ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Sunday, October 9, 2011

ജപമാലയും പലവിചാരങ്ങളും

 വി. ലൂയിസ് തുടരുന്നു: "ഒരേ വാക്കുകളുടെ സ്ഥിരമായ ആവർത്തനം മൂലം സംഭവിക്കുന്ന പല വിചാരങ്ങൾ നിമിത്തം ശരിയാംവിധം ചൊല്ലുവാനും വിശ്വസ്തതയോടെ നിലനിൽക്കുവാനും ഏറ്റവും പ്രയാസകരമായ പ്രാർത്ഥനയാണ് ജപമാല. മറ്റേതൊരു പ്രാർത്ഥനയും ചൊല്ലുമ്പോൾ വാക്കുകളുടേയും ആശയപ്രകടനങ്ങളുടേയും വൈവിധ്യം നമ്മെ ജാഗരൂകരാക്കും. നേരെമറിച്ച്, ജപമാല ചൊല്ലുമ്പോൾ 'സ്വർഗ്ഗസ്ഥനായ പിതാവേ', 'നന്മനിറഞ്ഞ മറിയമേ' എന്നീ
പ്രാർത്ഥനകളുടെ സ്ഥിരമായ ആവർത്തനം മൂലം ക്ഷീണിതരാകാതിരിക്കുവാനും ഉറക്കം തൂങ്ങിപ്പോകാതിരിക്കാനും അല്ലെങ്കിൽ മടുപ്പു തോന്നാത്ത മറ്റ് പ്രാർത്ഥനകളിലേക്ക് തിരിയാതിരിക്കാനും ബുദ്ധിമുട്ടാണ്. പരിശുദ്ധ ജപമാല ചൊല്ലുന്നതിൽ  നിലനിൽക്കാൻ വളരെയധികം ഭക്തി അഥവാ സമർപ്പണം ആവശ്യമാണെന്നാണ് ഇതു കാണിക്കുന്നത്.

 കഷ്ടിച്ച് ഒരു മിനിറ്റു നേരത്തേക്കു പോലും നിശ്ചലമല്ലാത്ത നമ്മുടെ ഭാവന, നമ്മുടെ ഈ പ്രയത്നത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. നമ്മുടെ ചിന്തകളെ വ്യതിചലിപ്പിക്കാനും
പ്രാർത്ഥനയിൽ നിന്നു നമ്മെ അകറ്റുവാനും പരിശ്രമിക്കുന്നതിൽ ഒരിക്കലും ക്ഷീണിതനാകാത്ത  പിശാചും ഉണ്ടല്ലോ. 

ബലഹീനരായ മനുഷ്യരായതു കൊണ്ട് നാം എളുപ്പത്തിൽ ക്ഷീണിതരും അശ്രദ്ധരുമാകും. നാം ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ  പിശാച് ഈ ബുദ്ധിമുട്ടുകളെ 
കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രിയ സഹോദരങ്ങളേ, പിശാചിനെ നിങ്ങൾ ശ്രവിക്കരുത്; 
മറിച്ച് ഉണർവ്വുള്ളവരായിരിക്കുക.


പ്രാർത്ഥിക്കുക ബുദ്ധിമുട്ടായി തോന്നുമ്പോഴുള്ള പ്രാർത്ഥനയ്ക്കാണ് കൂടുതൽ യോഗ്യതയുള്ളത്. ജപമാലയിലുടനീളം പലവിചാരങ്ങൾക്കെതിരേ നിങ്ങൾക്കു് പോരാടേണ്ടതുണ്ടെങ്കിൽപ്പോലും ആയുധങ്ങൾ കൈയിലേന്തി നന്നായി യുദ്ധം ചെയ്യാൻ തന്നെ തീരുമാനിക്കുക. നിങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോഴൊക്കെയും നിങ്ങൾ യേശുവിന്റെയും മാതാവിന്റെയും  സാന്നിദ്ധ്യത്തിലാണെന്ന് ഓർക്കുക.

Saturday, October 8, 2011

ജപമാല പ്രാർത്ഥന

St. Louis

                       അവസരത്തിലും അനവസത്തിലും ജപമാല പ്രാർത്ഥനയെക്കുറിച്ച് പ്രഘോഷിച്ച വിശുദ്ധനായിരുന്നു വി. ലൂയിസ് ഡി മോൺട്ഫോർട്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു: "ഒരു പാപിയുടെ കഴുത്തിൽ ഞാനെന്റെ ജപമാല ഇടട്ടെ; പിന്നെ അയാൾ എന്നിൽ നിന്നും രക്ഷപെടില്ല."
ജപമാലപ്രാര്‍ത്ഥന എങ്ങിനെയാണ് ചെല്ലുന്നത് എന്നതിനെപ്പറ്റി  വി. ലൂയിസ്  പറയുന്നു...

                    "പ്രാർത്ഥനയുടെ ദൈർഘ്യമല്ല, എത്രമാത്രം തീക്ഷ്ണതയോടെയാണോ പ്രാർത്ഥന ചൊല്ലുന്നത്, അതാണ് സർവ്വശക്തനായ ദൈവത്തെ പ്രസാദിപ്പിക്കുന്നതും അവിടുത്തെ ഹൃദയത്തെ സ്പർശിക്കുന്നതും. അശ്രദ്ധമായി ചൊല്ലുന്ന 150 'നന്മനിറഞ്ഞ മറിയമേ സ്വസ്തി'കളേക്കാൾ ശരിയായ വിധം ചൊല്ലുന്ന ഒരേയൊരു നന്മനിറഞ്ഞ മറിയമേ സ്വസ്തി'ക്ക് കൂടുതൽ മൂല്യമുണ്ട്. ഭൂരിപക്ഷം കത്തോലിക്കരും ജപമാല രഹസ്യങ്ങൾ മുഴുവനോ അല്ലെങ്കിൽ 5 രഹസ്യങ്ങളോ ഏറ്റവും കുറഞ്ഞപക്ഷം ഏതാനും ദശകങ്ങളെങ്കിലുമോ ചൊല്ലുന്നുണ്ട്. എന്നിട്ടും അവരിൽ വളരെക്കുറച്ചുപേർ മാത്രമാണ് അവരുടെ പാപങ്ങൾ ഉപേക്ഷിക്കയും ആത്മീയജീവിതത്തിൽ മുന്നോട്ടു പോവുകയും ചെയ്യുന്നത്. എന്തുകൊണ്ടാണിത്....? അവർ വേണ്ട രീതിയിൽ ജപമാല ചൊല്ലാത്തതുകൊണ്ടാണിത്. 
കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ പരിശുദ്ധ ജപമാല  ചൊല്ലാൻ ഒരു വ്യക്തി കൃപാവസ്ഥയിൽ ആയിരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ   ഏറ്റവും   കുറഞ്ഞത്,   മാരകപാപം
പൂർണ്ണമായും    ഉപേക്ഷിക്കുവാൻ     തീരുമാനം എടുത്തിരിക്കേണ്ടതുണ്ട്. കാരണം, മാരകപാപാവസ്ഥയിലാണ്  നാമെങ്കിൽ നമ്മുടെ നന്മപ്രവൃത്തികളും പ്രാർത്ഥനകളും
നിർജ്ജീവമാണെന്ന് ദൈവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് "സ്തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല" (പ്രഭാ.15:9) എന്ന് പ്രഭാഷകൻ പറയുന്നത്. ദൈവസ്തുതിയും യേശുക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയും മാലാഖയുടെ അഭിവാദനവും  പശ്ചാത്തപിക്കാത്ത പാപികൾ ചൊല്ലുമ്പോൾ അത് ദൈവത്തിനു  പ്രീതികരമാകുന്നില്ല.
നമ്മുടെ കർത്താവ് പറഞ്ഞു: "ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നു വളരെ ദൂരെയാണ്." (മർക്കോസ്.7:6)

കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ പരിശുദ്ധ ജപമാല  ചൊല്ലാൻ ഒരു വ്യക്തി കൃപാവസ്ഥയിലോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത്, മാരകപാപംപൂർണ്ണമായും  ഉപേക്ഷിക്കുവാൻ  തീരുമാനം എടുത്ത അവസ്ഥയിലോ  ആയിരിക്കേണ്ടതുണ്ട് എന്നു പറഞ്ഞുവല്ലോ.  കൃപാവസ്ഥയിലായിരിക്കുന്നവരുടെ പ്രാർത്ഥന മാത്രമാണ് ദൈവം കേൾക്കുക എന്നതു ശരിയാണെങ്കിൽ മാരകപാപാവസ്ഥയിലായിരിക്കുന്നവർ
പ്രാർത്ഥിക്കുകയേ അരുത് എന്നുവരും. സഭാമാതാവ് തെറ്റെന്നു വിധിച്ച ഒരു അബദ്ധ പ്രബോധനമാണിത്. കാരണം, തീർച്ചയായും നല്ലയാളുകൾ പ്രാർത്ഥിക്കുന്നതിനേക്കാൾ വളരെക്കൂടുതൽ പാപികൾ പ്രാർത്ഥിക്കേണ്ടതുണ്ട്. ഈ ഭീകര സിദ്ധാന്തം ശരിയായിരുന്നുവെങ്കിൽ സമ്പൂർണ്ണ ജപമാലയോ ജപമാലയുടെ ഒരു ഭാഗമെങ്കിലുമോ ചൊല്ലാൻ ഒരു പാപിയോടു പറയുന്നത് ഉപയോഗശൂന്യവും നിഷ്ഫലവുമായിരിക്കും. കാരണം, അതൊരിക്കലും ആ വ്യക്തിയെ സഹായിക്കുകയില്ലല്ലോ.

ആകയാൽ നീതിമാന്മാർ വിശുദ്ധിയിൽ നിലനിൽക്കുവാനും ദൈവത്തിന്റെ കൃപയിൽ വളരുവാനും പാപികൾ അവരുടെ പാപങ്ങൾ വിട്ടെഴുന്നേൽക്കുവാനും ജപമാല ചൊല്ലുക.
പണ്ഡിതനായ കർദ്ദിനാൾ ഹ്യൂഗ്സ് പറയുന്നു: "പരിശുദ്ധകന്യകയെ സമീപിക്കുവാനും മാലാഖയുടെ അഭിവാദനം ചൊല്ലുവാനും ഒരു വ്യക്തി യഥാർത്ഥത്തിൽ മാലാഖയെപ്പോലെ പരിശുദ്ധിയുള്ളവനാകേണ്ടതുണ്ട്."

നിത്യവും ജപമാല ചൊല്ലിയിരുന്ന അസാന്മാർഗ്ഗിയായിരുന്ന ഒരാൾക്ക് പരിശുദ്ധകന്യക ഒരിക്കൽ പ്രത്യക്ഷപ്പെട്ടു. മനോഹരമായ ഫലങ്ങൾ നിറച്ച ഒരു പാത്രം മാതാവ് അയാൾക്കു് കാണിച്ചുകൊടുത്തു. പക്ഷേ ആ പാത്രം അഴുക്കുനിറഞ്ഞതായിരുന്നു. ഇതു കണ്ടപ്പോൾ ആ മനുഷ്യൻ ഭയപ്പെട്ടു. അപ്പോൾ പരിശുദ്ധകന്യക പറഞ്ഞു: "ഈ രീതിയിലാണ് നീ എന്നെ ആദരിച്ചു കൊണ്ടിരിക്കുന്നത്. അഴുക്കുനിറഞ്ഞ പാത്രത്തിലാണ് നീ എനിക്കു മനോഹരമായ റോസാപുഷ്പങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്! ഇത്തരം സമ്മാനങ്ങൾ എനിക്കു സ്വീകരിക്കാനാകുമെന്നാണോ നീ ചിന്തിക്കുന്നത്?"

