ജാലകം നിത്യജീവൻ: January 2017

nithyajeevan

nithyajeevan

Friday, January 20, 2017

പരിശുദ്ധ ബലിയർപ്പിക്കുമ്പോൾ

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 

      
            "2004 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ ഞാൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഉപവാസപ്രാർത്ഥനയിലായിരുന്നു.  ജനുവരി പതിനേഴാം തീയതി രാവിലെ ബലിയർപ്പണത്തിനായി ഞാൻ ദേവാലയത്തിലെത്തി. ബഹുമാനപ്പെട്ട ജോർജ് കമ്മട്ടിൽ അച്ചൻ ബലിയർപ്പിക്കാനായി അൾത്താരയുടെ ഒരു വശത്തേക്കു പോകുന്നത് ഞാൻ കണ്ടു. വളരെ ഭക്തിപൂർവ്വം കണ്ണുകളടച്ച് ഗായകരോടു ചേർന്ന് പാട്ടുപാടിക്കൊണ്ട് ഞാൻ നിന്നു. പാട്ടുതീർന്നപ്പോൾ കണ്ണുതുറന്ന ഞാൻ കണ്ടത് അൾത്താരയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന ഈശോയെയാണ്!! പ്രാർത്ഥിച്ചു പ്രാർത്ഥിച്ച്  എന്റെ ബുദ്ധിക്ക് എന്തോ  തകരാറു സംഭവിച്ചെന്ന് എനിക്കു തോന്നി. ഞാൻ വീണ്ടും വീണ്ടും കണ്ണുതിരുമ്മി നോക്കി. അത് ഈശോ തന്നെയാണ്. അവിടുന്ന്  വലിയ  തേജസ്സോടെ,  എന്നാൽ കരുണയോടെ, എന്നെ നോക്കി നിൽക്കയാണ്. ദൈവത്തിന്റെ അളവറ്റ മഹത്വത്തിന്റെ മുൻപിൽ വിറയലോടെ നിന്ന ഞാൻ നേരെ നിൽക്കാനാവാതെ വീഴാൻ പോയി. പെട്ടെന്ന് എന്റെ കാവൽമാലാഖ വന്ന് എന്നെ താങ്ങി നേരെ നിർത്തി. എനിക്ക് ആ നിൽപ്പിൽ അനങ്ങാനോ ചലിക്കാനോ ആവുമായിരുന്നില്ല...
        വീണ്ടും ഞാൻ കാണുകയാണ്.. ബലിപീഠത്തോടുചേർന്ന് കത്തിനിന്നിരുന്ന രണ്ടു വലിയ പൊക്കമുള്ള തിരികളിൽ, വലതുവശത്തെ തിരിയോടുചേർന്ന് പരിശുദ്ധ 'അമ്മ നിൽക്കുന്നു !! അമ്മയിൽ നിന്ന് പുറത്തേക്കു പ്രസരിച്ചുകൊണ്ടിരുന്ന പ്രകാശം ആ ദേവാലയം മുഴുവൻ നിറഞ്ഞുനിൽക്കുകയാണ് ! അതുകഴിഞ്ഞപ്പോൾ രണ്ടുമാലാഖാമാർ ഇറങ്ങിവന്ന് ശുശ്രൂഷകരുടെ സ്ഥാനത്തു നിൽക്കുന്നത് ഞാൻ കണ്ടു. ഇപ്പോൾ അച്ചന്റെ സ്ഥാനത്ത് ഈശോയും ശുശ്രൂഷകരുടെ സ്ഥാനത്ത് മാലാഖാമാരുമാണ്.  പിന്നെ സ്വർഗ്ഗം തുറക്കപ്പെട്ടു.. ആദ്യം ഒരു ഗണം മാലാഖമാർ, തൊട്ടു പിന്നാലെ വേറൊരു ഗണം, അങ്ങനെ ഓരോ ഗണങ്ങളായി എണ്ണിയാൽ തീരാത്ത അത്രയും മാലാഖമാർ ഇറങ്ങി വന്ന്  വലിയ ഭക്ത്യാദരവുകളോടെ ഈശോയുടെ മുകളിലായി വൃത്തത്തിൽ അണിനിരന്നു.. അടുത്തതായി ഇറങ്ങിവന്ന് അൾത്താരയിൽ നിരന്നത് തിരുസഭ പേരെടുത്തു വിളിച്ചിട്ടുള്ള സകല വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ധന്യരുമായവരാണ്..
