ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Tuesday, May 20, 2014

സഹനത്തെ എങ്ങിനെ അഭിമുഖീകരിക്കണം ?

അതാത്  ദിവസത്തേക്ക് ജീവിക്കുക 

                     "ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി" (മത്താ.6:34) ദൈവം നമുക്കയയ്ക്കുന്ന ദുഃഖങ്ങളെ ഓരോ നിമിഷവും ഓരോ ദിവസവും ശാന്തമായി സഹിക്കണമെന്ന് നമ്മെ പഠിപ്പിക്കാൻ വേണ്ടിയാണ് ഈശോ ഇങ്ങനെ പറഞ്ഞത്. ഇന്നലത്തെ സഹനങ്ങളെപ്പറ്റി ചിന്തിക്കാതെ, നാളെ എന്തു സംഭവിക്കുമെന്നു പര്യാകുലരാകാതെ ഓരോ ദിവസത്തെയും ക്ലേശങ്ങളെ അന്നന്ന് നാം അഭിമുഖീകരിക്കണം. നമുക്ക് നന്മയ്ക്കായുള്ള ഒരു മാർഗ്ഗമായി പരിണമിക്കാത്ത ഒരു പരീക്ഷണവും ദൈവപരിപാലന അനുവദിക്കില്ലെന്നു ഗ്രഹിച്ചുകൊണ്ട് അനുദിനമുള്ള സഹനങ്ങളെ നാം നിസ്സംഗതയോടെ, പരാതി കൂടാതെ നേരിടണം. ജീവിതം കാഴ്ച വെയ്ക്കുന്ന പരീക്ഷണങ്ങളും വേദനകളും സ്വീകരിക്കാൻ ഓരോ ദിവസവും നാം തയ്യാറായിരിക്കണം. നാളത്തെ ഭാരങ്ങളോടൊപ്പം ഇന്നലത്തെതും കൂട്ടി ചേർത്ത് ഇന്നു വഹിക്കുന്നപക്ഷം ഏറ്റം ബലവാന്മാർക്കു പോലും കാലിടറും. ഭൂതകാലത്തിലേക്കും ഭാവിയിലേക്കും തുറക്കുന്ന മനസ്സിന്റെ കവാടങ്ങൾ നാം അടച്ചുകളയണം.  

ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി 
                           ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി സഹിക്കുമ്പോൾ മാത്രമേ, സഹനത്തിന് സ്വഭാവാതീതമായ മൂല്യമുള്ളൂ. സഹനത്തെ വിശുദ്ധീകരിക്കുന്നത് യേശുവാണ്. അവിടുത്തോട്‌ ബന്ധപ്പെടുന്നില്ലെങ്കിൽ അത് നിഷ്പ്രയോജനമത്രേ. എന്നാൽ, അവിടുത്തോടുള്ള സ്നേഹത്തെപ്രതി സ്വീകരിക്കപ്പെടുമ്പോൾ, അത് ആത്മാക്കളെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും ഉതകുന്ന വിലയേറിയ നാണയമായിത്തീരുന്നു.

വിനീതമായ പ്രാർത്ഥനയിലൂടെ 
                               സഹനങ്ങളെ ദൈവസ്നേഹത്തെപ്രതി സ്വീകരിക്കാൻ നമുക്ക് കഴിയണമെന്നാണ് ക്രിസ്തുവിന്റെ പീഡാസഹനം സമൂർത്തരൂപത്തിൽ നമ്മെ പഠിപ്പിക്കുന്നത്‌. ദൈവം സ്വപുത്രനെ കുരിശിലെ ഭീകരമരണത്തിന് വിധേയനാക്കി. കുരിശിലൂടെ നാം രക്ഷിക്കപ്പെടുകയും ചെയ്തു. ഒരു ശരാശരി സന്യാസിയോ വൈദികനോ ക്രിസ്തുവിന്റെ പീഡകളുടെ സവിശേഷ പ്രാധാന്യം ഗ്രഹിച്ചെന്നു വരില്ല. കുരിശിന് പരിഹാരബലിയെന്ന നിലയില്ലുള്ള ദൈവശാസ്ത്രപരമായ മൂല്യം ഗ്രഹിച്ചതുകൊണ്ടുമായില്ല.  ക്രിസ്തുവിന്റെ കുരിശ് രഹസ്യങ്ങളുടെ രഹസ്യമാണ്. കേവലമായ ഒരു പഠനത്തിലൂടെ അത് ഗ്രഹിക്കാൻ കഴിയില്ല. ആത്മാർത്ഥവും വിനീതവുമായ പ്രാർത്ഥ, മൗനം, ആത്മപരിത്യാഗം എന്നിവയൊക്കെയാണ് അതു മനസ്സിലാക്കാനുള്ള മാർഗ്ഗങ്ങൾ.