Friday, October 7, 2011

ജപമാലരാജ്ഞി

October 7 - ഇന്ന് ജപമാലരാജ്ഞിയുടെ തിരുനാൾ
              മരിയഭക്തനും ജപമാലയുടെ ഒരു 'അസാധാരണ പ്രഘോഷക'നുമായിരുന്ന   വി. ലൂയിസ് ഡി മോൺട്ഫോർട്ട്, ജപമാലയുടെ  ഉത്ഭവത്തെപ്പറ്റി ഇപ്രകാരം പറയുന്നു:
"പരിശുദ്ധ ജപമാല, ഇന്നത്തെ രൂപത്തിൽ തിരുസഭയ്ക്ക് ലഭിച്ചത് 1214 ൽ വി.ഡൊമിനിക്കിലൂടെയാണ്. ആൽബിജെൻസിയൻസിനെയും (Albigensians) മറ്റ് പാഷണ്ഡികളേയും മാനസാന്തരപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായി പരിശുദ്ധ കന്യകാമാതാവിൽ നിന്നാണു് അദ്ദേഹത്തിന് ജപമാല പ്രാർത്ഥന ലഭിച്ചത്.
ആൽബിജെൻസിയൻസിന്റെ മാനസാന്തരം തടസ്സപ്പെടുന്നതു മനസ്സിലാക്കിയ വി. ഡൊമിനിക്ക്, ടോളോസിനടുത്തുള്ള ഒരു വനത്തിലേക്കു പിൻവാങ്ങി മൂന്നു ദിനരാത്രങ്ങൾ ഇടവിടാതെ പ്രാർത്ഥിച്ചു. ഈ സമയം മുഴുവൻ, ദൈവകോപം ശമിപ്പിക്കുവാൻ വേണ്ടി അദ്ദേഹം കരയുകയും കഠിനമായ പ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കുകയും മാത്രമാണ് ചെയ്തത്. ഒടുവിൽ മൂന്നു മാലാഖമാരോടൊത്ത് പരിശുദ്ധകന്യക അദ്ദേഹത്തിന് പ്രത്യക്ഷയായി പറഞ്ഞു: "പ്രിയപ്പെട്ട ഡൊമിനിക്ക്, ലോകത്തെ നവീകരിക്കുവാനായി ഏത് ആയുധം ഉപയോഗിക്കണമെന്നാണ് പരിശുദ്ധത്രിത്വം  ആഗ്രഹിക്കുന്നതെന്ന് നിനക്കറിയാമോ?"

 വി. ഡൊമിനിക്ക് പറഞ്ഞു: "  എന്റെ മാതാവേ, എന്നേക്കാൾ നന്നായി അങ്ങാണല്ലോ അതറിയുന്നത്. കാരണം, അങ്ങേപ്പുത്രനായ യേശുക്രിസ്തു കുഴിഞ്ഞാൽപ്പിന്നെ ഞങ്ങളുടെ രക്ഷയുടെ മുഖ്യ ഉപകരണം എപ്പോഴും അങ്ങു തന്നെയാണ്."
"ഇത്തരത്തിലുള്ള ഒരു യുദ്ധത്തിൽ എപ്പോഴും അടിച്ചു തകർക്കുന്ന കൂടമായിരുന്നത് പുതിയനിയമത്തിന്റെ അടിസ്ഥാന ശിലയായ മാലാഖയുടെ കീർത്തനമായിരുന്നുവെന്ന് നീ അറിയാൻ ഞാനാഗ്രഹിക്കുന്നു. അതിനാൽ കഠിനഹൃദയരായ ഈ ആത്മാക്കളിൽ എത്തിച്ചേരുവാനും  ദൈവത്തിനു വേണ്ടി അവരെ നേടിയെടുക്കുവാനും നീ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ കീർത്തനം പ്രഘോഷിക്കുക."
ആശ്വാസചിത്തനായി വി.ഡൊമിനിക്ക് എഴുന്നേറ്റു നേരെ കത്തീഡ്രലിലേക്കു നടന്നു. അദൃശ്യരായ മാലാഖമാർ ആളുകളെ ഒരുമിച്ചുകൂട്ടാനായി മണി മുഴക്കി. വിഡൊമിനിക്ക് പ്രസംഗം ആരംഭിച്ചു. ഉടൻതന്നെ അതിഭയങ്കരമായ കൊടുങ്കാറ്റ് വീശാൻ ആരംഭിച്ചു. ഭൂമി കുലുങ്ങി; സൂര്യൻ ഇരുണ്ടു. ഭയാനകമായ ഇടിവെട്ടും മിന്നലും കണ്ട് എല്ലാവരും ഭയന്നുവിറച്ചു. ആ കത്തീഡ്രലിൽ പ്രധാന സ്ഥലത്ത് പരിശുദ്ധകന്യകയുടെ ഒരു  ചിത്രം പ്രതിഷ്ഠിച്ചിരുന്നു. ആളുകൾ ആ ചിത്രത്തിലേക്കു നോക്കിയപ്പോൾ, മാതാവ് തന്റെ കരങ്ങൾ മൂന്നു പ്രാവശ്യം
സ്വർഗ്ഗത്തിലേക്കുയർത്തുന്നത് അവർ കണ്ടു. അതോടെ അവർ കൂടുതൽ പരിഭ്രാന്തരായി.  ഒടുവിൽ വി.ഡൊമിനിക്ക് പ്രാർത്ഥിച്ചപ്പോൾ കൊടുങ്കാറ്റ് ശമിച്ചു. അദ്ദേഹം പ്രസംഗം തുടർന്നു. വളരെയധികം തീക്ഷ്ണതയോടെ പരിശുദ്ധ ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും മൂല്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
അങ്ങനെ ടോളോസിലെ ആളുകളെല്ലാം ജപമാലയെ അംഗീകരിക്കുകയും തെറ്റായ വിശ്വാസങ്ങൾ ഉപേക്ഷിക്കയും ചെയ്തു.

പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിക്കപ്പെട്ട അത്ഭുതകരമായ ഈ സംഭവത്തിന്, സീനായ് മലയിൽ വച്ച് സർവ്വശക്തനായ ദൈവം അവിടുത്തെ കൽപ്പനകൾ നൽകിയ രീതിയുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു തന്നെ ജപമാലയുടെ മൂല്യവും പ്രാധാന്യവും സ്പഷ്ടമാകുന്നുണ്ട്."

(From "The Secret of the Rosary" by St.Louis De Montfort)

മഗ്ദലനാമേരിയുടെ മാനസാന്തരം പൂർണ്ണമാകുന്നു

ഈശോ അപ്പസ്തോലന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറാൻ തുടങ്ങുകയാണ്. മാർത്തയും ഒരു പരിചാരികയും കൂടി ഈശോയുടെ അടുത്തെത്തുന്നു. മാർത്ത പറയുന്നു; "ഓ, ഗുരുവേ ദൈവത്തെപ്രതി ഒന്നു ശ്രദ്ധിക്കണേ."
   ഈശോ  അപ്പസ്തോലന്മാരോട് പറയുന്നു; "നിങ്ങൾ പോയി വെള്ളപ്പാച്ചിലിന്റെ ഭാഗത്ത് എന്നെ കാത്തിരിക്കൂ. അതേസമയം മഗേദാനിലേക്കു പോകാനുള്ള ഒരുക്കങ്ങൾ ചെയ്തുകൊള്ളണം. ദശഗ്രാമങ്ങളും വചനത്തിനായി കാത്തിരിക്കയാണ്. പൊയ്ക്കൊള്ളുക."
   വഞ്ചി നീങ്ങി കായലിന്റെ നടുവിലേക്കു മാറുമ്പോൾ ഈശോ മാർത്തയുടെ കൂടെ നടക്കുന്നു. പരിചാരിക മർസെല്ലാ ബഹുമാനത്തോടെ അനുഗമിക്കുന്നു. ഈശോ പുഞ്ചിരിയോടെ ചോദിക്കുന്നു; "എന്നോടു് എന്തുപറയാനാണു നീ ആഗ്രഹിക്കുന്നത്?"