       അതുകഴിഞ്ഞപ്പോൾ ദേവാലയത്തിന്റെ നടുവിലൂടെ നിരവധി ആളുകൾ കരഞ്ഞുകൊണ്ട് വരാൻ തുടങ്ങി. അവരുടെ മുഖങ്ങൾ ദൃശ്യമായിരുന്നില്ല. എന്നാൽ വലിയ സ്വരത്തിൽ ഇരുവശങ്ങളിലേക്കും കൈകൾ  നീട്ടികൊണ്ട്  അവർ നിലവിളിക്കുന്നുണ്ടായിരുന്നു.. എന്നാൽ, ഈശോയുടെ നേരെ അവർ നോക്കിയില്ല.. ഇതാരായിരിക്കാമെന്ന് ഞാൻ ഓർക്കുമ്പോൾ ഈശോ പറഞ്ഞു; "മോളേ, ഇത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളാണ്. നീ ഓർക്കുക, നീ എവിടെ ബലിയർപ്പിക്കാൻ പോയാലും മരണമടഞ്ഞ നിന്റെ പ്രിയപ്പെട്ടവർ അവിടെ വന്നു നിൽപ്പുണ്ടാവും. അവർക്കിനി ദൈവത്തോടു പ്രാർഥിക്കാനാവില്ല: അതുകൊണ്ട് നിന്റെനേരെ കൈകൾ നീട്ടി നിന്റെ പ്രാർത്ഥന യാചിച്ചുകൊണ്ടാണ് അവർ നിൽക്കുന്നത്. നിന്റെ പ്രാർത്ഥനകൾ അവർക്ക് ആശ്വാസമേകുകയും അവരുടെ സ്വർഗ്ഗപ്രാപ്തി ത്വരിതപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ശുദ്ധീകരണസ്ഥലത്തുള്ള  നിന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി തിരുസഭ കൽപ്പിച്ചിരിക്കുന്നതൊക്കെയും നീ ചെയ്യണം. അതു കൂടാതെ പ്രാർത്ഥിക്കാൻ    ആരുമാരുമില്ലാത്ത  ആത്മാക്കൾക്കുവേണ്ടിയും നീ പ്രാർത്ഥിക്കണം. അപ്പോൾ അവർക്കും ആശ്വാസംലഭിക്കും. ശുദ്ധീകരാത്മാക്കളെ ഒരിക്കലും നീ മറക്കരുത്. ഇനി കാണുക.."
                                വീണ്ടും ഞാൻ കാണുകയാണ്; ഈശോ നിൽക്കുന്നതിനു മുകളിലായി പരിശുദ്ധാത്മാവിന്റെ പ്രകാശവും പിതാവായ ദൈവവും കാണപ്പെട്ടു.. അങ്ങനെ സ്വർഗ്ഗം മുഴുവൻ അൾത്താരയിലും ശുദ്ധീകരാത്മാക്കൾ ദേവാലയത്തിന്റെ നടുക്കുള്ള വഴിയിലും വന്നു നിരന്നു..അതുകഴിഞ്ഞപ്പോൾ ഈശോ തന്നെ ബലിയാരംഭിച്ചു..  പ്രസംഗത്തിന്റെ സമയമായപ്പോൾ ഈശോ ചോദിച്ചു; "മോളേ, ഞാൻ എന്തിനുവേണ്ടിയാണ് ഭൂമിയിൽ വന്നത്?  മരിച്ച ഏതാനും മനുഷ്യരെ ഉയർപ്പിക്കാനാണോ ?  