ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Saturday, December 10, 2011

ഈശോ ഗറേസായിൽ പ്രസംഗിക്കുന്നു


            ഗറേസാ പട്ടണത്തിലെത്തി  വ്യാപാരിയായ അലക്സാണ്ടർ മിസേയ്സിന്റെ ആതിഥ്യം സ്വീകരിച്ചു് അയാളുടെ ഭവനത്തിൽ താമസിച്ച   ഈശോയും  സംഘവും  പിറ്റേന്നു   രാവിലെ   പട്ടണത്തിലേക്കു   പുറപ്പടുന്നു.   ഗറേസായിലെ   ജനങ്ങൾ ഈശോയെ അനുഗമിക്കുന്നു. പിശാചുബാധയിൽ നിന്ന് ഈശോ  വിമുക്തനാക്കിയ ഒരാളാണ് ഈശോയെപ്പറ്റി അവരോടു സംസാരിച്ചതെന്ന് അവർ ഈശോയോടു പറയുന്നു. അവർ പറയുന്നതെല്ലാം കാരുണ്യപൂർവ്വം ഈശോ  ശ്രവിക്കുന്നു. അതേസമയം പട്ടണത്തിലേക്കു നടക്കുകയും ചെയ്യുന്നു.
      പട്ടണത്തിന്റെ ഉയരമുള്ള ഭാഗത്തേക്കാണ് ഈശോ നടക്കുന്നത്. തെക്കുകിഴക്കു ഭാഗത്തിനാണ്  ഉയരം കൂടുതൽ. അവിടെ നിന്നുകൊണ്ട് ഈശോ  പ്രസംഗം ആരംഭിച്ചു. "ഈ പട്ടണം വളരെ മനോഹരമാണ്. നീതിയിലും വിശുദ്ധിയിലും കൂടെ ഇതിനെ നിങ്ങൾ മനോഹരമാക്കണം. കുന്നുകൾ, പച്ചപിടിച്ച സമതലം, അരുവി ഇവയെല്ലാം ദൈവമാണ് നിങ്ങൾക്കു നൽകിയിരിക്കുന്നത്. നല്ല വീടുകളും കെട്ടിടങ്ങളും പണിയാൻ റോമായും  നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ പട്ടണത്തെ   വിശുദ്ധവും  നീതിയുള്ളതുമാക്കിത്തീർക്കേണ്ടത് നിങ്ങൾ തന്നെയാണ്. നഗരവാസികൾഎന്താക്കിത്തീർക്കുമോ അതുപോലെയായിരിക്കും നഗരം. കാരണം, നഗരം സമൂഹത്തിന്റെ ഒരു ഭാഗമാണ്. നഗരവാസികളാണ് നഗരം പണിയുന്നത്. നഗരം പാപം ചെയ്കയില്ല. അരുവി, വീടുകൾ, മാളികകൾ ഇവയ്ക്കൊന്നിനും പാപം ചെയ്യാൻ കഴിവില്ല.  അവ പദാർത്ഥങ്ങൾ മാത്രം; അവയ്ക്ക് ആത്മാവില്ല. എന്നാൽ വീടുകളിൽ, കടകളിൽ, എല്ലാ സ്ഥലങ്ങളിലുമുള്ളവർക്ക് പാപം ചെയ്യാൻ കഴിയും. ഒരു പട്ടണത്തിലുള്ളവർ കലഹിക്കുന്നവരും ദുഷ്ടരുമാണെങ്കിൽ ആ പട്ടണം ചീത്തയാണെന്ന് ആളുകൾ പറയും. പക്ഷേ അങ്ങനെ പറയുന്നത് തെറ്റ്... പട്ടണമല്ല, പട്ടണവാസികളാണ് ചീത്തയായിരിക്കുന്നത്. അവിടെയുള്ള വ്യക്തികളെല്ലാം ചേർന്ന സങ്കീർണ്ണമായ, ഏകമായ ഒന്നുണ്ടല്ലോ, അതിനെയാണ് പട്ടണമെന്നു വിളിക്കുന്നത്.
                      ഇനി ശ്രദ്ധിച്ചു കേൾക്കൂ.. ഒരു പട്ടണത്തിൽ പതിനായിരം പേർ നല്ലവരും  ആയിരം പേർ മാത്രം നല്ലവരല്ലാത്തവരും ആണെങ്കിൽ ആ പട്ടണം ദുഷിച്ചതാണെന്നു നമുക്കു പറയാൻ പറ്റുമോ?  ഇല്ല. അതുപോലെ തന്നെ പതിനായിരം പേരുള്ള ഒരു പട്ടണത്തിൽ സ്വന്തം  താൽപ്പര്യങ്ങൾ മാത്രം കരുതുന്ന പല ഗ്രൂപ്പുകളാണുള്ളതെങ്കിൽ ആ പട്ടണത്തിന് ഐക്യമുണ്ടെന്നു പറയാൻ പറ്റുമോ? ഇല്ല. ആ പട്ടണം വളരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല; അതു വളരുകയില്ല.

ഗറേസാ പട്ടണവാസികളായ നിങ്ങൾ ഇപ്പോൾ ഐക്യത്തോടെ നിങ്ങളുടെ പട്ടണത്തെ വളർത്താൻ ശ്രമിക്കുന്നു. നിങ്ങളെല്ലാവരും ഇതാഗ്രഹിക്കുന്നു. ഈ ലക്ഷ്യം നേടാൻ മാത്സര്യബുദ്ധ്യാ  ശ്രമിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾ വിജയിക്ക തന്നെ ചെയ്യും. എന്നാൽ നാളെ ഒരുപക്ഷേ, അഭിപ്രായഭിന്നതയുള്ള പല ഗ്രൂപ്പുകൾ രൂപം പ്രാപിച്ചാൽ ഒരു കൂട്ടർ പറയും, 'പട്ടണം കിഴക്കോട്ടാണ് വികസിപ്പിക്കേണ്ടത്'; മറ്റൊരു കൂട്ടർ പറയും, ' വടക്കാണ് കൂടുതൽ പരന്ന സ്ഥലമുള്ളത്, അതിനാൽ വടക്കോട്ടാണ് വികസിപ്പിക്കേണ്ടത്'; മൂന്നാമതൊരു കൂട്ടർ പറയും, 'കിഴക്കോട്ടും വടക്കോട്ടും വേണ്ട, നമുക്കെല്ലാവർക്കും പട്ടണത്തിന്റെ മദ്ധ്യത്തിൽ - അരുവിയുടെ അടുത്തു താമസിക്കാം' എന്ന്. അപ്പോൾ എന്തു സംഭവിക്കും?