         "ഓ, ഗുരുവേ, മേരി ഇന്നലെ പാതിരാ കഴിഞ്ഞാണു വീട്ടിലെത്തിയത്. ഉച്ചയ്ക്ക് മർസെല്ലായോട് ഞാൻ  പറഞ്ഞിരുന്നു, വേസ്പരയുടെ സമയത്ത് നമുക്ക് കഫർണാമിൽ എത്തണം; കാരണം ഗുരു ജനക്കൂട്ടത്തോടു സംസാരിക്കുന്നുണ്ട്. അതുകേട്ടു മേരി ഞെട്ടി, വിവർണ്ണയാകുന്നതു ഞാൻ കണ്ടിരുന്നു. അവൾ അസ്വസ്ഥയായി പരവേശം പിടിച്ച് അതിലേയെല്ലാം നടക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിക്കയാണ്, നിന്റെ ഒരുടുപ്പും പുറംകുപ്പായവും എനിക്കു തരുമോ എന്ന്. ഞാൻ പറഞ്ഞു, എന്റെ പ്രിയ സഹോദരീ, നിനക്കിഷ്ടമുള്ള ഉടുപ്പെടുത്തുകൊള്ളുക.  എന്റെ ചങ്കിടിക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് അവൾ എന്റെ മുറിയിൽക്കയറി ഏറ്റം ഇരുണ്ടതും വളരെ വിനയമുള്ളതുമായ  ഒരുടുപ്പെടുത്തു. അതു ധരിച്ചുനോക്കി. ഇറക്കം പോരാഞ്ഞ് പരിചാരികയോടു പറഞ്ഞ് താഴത്തെ പടി അഴിച്ചടിപ്പിച്ചു. അനന്തരം എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചിട്ടു പറയുകയാണ്, എനിക്കുവേണ്ടി പ്രാർത്ഥിക്കൂ. സൂര്യാസ്തമയത്തോടെ അവൾ വെളിയിലേക്കു പോയി. എത്രയധികം ഞാൻ പ്രാർത്ഥിച്ചു ! ഇവിടേക്കു വരുന്നതിൽ നിന്ന് അവളെ തടയുന്നതൊന്നും ഉണ്ടാകരുതേയെന്ന് ! അങ്ങയുടെ വചനം അവൾ ഗ്രഹിക്കുകയും അവളെ  അടിമപ്പെടുത്തിയിരിക്കുന്ന ഭൂതത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയും വേണമല്ലോ. അവൾ പോയിക്കഴിഞ്ഞ് ഞാനും മർസെല്ലായും കൂടി വണ്ടിയിൽ ഇങ്ങുപോന്നു. ജനക്കൂട്ടത്തിനിടയിൽ നീ ഞങ്ങളെക്കണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എന്നാൽ മേരിയെക്കാണാഞ്ഞിട്ട് എത്ര വേദനയായിരുന്നു എനിക്ക് ! ഞാൻ എന്നോടുതന്നെ പറഞ്ഞു, 'അവൾ മനസ്സുമാറ്റിയിരിക്കും; അവൾ തിരിച്ചുവീട്ടിലേക്കു തന്നെ മടങ്ങിക്കാണും; അല്ലെങ്കിൽ എന്റെ നിയന്ത്രണം സഹിക്കാനാവാതെ ഓടിപ്പോയതായിരിക്കും.' ഞാൻ നിന്റെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും ശിരോവസ്ത്രത്തിന്റെ മറവിൽ മുഴുവൻ സമയവും കരയുകയായിരുന്നു. നിന്റെ വാക്കുകളെല്ലാം അവൾക്കായിത്തന്നെ പറയുന്നതുപോലെ എനിക്കു തോന്നി. എന്നിട്ട് അവൾ അതൊന്നും കേൾക്കുന്നില്ലല്ലോ എന്നും ഞാൻ ചിന്തിച്ചു. മനസ്സു തളർന്നാണ് ഞാൻ തിരിയെ വീട്ടിലേക്കു പോയത്. ഇതാണു സത്യം. എന്നാൽ ഞാൻ നിന്നോട് അനുസരണയില്ലായ്മ കാട്ടി. കാരണം നീ എന്നോടു പറഞ്ഞിരുന്നല്ലോ, അവൾ വരികയാണെങ്കിൽ നീ വീട്ടിലിരിക്കുക, അവളെ കാത്തിരിക്കുക മാത്രം ചെയ്യുക എന്ന്. എന്നാൽ എന്റെ ഹൃദയത്തിന്റെ വിഷമം ഒന്നോർത്തുനോക്കൂ. നീ എന്നോട് പറഞ്ഞിരുന്നില്ലേ, അവൾ പൊട്ടിത്തകരുമെന്ന്. അപ്പോൾ അവളെ താങ്ങാൻ അവളുടെയടുത്ത് ഞാൻ  വേണമല്ലോയെന്നും ചിന്തിച്ചു. 
     വീട്ടിൽ തിരിച്ചെത്തി ഞാൻ  എന്റെ മുറിയിൽ മുട്ടിന്മേൽവീണ് പ്രാർത്ഥിക്കുകയും കരയുകയുമായിരുന്നു. സമയം പാതിരാ കഴിഞ്ഞു. അപ്പോഴാണ് അവൾ കടന്നുവന്നത്. ഒട്ടും ശബ്ദം കേൾപ്പിക്കാതെയാണ് വന്നത്. അതിനാൽ എന്റെ ദേഹത്തു വന്നുവീണ് എന്നെ ആലിംഗനം ചെയ്തുകൊണ്ട് സംസാരിച്ചപ്പോൾ മാത്രമേ അവൾ വന്ന വിവരം ഞാൻ  അറിഞ്ഞുള്ളൂ. അവൾ പറഞ്ഞു; 'എന്റെ അനുഗ്രഹീതയായ സോദരീ, നീ പറഞ്ഞതെല്ലാം എത്ര വാസ്തവം ! അല്ല,  നീ പറഞ്ഞതിനേക്കാൾ ഏറെയാണ്. അവന്റെ കാരുണ്യം വളരെ വലുതാണ്. ഓ മാർത്താ, ഇനിയും നീ എന്നെ കാത്തുസൂക്ഷിക്കേണ്ട ആവശ്യമില്ല. ഞാനിനി നിന്ദ്യയും നികൃഷ്ടയുമായിരിക്കില്ല. നീ തീർച്ചയായും എനിക്കുവേണ്ടി പ്രാർത്ഥിക്കയായിരുന്നു, അല്ലേ സഹോദരീ. വിജയം നിന്റെ കൈകളിലെത്തിയിരിക്കുന്നു. ഇനി പാപംചെയ്യാൻ ആഗ്രഹമില്ലാത്ത നിന്റെ മേരി ഒരു പുതിയ ജീവിതത്തിലേക്കു പിറന്നിരിക്കുകയാണ്. ഇത് ഒരു പുതിയ മേരിയാണ്. പ്രതീക്ഷയുടേയും അനുതാപത്തിന്റെയും കണ്ണീരാൽ മുഖം കഴുകിയിരിക്കുന്ന മേരി. പരിശുദ്ധയായ എന്റെ ചേച്ചീ, നിനക്കെന്നെ ചുംബിക്കാം. നാണംകെട്ട പ്രേമക്കളിയുടെ അടയാളമൊന്നും ഈ മുഖത്ത് ഇപ്പോഴില്ല. അവൻ എന്നോടു പറഞ്ഞു എന്റെ ആത്മാവിനെ അവൻ സ്നേഹിക്കുന്നുവെന്ന്. കാരണം അവൻ എന്റെ ആത്മാവിനെക്കുറിച്ച് നിന്റെ ആത്മാവിനോടു സംസാരിക്കുകയായിരുന്നു. കാണാതായ ആ ആട് ഞാനായിരുന്നു. അനന്തരം നീ പറഞ്ഞ ഉപമ അവൾ അതേപടി പറഞ്ഞു. മേരിക്കു നല്ല ബുദ്ധിയുണ്ട്. അവളെല്ലാം നന്നായി ഓർത്തിരിക്കയും ചെയ്തു. അങ്ങനെ നിന്നെ ഞാൻ  രണ്ടു പ്രാവശ്യം ശ്രവിച്ചു. ആ വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു വന്നപ്പോൾ പരിശുദ്ധവും ആരാദ്ധ്യവുമായിരുന്നെങ്കിൽ അവൾ അതു പറഞ്ഞപ്പോഴും പരിശുദ്ധമായിരുന്നു. കാരണം എന്റെ സഹോദരിയാണ് അതു പറഞ്ഞത്. നഷ്ടപ്പെട്ടിരുന്നവളെ കണ്ടെത്തി; അവൾ കുടുംബമാകുന്ന ആലയിലേക്കു തിരിച്ചുവന്നു. ഞങ്ങൾ രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. വളരെ സമാധാനത്തോടെ കരഞ്ഞു. അനന്തരം, വികാരങ്ങൾ കൊണ്ടും നാനാവിധത്തിലുള്ള അനുഭവങ്ങൾകൊണ്ടും വളരെ ദൂരം നടന്നതുകൊണ്ടും ക്ഷീണിച്ചു തളർന്ന അവൾ, എന്റെ കരങ്ങളിൽ ഉറക്കം പിടിച്ചു. അവളെ എന്റെ കിടക്കയിൽ കിടത്തിയിട്ട് ഞാൻ  നിന്നെക്കാണാനായി ഇങ്ങോട്ടുപോന്നു." വളരെ സന്തോഷഭരിതയായിരിക്കുന്ന മാർത്താ ഈശോയുടെ കരങ്ങൾ ചുംബിക്കുന്നു.
     ഈശോ പറഞ്ഞു; "മേരി പറഞ്ഞതുതന്നെ ഞാനും പറയുന്നു, വിജയം നിന്റെ കൈകളിലെത്തിക്കഴിഞ്ഞിരിക്കുന്നു. സന്തോഷവതിയായി പൊയ്ക്കൊള്ളുക. സമാധാനത്തിൽ പോവുക. വീണ്ടും ജനിച്ച നിന്റെ സഹോദരിയോടുള്ള വർത്തനം കാരുണ്യവും വിവേകവുമുള്ളതായിരിക്കട്ടെ. ലാസറസ്സിനെയും വിവരം അറിയിക്കണം. അവൻ വിഷമിച്ചിരിക്കയാണല്ലോ."
        "ഉവ്വ് ഗുരുവേ, മേരി ഇനിയെന്നാണ് നിന്റെ ശിഷ്യകളായ ഞങ്ങളുടെ കൂട്ടത്തിൽ ചേരുന്നത്?"
   
