ജാലകം നിത്യജീവൻ: April 2015

nithyajeevan

nithyajeevan

Wednesday, April 1, 2015

ദൈവത്തിന്റെ കുഞ്ഞാട്

ഈശോ പറയുന്നു:  "എന്റെ പിതാവിനോടുള്ള സ്നേഹവും എന്റെ പിതാവിന്റെ മക്കളോടുള്ള സ്നേഹവും നിമിത്തം ഞാൻ എന്റെ ശരീരം എന്നെ പ്രഹരിച്ചവർക്കായി വിട്ടുകൊടുത്തു. എന്നെ അടിച്ചവർക്കും എന്നെ തുപ്പിയവർക്കുമായി എന്റെ മുഖം ഞാൻ നല്കി; എന്റെ മുടിയും മീശയും വലിച്ചുപറിക്കുന്നത് ബഹുമതിയായി കരുതിയവരിൽ നിന്ന് ഞാൻ മുഖം തിരിച്ചില്ല; മുൾമുടി കൊണ്ട് അവർ എന്റെ ശിരസ്സ്‌ തുളച്ചു. ഭൂമിയെയും അതിന്റെ ഫലങ്ങളെയും എന്നെ, അവരുടെ രക്ഷകനെ പീഡിപ്പിക്കുന്നതിന് ഉപകരണങ്ങളാക്കി..എന്റെ കൈകാലുകൾ  അവയുടെ സ്ഥാനത്തുനിന്ന് ഇളക്കി; എന്റെ അസ്ഥികൾ പുറത്തു കാണത്തക്കവിധത്തിൽ ഉപദ്രവിച്ചു; എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മാറ്റി; അങ്ങനെ എന്റെ പരിശുദ്ധിയെ ഏറ്റം ക്രൂരമായ വിധത്തിൽ അപമാനിച്ചു; ഒരു തടിയിന്മേൽ എന്നെ ആണിയടിച്ചുറപ്പിച്ചു; കൊല്ലപ്പെട്ട ആടിനെ കശാപ്പുകാരൻ കൊളുത്തിന്മേൽ തൂക്കിയിടുന്നതുപോലെ എന്നെ ഉയർത്തി തൂക്കിയിട്ടു; ഞാൻ കഠോരവേദനയനുഭവിക്കുന്ന സമയത്ത് എന്റെ ചുറ്റും നായ്ക്കളെപ്പോലെ കുരച്ചു; രക്തത്തിന്റെ മണം പിടിച്ച് കൂടുതൽ ക്രൂരതയോടെ ആർത്തിയുള്ള ചെന്നായ്ക്കളെപ്പോലെ അവർ വർത്തിച്ചു.
                       ഇത്രയധികമായ ദു:ഖത്തിന്റെ കാരണം ഏശയ്യാ പറയുന്നുണ്ട്: "നമ്മുടെ തിന്മകൾ അവന്റെമേൽ അവൻ വഹിച്ചു; അവൻ ചുമന്ന ദുഃഖങ്ങൾ നമ്മുടേതാണ്..
              നമ്മുടെ ദുഷ്ടത നിമിത്തം അവൻ മുറിവേൽപ്പിക്കപ്പെട്ടു; നമ്മുടെ അപരാധങ്ങൾ നിമിത്തം അവൻ തുളയ്ക്കപ്പെട്ടു.. " 
                        ഏശയ്യാ പ്രവാചകദർശനത്തിൽ, മനുഷ്യരുടെ മുറിവുകൾ സുഖപ്പെടുന്നതിനായി മനുഷ്യപുത്രൻ ഒരു വലിയ വ്രണമായിത്തീരുന്നത് കണ്ടു. അവർ എന്റെ ശരീരത്തിൽ മാത്രം മുറിവേൽപ്പിച്ചിരുന്നെങ്കിൽ!!
                       എന്നാൽ, നിങ്ങൾ  അധികമായി മുറിവേൽപ്പിച്ചത് എന്റെ വികാരങ്ങളെയും അരൂപിയേയുമാണ്. അവ രണ്ടിനേയും നിങ്ങൾക്കു പരിഹസിച്ചു ചിരിക്കാനുള്ള വകയാക്കി; യൂദാസ് വഴി, ഞാൻ നിങ്ങൾക്കു നല്കിയ സ്നേഹിതസ്ഥാനത്തു നിന്ന് നിങ്ങൾ എന്നെ പ്രഹരിച്ചു; പത്രോസ് വഴി, ഞാൻ പ്രതീക്ഷിച്ച വിശ്വസ്തതയുടെ സ്ഥാനത്ത് നിങ്ങൾ എന്നെ തള്ളിപ്പറഞ്ഞു; എന്റെ അനുഗ്രഹങ്ങൾ, സഹായങ്ങൾ എന്നിവയ്ക്കുള്ള നന്ദിയുടെ സ്ഥാനത്ത് "അവനെ കൊല്ലുക" എന്നുള്ള ആർപ്പുവിളിയാണ് ഉയർന്നത്.. മതത്തിന്റെ പേരിൽ "ദൈവദൂഷകൻ" എന്ന് എന്നെ വിളിച്ചു; 
                 ഒരു നോട്ടം കൊണ്ടുമാത്രം എന്നെ കുറ്റക്കാരനായി സമർപ്പിച്ചവരെയും ന്യായാധിപന്മാരെയും കൊലയാളികളെയും കത്തിച്ചു ചാമ്പലാക്കുവാൻ എനിക്ക് കഴിയുമായിരുന്നു. എന്നാൽ, ഞാൻ  വന്നത്  ഒരു ആട്ടിൻകുട്ടിയെപ്പോലെ  സ്വമേധയാ ബലിയർപ്പിക്കപ്പെടാനാണ്; കാരണം, ഞാൻ ദൈവത്തിന്റെ കുഞ്ഞാടായിരുന്നു. എക്കാലത്തും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും..."