(By Fr.Chacko Bernad)

Sunday, May 18, 2014

സഹനം ഒരു അനുഗ്രഹം

                  ദൈവം തിരുമനസ്സാവുകയോ അനുവദിക്കുകയോ ചെയ്യാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. 'എല്ലാം അനുഗ്രഹം തന്നെ' എന്നാണ് വി.കൊച്ചുത്രേസ്യ പറയുന്നത്. ദൈവം ദുരന്തങ്ങൾ അനുവദിക്കുന്നെങ്കിൽ, അത് അവയിൽ  നിന്ന്  മഹത്തായ ഏതോ നന്മ പുറപ്പെടുവിക്കാൻ വേണ്ടിയാണ്. വിഷമതകളുടെ നടുവിലാണ് നമ്മുടെ സുകൃതവും നന്മയും ബലിഷ്ഠമാകുന്നത്. സഹനം ഒരു ചൂണ്ടുപലകയാണ്. ആത്മാവിന്റെ ആരോഗ്യത്തിന് കൂടുതൽ ഉപകരിക്കുന്നതേതെന്ന്, ചിന്താക്കുഴപ്പം പിടിച്ച നമ്മുടെ മനസ്സിന് അത് സൂചന നല്കുന്നു. പരീക്ഷകളിൽ നാം ചഞ്ചലചിത്തരായി അടി പതറുന്നെങ്കിൽ അതു നമ്മുടെ വിശ്വാസരാഹിത്യത്തെയാണ് കാണിക്കുന്നത്. എല്ലാം നമുക്ക് എതിരായിരിക്കുമ്പോഴും ഒരു കാര്യം ഉറപ്പിക്കാം; നാം ആദ്യം ദൈവത്തെ പരിത്യജിക്കാത്തപക്ഷം ഒരിക്കലും നമ്മെ അവിടുന്ന് കൈവിടുകയില്ല. പരാതികൾ ഉയർത്തിക്കൊണ്ട് നിരാശയിൽ നിപതിക്കുന്നതിനു പകരം, പരീക്ഷണഘട്ടങ്ങളിൽ നാം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണു വേണ്ടത്. ക്രിസ്തുവിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ചു നമുക്കും, നമുക്ക് അവിടുത്തോടുള്ള സ്നേഹത്തെക്കുറിച്ച് ക്രിസ്തുവിനും ഉറപ്പുള്ളപ്പോഴാണ് തന്റെ സഹനങ്ങളിൽ ഓഹരിക്കാരാകാൻ അവിടുന്ന് ആവശ്യപ്പെടുന്നത്.
                 ഭൌമിക മഹത്വം മാത്രം സ്വപ്നം കാണുന്നവർക്ക് സഹനത്തിന്റെ രഹസ്യം ഗ്രഹിക്കുക പ്രയാസകരമത്രേ. ക്രൂശിതനായ ക്രിസ്തു "യഹൂദന്മാർക്ക് ഇടർച്ചയും പുറജാതികൾക്കു ഭോഷത്തവുമാണ്" എന്ന് (കോറി . 1:23) വി.പൗലോസ്‌ പറയുന്നു. തന്റെ പീഡാനുഭവത്തെപ്പറ്റി ആദ്യം സൂചിപ്പിച്ചപ്പോൾ, അതിനെതിരേ ശബ്ദമുയർത്തിയ പത്രോസിനോട് ഈശോ പറഞ്ഞു: "സാത്താനെ, എന്റെ മുൻപിൽ നിന്ന് പോകൂ... നീ നമുഷ്യൻ ചിന്തിക്കുന്നതുപോലെയാണ് ചിന്തിക്കുന്നത്; ദൈവം ചിന്തിക്കുന്നതുപോലെയല്ല.."(മത്താ. 16:23)  കുരിശിന്റെ മൂല്യം ഗ്രഹിക്കാനുതകുന്ന പ്രകാശം മനുഷ്യനേത്രങ്ങൾക്കില്ല. സഹനത്തിന്റെ രഹസ്യത്തെ അഭിമുഖീകരിക്കുമ്പോൾ നാം ഏറെക്കുറെ അന്ധരാണ്. നമുക്ക് ഒരു പുതിയ പ്രകാശം ആവശ്യമുണ്ട് - പരിശുദ്ധാത്മാവിന്റെ പ്രകാശം...! നല്ലയാളുകൾക്കുണ്ടാകുന്ന സഹനങ്ങളെക്കുറിച്ച് ലോകം പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ വേണ്ടി, സുഖോന്മുഖമായ നമ്മുടെ ആന്തരിക പ്രവണതകൾ അസംഖ്യം മാർഗങ്ങളിലൂടെ ശ്രമം നടത്താം.. സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കാനായി നാം നിരന്തരം പ്രാർഥിക്കണം.