"ഈശോ പുഞ്ചിരി തൂകിക്കൊണ്ടു പറയുന്നു; "സ്രഷ്ടാവ് ഈ പ്രപഞ്ചത്തെ ആറു ദിവസം കൊണ്ടു സൃഷ്ടിച്ചു. ഏഴാം ദിവസം അവൻ വിശ്രമിച്ചു."
   "എനിക്കു മനസ്സിലായി. ഞാൻ  ക്ഷമയോടെ കാത്തിരിക്കണം."
    "അതെ, ക്ഷമ വേണം. ദീർഘശ്വാസം ഉതിർക്കയും മറ്റും വേണ്ട. ക്ഷമയും ഒരു പുണ്യമാണ്.  സ്ത്രീകളെ, നിങ്ങൾക്കു സമാധാനം. നമുക്ക് താമസിയാതെ കാണാം."
ഈശോ അവരെ വിട്ട് വഞ്ചി കാത്തുകിടക്കുന്ന സ്ഥലത്തേക്കു പോയി.

Thursday, October 6, 2011

മഗ്ദലനാ മേരിയുടെ മാനസാന്തരം - മാർത്ത ഈശോയെ കാണുന്നു

                   ഈശോ ബഥനിയിലെത്തി ലാസറസ്സിനെ  കണ്ട്  
രണ്ടാഴ്ചയ്ക്കുശേഷം മാർത്ത ആകെ മനസ്സു തകർന്നവളായി ഈശോ താമസിക്കുന്ന കഫർണാമിലെ വീട്ടിലെത്തുന്നു. ഈശോയെ കണ്ടപ്പോൾത്തന്നെ മുട്ടിന്മേൽവീണ് പൊട്ടിക്കരയുന്നു. ഈശോ അലിവോടെ ചോദിക്കന്നു; "എന്തുപറ്റി മാർത്താ, എഴുന്നേൽക്കൂ, നീ എന്തിനാണ് ഇത്രയധികം വേദനിച്ചു കരയുന്നത്? എന്നോടു പറയാൻ എന്തെങ്കിലും ദൗർഭാഗ്യമുണ്ടായോ? ഞാൻ ബഥനിയിൽ ചെന്നിരുന്നു എന്നകാര്യം നിനക്കറിയാമോ ? അറിയാം, അല്ലേ? എന്നോടു പറഞ്ഞത് സന്തോഷവാർത്തയുണ്ടെന്നാണല്ലോ. എന്നാൽ നീ ഇപ്പോൾ കരയുകയാണ്. എന്തുപറ്റി ?" ഈശോ അവളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചിരുത്തി. അഭിമുഖമായി ഈശോയും ഇരുന്നു. അവളുടെ കരഞ്ഞുവീർത്ത കണ്ണുകളും ചുവന്ന മുഖവും കണ്ട് ഈശോ  വീണ്ടും പറയുന്നു; "കൊള്ളാം, ഞാൻ നിന്നെ സഹായിക്കാം. മേരി നിനക്ക് ആളയച്ചു. അവൾ വളരെ കരഞ്ഞു. എന്നെക്കുറിച്ച് വളരെ കാര്യങ്ങളറിയാൻ ആഗ്രഹിച്ചു. നീ ഓർത്തു അതൊരു നല്ല അടയാളമാണെന്ന്. അതിനാൽ അത്ഭുതം പൂർത്തീകരിക്കുവാൻ ഞാൻ വരണമെന്ന് നീ ആവശ്യപ്പെട്ടു. ഞാനിതാ വന്നിരിക്കുന്നു. എന്നിട്ട് ഇപ്പോൾ ........."
    "ഇപ്പോൾ ഒന്നുമില്ല ഗുരുവേ, എനിക്കു തെറ്റിപ്പോയി. എന്റെ ആഗ്രഹത്തിന്റെ ആധിക്യം മൂലം ഇല്ലാത്തതു ഞാൻ കാണുകയായിരുന്നു. നിന്നെ ഞാൻ വരുത്തിയതു വെറുതെയായിപ്പോയി. മേരി മുൻപത്തേക്കാൾ മോശമാണിപ്പോൾ... ഇല്ല, ഞാനെന്താണീ പറയുന്നത്? അവളെക്കുറിച്ചു ദൂഷ്യം പറയുകയാണ്... അതു ശരിയല്ല..      അവൾ  കൂടുതൽ മോശമല്ല. കാരണം പുരുഷന്മാരെ ഇപ്പോൾ അവൾക്കു വേണ്ട. അവൾക്കു വ്യത്യാസം വന്നിട്ടുണ്ട്. എങ്കിലും വളരെ ചീത്തയാണ്. അവൾക്കു ഭ്രാന്താണെന്നു തോന്നും. എനിക്കൊന്നും മനസ്സിലാകുന്നില്ല. ആർക്ക് അവളെ മനസ്സിലാക്കാനാവും ?" ഇങ്ങനെ പറഞ്ഞു് ആശ്വാസരഹിതയായി മാർത്താ കരയുന്നു.
    "ഇപ്പോൾ നീ ശാന്തമാകൂ .... എന്നിട്ട് അവൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എന്നോടു പറയൂ.  അവൾ ചീത്തയാണെന്ന് എന്തുകൊണ്ടാണ് നീ പറയുന്നത് ? ഇപ്പോൾ പുരുഷന്മാർ അവൾക്കു  ചുറ്റും ഇല്ലാത്തതുകൊണ്ട് അവൾ വീട്ടിൽ ഒതുങ്ങിക്കഴിയാൻ ആഗ്രഹിക്കുന്നു  എന്നല്ലേ കരുതേണ്ടത്? അങ്ങിനെയല്ലേ ? അതു നന്നായി. നീ അവളോടുകൂടി വന്നു താമസിക്കണമെന്നു  പറഞ്ഞതും പ്രലോഭനങ്ങളിൽ വീഴാതെ അവളെ സംരക്ഷിക്കാനാണെന്നു വിചാരിക്കാം. തെറ്റിൽ വീഴിക്കാൻ സാദ്ധ്യതയുള്ള പരിചിതരെയും അതുപോലുള്ള ബന്ധങ്ങളിലേക്കു നയിക്കുന്നവരേയും ഒഴിവാക്കാനായിരിക്കണം നിന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നതും. ഇതെല്ലാം സന്മനസ്സിന്റെ അടയാളങ്ങളാണ്."
    "ഗുരുവേ, അങ്ങ് വാസ്തവമായും അങ്ങനെ വിചാരിക്കുന്നുണ്ടോ ?"
    "തീർച്ചയായും... അപ്പോൾ അവൾ ചീത്തയാണെന്ന് നീ വിചാരിക്കുന്നതെന്തിനാണ് ? അവൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എന്നോടു പറയൂ."
           ഈശോയുടെ വാക്കുകൾ നിമിത്തം ധൈര്യംകിട്ടിയ മാർത്താ പറയുന്നു; "ഞാൻ ചെന്നതിൽപ്പിന്നെ മേരി വീട്ടിൽനിന്നോ ഉദ്യാനത്തിൽനിന്നോ പുറത്തേക്കു പോയിട്ടില്ല. അവളുടെ ധാത്രി എന്നോടു പറഞ്ഞത് ഞാനിവിടെ വരുന്നതിനു മുമ്പും അവൾ പുറത്തേക്കു പോയിരുന്നില്ല എന്നാണ്. ഈ വ്യത്യാസം പെസഹാ മുതലാണു കാണുന്നതെന്നും അവൾ പറഞ്ഞു. എങ്കിലും ഞാൻ ചെല്ലുന്നതിനു മുമ്പ് ചിലയാളുകൾ അവിടെ വരാറുണ്ടായിരുന്നു. എപ്പോഴും അവരെ അവൾ നിരസിച്ചിരുന്നില്ല. ചിലപ്പോൾ ഒരുത്തരെയും അവളുടെ പക്കലേക്ക് വിടരുതെന്ന് നിർദ്ദേശം നൽകിയിരിക്കും. എപ്പോഴും പാലിക്കേണ്ട ഒരു കൽപ്പനയായിരുന്നു അത്. എങ്കിലും  ചിലപ്പോൾ വളരെ ദേഷ്യത്തോടെ ഭൃത്യരെ അവൾ അടിച്ചിരുന്നു. സന്ദർശകരുടെ സ്വരം കേട്ടുകൊണ്ട് അവൾ ഹാളിലേക്കു വരും. ഭൃത്യർ അവരെ പറഞ്ഞയച്ചു എന്നുകാണുമ്പോൾ ദേഷ്യത്തോടെ അവരെ അടിക്കും. എങ്കിലും ഞാൻ വന്നശേഷം അവൾ അതു ചെയ്തിട്ടില്ല. 
                 ഞാൻ  ചെന്ന അന്നു രാത്രി അവൾ  എന്നോടു പറഞ്ഞു "എന്നെ പുറകിലേക്കു പിടിച്ചുകൊള്ളണം. ആവശ്യമെങ്കിൽ കെട്ടിയിടണം.  ഒരു     കാരണവശാലും  എന്നെ വെളിയിലേക്കു വിടരുത്. നിന്നെയും എന്റെ ധാത്രിയെയുമല്ലാതെ മറ്റാരെയും കാണാൻ എന്നെ അനുവദിക്കരുത്. കാരണം എനിക്കു സുഖമില്ല. സുഖം പ്രാപിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. എന്നാൽ എന്റെയടുത്തേക്കു വരുന്നവരും ഞാൻ അങ്ങോട്ടു ചെല്ലണമെന്നാഗ്രഹിക്കുന്നവരും പനിപിടിച്ച ചെളിക്കുണ്ടുകൾ പോലെയാണ്. അവർ എന്നെ കൂടുതൽ വഷളാക്കുന്നു. അവർ കാണാൻ സുന്ദരന്മാരാണ്. എല്ലാ പുഷ്പങ്ങളും സന്തോഷവും അവയുടെ ഫലവുമെല്ലാം പ്രീതിയുളവാക്കുന്നു. ഞാൻ ഒരു സാധു നികൃഷ്ടയായതുകൊണ്ട് അവയെ ചെറുത്തു നിൽക്കാൻ എനിക്കു കഴിയുന്നില്ല. മാർത്താ, നിന്റെ സഹോദരി ദുർബലയാണ്. ഈ ദൗർബല്യം ചിലർ മുതലെടുക്കുന്നു. എന്നെക്കൊണ്ട് ചീത്തക്കാര്യങ്ങൾ ചെയ്യിക്കുന്നു. എന്നാൽ എന്നിലുള്ള ഒരുവശം അത് അംഗീകരിക്കുന്നില്ല. എന്റെ അമ്മയിൽനിന്നു കിട്ടിയതിൽ ബാക്കിയായിട്ടുള്ള ഏകകാര്യം." എന്നിട്ടവൾ കരഞ്ഞു... അവൾ ആവശ്യപ്പെട്ടതുപോലെയെല്ലാം ഞാൻ ചെയ്തു. അവൾ സൽബുദ്ധി കാണിച്ചിരുന്നപ്പോഴെല്ലാം ഞാനതു ശാന്തമായിച്ചെയ്തു. എന്നാൽ കൂട്ടിൽക്കിടക്കുന്ന വന്യമൃഗത്തെപ്പോലെ അവൾ കാണപ്പെട്ടപ്പോഴെല്ലാം ഞാൻ വളരെ കർശനമായി പെരുമാറി. എന്നോട് ഒരിക്കൽപ്പോലും അവൾ എതിർത്തില്ല. നേരെ മറിച്ച് ഏറ്റവും ശക്തമായ പ്രലോഭനങ്ങൾക്കുശേഷം അവൾ എന്റെ പാദത്തിൽ വീണു കരഞ്ഞുകൊണ്ടു പറയുന്നു, എന്നോടു ക്ഷമിക്കണേ, എന്നോടു ക്ഷമിക്കണേ എന്ന്. എന്തിനാണ് നിന്നോടു ക്ഷമിക്കേണ്ടത് എന്നു ചോദിച്ചപ്പോൾ പറഞ്ഞത് നീ പുറത്തേക്കു പോകാത്തതുകൊണ്ട് നിന്നെ എന്റെ മനസ്സിൽ വെറുക്കുകയും ശപിക്കുകയും നീ മരിച്ചുപോയിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്തു. എന്റെ കർത്താവേ, അവളോടു് ദയ തോന്നുകയല്ലേ വേണ്ടത്?  അവൾക്ക് ഭ്രാന്തായിരിക്കുമോ ? അവളുടെ തിന്മകൾ അവളെ ഭ്രാന്തിയാക്കിയോ ? എനിക്കു തോന്നുന്നത് അവളുടെ കാമുകന്മാരിലൊരാൾ അവൾക്കു കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ്. അതവളുടെ തലയിൽ കയറിയിട്ടുണ്ടാകണം."
     "അല്ല, കൈവിഷവും ഭ്രാന്തുമൊന്നുമല്ല. അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ കാര്യമാണിത്. എന്നിട്ട് ?"