അല്ല; കുറച്ച് അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാനാണോ? അല്ലെങ്കിൽ  കുറച്ചാൾക്കാരെ മാമോദീസ മുക്കാനാണോ? അതുമല്ല. ഞാൻ വന്നത് ദൈവരാജ്യത്തേക്കുറിച്ചു നിങ്ങളെ പഠിപ്പിക്കാനാണ്. എന്റെ പിതാവിന്റെ രാജ്യത്തെക്കുറിച്ചും അവിടുത്തെ സ്നേഹത്തെക്കുറിച്ചും അവിടെ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നവയെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കാനാണ് ഞാൻ വന്നത്. നിങ്ങളെ ഞാൻ ഏൽപ്പിച്ചതും അതുതന്നെയാണ്. പോയി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുക. ഇതു നീ എപ്പോഴും ഓർത്തുകൊള്ളണം.  ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ നീതിയും കരുണയും പങ്കുവയ്ക്കുന്ന സ്നേഹവും നിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കണം.  ഇല്ലായെങ്കിൽ, ഞാൻ ദൈവമാണെന്ന് നീ പ്രഘോഷിക്കുമ്പോൾ അതു വിശ്വസിക്കാൻ ആരും ഉണ്ടാവില്ല. അതുകൊണ്ട്  നിന്റെ ജീവിതത്തിൽ ഈ മൂന്നു കാര്യങ്ങളും ഉണ്ടായിരിക്കണം. എന്നാൽ,  നാണയത്തുട്ടുകൾ കൊടുത്ത് ദൈവരാജ്യം വിലയ്ക്കു വാങ്ങാമെന്നു നീ കരുതേണ്ട. നീ ധ്യാനത്തിനും തപസ്സിനുംപ്രാർത്ഥനയ്ക്കും ഉപവാസത്തിനുമെല്ലാം  പോകും; എന്തിനുവേണ്ടിയാണ്? ഇതിന്റെയെല്ലാം ഫലമായി ഉണ്ടാകേണ്ടത് എന്താണെന്ന് നിനക്കറിയാമോ? നിന്റെ മാനസാന്തരം. ഇത് നീ ഇപ്പോഴും ഓർമ്മിച്ചുകൊള്ളണം. നീ എല്ലാ വിധ തിന്മകൾക്കും അടിമയായിരിക്കുന്നു എന്നു കരുതുക. മദ്യപാനത്തിനും ദ്രവ്യാസക്തിക്കും ജഢികാസക്തിക്കും അഹങ്കാരത്തിനും അസൂയക്കും സ്വാർത്ഥതയ്ക്കും അടിമയായിരിക്കുമ്പോൾ ഒരു ധ്യാനം കൂടി; മൂന്നു ദുഃസ്വഭാവങ്ങൾ മാറ്റി. അങ്ങനെ മൂന്നു നാണയം കൊടുത്ത് സ്വർഗ്ഗരാജ്യം സ്വന്തമാക്കാമെന്ന് നീ വിചാരിക്കേണ്ട. നിനക്കുള്ളതെല്ലാം വിറ്റെങ്കിൽ മാത്രമേ നിധി ഒളിഞ്ഞിരിക്കുന്ന വയൽ സ്വന്തമാക്കാൻ പറ്റുകയുള്ളൂ. നീ ഭൂമിയിൽ ദൈവരാജ്യം തിരയുന്നുണ്ടെന്നും നിനക്കുള്ളതെല്ലാം വിറ്റ് നീ ആ നിധി ഒളിഞ്ഞിരിക്കുന്ന വയൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, വയലിന്റെ ഉടമസ്ഥനായ എനിക്കു മനസ്സിലാക്കുമ്പോൾ ഞാനതു നിനക്കു നൽകും. അല്ലാതെ, അദ്ധ്വാനിക്കാതെ വെറുതെ മടി പിടിച്ചിരിക്കുന്ന നിനക്ക് ദൈവരാജ്യം ഞാൻ നൽകുകയില്ല. നീ അതിനായി അദ്ധ്വാനിക്കുമ്പോൾ നിന്റെ അദ്ധ്വാനത്തിനനുസരിച്ച് നിനക്കു ഞാൻ പ്രതിഫലം തരും. ഇനി വന്ന് ബലിയർപ്പിക്കുക.