ജാലകം നിത്യജീവൻ: December 2015

nithyajeevan

nithyajeevan

Wednesday, December 23, 2015

"സന്മനസ്സുള്ളവർക്കു സമാധാനം .."

"സന്മനസ്സുള്ളവർക്കു സമാധാനം മാത്രമല്ല, ദൈവത്തിന്റെ സഹായവും ലഭിക്കുമെന്ന്  നമുക്കു മനസ്സിലാക്കിത്തരുന്ന,  ഒരു ഇടവകവൈദികന്റെ അനുഭവസാക്ഷ്യം:
 "ക്രിസ്മസിനു നാലഞ്ചു ദിവസങ്ങൾക്കു  മുൻപ്,    എന്തോ ആവശ്യങ്ങൾക്കായി പുറത്തുപോയി തിരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ പ്രായം ചെന്ന ഒരു യാചകൻ പള്ളിയുടെ വാതിൽക്കൽ നിൽക്കുന്നതു കണ്ട് ഞാൻ അങ്ങോട്ടു ചെന്നു.  എന്നെ കണ്ടയുടൻ അയാൾ ചോദിച്ചു; "എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ?"
അയാൾ ഇവിടുത്തുകാരനല്ലെന്ന് എനിക്ക് മനസ്സിലായി.   കുളിച്ചിട്ട് കുറെ ദിവസങ്ങളായിട്ടുണ്ടാവുമെന്ന് അയാളുടെ മുഷിഞ്ഞു നാറിയ വസ്ത്രവും ശരീരത്തിന്റെ ദുർഗന്ധവും എന്നെ അറിയിച്ചു.  ഞാനയാളോടു പറഞ്ഞു; "നിങ്ങൾക്കിപ്പോൾ ഏറ്റവുമാവശ്യം ചൂടുവെള്ളത്തിലുള്ള ഒരു കുളിയാണ് .. എന്റെ കൂടെ വരൂ.."
ഞാനയാളെ എന്റെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി,  ഇട്ടിരുന്ന മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ വെയ്ക്കാൻ ഒരു പ്ലാസ്റ്റിക് ബാഗ്‌ കൈയിൽ കൊടുത്തു ഞായാളെ നേരെ കുളിമുറിയിലേക്കു പറഞ്ഞു വിട്ടു.  പിന്നെ എന്റെ അലമാരയിൽ നിന്ന്  അയാൾക്കു പറ്റുന്ന വസ്ത്രങ്ങൾ തപ്പിയെടുത്തു വെച്ചു.
അര മണിക്കൂറിനുശേഷം, കുളിച്ചു നല്ല വസ്ത്രവും ധരിച്ചു വന്ന അയാളെ ഞാൻ ആകെയൊന്നു നോക്കി. അയാളുടെ കാൽ വിരലുകളിലെ നഖങ്ങൾ വളർന്നു നീണ്ടിരിക്കുന്നത് ഞാൻ കണ്ടു.. അതു വെട്ടി ശരിയാക്കാൻ അയാളെക്കൊണ്ട് പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാൻ തന്നെ അതു വെട്ടിക്കൊടുത്തു.  പിന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയി  വയറുനിറയെ ഭക്ഷണം കൊടുത്തു..
 ഭക്ഷണശേഷം ഞാനയാളെ  ഒരു അഗതിമന്ദിരത്തിൽ കൊണ്ടാക്കി.  തിരിച്ചുള്ള യാത്രയിൽ ഞാനോർത്തത് മക്കളോ  മറ്റു വേണ്ടപ്പെട്ടവരോ   കൂടെയില്ലാതെ  തനിയെ താമസിക്കുന്ന എന്റെ ഇടവകയിലെ പാവപ്പെട്ട വൃദ്ധരെക്കുറിച്ചായിരുന്നു... എന്റേത് ഒരു പാവപ്പെട്ട ഇടവകയായിരുന്നു ..ഈ ക്രിസ്മസ്സിന്   ഏകരായി താമസിക്കുന്ന വൃദ്ധരെയെല്ലാം ഒരുമിച്ചു കൂട്ടി ഒരു വിരുന്നു നൽകണമെന്ന് എനിക്കൊരാഗ്രഹം തോന്നി.  
      തിരിച്ച് മേടയിലെത്തിയപ്പോൾ,  ഞാനൊരു കണക്കെടുപ്പു നടത്തി;  ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരും വൃദ്ധദമ്പതികളുമായവർ ആകെ 20 പേരുണ്ട്. ഇവർക്കൊരു വിരുന്നു നൽകണമെങ്കിൽ ഏകദേശം അയ്യായിരം രൂപയെങ്കിലും വേണ്ടിവരും.. എനിക്കു നിരാശ തോന്നി.. അത്രയും തുക കണ്ടെത്തുകയെന്നത് എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ലായിരുന്നു.. അതുകൊണ്ട് വേദനയോടെ ഞാനാ പദ്ധതി ഉപേക്ഷിച്ചു.  ആരോടും ഇക്കാര്യം പറയാതിരുന്നത് എത്ര നന്നായെന്നും എനിക്കു തോന്നി.  വൈകുന്നേരത്തെ കുർബാനയ്ക്കു സമയമായതിനാൽ ഞാൻ പള്ളിയിലേക്കു പോവുകയും ചെയ്തു.  പിന്നീട് ഞാൻ അതെപ്പറ്റി ചിന്തിച്ചതേയില്ല ..
        പിറ്റേന്നു രാവിലെ ലറ്റർബോക്സിൽ, എന്റെ പേര് വലിയ അക്ഷരങ്ങളിലെഴുതിയ,  സാമാന്യം വലിയ ഒരു ബ്രൌണ്‍ കവർ ഉണ്ടായിരുന്നു.  കവറിനു പുറത്ത് തപാൽ മുദ്രയൊന്നും കാണാഞ്ഞതുകൊണ്ട് അത് തപാലിൽ വന്നതല്ലെന്നു ഞാനൂഹിച്ചു. ആരോ എഴുത്തുപെട്ടിയിൽ കൊണ്ടുവന്നിട്ടതാണ് ..
ഞാൻ കവർ തുറന്നുനോക്കി. അതിൽ അയ്യായിരം രൂപയുണ്ടായിരുന്നു!! 

എന്റെ ക്രിസ്മസ് പാർട്ടി വളരെ കേമമായിത്തന്നെ ഞാൻ നടത്തി..
അന്നുമുതൽ എല്ലാ വർഷവും ഈ പതിവ് ഞാൻ തുടർന്നുപോരുന്നു .. ദൈവത്തിനു നന്ദി !!"