     "അങ്ങനെ എന്നോടു  ബഹുമാനവും അനുസരണയും കാട്ടുന്നുണ്ട്. ഭൃത്യരെ ഇപ്പോൾ ഉപദ്രവിക്കുന്നുമില്ല. എങ്കിലും ഇപ്പോൾ നിന്നെക്കുറിച്ച്  ഒന്നും ചോദിക്കാറില്ല. ഞാൻ നിന്റെകാര്യം വല്ലതും പറഞ്ഞാൽ  ഉടനെ അവൾ വിഷയം മാറ്റും. മാളികപ്പറമ്പിലെ പാറപ്പുറത്ത് അനേകം മണിക്കൂറുകൾ തടാകത്തിലേക്കു നോക്കി അവളിരിക്കും. ഏതെങ്കിലുമൊരു വള്ളം അതിലേ കടന്നുപോയാൽ അവൾ ചോദിക്കും അത് ഗലീലിയിലെ മുക്കുവരുടേതാണോ എന്ന്. ഒരിക്കലും നിന്റെ നാമമോ അപ്പസ്തോലന്മാരുടെ നാമമോ  അവൾ ഉച്ചരിക്കയില്ല. എന്നാൽ നീയും അവരും പത്രോസിന്റെ വള്ളത്തിൽ കാണുമെന്നവൾ വിചാരിക്കുന്നുണ്ട്. നിന്നെക്കുറിച്ച് അവൾ ചിന്തിക്കുന്നുണ്ട്.  ചിലപ്പോൾ അവൾ കരയും,  ചിലപ്പോൾ നിന്ദയോടെ ചിരിക്കും.  ചിലപ്പോൾ അവളെക്കണ്ടാൽ  ഭ്രാന്തിയെപ്പോലെയോ പിശാചിനെപ്പോലെയോ തോന്നും.  ചിലസമയം അവൾ തന്നെത്താൻ ഉപദ്രവിക്കും. എന്താണങ്ങനെ ചെയ്യുന്നതെന്നു ഞാൻ ചോദിച്ചാൽ നിർജ്ജീവമായ നോട്ടത്തോടെ പറയും, എന്നെത്തന്നെ ചീന്തിക്കളയാൻ, ഞാൻ എന്നെത്തന്നെ നശിപ്പിക്കുകയാണ് എന്ന്. ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചോ നിന്നെക്കുറിച്ചോ ഞാൻ പറയുകയാണെങ്കിൽ അവൾ പറയും, എനിക്കു് കാരുണ്യമൊന്നും ലഭിക്കയില്ല; ഞാൻ എല്ലാ അതിരുകൾക്കും അപ്പുറത്തായിപ്പോയി എന്ന്. പിന്നെ നിരാശയുടെ ഒരു ഭ്രാന്തുകളിയാണ്. എന്നെ പിച്ചിച്ചീന്തുന്ന ഈ സത്വം എന്തുകൊണ്ടാണ് എന്റെ കൂടെയുള്ളത്? അത് എനിക്കൊരു സമാധാനവും തരുന്നില്ല. തിന്മ പ്രവർത്തിക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു. പിന്നീട് എന്റെ മാതാപിതാക്കൾ എന്നെ ശപിക്കുന്ന സ്വരം ഞാൻ കേൾക്കുന്നു. നീയും ലാസറസ്സും എന്നെ ശപിക്കുന്നതും ഞാൻ കേൾക്കുന്നുണ്ട്. ഇസ്രായേലും എന്നെ ശപിക്കുന്നു.   അവൾ ഇങ്ങനെ പറയുമ്പോൾ ഞാൻ മറുപടി കൊടുക്കുന്നത് ഇപ്രകാരമാണ് ; ഒരു ജനത മാത്രമായ ഇസ്രായേലിനെക്കുറിച്ച് നീ എന്തിന് ആകുലയാകുന്നു ? ദൈവത്തെക്കുറിച്ച് നീ ചിന്തിക്കുന്നില്ലേ ? ലോകകാര്യങ്ങളെക്കുറിച്ച് വിചാരപ്പെടാതെ ദൈവത്തെ മാത്രം ശ്രദ്ധിക്കുക.  നിന്റെ മാതാപിതാക്കളെയും ഓർമ്മിക്കുക. നിന്റെ ജീവിതം നീ വ്യത്യാസപ്പെടുത്തുമെങ്കിൽ അവർ നിന്നെ ശപിക്കയില്ല. ഇതെല്ലാം ഒരു കെട്ടുകഥ കേൾക്കുന്ന താൽപ്പര്യത്തോടും വിസ്മയത്തോടും കൂടി അവൾ കേൾക്കും. അനന്തരം കരയും. മറുപടിഒന്നും പറയുകയില്ല. എന്നാൽ ചിലപ്പോൾ വീഞ്ഞും ലഹരിയുള്ള മരുന്നുകളും ഭൃത്യരോടാവശ്യപ്പെടും. അവ കഴിച്ചശേഷം പറയും ഞാൻ എല്ലാം മറക്കാൻവേണ്ടിയാണ് ഇവ കഴിക്കുന്നത്. ഇപ്പോൾ ഈ തടാകപ്രദേശത്ത് നീ ഉണ്ടെന്നു മനസ്സിലാക്കി എന്നോടു പറയുന്നുണ്ട്, ഒരിക്കൽ ഞാനും നിന്റെ കൂടെ വരും; പിന്നെ കുറേസമയം അട്ടഹസിച്ചു ചിരിച്ച ശേഷം കൂട്ടിച്ചേർക്കും; അങ്ങനെ ദൈവത്തിന്റെ കണ്ണുകൾ ചാണകക്കൂനയിന്മേലും പതിക്കും. എന്നാൽ അവൾ വരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞാൻ പുറപ്പെടുന്നതിനു മുമ്പ് അവൾ ഉറക്കമായി എന്നുറപ്പു വരുത്തിയിട്ടാണ് ഇറങ്ങുന്നത്. ഇന്നും അങ്ങനെയാണ് പോന്നത്. അവൾ ഉണരുന്നതിനു മുമ്പ് തിരിച്ചെത്തണം...ഗുരുവേ ഇതാണെന്റെ ജീവിതം....എന്റെ പ്രതീക്ഷയെല്ലാം തകർന്നു." മാർത്താ വീണ്ടും കരയുന്നു.
   "മാർത്താ, ഞാൻ ഒരിക്കൽ നിന്നോടു പറഞ്ഞതോർക്കുന്നുണ്ടോ? അതായത് മേരിക്കു രോഗമാണെന്ന്.  അന്നു നീ അതു വിശ്വസിക്കുവാൻ ശ്രമിച്ചില്ല. ഇപ്പോൾ നീ അതു കാണുന്നു.അവൾക്കു ഭ്രാന്താണെന്നു നീ പറയുന്നു. അവൾ തന്നെത്താൻ അതു പറയുന്നു. അവൾക്കു രോഗമാണെന്നും പാപകരമായ ഒരു പനിയുണ്ടെന്നും ഞാൻ പറയുന്നു. അവൾ രോഗിയായിരിക്കുന്നത് ഒരു പിശാച് അവളെ ബാധിച്ചിരിക്കുന്നതിനാലാണ്. അതും ഒരു രോഗമാണ്. ചിതമല്ലാത്ത പെരുമാറ്റം, വലിയ കോപം, കണ്ണുനീർ, സ്വയംപീഡനം, എന്നെക്കുറിച്ച് അറിയാനുള്ള ആഗ്രഹം ഇവയെല്ലാം അവളുടെ   രോഗത്തിന്റെ വിവിധ   ഘട്ടങ്ങളെയാണ്   കാണിക്കുന്നത്.   എല്ലാം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കയാണിപ്പോൾ. അതാണീ തകർച്ചയ്ക്കു കാരണം. അവളോടു് ക്ഷമ കാണിക്കയും നന്നായി പെരുമാറുകയും ചെയ്യുന്ന നീ ശരിയായി പ്രവർത്തിക്കുന്നു. എന്നെക്കുറിച്ച് നീ അവളോടു് സംസാരിക്കുന്നതും നല്ലതാണ്. മേരിയുടെ പാവപ്പെട്ട ആത്മാവിനെയും എന്റെ പിതാവാണു സൃഷ്ടിച്ചത്. നിന്റെയും ലാസറസ്സിന്റെയും അപ്പസ്തോലന്മാരുടെയും ശിഷ്യരുടേയും ആത്മാക്കളിൽ നിന്നും ഒരുവിധത്തിലും അതു വ്യത്യസ്തമല്ല. ഇത്രയധികം സഹിക്കുന്ന മേരിയുടെ പാവപ്പെട്ട ആത്മാവ് ! സാർവത്രികമായ ആദ്യവിഷത്തിനു പുറമേ ഏഴു വിഷം കൂടി ഉള്ളിൽച്ചെന്നിട്ടുള്ള മേരി. ഓ ! ബന്ധനത്തിലായിരിക്കുന്ന പാവം മേരി ! എങ്കിലും അവൾ എന്റെ പക്കലേക്കു വരട്ടെ. ഞാൻ ശ്വസിക്കുന്ന വായു അവൾ ശ്വസിക്കട്ടെ. എന്റെ സ്വരം അവൾ കേൾക്കുകയും എന്റെ നോട്ടം അവൾ കാണുകയും ചെയ്യട്ടെ. അവൾ ചാണകക്കൂനയെന്നു സ്വയം വിളിക്കുന്നു. ഓ ! സാധു ! അവളിൽ കുടിയിരിക്കുന്ന ഏഴു പിശാചുക്കളിൽ ഏറ്റം ദുർബലനായത് അഹങ്കാരമെന്ന പിശാചാണ്. അക്കാരണം കൊണ്ടുമാത്രം അവൾ രക്ഷിക്കപ്പെടും."
    മാർത്താ വീണ്ടും ചോദിക്കുന്നു; "അവൾ പുറത്തേക്കിറങ്ങുമ്പോൾ അവളെ വഴിതെറ്റിക്കുന്ന ആരെയെങ്കിലും വീണ്ടും കണ്ടുമുട്ടുമോ? അതേക്കുറിച്ച് അവൾക്കുതന്നെ ഭയമാണ്."
               "തിന്മയെ  വെറുക്കാൻ തുടങ്ങിയതുകൊണ്ട് ആ ഭയം ഇനിയെന്നും അവൾക്കുണ്ടായിരിക്കും.  നീ ഭയപ്പെടേണ്ട. ദൈവത്തോട് അടുക്കണം എന്ന് ഒരാത്മാവ്  ആഗ്രഹിക്കുമ്പോൾ തിന്മയുടേയും ദുഷ്ടമനുഷ്യരുടേയും ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ അതു ശക്തമാകും. പൈശാചിക ശക്തിയാണ് അതിനെ ഇതുവരെ നിയന്ത്രിച്ചിരുന്നത്. എന്നാൽ തന്റെ ഇര താമസിയാതെ നഷ്ടപ്പെടും എന്നു പിശാചിനു മനസ്സിലാകും. മാനുഷികമായ രീതിയിൽ മാത്രം ചിന്തിക്കുന്ന 'അഹം' വേറൊരു ശത്രുവാണ്. എന്നാൽ മേരിയുടെ  ആത്മാവ് ധ്രുവനക്ഷത്രം കണ്ടുകഴിഞ്ഞു. ഇനി അതിനു വഴിതെറ്റുകയില്ല. നീ ഇനി അവളെ പരോക്ഷമായിപ്പോലും ശാസിക്കരുത്. അവൾ തീക്കുണ്ഡത്തിൽ നിന്നു പുറത്തു വന്നിട്ടേയുള്ളൂ. ശരീരമാകെ ഏകവ്രണമായിരിക്കുന്നു. ദയ, ക്ഷമ, പ്രത്യാശ എന്നിങ്ങനെയുള്ള  തൈലം കൊണ്ട് മെല്ലെ സ്പർശിക്കാനേ പാടുള്ളൂ. അവൾക്ക് ഇവിടെ വരാനുള്ള സ്വാതന്ത്ര്യം നീ കൊടുക്കണം. നീ വരാനുദ്ദേശിക്കുമ്പോൾ വിവരം അവളോടു പറയണം. എന്നാൽ എന്റെകൂടെ വരൂ എന്നൊരിക്കലും പറയരുത്. നേരെമറിച്ച് അവൾ വരാനാഗ്രഹിക്കുന്നുണ്ട് എന്നു നീ മനസ്സിലാക്കിയാൽ അന്നു വരികയേവേണ്ട. നീ തിരിച്ചുപോയി അവൾക്കായി കാത്തിരിക്കൂ. കാരുണ്യം നിമിത്തം തകർന്നവളായി അവൾ  നിന്റെപക്കലേക്കു തിരിച്ചുവരും. അവളെ പിടിയിലമർത്തി വച്ചിരിക്കുന്ന ദുഷ്ടശക്തികളെ നീക്കിക്കളയേണ്ടതുണ്ട്. ഏതാനും മണിക്കൂറുകൾ അവളുടെ  രക്തക്കുഴലുകളെല്ലാം മുറിഞ്ഞതുപോലെയും അസ്ഥികളെല്ലാം നീക്കം ചെയ്തതുപോലെയും അവൾക്കനുഭവപ്പെടും. എന്നാൽ കുറച്ചു കഴിയുമ്പോൾ അവൾക്കു സുഖംതോന്നും. ഒന്നും സംസാരിക്കാനുള്ള ശക്തി അവൾക്കുണ്ടായിരിക്കയില്ല. വലുതായ വാൽസല്യവും മൗനവും ആണ് അപ്പോൾ വേണ്ടത്. നീ അവളുടെ  രണ്ടാമത്തെ കാവൽദൂതനായിരുന്നാലെന്നപോലെ  അവളെ സഹായിക്കൂ...എന്നാൽ നിന്റെ സാന്നിദ്ധ്യം മനസ്സിലാകരുത്. അവൾ കരയുന്നെങ്കിൽ കരയട്ടെ. സ്വയം ചോദ്യങ്ങൾ ചോദിക്കന്നതു കേട്ടാൽ വിസ്മയിക്കേണ്ട. അവളെ അലട്ടേണ്ട. എന്തുകണ്ടാലും ഒന്നും ചോദിക്കരുത്. ഒരു തരത്തിലും അവൾക്ക് അസഹ്യത വരുത്തരുത്. താഴേക്ക് ഇറങ്ങിയപ്പോൾ സഹിച്ചതിനേക്കാളധികമായി മുകളിലേക്കുള്ള കയറ്റത്തിൽ അവൾ സഹിക്കുന്നുണ്ട്. തന്നെത്താൻ താഴേക്കിറങ്ങിയതുപോലെ തന്നെത്താൻ മുകളിലേക്കു കയറണം. താഴേക്കു നീങ്ങിയപ്പോൾ നിന്റെ കണ്ണുകൾ അവൾക്കസഹ്യമായിരുന്നു. കാരണം നിന്റെ കണ്ണുകൾ നിറയെ ശാസനയായിരുന്നു. ഇപ്പോഴും നിന്റെ നോട്ടം അവൾക്കസഹ്യമാണ്. കാരണം ഇപ്പോൾ ലജ്ജ അവൾക്ക് വീണ്ടുകിട്ടിയിരിക്കുന്നു. അന്ന് സാത്താൻ അവളെ പിടിച്ചിരുന്നു. ഒരു ദുഷ്ടശക്തി അവളെ ശക്തിപ്പെടുത്തിയിരുന്നതിനാൽ ലോകത്തെ മുഴുവൻ അവൾ വെല്ലുവിളിച്ചിരുന്നു. എങ്കിൽത്തന്നെ അവളുടെ പാപത്തിൽ നീ അവളെ കാണുന്നത് അവൾക്കസഹ്യമായിരുന്നു. ഇനി സാത്താൻ അവളുടെ യജമാനനല്ല, ഒരതിഥിയാണ്. എങ്കിലും അവൾ അവന്റെ തൊണ്ടയ്ക്കു പിടിച്ചിരിക്കയാണ്. എന്നെ ഇനിയും അവൾക്കു ലഭിച്ചിട്ടില്ല. അതിനാലാണ് അവൾ ബലഹീനയായിരിക്കുന്നത്. അവളുടെ രക്ഷകനോട് പാപങ്ങൾ  ഏറ്റുപറയുന്നത് നീ കാണുക എന്നത് അവൾക്കു സഹിക്കാൻ പറ്റുകയില്ല. അവളുടെ  ശക്തി മുഴുവൻ  ഏഴുതലയുള്ള പിശാചിന്റെ തൊണ്ടയ്ക്കുപിടിച്ച് കീഴ്പ്പെടുത്തുന്നതിനു് ഉപയോഗിക്കുകയാണ്. ബാക്കി ഒന്നും  ചെയ്യാൻ അവൾക്കു ശക്തിയില്ല.   നിസ്സഹായയാണ്. എന്നാൽ  അവൾ ശക്തി പ്രാപിക്കും. മാർത്താ, നീ സമാധാനത്തിൽ പോകൂ.. നയത്തോടെ അവളെ അറിയിക്കണം നാളെ ഞാൻ കഫർണാമിലെ അരുവിയുടെയടുത്ത് വേസ്പരകഴിഞ്ഞ് പ്രസംഗിക്കുന്നുണ്ടെന്ന്... സമാധാനത്തിൽ പോവുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു."
     മാർത്ത ഈശോയെ  ആരാധിച്ചശേഷം മഗ്ദലായിലേക്ക് തിരിച്ചു പോകുന്നു.
               ഈശോ കഫർണാമിൽ പ്രസംഗിക്കുന്നു