ഇങ്ങനെയായിരിക്കും സംഭവിക്കുക. ആരംഭിച്ച പണികളെല്ലാം നിലയ്ക്കും. പണം ഇറക്കിയവരെല്ലാം അതു തിരിച്ചെടുക്കും. ഇവിടെ താമസിക്കാമെന്നു ചിന്തിച്ചവരെല്ലാം ഈ പട്ടണം വിട്ട് മറ്റു സ്ഥലങ്ങൾ തേടിപ്പോകും. ചെയ്ത പണിയെല്ലാം പാഴായിപ്പോകും; നശിക്കും. ഇതെല്ലാം എന്തിന്റെ ഫലമാണ്? പട്ടണവാസികളുടെ വഴക്കിന്റെ ഫലം. പട്ടണത്തിന്റെ  സുസ്ഥിതിക്ക് പട്ടണവാസികളുടെ ഐക്യം ആവശ്യമാണ്. കാരണം ഒരു  സമൂഹത്തിന്റെ സുസ്ഥിതി അതിലെ അംഗങ്ങളുടെ സുസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്.
                                                      നിങ്ങൾ ചിന്തിക്കുന്നത് പട്ടണത്തിലുള്ളവരുടെ സമൂഹം,   രാജ്യത്തുള്ളവരുടെ   സമൂഹം, കുടുംബസമൂഹം എന്നിവയെക്കുറിച്ചാണ്. എന്നാൽ നിങ്ങൾ പരിഗണിക്കാതിരിക്കുന്ന വിസ്തൃതമായ ഒരു സമൂഹമുണ്ട്. നിത്യമായ ഒന്ന്; പരിമിതിയില്ലാത്ത ഒന്ന്; അതായത് അരൂപികളുടെ (ആത്മാക്കളുടെ) സമൂഹം.
                 ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും ഒരാത്മാവുണ്ട്. ശരീരത്തോടൊപ്പം ആത്മാവ് മരിക്കുന്നില്ല.  അത്  ശരീരത്തെ അതിജീവിക്കുന്നു. ഓരോ മനുഷ്യനും ആത്മാവിനെ നൽകിയ സ്രഷ്ടാവായ ദൈവത്തിന്റെ ആഗ്രഹം, ഈ ആത്മാക്കളെല്ലാം  ഒരു സ്ഥലത്ത് ചെന്നു ചേരണമെന്നാണ്; അതായത് സ്വർഗ്ഗത്തിൽ.  അതിലെ ആനന്ദഭരിതരായ പ്രജകൾ  ഭൂമിയിൽ പരിശുദ്ധമായ ജീവിതം നയിച്ചവരും പാതാളത്തിൽ സമാധാനപൂർണ്ണമായ പ്രതീക്ഷയിൽ പാർത്തവരുമായ മനുഷ്യരാകുന്നു. ഭിന്നിപ്പും എതിർപ്പുമുണ്ടാക്കാൻ സാത്താൻ വന്നു.  നാശം വിതച്ച് ദൈവത്തെയും അരൂപികളെയും ദുഃഖിപ്പിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി അവൻ മനുഷ്യ ഹൃദയത്തിൽ പാപം ഒരുക്കി വച്ചു. പാപത്തോടു കൂടെ ശരീരത്തിന് മരണവും അവൻ വരുത്തി. അരൂപിയേയും കൊല്ലാമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ അരൂപിയുടെ (ആത്മാവിന്റെ) മരണം എന്നു പറയുന്നത് അതിന്റെ നാശമാണ്; അപ്പോഴും അതിന് അസ്തിത്വമുണ്ട്. എന്നാൽ നിത്യജീവനും സന്തോഷവുമില്ല. ദൈവത്തെക്കാണാൻ കഴിയാതെ, നിത്യമായ പ്രകാശത്തിൽ അവിടുത്തെ സ്വന്തമാക്കുവാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. മനുഷ്യവർഗ്ഗം ഭിന്നമായ താൽപ്പര്യങ്ങൾ  നിമിത്തം വിഭജിക്കപ്പെട്ടുപോയി. പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ നിമിത്തം പട്ടണവാസികൾ ഭിന്നിച്ചു പോകുന്നതു പോലെ. അങ്ങനെ മനുഷ്യ വംശം നാശത്തിൽ നിപതിച്ചു.
             ഞാൻ വന്നിരിക്കുന്നത് ദൈവം സൃഷ്ടിച്ച മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം നിമിത്തമാണ്. വിശുദ്ധമായ രാജ്യം ഒന്നുമാത്രമേ ഉള്ളൂവെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത് ദൈവരാജ്യം മാത്രം. നല്ലയാളുകൾ അതിലേക്ക് നീങ്ങുന്നതിനായി ഞാൻ പ്രസംഗിക്കുന്നു. ഓ! എല്ലാവരും, ഏറ്റം ദുഷ്ടരായവർ പോലും, തങ്ങളെ ബന്ധനസ്ഥരാക്കി വച്ചിട്ടുള്ള സാത്താന്റെ പിടിയിൽ നിന്ന് സ്വതന്ത്രരായി, മാനസാന്തരപ്പെട്ടു്, അതിലേക്കു വരണമെന്നാണെന്റെ ആഗ്രഹം. പിശാചിന്റെ ആധിപത്യം ശരീരത്തിലും അരൂപിയിലുമാകാം; അതിനാലാണ് രോഗികൾക്കു സൗഖ്യം നൽകിയും പിശാചുക്കളെ ബഹിഷ്കരിച്ചും പാപികളെ മാനസാന്തരപ്പെടുത്തിയും സുവിശേഷം പ്രസംഗിച്ചു് ഞാൻ എല്ലായിടത്തും   സഞ്ചരിക്കുന്നത്.   ദൈവം എന്നോടു കൂടെയുണ്ടെന്നു  നിങ്ങളെ  ബോദ്ധ്യപ്പെടുത്താനാണ്  ഞാൻ അത്ഭുതങ്ങൾ ചെയ്യുന്നത്.   കാരണം, ദൈവത്തെ തന്റെ സ്നേഹിതനാക്കിയിട്ടില്ലാത്ത ഒരുവനും  അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയാൽ ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുമ്പോൾ, രോഗികൾക്കു  സൗഖ്യം നൽകുമ്പോൾ, കുഷ്ഠരോഗികളെ ശുചിയാക്കുമ്പോൾ, പാപികളെ മാനസാന്തരപ്പെടുത്തുമ്പോൾ, ദൈവരാജ്യം അറിയിച്ചു് അതേക്കുറിച്ച് പ്രസംഗിക്കുമ്പോൾ, ദൈവനാമത്തിൽ ആളുകളെ ദൈവരാജ്യത്തിലേക്കു വിളിക്കുമ്പോൾ,  ദൈവം എന്നോടു കൂടെയുണ്ടെന്നുള്ള സത്യം അവിതർക്കിതമാണ്; വ്യക്തമാണ്. അവിശ്വസ്തരായ ശത്രുക്കൾ മാത്രമേ അതിനെതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്കയുള്ളൂ. ഇതെല്ലാം ദൈവരാജ്യം നിങ്ങളിലാണെന്നും അതു സ്ഥാപിക്കപ്പെടാനുള്ള സമയം ഇതാണെന്നും മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്.
                      ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ്   സ്ഥാപിക്കപ്പെടുക?   മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച്   ജീവിച്ചുകൊണ്ട്.   ആ  നിയമം പ്രായോഗികമാക്കാന്‍  കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്."
           തുടർന്ന് ഈശോ പത്തുകൽപ്പനകൾ ഓരോന്നും വിശദീകരിക്കുന്നു.