(By Fr.Chacko Bernad C.R)

Saturday, May 17, 2014

സഹനം ലാഭകരം

                   
സഹനം അതിൽത്തന്നെ ഒരു തിന്മയാണ്. അതു നമുക്ക് രുചിക്കുന്നതുമല്ല. നാം സഹനത്തെ സ്വാഗതം ചെയ്യുന്നത് അതിനുവേണ്ടിയല്ല; പ്രത്യുത നമ്മുടെ ആദ്ധ്യാത്മികവ്യാധികൾ ശമിപ്പിക്കുവാൻ അതിനുള്ള ശക്തി നിമിത്തമാണ്. ദൈവം നമ്മുടെ ആദിമാതാപിതാക്കൾക്ക് നല്കിയ സ്വഭാവാതീതദാനങ്ങളിലൂടെ അവരെ സഹനത്തിൽ  നിന്നും ഒഴിച്ചുനിർത്തി. ദൈവം ആദിയിൽ  സൗഭാഗ്യം മാത്രമാണ് മനുഷ്യകുലത്തിനു നല്കിയത്. പാപത്തിലൂടെ ആ ദാനങ്ങൾ എന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ദൈവത്തിന്റെ പദ്ധതി നിരസിച്ചപ്പോൾ, മനുഷ്യൻ തനിക്കായി ഭോഗാസക്തിയും സഹനവും തെരെഞ്ഞെടുക്കയാണ് ചെയ്തത്. ദൈവമല്ല, മറിച്ച് പാപമാണ് സങ്കടങ്ങളുടെ കർത്താവ്.  പിന്നീട് മനുഷ്യൻ തന്റെ തെറ്റു തിരുത്താൻ ശ്രമം നടത്തിയപ്പോൾ, കാരുണ്യവാനായ ദൈവം നല്കുന്ന അനുപേക്ഷണീയമായ ഒരു ഔഷധമാണ് സഹനം എന്ന് അവൻ മനസ്സിലാക്കി.
                           അങ്ങനെ സഹനം ഒരു ഉപകരണവും മാർഗവുമാണ്‌.  നാം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അതിന്റെ പ്രയോജനം ലഭിക്കുക. നാം അനുഭവിക്കേണ്ടിവരുന്ന സഹനം, നമ്മെ സംബന്ധിച്ച് അനുഗ്രഹമോ ശാപമോ എന്നു തീരുമാനിക്കുന്നത് നാം തന്നെയാണ്. നമുക്ക് ആഗ്രഹമുള്ളപക്ഷം സഹനത്തെ ലാഭകരമാക്കാം. ദൈവം സഹനം അനുവദിക്കുന്നു എന്ന വസ്തുത തന്നെ, അത് നന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള സാധ്യതയ്ക്കു തെളിവാണ്. പക്ഷെ, അത് യഥാർഥത്തിൽ കൈകാര്യം ചെയ്യേണ്ടത് നാം തന്നെ.  ഈ വസ്തുതയ്ക്കുള്ള  ഏറ്റം മികച്ച തെളിവ്, നമ്മുടെ കർത്താവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരത്രേ. അവരിലൊരാൾ ദൈവദൂഷണം പറഞ്ഞുകൊണ്ട് ദൈവത്തോട് മറുതലിച്ചു. അപരൻ, തന്റെ വേദനകളെ നീതിപൂർവകമായ ഒരു ശിക്ഷയായി സ്വീകരിക്കുകയും ദൈവത്തോട് പൊറുതി യാചിക്കുകയും ചെയ്തു. തന്മൂലം അവന് പറുദീസാ വാഗ്ദാനം ചെയ്യപ്പെട്ടു. 