     ഈശോ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.  ഒരരുവിയുടെ വൃക്ഷനിബിഡമായ തീരത്തുനിന്നാണ് പ്രസംഗം. ചേർന്നുള്ള ചോളവയലിൽ വലിയ ഒരു ജനാവലി. സമയം സന്ധ്യയാണ്. ആട്ടിൻപറ്റങ്ങൾ ആലയിലേക്കു നീങ്ങുന്നു.

     ഈശോ പ്രസംഗം ആരംഭിക്കുന്നത് കടന്നുപോകുന്ന ആട്ടിൻപറ്റത്തെ പരാമർശിച്ചുകൊണ്ടാണ്. ഈശോ പറയുന്നു:
           നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ആടുകളെക്കുറിച്ചു വിചാരമുള്ള ഒരു നല്ല ഇടയനാണ്. നല്ല ഇടയൻ എന്താണു ചെയ്യുന്നത്? തന്റെ ആടുകൾക്ക് നല്ല മേച്ചിൽസ്ഥലങ്ങൾ അന്വേഷിക്കുന്നു. പുല്ലു മാത്രമല്ല, തണലും ധാരാളം കുടിവെള്ളം കിട്ടുന്ന അരുവികളും അയാൾ തേടുന്നു. ഏറ്റം സമൃദ്ധമായ പുൽമേടുകൾ അയാൾ തെരഞ്ഞെടുക്കുകയില്ല. കാരണം അവയ്ക്കുള്ളിൽ പാമ്പുകളും രോഗം വരുത്തുന്ന ചെടികളും സർവസാധാരണമാണ്. മലഞ്ചെരിവുകളാണയാൾ ഇഷ്ടപ്പെടുന്നത്. അവിടെ മഞ്ഞുതുള്ളികൾ വീണ് പുല്ലിന്റെ ഇലകൾ വൃത്തിയുള്ളവയായിരിക്കും. നല്ല ശക്തിയുള്ള വെയിലടിക്കുന്നതിനാൽ പാമ്പുകൾ അവിടെയുണ്ടായിരിക്കയില്ല. ആരോഗ്യപ്രദമായ വായു ധാരാളം. നല്ലിടയൻ  എല്ലാ        ആടുകളെയും ഓരോന്നോരോന്നായി ശ്രദ്ധിക്കുന്നു. രോഗമുള്ളവയെ അവൻ സുഖപ്പെടുത്തുന്നു. മുറിവേറ്റവയെ വച്ചുകെട്ടുന്നു. അത്യാഗ്രഹം കൊണ്ട് അധികം തീറ്റ തിന്നു രോഗം വരുത്തുന്നവയെ അവൻ ശാസിക്കുന്നു. ഒരു സ്നേഹിതനോടെന്നപോലെ അവയോട് സംസാരിക്കുന്നു. ഭൂമിയിൽ അലഞ്ഞുതിരിയുന്ന സ്വന്തം മക്കളോട് സ്വർഗ്ഗസ്ഥനായ പിതാവ് ഇങ്ങനെതന്നെയാണ് വർത്തിക്കുന്നത്. പിതാവിന്റെ സ്നേഹമാകുന്ന വടി എല്ലാറ്റിനേയും ഒരുമിച്ചുകൂട്ടുന്നു. അവന്റെ സ്വരമാണ് അവരെ നയിക്കുന്നത്. അവന്റെ നിയമമാണ് അവരുടെ മേച്ചിൽപ്പുറം; സ്വർഗ്ഗമാണ് അവരുടെ ആല.

     എന്നാൽ ഒരാട് അവനെ വിട്ടുപോയി. അവന് അതിനെ വലിയ കാര്യമായിരുന്നു. ഇളംപ്രായം, പരിശുദ്ധമായത്, ഏപ്രിൽമാസത്തിലെ വെൺമേഘം പോലെ വെള്ളനിറം. എത്ര നന്നായി അതിനെ വളർത്തണമെന്നും എത്രയധികം സ്നേഹം അതു കാണിക്കുമെന്നും മറ്റും ചിന്തിച്ചുകൊണ്ട് ഇടയൻ വലിയ സ്നേഹത്തോടെ പലപ്പോഴും അതിനെ നോക്കിയിരുന്നു. എന്നാൽ  അത് വഴിമാറിപ്പോയി. മേച്ചിൽപ്പുറത്തിനടുത്തുള്ള വഴിയിലൂടെ ഒരു പ്രലോഭകൻ കടന്നുപോയി. ഒറ്റനിറമുള്ള സാധാരണ  ഉടുപ്പിനു പകരം പലനിറങ്ങളുള്ള വസ്ത്രമാണയാൾ ധരിച്ചിരുന്നത്. ചെറുകോടാലിയും കത്തിയും തൂക്കിയിടുന്ന തുകൽബൽറ്റ് അയാൾക്കില്ല. അയാളുടേതു സ്വർണ്ണബൽറ്റാണ്. ശക്തിയേറിയ സുഗന്ധദ്രവ്യങ്ങളടങ്ങിയ ചെപ്പുകൾ അയാളുടെ കൈവശമുണ്ട്. നല്ലിടയൻ കൊണ്ടുനടക്കുന്നതുപോലുള്ള വടി അയാളുടെ കൈയിലില്ല. നല്ലിടയൻ ആ വടി കൊണ്ട് ആടുകളെ ഒരുമിച്ചു കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ആ വടി പോരാ എന്നുതോന്നുമ്പോൾ കൈക്കോടാലിയും കത്തിയും പ്രയോഗിക്കും. ആവശ്യമെങ്കിൽ ജീവൻതന്നെയും അർപ്പിക്കും. എന്നാൽ പ്രലോഭകന്റെ കൈയിലുള്ളത് ഒരു ധൂമകലശമാണ്. അതിൽനിന്നു പുകയുയരുന്നുണ്ട്. അതിനുള്ളിൽ മിന്നുന്ന രത്നങ്ങളുണ്ട്. അയാൾ പാട്ടുപാടി ഉപ്പു വിതറിക്കൊണ്ടു കടന്നുപോകുന്നു. എന്നാൽ   പോകുന്നില്ല; അവിടെത്തന്നെ നിൽക്കുന്നു. നൂറാമത്തെ ആട്, ഏറ്റം പ്രായം കുറഞ്ഞത്, കാഴ്ചയ്ക്ക് ഏറ്റം യോഗ്യൻ, എടുത്തുചാടി പ്രലോഭകന്റെ പിന്നാലെ ഓടിമറഞ്ഞു കഴിഞ്ഞു. ഇടയൻ അതിനെ വിളിക്കുന്നുണ്ട്, എന്നാൽ   അതുതിരിച്ചു വരുന്നില്ല. അത് വായുവിനേക്കാൾ വേഗത്തിലോടുന്നു, പ്രലോഭകന്റെ ഒപ്പമെത്താൻ. ഓടുന്നവഴിക്ക് അൽപ്പം ശക്തി കിട്ടാൻ അത് ഉപ്പ് തിന്നുന്നു. എന്നാൽ ഉപ്പ് ഉള്ളിൽച്ചെന്നപ്പോൾ ഒരു കത്തൽ അനുഭവം. അതുകൊണ്ട് തണുത്ത വെള്ളംതേടി അത് വനത്തിൽ പച്ചമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിലേക്കു പോകയാണ്.  പ്രലോഭകനെ അനുഗമിച്ച് അത് വനത്തിനുള്ളിലേക്കു കടന്ന് കുന്നുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിനിടയ്ക്ക് വീഴുന്നു. ഒന്ന്, രണ്ട്,  മൂന്ന്. വീഴുന്ന ഓരോ പ്രാവശ്യവും അതിന്റെ കഴുത്തിനുചുറ്റി വഴുവഴുപ്പുള്ള ഇഴജന്തുക്കളുടെ ആലിംഗനമാണ് അനുഭവപ്പെടുക. ദാഹം ശക്തിയായതിനാൽ അഴുക്കുവെള്ളം കുടിക്കുകയും വിശപ്പടക്കാൻ വിഷസസ്യങ്ങൾ തിന്നുകയും ചെയ്യുന്നു. അതേസമയം നല്ലിടയൻ  എന്താണു ചെയ്യുന്നത്? തൊണ്ണൂറ്റിഒൻപത് ആടുകളെയും സുരക്ഷിതമായ ഒരു സ്ഥലത്താക്കിയശേഷം അയാൾ പുറപ്പെടുന്നു. നഷ്ടപ്പെട്ട ആടിന്റെ സൂചന നൽകുന്ന അടയാളങ്ങൾ കണ്ടെത്തുന്നതുവരെ അയാൾ വിശ്രമിക്കുന്നില്ല.  പോയ ആട് തിരിച്ചുവരാത്തതിനാൽ അയാൾ ഉച്ചസ്വരത്തിൽ അതിനെ വിളിക്കുന്നു. ഒരു  ഫലവുമില്ല. അവസാനം വളരെ ദൂരെ നിന്ന് സർപ്പങ്ങൾ ചുറ്റി ബോധമില്ലാതെ കിടക്കുന്ന ആടിനെ അയാൾ കാണുന്നു. അതിനെ സ്നേഹിക്കുന്ന ആളിനെക്കണ്ടപ്പോൾ വേർതിരിഞ്ഞുപോയതിന്റെ ദുഃഖം കാണിക്കാൻ അതിനു കഴിയുന്നില്ല. പകരം അയാളെ അത് പരിഹസിക്കുന്നു. ഈ ആട് ഒരു  കള്ളനെപ്പോലെ, സ്വന്തമല്ലാത്ത  വീടുകളിൽ കയറിയിട്ടുണ്ടെന്ന് ഇടയനു മനസ്സിലാകുന്നുണ്ട്. കുറ്റബോധം കൊണ്ട് ആട് അയാളെ നോക്കുന്നില്ല. നോക്കാൻ അതിനു ധൈര്യം കിട്ടുന്നില്ല. എന്നിട്ടും നല്ലിടയനു മനസ്സു മടുക്കുന്നില്ല. ആടിന്റെയടുത്തു ചെല്ലാൻ ശ്രമിക്കയാണ്. അവസാനം ആടിന്റെയടുത്തെത്തി. ഓ! എന്റെ പ്രിയകുഞ്ഞേ, നിന്നെ ഞാൻ കണ്ടുപിടിച്ചു. അവസാനം നിന്റെയടുത്ത് ഞാനെത്തി. നിനക്കുവേണ്ടി എത്രദൂരം ഞാൻ നടന്നു? നിന്നെ ആലയിലേക്കു കൊണ്ടുപോകാൻ എത്രയധികം ബുദ്ധിമുട്ടി? നിരാശയിൽ നിന്റെ തലതാഴ്ത്തിക്കളയാതെ..... നിന്റെ പാപം എന്റെ ഹൃദയത്തിൽ ഞാൻ കുഴിച്ചുമൂടിയിരിക്കുന്നു. ആരും അതേക്കുറിച്ച് അറിയുകയില്ല. ഞാൻ മാത്രമേ അതറിയുന്നുള്ളൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു.  മറ്റുള്ളവരുടെ വിമർശനത്തിൽനിന്ന് ഞാൻ  നിന്നെ രക്ഷിക്കും. വരൂ, നിനക്കു മുറിവേറ്റുപോയോ? നിന്റെ മുറിവുകൾ ഞാൻ  കാണട്ടെ. എനിക്കവയറിയാം. എന്നാലും നീ എന്നെ അതു കാണിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നീ പരിശുദ്ധി പാലിച്ചിരുന്ന കാലത്ത് നിന്റെ ഇടയനും ദൈവവുമായ എന്നെ നീ നിഷ്കളങ്കമായ കണ്ണുകളോടെ നോക്കുമായിരുന്നല്ലോ. ആ വിശ്വാസത്തോടെ നീ എന്നെ നിന്റെ മുറിവുകൾ കാണിക്കൂ....ശരി, ഇതെല്ലാമാണ് നിന്റെ മുറിവുകൾ അല്ലേ? എല്ലാ മുറിവുകൾക്കും ഒരു പേരു തന്നെ. എത്ര ആഴമായ മുറിവുകൾ ? ആരാണ് ഈ വലിയ മുറിവുകൾ നിന്റെ ചങ്കിലുണ്ടാക്കിയത്? പ്രലോഭകൻ തന്നെ. എനിക്കറിയാം. അവന് കൈക്കോടാലിയോ കത്തിയോ ഇല്ല. എങ്കിലും വിഷമുള്ള അവന്റെ കടി ആഴത്തിൽ മുറിവേൽപ്പിക്കുന്നു. നോക്കൂ, എത്രയധികം മുറിവുകൾ ! എത്രയധികം രക്തമാണു വാർന്നുപോയത് ! എത്രയേറെ മുള്ളുകൾ തറച്ചിരിക്കുന്നു!