ധനികനായ വ്യാപാരി

             ജോർദ്ദാന്റെ മറുകരയിൽ ഫലഭൂയിഷ്ടമായ ഒരു സമതലത്തിലൂടെ വളരെ ദൂരം നടന്ന ശേഷം ഈശോ,   അപ്പസ്തോലന്മാരും  പരിശുദ്ധഅമ്മയും  ഏതാനും ശിഷ്യകളും  
അടങ്ങുന്ന സംഘത്തോടൊപ്പം  ഒരു  ചെറുഗ്രാമത്തിൽ വിശ്രമിച്ചു. വിശ്രമത്തിനു ശേഷം അവർ ഗ്രാമത്തിൽ വച്ചു പരിചയപ്പെട്ട ഒരു  കച്ചവടസംഘത്തോടൊപ്പം വീണ്ടും യാത്രയാരംഭിച്ചു. സംഘനേതാവ് ഈശോയോടു് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അതുകണ്ട് അപ്പസ്തോലന്മാർ ചോദിക്കുന്നു; "അയാൾ ആരാണ്?"

"യുഫ്രട്ടീസിന്റെ അങ്ങേക്കരയിലുള്ള ധനികനായ ഒരു വ്യാപാരി. ഞാൻ പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം അയാൾ കടന്നുപോകും.  ഈ പർവത പ്രദേശത്തുകൂടി സ്ത്രീകളെയും കൊണ്ടു യാത്ര ചെയ്യുന്ന നമ്മുടെ മേലുള്ള ദൈവപരിപലന!"

"എന്തെങ്കിലും സംഭവിക്കുമെന്ന് നീ ഭയപ്പെടുന്നുണ്ടോ?"

"കവർച്ച ചെയ്യപ്പെടുമെന്ന് എനിക്കു ഭയമില്ല. കാരണം, നമുക്കു് സമ്പത്തൊന്നുമില്ലല്ലോ.  എന്നാൽ സ്ത്രീകളെ ഭയപ്പെടുത്താൻ അതു ധാരാളം മതി. ഈ സംഘം കൂടെയുള്ളത് നമുക്കു് സഹായകമായി.  ഇത്ര ശക്തമായ ഒരു  സംഘത്തെ ആക്രമിക്കാൻ ഒരു  പിടി കൊള്ളക്കാർ മുതിരുകയില്ല. 'നീ മ്ശിഹാ ആണോ' എന്ന് അയാൾ എന്നോടു ചോദിച്ചു. 'ഞാൻ ആണ്' എന്നു മറുപടി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, 'നീ പ്രസംഗിച്ചത് ഞാൻ കേട്ടിരുന്നു; എന്നാൽ   ആൾത്തിരക്കു നിമിത്തം എനിക്കു നിന്നെക്കാണാൻ പറ്റിയില്ല. ആകട്ടെ, ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം. നീ എന്നെയും സംരക്ഷിക്കണം. വളരെ  വിലപിടിച്ച ചരക്ക് എന്റെ പക്കലുണ്ട്' എന്ന്."

"അയാൾ മാനസാന്തരപ്പെട്ടതാണോ?"

"എനിക്കു തോന്നുന്നില്ല."

അവർ യാത്രയാരംഭിച്ചു. ഈശോ അയാളോടു ചോദിക്കുന്നു: "നീ പുതുതായി യഹൂദമതത്തിൽ ചേർന്നവനാണോ?"

"ചേരേണ്ടതായിരുന്നു. എന്റെ പൂർവികർ ഇസ്രായേല്യരായിരുന്നു.   പക്ഷേ, ഞങ്ങൾ ചെന്നുചേർന്ന നാട്ടിലെ രീതികളുമായി ചേർന്നുപോയി."

"ഒരാത്മാവിന് ചേർന്നു പോകാൻ ഒരിടം മാത്രമേയുള്ളൂ; അതായത് സ്വർഗ്ഗം."

"നീ പറഞ്ഞത് ശരിയാണ്. എന്നാലും കാര്യങ്ങൾ അങ്ങനെയൊക്കെ സംഭവിക്കുന്നു. എന്റെ വല്യപ്പന്റെ അപ്പൻ ഇസ്രായേൽക്കാരിയല്ലാത്ത ഒരുവളെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മക്കൾ വിശ്വസ്തതയിൽ പിന്നോക്കം പോയി. മക്കളുടെ മക്കളും ഇസ്രായേൽക്കാരല്ലാത്ത സ്ത്രീകളെ വിവാഹം കഴിച്ചു. അവരുടെ മക്കൾക്ക് യഹൂദനാമം മാത്രം അവശേഷിച്ചു. യഹൂദ പാരമ്പര്യമുള്ളതു കൊണ്ട് പേരു മാത്രം അവശേഷിച്ചു. എന്റെ ഊഴമായപ്പോൾ ഒന്നുമില്ലാതായി. എല്ലാവരോടും എനിക്കു സമ്പർക്കമുള്ളതുകൊണ്ട് എല്ലാം ഞാൻ സ്വീകരിച്ചു. അതിന്റെ ഫലമോ, ഞാൻ ഒരിടത്തും അല്ലാതായി..."

"ഇപ്പറഞ്ഞത് അത്ര നല്ല കാരണമൊന്നുമല്ല. അതു ഞാൻ തെളിയിക്കാം.  ശരിയാണെന്നു നിനക്കു നല്ലവണ്ണം അറിയാവുന്ന ഈ വഴിക്ക് യാത്ര ചെയ്യുമ്പോൾ അഞ്ചാറുപേരെ കണ്ടെന്നു കണ്ടെന്നു കരുതുക. അവർ പറയുന്നത്, "ഈ വഴിയേ പോകരുത്,  തിരിച്ചുപോകുക, യാത്ര നിർത്തുക, കിഴക്കോട്ടു പോവുക, പടിഞ്ഞാറോട്ടു പോവുക" ഇങ്ങനെയെല്ലാമാണെങ്കിൽ നീ എന്തുചെയ്യും?"