(By Fr.Chacko Bernad)

Friday, March 28, 2014

സാർവലൗകിക സ്നേഹം

ഈശോ പറയുന്നു: "സഹോദരങ്ങളോടുള്ള സ്നേഹം മാനുഷിക പരിമിതികളിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല; അതിനുപരിയായി അത് വളരണം. അതു പൂർണ്ണമാകുമ്പോൾ ദൈവസിംഹാസനത്തെ അത് സ്പർശിക്കയും ദൈവത്തിന്റെ അനന്തസ്നേഹവും ഔദാര്യവുമായി ഒന്നിക്കയും ചെയ്യും. വിശുദ്ധരുടെ ഐക്യം എന്നു പറയുന്നത് നിരന്തരമായ ഈ പ്രവർത്തനമാണ്. നമ്മുടെ സഹോദങ്ങളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിന് നിരന്തരമായി, എല്ലാ വിധത്തിലും പ്രവർത്തനനിരതനാണ് ദൈവം. സ്നേഹത്തെ പ്രതി സഹോദരങ്ങൾക്കു വേണ്ടി ചെയ്യുന്ന ത്യാഗപ്രവൃത്തിക്ക് ദൈവതൃക്കണ്ണുകളിൽ വലുതായ മൂല്യമാണുള്ളത്. ഒരു കഷണം കേക്കോ മറ്റെന്തെങ്കിലും ഭക്ഷണമോ സ്നേഹത്തെ പ്രതി ത്യാഗം ചെയ്ത് ഉപേക്ഷിച്ചാൽ, അതുവഴി നാമറിയാതെ വിദൂരതയിൽ പട്ടണി കിടക്കുന്ന ഒരു  സഹോദരന് അത്ഭുതകരമായി ഭക്ഷണം ലഭിച്ചെന്നു വരാം; അല്ലെങ്കിൽ നിരാശയിലും മനഃക്ളേശത്തിലും കഴിയുന്ന ഒരാത്മാവിൽ സമാധാനവും പ്രത്യാശയും ഉളവാക്കാൻ കുഴിഞ്ഞെന്നു വരാം. ത്യാഗത്തിന്റെ അടിസ്ഥാനത്തിൽ കോപത്തിന്റെ ഒരു വാക്ക് ഉച്ചരിക്കാതിരിക്കയാണെങ്കിൽ, വിദൂരസ്ഥനായ ഒരുവന്റെ ഒരു കുറ്റകൃത്യം അതുവഴി തടയപ്പെട്ടേക്കാം. അതുപോലെ സ്നേഹത്തെ പ്രതി ഒരു പഴം പറിക്കാനുള്ള ആഗ്രഹം നിഗ്രഹിക്കുമ്പോൾ, ഒരു  കള്ളനെ മോഷണത്തിൽ നിന്ന് അതു  തടഞ്ഞേക്കാം. സാർവലൗകിക സ്നേഹം  എന്ന ദൈവത്തിന്റെ പദ്ധതിയിൽ ഒന്നും നഷ്ടപ്പെടുന്നില്ല. ഒരു ചെറിയ കുട്ടിയുടെ നിസ്സാരമായ ഭക്ഷണ പരിത്യാഗമോ ഒരു  രക്തസാക്ഷിയുടെ ബലിയോ നഷ്ടപ്പെടുന്നില്ല. പോരാ, ഞാൻ പറയുന്നു, ഒരു   രക്തസാക്ഷിയുടെ ദഹനബലി ആരംഭിക്കുന്നത് അവന്റെ ബാല്യം മുതൽ അവനു ലഭിച്ചിട്ടുള്ള വീരോചിതമായ പരിശീലനത്തിലാണ്. ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വേണ്ടി ചെയ്യുന്ന ത്യാഗങ്ങളിലൂടെയാണ്..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Wednesday, March 26, 2014