          ഓ ! നിരാശയിലാണ്ടിരിക്കുന്ന എന്റെ പാവപ്പെട്ട ആത്മാവേ, എന്നോടു പറയൂ, നിന്നോടു ഞാൻ എല്ലാം ക്ഷമിച്ചാൽ നീ എന്നെ ഇനിയും സ്നേഹിക്കുമോ? എന്റെ കരങ്ങൾ നിന്റെ പക്കലേക്കു നീട്ടിയാൽ ഇങ്ങോട്ടു വരുമോ? എന്നോടൊന്നു പറയൂ, എങ്കിൽവന്ന് വീണ്ടും ജനിക്കുക. പരിശുദ്ധമായ മേച്ചിൽപ്പുറങ്ങളിലേക്കു വീണ്ടും വരിക. നീ കരയൂ ... നിന്റെ കണ്ണീരും എന്റെ കണ്ണീരും കൂടെ നിന്റെ പാപത്തിന്റെ അടയാളങ്ങൾ കഴുകിക്കളയും. നിന്നെ ദഹിപ്പിച്ച തിന്മ നിമിത്തം നീ അവശതയിലായതിനാൽ എന്റെ നെഞ്ചും എന്റെ രക്തക്കുഴലുകളും നിനക്കായി തുറന്നുകൊണ്ടു ഞാൻ  പറയുന്നു, ഇവ ഭക്ഷിക്കുക; അങ്ങനെ ജീവിക്കൂ .... നിന്നെ എന്റെ കരങ്ങളിൽ ഞാൻ  വഹിക്കുന്നതിന് എന്റടുത്തേക്കു വരൂ.... നമുക്ക് അതിവേഗത്തിൽ നടന്ന് ശുദ്ധമായ പുൽമേടുകളിലേക്കു പോകാം. നീ ദുരിതത്തിന്റെ ഈ  സമയത്തെ വിസ്മരിക്കുക. നിന്റെ തൊണ്ണൂറ്റിഒൻപത് നല്ല സഹോദരങ്ങളും നീ തിരിച്ചുവന്നല്ലോ എന്നോർത്തു സന്തോഷിക്കും. ഞാൻ  നിന്നോടു പറയുന്നു, ആല വിട്ടു പോകാതിരുന്ന തൊണ്ണൂറ്റിഒൻപത് നീതിമാന്മാരേക്കാൾ, നഷ്ടപ്പെട്ടശേഷം കണ്ടെടുക്കപ്പെട്ട ഒന്നിനെക്കുറിച്ച് നല്ലവരുടെ ഇടയിൽ കൂടുതൽ സന്തോഷമുണ്ടാകും."

         ഈശോ പിന്നിലെ റോഡിലേക്ക് ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കിയിട്ടില്ല. ആ വഴിയേ, സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ മഗ്ദലായിലെ മേരിവന്നുചേർന്നിരിക്കുന്നു. ഒരു കറുത്ത ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. ഈശോ, 'എന്റെ പ്രിയപ്പെട്ട നിന്നെ ഞാൻ കണ്ടെത്തി' എന്നുതുടങ്ങി തുടർന്നു പറയുന്ന വാക്കുകൾ കേട്ട് മേരി അവളുടെ മുഖാവരണം കൊണ്ട് മുഖം പൊത്തി നിർത്താതെ കരയുന്നു.

   ആളുകൾക്ക് അവളെ കാണാൻ കഴിയുന്നില്ല. കാരണം അവൾ അരുവിയുടെ ഇങ്ങേക്കരയിലാണ്. തലയ്ക്കുമീതേ വന്നിട്ടുള്ള ചന്ദ്രനും ഈശോയുടെ അരൂപിയും മാത്രമേ അവളെക്കാണുന്നുള്ളൂ.

Wednesday, October 5, 2011

'പ്രാവുകളെപ്പോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കുവിൻ

ഈശോ കഫർണാമിലാണ്. അപ്പസ്തോലന്മാരുമൊത്ത് അത്താഴം കഴിച്ചശേഷം വിശ്രമിക്കാനായി പോകുന്നതിനുമുൻപ് ദിവസത്തിലെ  അവസാനത്തെ പ്രബോധനം നൽകുന്നു.
"ശ്രദ്ധിച്ചുകേൾക്കൂ. നമ്മൾ പരദേശിയോട് നമ്മുടെ രഹസ്യങ്ങൾ പറയരുത് എന്നെഴുതപ്പെട്ടിരിക്കുന്നു. കാരണം അവന്റെ  സ്വഭാവം നമുക്കറിഞ്ഞുകൂടാ. എന്നാൽ നമ്മുടെ  സഹപൗരന്മാരുടെ ഹൃദയം തന്നെ നമുക്കറിയാമെന്നു പറയാൻ കഴിയുമോ? അഥവാ നമ്മുടെ സ്നേഹിതരുടെ ഹൃദയങ്ങൾ? അഥവാ നമ്മുടെ ബന്ധുക്കളുടെ ഹൃദയങ്ങൾ?  മനുഷ്യ ഹൃദയത്തെക്കുറിച്ച് പരിപൂർണ്ണ അറിവ് ദൈവത്തിനു മാത്രമേയുള്ളൂ.  സഹജീവികളായ മനുഷ്യരുടെ ഹൃദയം  അറിയാൻ ഒരു മാർഗ്ഗമേയുള്ളൂ. അവന്റെ പ്രവൃത്തിയിലും വാക്കിലും നമ്മുടെ സത്യസന്ധമായ വിധിതീർപ്പിലും അതടങ്ങിയിരിക്കുന്നു. നമ്മുടെ സത്യസന്ധമായ വിലയിരുത്തലിൽ, അയൽക്കാരന്റെ പ്രവൃത്തിയിലും വാക്കിലും യാതൊരു നന്മയും  ഇല്ലന്ന് കാണുകയാണെങ്കിൽ അപ്പോൾ നമുക്കു പറയാം; "ഈ മനുഷ്യന്  സത്യസന്ധമായ ഒരു ഹൃദയം  ഇല്ല. അതിനാൽ ഇയാളെ വിശ്വസിക്കരുത്" എന്ന്. എങ്കിലും സ്നേഹത്തോടെ അയാളോടു വർത്തിക്കണം. കാരണം അയാൾ ഏറ്റം ദയനീയസ്ഥിതിയിലെത്തിയിട്ടുള്ള നികൃഷ്ടനാണ്. ഏറ്റം വലിയ സന്തോഷമില്ലായ്മ അനുഭവിക്കുന്നവനാണ്. രോഗബാധിതമായ ഒരരൂപി. പക്ഷേ അയാളുടെ പ്രവൃത്തികളെ അനുകരിക്കരുത്. അയാളുടെ  ഉപദേശങ്ങൾ അൽപ്പംപോലും ശ്രവിക്കയുമരുത്. 
താഴെപ്പറയുന്ന അഹങ്കാരചിന്തകൾ കൊണ്ട് സ്വയം ഉപദ്രവിക്കരുത്. "എനിക്കു ശക്തിയുണ്ട്; മറ്റുള്ളവരുടെ തിന്മകളൊന്നും എന്നെ ബാധിക്കയില്ല. ഞാൻ നീതിനിഷ്ഠനാണ്; അനീതി കാട്ടുന്നവരോട് ഇടപെട്ടാലും ഞാൻ നീതിമാൻ തന്നെയായിരിക്കും." നന്മയുടേയും തിന്മയുടേയും ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒരു അഗാധ ഗർത്തമാണ് മനുഷ്യൻ. ആദ്യത്തെ ഘടകം, അതായത് ദൈവസഹായം, നമ്മെ നല്ലവരാകുവാനും രാജാക്കന്മാരാകുവാനും സഹായിക്കുന്നു. രണ്ടാമത്തെത്, അതായത്  തിന്മയുടെ ദുരാഗ്രഹങ്ങളും ചീത്ത കൂട്ടുകെട്ടുകളും കൂടുതൽ ദുഷ്ടരായിത്തീരുവാനും ക്രൂരമായി ഭരിക്കുവാനും സഹായിക്കുന്നു. തിന്മയുടെ  എല്ലാ ബീജങ്ങളും നന്മയുടെ എല്ലാ ആഗ്രഹങ്ങളും മനുഷ്യനിൽ ഒളിഞ്ഞുകിടപ്പുണ്ട്. ദൈവഹിതം നന്മയിലേക്ക് ആകർഷിക്കയും ആശ്വസിപ്പിക്കുകയും സ്നേഹിക്കയും ചെയ്യമ്പോൾ, സാത്താൻ പ്രലോഭിപ്പിക്കയും സ്വാധീനിക്കയും തിന്മയ്ക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. സാത്താൻ വഞ്ചിക്കയും ദൈവത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കയുമാണ്. ദൈവം എപ്പോഴും വിജയിക്കുന്നില്ല. കാരണം സൃഷ്ടികൾക്ക് വലിയ ഭാരമാണ്. ഭാരമായതുകൊണ്ട് താത്ക്കാലിക സംതൃപ്തിയും സന്തോഷവും നൽകുന്ന എന്തിനും  ആഗ്രഹിക്കയും അതിനു് സ്വയം താണുകൊടുക്കുകയും ചെയ്യുന്നു. അതായത്   മനുഷ്യന്റെ അധമപ്രവണതകൾക്ക് വഴങ്ങുന്നു.
മനുഷ്യന്റെ ബലഹീനതയെക്കുറിച്ച് നിങ്ങളോടു ഞാൻ  പറഞ്ഞതിൽനിന്നും നിങ്ങൾ മനസ്സിലാക്കണം സ്വയം  വിശ്വസിക്കരുതെന്നും അയൽക്കാരെ നന്നായി സൂക്ഷിച്ചുകൊള്ളണമെന്നും.  അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ അശുദ്ധമായ മനസ്സാക്ഷിയുള്ളവന്റെ വിഷത്തോട് നിന്റെ ഉള്ളിൽ പൊന്തിവരുന്ന വിഷവും ചേർക്കുകയായിരിക്കും ചെയ്യുക. ഒരു  സ്നേഹിതൻ നിന്റെ ഹൃദയത്തെ നശിപ്പിക്കുന്നുവെന്ന് നീ മനസ്സിലാക്കുമ്പോൾ, അവന്റെ വാക്കുകൾ നിന്റെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുമ്പോൾ, ഉപദ്രവകരമായ ആ സ്നേഹം നീ ഉപേക്ഷിക്കണം.  ഉപേക്ഷിക്കാതിരുന്നാൽ അവസാനം നിന്റെ ആത്മാവ് നശിക്കുന്നതു കാണാൻ നിനക്കിടയാകും. മാരകമായ പാപം ചെയ്തിട്ടുള്ള ഓരോ മനുഷ്യനും, എങ്ങനെ അപ്രകാരമുള്ള പാപം ഉണ്ടായി എന്നുള്ളത് വ്യക്തമാക്കുവാൻ അവസരം ലഭിച്ചാൽ, എല്ലാവരും പറയുന്നത് ചീത്ത കൂട്ടുകെട്ടാണ് അതിന്റെ ആരംഭം എന്നായിരിക്കും.
കാരണം കൂടാതെ നിങ്ങളോടു കലഹിച്ചതിനുശേഷം സ്തുതികളും സമ്മാനങ്ങളും കൊണ്ട് നിങ്ങളെ മൂടുന്നവരെ വിശ്വസിക്കരുത്. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും സ്തുതിക്കുന്നവരെ, എല്ലാവരേയും എല്ലാറ്റിനേയും സ്തുതിക്കുന്നവരെ വിശ്വസിക്കരുത്. സൊറ പറഞ്ഞിരിക്കുന്നവരെ അദ്ധ്വാനിക്കുന്നവരെന്നും വ്യഭിചാരികളെ വിശ്വസ്തരായ ഭർത്താക്കന്മാരെന്നും അക്രമികളെ ശാന്തശീലരെന്നും അവർ വിളിക്കും. ഇങ്ങനെ അവർ ചെയ്യുന്നത് നിങ്ങളെ നശിപ്പിക്കുവാനും നിങ്ങളുടെ  അധഃപതനം വഴി അവരുടെ കുടിലമാർഗ്ഗങ്ങൾ ലക്ഷ്യത്തിലെത്തിക്കുവാനുമാണ്. സ്തുതികളും  വാഗ്ദാനങ്ങളും കൊണ്ട് നിങ്ങളെ  ലഹരി പിടിപ്പിക്കുന്നവരുടെ സാമീപ്യം നിങ്ങൾ  ഒഴിവാക്കുക. ലഹരിയില്ലാത്ത സമയത്ത് നിങ്ങൾ ചെയ്കയില്ലാത്ത കാര്യങ്ങൾ നിന്നെക്കൊണ്ട് ചെയ്യിക്കുവാനാണ് ഇങ്ങനെ നിന്നെ പുകഴ്ത്തുന്നത്. നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കട്ടെ. ഞാൻ  പറയുന്നു: 'പ്രാവുകളെപ്പോലെ  നിഷ്കളങ്കരായിരിക്കയും അതേസമയം സർപ്പങ്ങളെപ്പോലെ ബുദ്ധിയുള്ളവരായിരിക്കയും ചെയ്യുവിൻ എന്ന്. കാരണം വിശുദ്ധമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ നിഷ്കളങ്കത വിശുദ്ധമാണ്. എന്നാൽ  തന്നെത്തന്നെയും തന്റെ സ്നേഹിതരെയും നശിപ്പിക്കാതെ ലോകത്തിൽ ജീവിക്കണമെങ്കിൽ, വിശുദ്ധാത്മാക്കളെ വെറുക്കുന്നവരുടെ കൗശലങ്ങൾ കണ്ടുപിടിക്കാനുള്ള കുശാഗ്രബുദ്ധിയുമുണ്ടായിരിക്കണം. ലോകം പാമ്പുകളുടെ കൂടാണ്. ലോകത്തിന്റെയും അതിന്റെ രീതികളുടേയും നീക്കം നിങ്ങൾക്കറിയാമായിരിക്കണം. എന്നിട്ട് സർപ്പങ്ങൾ കിടക്കുന്ന കുഴികളിലല്ല, ഉയർന്ന പാറക്കെട്ടുകളുടെയിടയിൽ അഭയംതേടുന്ന പ്രാവുകളെപ്പോലെ  ഉയരത്തിൽ വസിക്കുവിൻ. ദൈവമക്കൾക്കുള്ള നിഷ്കളങ്കഹൃദയമുള്ളവരായിരിക്കുവിൻ. പ്രാർത്ഥിക്കുക; വീണ്ടും വീണ്ടും പ്രാർത്ഥിക്കുക; കാരണം  ഞാൻ ഗൗരവമായിപറയുന്നു, ആ വലിയ  സർപ്പം നിങ്ങളുടെ   ചുറ്റിലും ചീറ്റുന്നുണ്ട്. അതിനാൽ നിങ്ങൾ വലിയ ആപത്തിലാണ്. ജാഗ്രതയില്ലാത്തവർ നശിക്കും. അതെ, ശിഷ്യരിൽ ചിലർ നശിക്കും. സാത്താനു സന്തോഷവും ക്രിസ്തുവിന് അതിരില്ലാത്ത ദുഃഖവും ഉണ്ടാകും."