 "ഞാൻ പറയും, 'ഇത് ശരിയായിട്ടുള്ള റോഡാണ്; ഏറ്റം കുറഞ്ഞ ദൂരവും ഈ വഴിക്കാണ്. അതിനാൽ ഈ വഴി ഞാൻ  വിട്ടുപോകയില്ല' എന്ന്."

"അതുപോലെ കച്ചവടകാര്യങ്ങളിൽ എങ്ങനെയാണ് വർത്തിക്കേണ്ടതെന്ന് നിനക്കറിയാവുന്ന സാഹചര്യത്തിൽ മറ്റുള്ളവർ വീമ്പടിക്കാനോ കൗശലം പ്രയോഗിക്കാനോ മറ്റു മാർഗ്ഗങ്ങൾ ഉപദേശിച്ചാൽ നീ എന്തുചെയ്യും? അവരെ ശ്രവിക്കുമോ?"

"ഇല്ല. ഏറ്റം നല്ലതെന്ന് എന്റെ അനുഭവം എന്നോടു പറയുന്ന മാർഗ്ഗം മാത്രമേ ഞാൻ  സ്വീകരിക്കയുള്ളൂ."

 "കൊള്ളാം; ആയിരം വർഷങ്ങളോളം  പാരമ്പര്യമുള്ള വിശ്വാസം നിന്റെ പിന്നിലുണ്ട്. ഇസ്രായേലിന്റെ പിൻഗാമിയാണ് നീ. നീ ഭോഷനോ അറിവില്ലാത്തവനോ അല്ല.  അപ്പോൾപ്പിന്നെ മറ്റുള്ളവരുമായുള്ള സമ്പർക്കത്തിന്റെ ഫലമായി നിന്റെ വിശ്വാസത്തെ നീ നഷ്ടപ്പെടുത്തുന്നതെന്തിനാണ്? കച്ചവടകാര്യത്തിലോ വഴിയുടെ കാര്യത്തിലോ നീ അതു ചെയ്യുന്നില്ലല്ലോ. വെറും മാനുഷികമായി ചിന്തിച്ചാൽപ്പോലും പണവും വഴിയും കഴിഞ്ഞിട്ടേ, ദൈവകാര്യമുള്ളൂ എന്നു വയ്ക്കുന്നത് എത്ര പരിതാപകരമാണ്?"

"ദൈവത്തെ ഞാൻ  മാറ്റി വയ്ക്കുന്നില്ല. എന്നാൽ ഞാൻ  ദൈവത്തെ ഇപ്പോൾ കാണുന്നതേയില്ല."

"കാരണം, കച്ചവടം, പണം, ജീവിതം ഇവയെല്ലാമാണ് നിന്റെ ദൈവങ്ങൾ. എന്നാൽ ഇവയെല്ലാം നിനക്ക് അനുവദിക്കുന്നത് ദൈവം തന്നെയാണ്."

 അവർ യാത്ര തുടരുന്നു. വഴി ഇപ്പോൾ മെച്ചമായിട്ടുണ്ട്. വ്യാപാരി പറയുന്നു; "അതാ ആ കാണുന്നതാണ് ഗറേസാ പട്ടണം. ഞാനവിടെ കുറെ സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ വാണിജ്യശാല പണിയും; എന്നിട്ട് കൂടിയ വിലയ്ക്ക് അതു വിൽക്കും. ഒരുപക്ഷേ ഒരു നല്ല വീട് അവിടെ പണിയും. എന്റെ വാർദ്ധക്യകാലം അവിടെ ചെലവഴിക്കാമല്ലോ. ഇതിനിടക്ക് എന്റെ ബാലന്മാർ വളർന്നു വലുതാകും; അവർക്ക് ഗറേസായിലും ആഷ്ക്കലോണിലും ജറുസലേമിലുമുള്ള കടകൾ കൊടുക്കും; ധനികരും സുന്ദരികളുമായ പെൺകുട്ടികൾക്ക് നല്ല വിവാഹങ്ങൾ വരും. അങ്ങനെ ധാരാളം കൊച്ചുമക്കൾ എനിക്കുണ്ടാകും..."

ഈശോ ശാന്തനായി ചോദിക്കുന്നു: "അതു കഴിഞ്ഞ്?"

വ്യാപാരി ഒന്നുണർന്ന് പരിഭ്രമത്തോടെ ഈശോയെ നോക്കിക്കൊണ്ട് പറഞ്ഞു; "അതു കഴിഞ്ഞോ... അത്രയുമേയുള്ളൂ... പിന്നെ മരണം വരും. അത് ദുഃഖകരമാണ്.. എന്നാൽ അതങ്ങനെയാണ്."

"അപ്പോൾ നിന്റെ വ്യാപാരങ്ങളെല്ലാം ഉപേക്ഷിക്കുമോ? നിന്റെ പ്രിയപ്പെട്ട കാര്യങ്ങളും?"

"എന്റെ കർത്താവേ, ഉപേക്ഷിക്കാൻ എനിക്കിഷ്ടമില്ല. എന്നാൽ, ഞാൻ ജനിച്ചു; ഞാൻ മരിക്കയും വേണം. എല്ലാം ഞാൻ വിട്ടുപോകയും വേണം."

"എന്നാൽ മരിക്കുമ്പോൾ എല്ലാം ഉപേക്ഷിക്കുമെന്ന് ആരാണ് നിന്നോടു പറഞ്ഞത്?"

"ആരെന്നോ? ജീവിതസംഭവങ്ങൾ... മരിച്ചു കഴിഞ്ഞാൽ പിന്നെ - അത്ര തന്നെ... നിനക്കു കയ്യോ കണ്ണോ കാതോ ഒന്നുമില്ല."

"നീ കയ്യ്, കണ്ണ്, കാത് ഇവ മാത്രമല്ല."

"ഞാൻ ഒരു മനുഷ്യനാണു്; അത് എനിക്കറിയാം. എനിക്കു മറ്റു കാര്യങ്ങളുമുണ്ട്. എന്നാൽ മരണത്തോടെ അതെല്ലാം അവസാനിക്കും. സൂര്യാസ്തമനം പോലെയാണത്. അസ്തമനം അതിനെ നശിപ്പിക്കുന്നു."

"എന്നാൽ പ്രഭാതം അതിനെ വീണ്ടും സൃഷ്ടിക്കുന്നു; അഥവാ അതിനെ വീണ്ടും കൊണ്ടുവന്നു തരുന്നു. നീ ഒരു മനുഷ്യനാണു് എന്നാണല്ലോ നീ പറഞ്ഞത്. നീ സവാരി ചെയ്യുന്ന മൃഗത്തേപ്പോലെയല്ല നീ. ഒരു മൃഗം ചത്തു കഴിഞ്ഞാൽ  തീർന്നു. നീ അങ്ങനെയല്ല; നിനക്ക് ഒരാത്മാവുണ്ട്. അതു നിനക്കറിഞ്ഞുകൂടേ?"