കുരിശു ചുമന്നവനെ നിൻവഴി തിരയുന്നു ഞങ്ങൾ...

 


                                                                                                                                                                      കുരിശു ചുമന്നവനെ നിൻവഴി തിരയുന്നു ഞങ്ങൾ...
കരുണ നിറഞ്ഞവനെ നിൻ കഴൽ തിരയുന്നു ഞങ്ങൾ...

Wednesday, March 5, 2014

ക്ഷാരബുധൻ

ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക

(പരിശുദ്ധഅമ്മ ഫാ.സ്റ്റെഫാനോ  ഗോബി വഴി  നൽകുന്ന നോമ്പുകാലസന്ദേശം)


                          "പ്രിയസുതരെ, തിരുസഭ ഈ നോമ്പുകാലത്ത്  നിങ്ങൾക്കു നൽകുന്ന മാനസാന്തരത്തിനായുള്ള ക്ഷണം സ്വീകരിക്കുക.
                                            ഈ സമയത്ത് നിങ്ങളുടെ സ്വർഗ്ഗീയമാതാവ് നിങ്ങളിൽനിന്ന് പ്രായശ്ചിത്തത്തിന്റെയും മാനസാന്തരത്തിന്റെയും പ്രവൃത്തികൾ ആവശ്യപ്പെടുന്നു.  നിങ്ങളുടെ പ്രാർത്ഥനകൾ  അർപ്പിക്കേണ്ടത്, എപ്പോഴും ഫലപ്രദമായ ആന്തരിക സ്വയനിഗ്രഹത്തോടുകൂടിയായിരിക്കണം.
                  നിങ്ങളുടെമേലും നിങ്ങളുടെ വഴങ്ങാത്ത ദുർവികാരങ്ങളുടെമേലും ആധിപത്യം നേടുന്നതിന്   നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക.
                        കണ്ണുകൾ മനസ്സിന്റെ യഥാർത്ഥ ദർപ്പണമായിരിക്കട്ടെ! സ്വീകരിക്കാനും തിരസ്കരിക്കാനും വേണ്ടി അവയെ തുറക്കുകയും അടക്കുകയും ചെയ്യുക. പുണ്യത്തിന്റെയും കൃപാവരത്തിന്റെയും പ്രകാശത്തെ സ്വീകരിക്കാനായി കണ്ണുകളെ തുറക്കുക.  തിന്മയ്ക്കും പാപകരമായ പ്രവണതകൾക്കുമെതിരെ അവയെ അടച്ചുകളയുക.
                            നന്മയുടേയും സത്യത്തിന്റെയും സ്നേഹത്തിന്റെയും ഭാവങ്ങൾക്കു രൂപം കൊടുക്കുവാൻ നാവു സ്വതന്ത്രമാക്കുക. 
                           സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ചിന്തകൾക്കുവേണ്ടി മാത്രം മനസ്സു തുറക്കുക.വിധി കൽപ്പിക്കലും വിമർശനവും മൂലം മനസ്സ് അശുദ്ധമാകാതിരിക്കട്ടെ! 
                               സ്വാർഥതയോടും സൃഷ്ടികളോടും നിങ്ങൾ ജീവിക്കുന്ന ലോകത്തോടുമുള്ള ഹൃദയപക്ഷങ്ങൾക്ക്‌, ഹൃദയം അടച്ചുകളയുക. ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും പൂർണ്ണിമയ്ക്ക് ഹൃദയം തുറന്നുകൊടുക്കുക.
               നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അപകടത്തിലാക്കാൻ ഒരുക്കി വെച്ചിരിക്കുന്നതും നിങ്ങൾ ഓടി അകലേണ്ടതുമായ  കെണികളിൽ നിന്ന് പലായനം ചെയ്യുക.
          പരിശുദ്ധിയിലും നിശബ്ദതയിലും വിശ്വസ്തതയിലും അനുദിനം എന്നെ അനുഗമിക്കുക. യേശു നടന്ന അതേ വഴിയിലൂടെയാണ് ഞാൻ നിങ്ങളെ നയിക്കുന്നത്.                     
      അനുദിനം കുരിശു വഹിച്ചുകൊണ്ടും പെസഹായുടെ പരിപൂർത്തിയിലേക്ക് യേശുവിനെ അനുധാവനം ചെയ്തുകൊണ്ടും നിങ്ങൾ യാത്ര ചെയ്യേണ്ട കാൽവരിയിലേക്കുള്ള വഴി ഇതത്രേ.."