"അതാരായിരിക്കും കർത്താവേ? ഒരുപക്ഷേ നമ്മുടെ കൂടെയല്ലാത്ത വല്ലവരുമായിരിക്കും... പാലസ്തീനാക്കാർ ആരുമായിരിക്കയില്ല..."
"അത് അന്വേഷണവിധേയമാക്കേണ്ട. വലിയ അശുദ്ധിയുണ്ടാകും, ദേവാലയത്തിൽ അത് പ്രവേശിച്ചുകഴിഞ്ഞു എന്നെഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധസ്ഥലത്ത് പാപം ചെയ്യുക സാദ്ധ്യമാണെങ്കിൽ എന്റെ അനുയായികളിൽ ഒരു ഗലീലേയനോ യൂദായാക്കാരനോ പാപം ചെയ്യുവാൻ പാടില്ലേ? എന്റെ സ്നേഹിതരേ നിങ്ങൾ ജാഗ്രത പാലിക്കുവിൻ. നിങ്ങളെത്തന്നെയും മറ്റുള്ളവരേയും സൂക്ഷിക്കുക. മറ്റുള്ളവർ നിങ്ങളോടു് എന്തുപറയുന്നു എന്നത് സൂക്ഷിച്ചു മനസ്സിലാക്കുക. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളോടു പറയുന്നത് ശ്രദ്ധിക്കുവിൻ. നിങ്ങൾക്കുതന്നെ ഒന്നും വ്യക്തമാകുന്നില്ലെങ്കിൽ എന്റെ പക്കൽ വരിക. കാരണം ഞാൻ പ്രകാശമാകുന്നു."
ജോണിന്റെ പിന്നിൽനിന്ന് പത്രോസ് പരിഭ്രമം കാണിക്കയും എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ട്. ഒന്നും സമ്മതിക്കാതെ ജോൺ തലയാട്ടുന്നു. ഈശോ തിരിഞ്ഞപ്പോൾ അതുകണ്ടു. പത്രോസ്, താനൊന്നുമറിഞ്ഞില്ല എന്നു നടിക്കുകയും പോകുവാൻ ഭാവിക്കുകയും ചെയ്യുന്നു. ഈശോ എഴുന്നേറ്റു; ശാന്തമായി പുഞ്ചിരിതൂകി... പിന്നെ പ്രാർത്ഥന ആരംഭിച്ചു. പ്രാർത്ഥന  കഴിഞ്ഞ് എല്ലാവരേയും അനുഗ്രഹിച്ച് പറഞ്ഞയച്ചു.

Tuesday, October 4, 2011

മഗ്ദലനാ മേരിയുടെ മാനസാന്തരം

ഈശോയുമായി കണ്ടുമുട്ടിയ രണ്ടുതവണയും അവിടുന്ന് മഗ്ദലനാ മേരിയെ പരോക്ഷമായി, എന്നാല്‍  കരുണാമസൃണമായും അവളുടെ ഹൃദയത്തില്‍  ആഞ്ഞുതറയ്ക്കുന്ന വിധത്തിലും ശാസിച്ചു. ഈശോയുടെ വാക്കുകള്‍  അവളെ ആഴത്തില്‍  സ്പര്‍ശിച്ചു. മഗ്ദലായിലെ അവളുടെ കൊട്ടാരസദൃശ്യമായ ഭവനത്തില്‍  വിരുന്നുസല്‍ക്കാരങ്ങളും വെറിക്കൂത്തുകളും അവൾ ഒഴിവാക്കിത്തുടങ്ങി. കാമുകരുടെ ക്ഷണം സ്വീകരിച്ച് അവരുടെ സല്‍ക്കാരങ്ങളില്‍  പങ്കെടുക്കുന്ന പതിവും അവള്‍ നിര്‍ത്തി. സഹോദരിയായ മാര്‍ത്തയെ അവള്‍ ബഥനിയില്‍  നിന്ന് ആളയച്ചു വരുത്തി.


(ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍   ‍കുഷ്ഠരോഗത്തില്‍  നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീര്‍ന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീര്‍ ന്ന ബഥനിയിലെ ലാസറിന്റെ ( ലാസറസ് ) സഹോദരിമാരാണ് മാര്‍ത്തയും മേരിയും. സിറിയയിലെ റോമന്‍ ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍  താമസമാക്കിയപ്പോള്‍ ഇളയവളായ മേരി സഹോദരങ്ങളില്‍  നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തില്‍  സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാർത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിക്കുകയും പ്രാർത്ഥിച്ച് കാത്തിരിക്കാന്‍  ഈശോ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.)

മാർത്തയെ മഗ്ദലായിലേക്കു പറഞയച്ച ശേഷം ഉത്കണ്ഠയോടും പ്രതീക്ഷയോടും കൂടി ലാസറസ് ബഥനിയില്‍  കാത്തിരിക്കുമ്പോള്‍ ഈശോ തീക്ഷ്ണമതിയായ സൈമണുമൊത്ത് അവിടെയെത്തുന്നു. മഗ്ദലായില്‍  ചെന്നശേഷം മാർത്ത ഭൃത്യന്‍  വശം കൊടുത്തുവിട്ട ഒരു കത്ത് ലാസറസ് ഈശോയ്ക്ക് വായിക്കാനായി കൊടുത്തു. അതില്‍  ഇപ്രകാരം എഴുതിയിരുന്നു.

"ലാസറസ്സേ, എന്റെ സഹോദരാ, നിനക്ക് സമാധാനവും അനുഗ്രഹവും നേരുന്നു. സുരക്ഷിതരായി കുറഞ്ഞ സമയത്തിനുള്ളില്‍  ഞങ്ങളിവിടെയെത്തി. എനിക്കു ഭയം കൊണ്ടുണ്ടായ ചങ്കിടിപ്പെല്ലാം മാറി. മേരി, നമ്മുടെ മേരി സുഖമായിരിക്കുന്നു. ഇനിയത്തെ കാര്യം ഞാന്‍  പറയട്ടെ ?...........അവള്‍ എന്നെ കെട്ടിപ്പിടിച്ചു വളരെ ദുഃഖത്തോടെ കരഞ്ഞു. പിന്നീട് രാത്രി ഉറങ്ങാന്‍  എന്നെ കൂട്ടിക്കൊണ്ടുപോയി. മുറിയില്‍ വച്ച് ഗുരുവിനെക്കുറിച്ച് പലതും എന്നോടു ചോദിച്ചു. അവളെ കാണുകയും അവളുടെ സംസാരം കേൾക്കുകയും ചെയ്തപ്പോള്‍ എന്റെയുള്ളില്‍  പ്രത്യാശ വളരുന്നു. എന്റെ പ്രിയസഹോദരാ, പ്രാർത്ഥിക്കൂ, പ്രത്യാശയുള്ളവനായിരിക്കൂ. ഞാന്‍  ഇവിടെ കുറച്ചു ദിവസങ്ങള്‍ കൂടി ചെലവഴിക്കുകയാണ്. കാരണം, പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവളെ ശക്തിപ്പെടുത്തുന്നതിന് ഞാനും കൂടെയുണ്ടാകണമെന്ന് അവളാഗ്രഹിക്കുന്നു. അവള്‍ക്ക് പഠിക്കണമെന്നും പറയുന്നു. എന്താണെന്നോ ? നമുക്ക് പണ്ടേ അറിയാവുന്ന കാര്യം. ഈശോയുടെ പരിധിയില്ലാത്ത ഔദാര്യം. അവള്‍ ഇപ്പോള്‍ വളരെ ചിന്താമഗ്നയാണ്. ഈശോ ഇവിടെയുണ്ടായിരുന്നെങ്കില്‍  എന്നു ഞാനാശിച്ചുപോകയാണ്. പ്രാർത്ഥിച്ചു കാത്തിരിക്കൂ. കർത്താവു് നിന്നോടുകൂടി ഉണ്ടായിരിക്കട്ടെ. എന്ന് സഹോദരി മാർത്ത."

ഈശോ കത്ത്  വായിച്ചശേഷം തിരിച്ചേല്‍ പ്പിച്ചുകൊണ്ടു പറഞ്ഞു: "ഞാന്‍  പോകാം. രണ്ടാഴ്ചയ്ക്കകം കഫര്‍ണാമില്‍  വന്ന് എന്നെക്കാണാന്‍  മാര്‍ത്തയോടു  പറയുക.  അതു സാധിക്കുമോ"?

"സാധിക്കും.അതു ചെയ്യാന്‍ പറ്റും. അപ്പോള്‍ എന്റെ കാര്യമോ?"

"നീ ഇവിടെത്തന്നെ താമസിക്കുക. ഞാന്‍  മാർത്തയെയും ഇങ്ങോട്ടു പറഞ്ഞയയ്ക്കാം."

"എന്തുകൊണ്ടാണങ്ങനെ ?"

"കാരണം രക്ഷയിലേക്കു കടന്നുവരുന്നതു് ഏറ്റം രഹസ്യമായിട്ടുവേണം. അതങ്ങിനെയാണ്. മാതാപിതാക്കളോ സഹോദരങ്ങളോ കാണുന്നതാണ് അവര്‍ക്ക് ഏറ്റം ലജ്ജ വരുത്തുന്നത്. ഞാനും നിന്നോടു പറയുന്നു, പ്രാർത്ഥിക്കുക, പ്രാര്‍ത്ഥിക്കുക."


ഈശോയുടെ മാറില്‍ച്ചാരി ലാസറസ്സ് വലിയ ദുഃഖത്തോടെ കരയുന്നു. കരച്ചില്‍  കുറച്ചു ശാന്തമായപ്പോൾ മനസ്സിലെ ഉത്കണ്ഠയും നിരാശയുമെല്ലാം ഈശോയോട് പറയുന്നു; "ഒരു വർഷത്തോളമായി ഞാന്‍  പ്രത്യാശയോടെയും .......... നിരാശയോടെയും കഴിയുകയാണ്. ഉത്ഥാനമുണ്ടാകുന്നതിന് ഇത്രയധികം സമയം വേണ്ടിവരുമോ ?" വിസ്മയത്തോടെ ലാസറസ്സ് ചോദിക്കുന്നു.


മനസ്സിലുള്ളതെല്ലാം പറയുന്നതിന് ഈശോ ലാസറസ്സിനെ അനുവദിക്കുന്നു.