കാരുണ്യപൂർവ്വമുള്ള ആ കുറ്റപ്പെടുത്തൽ  വ്യാപാരി ശ്രവിക്കുന്നു. തല താഴ്ത്തി അയാൾ പിറുപിറുക്കുന്നു; "എനിക്കറിയാം..."

"ആത്മാവ് ശരീരത്തെ അതിജീവിക്കുന്നു എന്നറിഞ്ഞുകൂടെ?''

"അറിയാം.."

"കൊള്ളാം. അടുത്ത ജീവിതത്തിൽ അത് പ്രവർത്തനനിരതമാണെന്നും നിനക്കറിഞ്ഞുകൂടേ? അത് ദുഷ്ടമാണെങ്കിൽ ദുഷ്പ്രവൃത്തി. അതിന് തീർച്ചയായും അതിന്റേതായ വികാരങ്ങളുമുണ്ട്. അത് വിശുദ്ധമാണെങ്കിൽ സ്നേഹപൂർണ്ണമായ പ്രവർത്തനങ്ങൾ; അത് നശിച്ചുപോയതാണെങ്കിൽ വിദ്വേഷത്തിന്റെ പ്രവൃത്തികൾ. ആർക്കെതിരെയാണ് വിദ്വേഷം? അതിന്റെ നാശത്തിനു കാരണമായവയോട്.. നിന്റെ കാര്യത്തിൽ നിന്റെ വ്യാപാരം, നിന്റെ വ്യാപാരകേന്ദ്രങ്ങൾ ... വെറും മാനുഷികമായ പ്രിയങ്ങൾ. ഏതു പ്രിയങ്ങൾ? ഇക്കാര്യങ്ങളോടുള്ള മമത... എന്നാൽ ദൈവത്തിന്റെ സമാധാനത്തിലായിരിക്കുന്ന ഒരാത്മാവിന് അവന്റെ കഞ്ഞുങ്ങളുടെ മേൽ എത്ര ധാരാളമായ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയും!!"

ആ മനുഷ്യൻ ചിന്താമഗ്നനായി. അയാൾ പറയുന്നു: "സമയം വൈകിപ്പോയി. എനിക്കു വാർദ്ധക്യമായല്ലോ."

ഈശോ പുഞ്ചിരി തൂകിക്കൊണ്ട് പറയുന്നു: "ഞാൻ നിന്നെ നിർബന്ധിക്കയില്ല; ഉപദേശിക്കുക മാത്രം ചെയ്യുന്നു."

Friday, December 9, 2011

ദൈവപുത്രന്റെ ഒറ്റുകാരന്‍

                        ഈശോ അക്ഷീണനായി പാലസ്തീനായിൽ ചുറ്റി സഞ്ചരിക്കയാണ്.    അപ്പസ്തോലന്മാർ    ഒപ്പമുണ്ട്.    ഇടയ്ക്ക് ബർത്തലോമിയോ    ചോദിക്കുന്നു;    "ഗുരുവേ,   നമ്മൾ ജറീക്കോയിലേക്കാണോ   പോകുന്നത്?   അവിടെ കൊലയാളികൾ പതിയിരിക്കുന്നുണ്ടാവും എന്ന്   നിനക്കു സന്ദേഹമില്ലേ?"

"ഇല്ല, ഒരു സന്ദേഹവുമില്ല. ഞാൻ പെസഹാത്തിരുന്നാളിന് ജറുസലേമിൽ പോയത് വേറൊരു വഴിയിലൂടെയാണ്. അതിനാൽ അവർ നിരാശരായി. ആൾക്കൂട്ടത്തിന്റെ ശ്രദ്ധയിൽപ്പെടാതെ എന്നെ എങ്ങനെ പിടികൂടണമെന്ന് അവർക്കറിഞ്ഞുകൂടാ. ബർത്തലോമിയോ, എന്നെ വിശ്വസിക്കൂ, ആൾസഞ്ചാരമില്ലാത്ത വഴികളേക്കാൾ ജനവാസം അധികമുള്ള സ്ഥലങ്ങൾ എനിക്ക് അപകടം കുറഞ്ഞവയാണ്. ജനക്കൂട്ടങ്ങൾ നല്ലതും ആത്മാർത്ഥതയുള്ളതുമാണ്. അതേസമയം വികാരം കൊള്ളുന്നവരുമാണ്. അവരുടെയിടയിൽ ദൈവരാജ്യം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുമ്പോൾ എന്നെ പിടികൂടുകയാണെങ്കിൽ അവർ എതിർക്കും. സർപ്പങ്ങൾ ഇരുട്ടിലും വിജനസ്ഥലങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. പിന്നെ... എനിക്കു ജോലിചെയ്യാൻ ഇനിയും ധാരാളം അവസരങ്ങളുണ്ട്.... പിന്നെ... സാത്താന്റെ നാഴിക വരും! നിങ്ങൾക്കു ഞാൻ  നഷ്ടപ്പെടും... എങ്കിലും കുറെക്കഴിഞ്ഞ് നിങ്ങൾ എന്നെക്കാണും. ഇത് വിശ്വസിക്കുക. ഇത് വിശ്വസിക്കുന്ന കാര്യം ഓർത്തിരിക്കുക. കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ, ഞാൻ പറഞ്ഞത് സത്യമല്ലെന്ന് തോന്നിക്കുമ്പൊൾ ഇത് ഓർത്തിരിക്കുവിൻ."

അപ്പസ്തോലന്മാർ  ആകുലരായി സ്നേഹത്തോടെ ഈശോയെ നോക്കുന്നു. തോമസ് ചോദിക്കുന്നു; "ഗുരുവേ, ഞാനൊന്നു ചോദിച്ചുകൊള്ളട്ടെ?"
"എന്താണ്?"
"കഴിഞ്ഞ ദിവസം നീ പറഞ്ഞല്ലോ രക്ഷകന്, അതായത് നിനക്ക് ഒറ്റുകാരനായി ഒരുവൻ ഉണ്ടാകുമെന്ന്. ദൈവത്തിന്റെ പുത്രനായ നിന്നെ ഒറ്റിക്കൊടുക്കുവാൻ ഒരു മനുഷ്യന് കഴിവുണ്ടാകുമോ?"