Sunday, March 2, 2014

പ്രാർത്ഥനയുടെ ശക്തി

ഈശോ പറയുന്നു:   


                  "ഈ ലോകത്തിലെ തിന്മയുടെ എല്ലാ സാമ്രാജ്യങ്ങളെയും തട്ടിത്തരിപ്പണമാക്കാൻ നിങ്ങളുടെ പ്രാർത്ഥനകൾക്കു കഴിയും.  തിന്മയെ പാടെ ഉന്മൂലനം ചെയ്യുന്നതിനും എന്റെ മക്കളോടൊപ്പം ഈ ഭൂമിയെ മുഴുവനും വെട്ടിവിഴുങ്ങുവാൻ ഒരുമ്പെട്ടുനിൽക്കുന്ന ആ പത്തു കൊമ്പുകളെയും (ദൈവത്തിന്റെ പത്തു കൽപ്പനകൾക്കെതിരെയുള്ള ദൈവദൂഷണങ്ങൾ) തച്ചുടയ്ക്കുന്നതിനും ആ പ്രാർത്ഥനകൾക്കു കഴിയും. ദുഷ്ടശക്തികൾ വളരെ കരുത്തുള്ളവയാണെങ്കിൽത്തന്നെയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് അവയെ അതിജീവിക്കാൻ  കഴിയും. നിങ്ങളുടെ സുഗന്ധധൂളികൾക്ക് (ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനകൾക്ക്) ഈ ലോകത്തെ ശുദ്ധീകരിക്കാൻ കഴിയും. ഞാനിതാ നിങ്ങളോടു പറയുന്നു; നിങ്ങളെത്തന്നെ  വിശ്രമരഹിതരായി പ്രാർഥനാനിരതരായിക്കാൻ അനുവദിക്കുക. അല്ലാത്തപക്ഷം       നിങ്ങൾ പ്രലോഭിതരായിപ്പോകും. പൂർവാധികം ജാഗരൂകരായിരിക്കുക. ഞാൻ നിങ്ങളെ കൈവെടിയുകയില്ല. ഞാൻ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കും.." 

(From True Life in God by Vassula Ryden)