ വധിക്കപ്പെടുന്നു. കൊലപാതകങ്ങൾ, മോഷണങ്ങൾ, അക്രമങ്ങൾ, ബലാൽക്കാരങ്ങൾ, തുടങ്ങിയവയുടെ എണ്ണം കൂടിക്കൂടി വരുന്നു.
ലൈംഗികപാപം, ദുഷിച്ച ജലപ്രവാഹം പോലെ എങ്ങും പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളത്രേ ഇതിനിത്ര പ്രചാരം നൽകുന്നത്. ടെലിവിഷനും കംപ്യൂട്ടറുകളും പാപവശീകരണത്തിൻ്റേയും വഷളത്തത്തിൻ്റേയും സൂക്ഷ്മവും പൈശാചികവുമായ ഒരുപകരണമായി ഓരോ കുടുംബത്തിലും നുഴഞ്ഞു കയറുന്നു. അതിൻ്റെ ബലിയാടുകൾ, യാതൊരു സംരക്ഷണവും ലഭിക്കാത്ത കുഞ്ഞുങ്ങളും യുവാക്കളുമാണ്. അവരെ ഞാൻ ഒരമ്മയുടെ ആർദ്രമായ ഉത്കണ്ഠയോടെ വീക്ഷിക്കുന്നു.
ദൈവനീതി തയാറാക്കി വച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ പ്രാർത്ഥനയുടേയും പരിഹാര പ്രായശ്ചിത്തങ്ങളുടേയും പ്രബലശക്തിക്കു മാത്രമേ കഴിയുകയുളളൂ. എന്നാൽ, പശ്ചാത്തപിക്കുന്നതിനുളള ഓരോ അഭ്യർത്ഥനയും ലോകം മർക്കടമുഷ്ടിയോടെ തളളിക്കളയുന്നു..."