"ദൈവത്തിന്റെ പുത്രനെ, പിതാവിനെപ്പോലെ ദൈവമായ പുത്രനെ വഞ്ചിക്കുവാൻ ഒരു  മനുഷ്യന് സാധിക്കയില്ല. പക്ഷേ അതുചെയ്യുന്നത് ഒരു  മനുഷ്യനായിരിക്കയില്ല. സാത്താനായിരിക്കും. ഏറ്റവുമധികം ബാധയുള്ള, ഏറ്റം ഉപദ്രവം ചെയ്യുന്ന മനുഷ്യനായിരിക്കും. മഗ്ദലായിലെ മേരിയിൽ ഏഴു പിശാചുക്കളുണ്ടായിരുന്നു. ഏതാനും ദിവസം മുൻപ് നാം കണ്ട പിശാചുബാധിതനിൽ ബേൽസബൂബാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ എന്നെ ഒറ്റിക്കൊടുക്കുന്നവനിൽ ബേൽസബൂബും അവന്റെ പൈശാചികസംഘം മുഴുവനും ഉണ്ടായിരിക്കും. ഓ !!  നരകം മുഴുവനും  ആ ഹൃദയത്തിലുണ്ടായിരിക്കും. ആട്ടിൻകുട്ടിയെ അറവുകാരനു വിൽക്കുന്നതുപോലെ ദൈവപുത്രനെ ശത്രുക്കൾക്കു വിൽക്കണമെങ്കിൽ അതിനുള്ള ധൈര്യം ആ പിശാചുക്കളാണു നൽകുക."

"ഗുരുവേ, ആ മനുഷ്യൻ ഇപ്പോൾത്തന്നെ പിശാചുബാധിതനാണോ?" കറിയോത്തുകാരൻ യൂദാസ് ചോദിക്കുന്നു.

"അല്ല യൂദാസേ. പക്ഷേ അവൻ സാത്താനിലേക്ക് ചായ്വുള്ളവനാണ്. സാത്താനിലേക്ക്  ചായുക എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം അവന്റെ കൈയിൽ വീഴുന്ന അവസ്ഥയിലേക്ക് സ്വയം വച്ചുകൊടുക്കുക എന്നാണ്."

"ആ ചായ് വില്‍  നിന്നു മോചനം പ്രാപിക്കുവാൻ അയാൾ എന്തുകൊണ്ടാണ് നിന്റെ പക്കലേക്കു വരാത്തത്? അങ്ങനെ ഒരു ചായ് വ്  ഉണ്ടെന്ന് അയാൾക്ക് അറിയാമോ?" ആൻഡ്രൂ ചോദിക്കുന്നു.

"അവന് അറിഞ്ഞുകൂടായിരുന്നെങ്കിൽ കുറ്റമുണ്ടാകുമായിരുന്നില്ല. എന്നാൽ അവനതറിയാം.  തിന്മയിലേക്ക് ചായുന്നു എന്നത് അവനറിയാം. അതിൽനിന്ന് കരകയറുവാനുള്ള നിശ്ചയത്തിൽ അവൻ ഉറച്ചുനിൽക്കുന്നില്ല. ഉറച്ചുനിന്നിരുന്നുവെങ്കിൽ അവൻ എന്റെ പക്കൽ വരുമായിരുന്നു.... പക്ഷേ അവൻ വരുന്നില്ല. വിഷം ഉള്ളിലേക്കു തുളച്ചു കയറുന്നു;  എന്റെ സാമീപ്യം അവനെ ശുദ്ധിയാക്കുന്നില്ല. കാരണം അവൻ  അതാഗ്രഹിക്കുന്നില്ല. അവൻ   അതൊഴിവാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ തെറ്റ് ഇതാണ്; ഓ ! മനുഷ്യരേ, നിങ്ങൾക്കു് എന്നെ ഏറ്റവുമധികം ആവശ്യമുള്ളപ്പോൾ നിങ്ങൾ എന്നിൽനിന്ന് പറന്നകലുന്നു."

"അയാൾ എപ്പോഴെങ്കിലും നിന്റെ പക്കൽ വന്നിട്ടുണ്ടോ? നിനക്ക് അവനെ അറിയാമോ?"

"മാത്യു, മനുഷ്യർ എന്നെ അറിയുന്നതിനു മുൻപ് ഞാനവരെ അറിയുന്നു. നിനക്കും നിന്റെ കൂടെയുള്ളവർക്കും അതറിയാം. ഞാൻ നിങ്ങളെ വിളിച്ചത് ഞാൻ നിങ്ങളെ അറിഞ്ഞതുകൊണ്ടാണ്."

Monday, December 5, 2011

പൂര്‍ണ്ണമായ ബലി

                                     ഒരു ശരത്കാല പ്രഭാതം. ഈശോയും അപ്പസ്തോലന്മാരും ഒരു ഗ്രാമത്തിലാണ്. ഈശോ വഴിവക്കിലുള്ള ഒരു ചെറുഭിത്തിയിൽ ഇരിക്കുകയാണ്. അപ്പസ്തോലന്മാരും ഗ്രാമത്തിലെ ആളുകളും ചുറ്റും നിൽപ്പുണ്ട്. ഗ്രാമീണരില്‍ ഒരാള്‍, ഒരാട്ടിടയന്‍,  ഈശോയോടു ചോദിക്കുന്നു;   "കർത്താവേ, നീ പറഞ്ഞു, ആട്ടിൻകുട്ടികളെയും മുട്ടാടുകളെയുംകാൾ  ദൈവത്തിനു് കൂടുതൽ പ്രീതികരമായ ബലികൾ ഉണ്ടെന്ന്. അതുപോലെ തന്നെ ശരീരത്തിന്റെ കുഷ്ഠത്തെക്കാൾ വലിയ കുഷ്ഠവും ഉണ്ടെന്ന്. നീ പറഞ്ഞത് എനിക്ക് വ്യക്തമായിട്ടില്ല." അയാൾ തുടരുന്നു; "ആട്ടിൻകൂട്ടത്തിലെ ഏറ്റവും അഴകുള്ള ആട്ടിൻകുട്ടിയെ, യാതൊരു വൈകല്യവുമില്ലാത്തതിനെ,  ഒരു  വയസ്സു  വരെ  നന്നായി വളർത്തിക്കൊണ്ടു  വരുന്നതിന്  എത്ര  വലിയ  ത്യാഗം ആവശ്യമാണ്! കൂട്ടത്തിലെ  മുട്ടാടായി  ഉപയോഗിക്കുവാനോ വിൽക്കുവാനോ  ഉള്ള  പ്രലോഭനത്തെ  എത്ര  പ്രാവശ്യം ജയിക്കേണ്ടി വരുന്നു!  ഒരു വർഷത്തേക്ക് ഈ ആഗ്രഹങ്ങളെല്ലാം ത്യജിച്ചു് അതിനെ വളർത്തി, അതിനെ സ്നേഹിച്ചു കഴിഞ്ഞ് ഒരു ലാഭവും കൂടാതെ വലിയ ദുഃഖത്തോടെ അതിനെ ബലി കഴിക്കുന്നത് എത്ര വലിയ ത്യാഗമാണ്!  കർത്താവിന്  അർപ്പിക്കുവാൻ അതിലും വലിയ ബലിയുണ്ടോ?"

                              "മനുഷ്യാ,  ത്യാഗം അടങ്ങിയിരിക്കുന്നത് ആ മൃഗത്തിലല്ല;  പിന്നയോ,  അതിനെ  ബലി  കഴിക്കാനായി വളർത്തുന്നതിലാണ്.  ഞാൻ  ഗൗരവമായി  പറയുന്നു, പ്രവചനത്തിൽ പറയുന്നതുപോലെ ദൈവം പറയുന്ന ദിവസം വരാൻ പോകുന്നു. "ഞാൻ ആട്ടിൻകുട്ടികളുടെയോ  മുട്ടാടുകളുടെയോ  ബലി ആഗ്രഹിക്കുന്നില്ല." അവൻ ഒരു ബലി മാത്രമേ ആവശ്യപ്പെടുന്നുള്ളൂ;  പൂർണ്ണമായ ബലി. ആ നിമിഷം മുതൽ എല്ലാ ബലികളും ആത്മീയമായിരിക്കും. എന്നാൽ കർത്താവ് ഇഷ്ടപ്പെടുന്ന ബലി ഏതാണെന്ന് യുഗങ്ങൾക്കു മുമ്പേ പറയപ്പെട്ടിട്ടുണ്ട്. ദാവീദു് കരഞ്ഞുകൊണ്ട്  വിളിച്ചുപറയുന്നു, "നീ ഒരു ബലി  ആവശ്യപ്പെട്ടിരുന്നെങ്കിൽ  ഞാനതു  നിനക്കു നൽകുമായിരുന്നു. എന്നാൽ ദഹനബലികൾ നിനക്കു  സന്തോഷം വരുത്തുന്നില്ല."   ദൈവത്തിനുള്ള  ബലി  അനുതാപമുള്ള ഒരാത്മാവാണ്. ഞാൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു; "അനുസരണയും സ്നേഹവുമുള്ള ഒരാത്മാവ്.   കാരണം,  പാപപ്പരിഹാരത്തിനു മാത്രമല്ല   ബലിയർപ്പിക്കുന്നത്,  സ്തുതിയുടേയും സന്തോഷത്തിന്റെയും  ബലികളും  അർപ്പിക്കാൻ  കഴിയും. ദൈവത്തിനുള്ള  ബലി അനുതപിക്കുന്ന ഹൃദയമാണ്. 


 പാപം ചെയ്തിട്ട് അനുതപിച്ച ഒരു ഹൃദയത്തെ നിങ്ങളുടെ പിതാവ് നിന്ദിക്കുകയില്ല. അതിനാൽ അവനെ സ്നേഹിക്കുന്ന, നിർമ്മലവും നീതി  നിറഞ്ഞതുമായ  ഒരു  ഹൃദയത്തെ  അവൻ എപ്രകാരമായിരിക്കും സ്വീകരിക്കുക? അതാണ് ദൈവത്തിനു് ഏറ്റം   പ്രീതികരമായ  ബലി.  മനുഷ്യമനസ്സിനെ ദൈവതിരുമനസ്സിന്  വിധേയമാക്കുന്ന  അനുദിനബലി. ദൈവഹിതം കൽപ്പനകളിലും സൽപ്രേരണകളിലും അനുദിന സംഭവങ്ങളിലും നിനക്കു  വ്യക്തമായി കാണിച്ചു തരുന്നു. അതുപോലെ തന്നെ മാംസത്തിന്റെ കുഷ്ഠമല്ല ഏറ്റം ഹീനമായ രോഗം   -   മനുഷ്യ സഹവാസത്തിൽ  നിന്നും പ്രാർത്ഥനാലയങ്ങളിൽ നിന്നും ബഹിഷ്കരിക്കപ്പെടുന്നതിനിടയാക്കുന്ന രോഗം;  അത് പാപമാകുന്ന കുഷ്ഠമാണ്. മനുഷ്യരാൽ ശ്രദ്ധിക്കപ്പെടാതെ പലപ്പോഴും അതു കടന്നുപോകുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ നിങ്ങൾ ജീവിക്കുന്നത് മനുഷ്യർക്കു വേണ്ടിയോ അതോ കർത്താവിനു വേണ്ടിയോ? ഇവിടം കൊണ്ട് എല്ലാം അവസാനിക്കുമോ? അതോ എല്ലാം അടുത്ത ജീവിതത്തിൽ തുടരുമോ? നിങ്ങൾക്കറിയാം. അതിനാൽ വിശുദ്ധമായി ജീവിക്കുവിൻ. ദൈവത്തിന്റെ ദൃഷ്ടിയിൽ നിങ്ങൾ  കുഷ്ഠരോഗികളാകാതിരിക്കട്ടെ.   ദൈവം മനുഷ്യഹൃദയങ്ങൾ   കാണുന്നു.   അതിനാൽ നിത്യമായി ജീവിക്കേണ്ടതിന്   നിങ്ങൾ   ആത്മാവിൽ പരിശുദ്ധിയുള്ളവരായിരിക്കുവിൻ."

Sunday, December 4, 2011

ഈശോ കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്നു.

                               ഈശോ പറയുന്നു:   "കുട്ടികളെ, നിങ്ങള്‍ 
അനുസരണയുള്ളവരായിരിക്കുവിന്‍. നിങ്ങളുടെ മാതാപിതാക്കളോട് ബഹുമാനവും  അനുസരണയും   ഉള്ളവരായിരിക്കുവിന്‍. അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടും ബഹുമാനവുംഅനുസരണയും ഉള്ളവരായിരിക്കും. കാരണം നിങ്ങളുടെ മാതാപിതാക്കളുടെ ലളിതമായ കല്‍പ്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എങ്ങനെ ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കും? മാതാപിതാക്കളെ നിങ്ങള്‍ കാണുന്നുണ്ട്. ദൈവത്തെ നിങ്ങള്‍ കാണുന്നില്ല; കേള്‍ക്കുന്നുമില്ല. ദൈവകല്‍പ്പനകള്‍ അവന്റെ പേരില്‍ നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെയുള്ളു. മാതാപിതാക്കള്‍ നിങ്ങള്‍ക്ക് നല്‍കുന്ന കല്‍പ്പനകള്‍ നല്ലവയാണെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍,  ദൈവകല്‍പ്പനകള്‍ നിങ്ങളോട് പറയുമ്പോള്‍ അവ നല്ലവയാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും?  ദൈവം  നിങ്ങളെ സ്നേഹിക്കുന്നു എന്നറിയുവിന്‍.   അവന്‍  ഒരു പിതാവാണ്.   ആകയാല്‍  പ്രിയ  കുഞ്ഞുങ്ങളെ,  നിങ്ങള്‍ 
നല്ലവരായിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ നല്ലവരാകുവാന്‍ നിങ്ങള്‍ പഠിക്കുന്ന ആദ്യത്തെ വിദ്യാലയം നിങ്ങളുടെ കുടുംബമാണ്. സ്നേഹിക്കുവാനും അനുസരിക്കുവാനും അവിടെ വെച്ചു നിങ്ങള്‍ പഠിക്കുന്നു. നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന വഴി അവിടെ നിന്നാണ് ആരംഭിക്കുന്നത്. അതിനാല്‍ നല്ലവരായിരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരെ സ്നേഹിക്കുവിന്‍. നിങ്ങളെ തിരുത്തുമ്പോഴും സ്നേഹിക്കുവിന്‍. കാരണം, നിങ്ങളുടെ നന്മക്കുവേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ അമ്മമാരെയും സ്നേഹിക്കുവിന്‍. തങ്ങളുടെ അനുഭവം നിമിത്തം മോശമാണെന്നറിയുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ നിങ്ങളെ 
തടയുമ്പോഴും അവരെ സ്നേഹിക്കുക. നിങ്ങളുടെ മാതാപിതാക്കള്‍ക്ക്  ബഹുമാനം നല്‍കുക. നിങ്ങളുടെ ചീത്ത 
പ്രവൃത്തികള്‍ നിമിത്തം അപമാനിതരാകുവാന്‍ അവര്‍ക്കിട നല്‍കരുത്. അഹങ്കാരം നല്ലതല്ല. എന്നാല്‍ വിശുദ്ധമായ ഒരഹങ്കാരമുണ്ട്; "ഞാന്‍ എന്റെ അപ്പനെയോ അമ്മയെയോ വേദനിപ്പിച്ചിട്ടില്ല" എന്ന് പറയുവാന്‍ കഴിയുന്നതിലുള്ള അഹങ്കാരം. ഇപ്രകാരമുള്ള പെരുമാറ്റം അവരോടൊത്ത് ജീവിക്കുമ്പോള്‍ സന്തോഷിക്കുവാന്‍ കാരണമാകും. അവര്‍ മരിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലെ ആ മുറിവില്‍ ആശ്വാസവും സമാധാനവും പകരും. എന്നാല്‍, ഒരു മകന്‍ നിമിത്തം മാതാപിതാക്കള്‍ കണ്ണീരു പോഴിക്കുവാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ദുഷ്ടനായ ആ മകന്റെ ഹൃദയത്തില്‍ ഈയം ഉരുക്കി ഒഴിച്ചാലെന്ന പോലെ പൊള്ളലായിരിക്കും അനുഭവപ്പെടുക. ഏതെല്ലാം വിധത്തില്‍ അത് മയപ്പെടുത്താന്‍ ശ്രമിച്ചാലും സാധിക്കയില്ല. അത് വേദനിപ്പിക്കും. പ്രത്യേകിച്ചും  മാതാപിതാക്കള്‍ മരിച്ചുകഴിയുമ്പോള്‍. ഓ! കുട്ടികളെ, ദൈവം നിങ്ങളെ സ്നേഹിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നല്ലവരായിരിക്കുവിന്‍."

Saturday, December 3, 2011

വി. ഫ്രാന്‍സിസ് സേവ്യര്‍

December  3 - Feast of St. Francis Xavier

ഇന്ന് തിരുസഭ  വി. ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍  കൊണ്ടാടുന്നു..


          

Friday, December 2, 2011

ദുഷ്ടന്മാരുടെ ഉയര്‍ച്ചയില്‍ അസൂയപ്പെടേണ്ട

 ഈശോ പറയുന്നു:   "പലപ്പോഴും നാം കേള്‍ക്കുന്ന ഒന്നാണ് ദുഷ്ടന്മാര്‍  നല്ലവരെക്കാള്‍  സുഖമായിക്കഴിയുന്നു; അത് നീതിയാണോ എന്ന ചോദ്യം. ഞാന്‍ പറയുന്നു, പുറമെ കാണുന്നതിനെക്കണ്ടുകൊണ്ട് വിധിക്കരുത്. നിങ്ങള്‍ക്കു പലതും അറിഞ്ഞുകൂടാ. പുറമെ കാണുന്നത് മിക്കതും വഴിതെറ്റിക്കുന്നു. ദൈവത്തിന്റെ വിധി ഭൂമിയിലാര്‍ക്കും അറിഞ്ഞുകൂടാ.  അടുത്ത  ജീവിതത്തില്‍ അതേക്കുറിച്ച് മനസ്സിലാകും. ക്ഷണഭംഗുരമായ സുസ്ഥിതി ദുഷ്ടനു നല്‍കിയത് അവനെ ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കുന്നതിന് ഒരു മാര്‍ഗ്ഗമായിട്ടാണ്. ഏറ്റം ദുഷ്ടനായവന്‍  പോലും ചെയ്തിട്ടുള്ള അല്‍പ്പമായ നന്മയ്ക്ക് പ്രതിസമ്മാനമായും...  എന്നാല്‍  ഭാവിജീവിതത്തിന്റെ  ശരിയായ വെളിച്ചത്തില്‍  കാര്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും പാപിയുടെ സന്തോഷദിനങ്ങള്‍ ഒരു പുല്‍ക്കൊടിയുടെ ജീവിതത്തേക്കാള്‍ ഹൃസ്വമായിരുന്നെന്ന് -   വസന്തത്തില്‍  കിളിര്‍ത്ത് വേനല്‍ക്കാലത്തു വറ്റിപ്പോകുന്ന നദീതടത്തിലെ മണലില്‍  കരിഞ്ഞു വീഴുന്ന പുല്ലിനേക്കാള്‍ ഹൃസ്വജീവിതം ... അതേസമയം, സ്വര്‍ഗ്ഗത്തിലെ മഹിമയുടെ ഒരു നിമിഷം, ഏതു മനുഷ്യനും എത്ര വിജയിയായിരുന്നെങ്കിലും ഭൂമിയില്‍  ജീവിച്ചതിനേക്കാള്‍ വളരെ വലുതാണ്. അത്രയധികം സന്തോഷമാണ് സ്വര്‍ഗ്ഗജീവിതം നല്‍കുന്നത്. അതിനാല്‍  ദുഷ്ടന്മാരുടെ ഐശ്വര്യത്തില്‍  അസൂയപ്പെടേണ്ട. നേരെമറിച്ച്, നീതിമാന്മാരുടെ നിത്യമായ സമ്പത്ത് സ്വന്തമാക്കുവാന്‍ സന്മനസ്സോടെ പരിശ്രമിക്കുക."


 ("ദൈവമനുഷ്യന്റെ സ്നേഹഗീത"യില്‍ നിന്ന്)