ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Tuesday, August 7, 2012

പുരോഹിതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1938 June 12

ഈശോ:  "പുരോഹിതരില്‍ അപലപനീയമായി എന്തെങ്കിലും കാണുമ്പോള്‍ അവരെ വിമര്‍ശിക്കുന്നതിനു പകരം  ഒരു നിമിഷം നിന്നോട് തന്നെ ചോദിക്കണം, ഞാന്‍ അവര്‍ക്കു  വേണ്ടി  പ്രാര്‍ഥിച്ചിട്ടുണ്ടോ?" 

October 11   (പരിശുദ്ധ കന്യകയുടെ മാതൃത്വ തിരുനാള്‍)
             "അമ്മ ... എന്റെ മാത്രമല്ല, നിന്റെയും.  ഇന്നത്തെ ദിവസം മുഴുവന്‍ അവളെ നിന്റെ അമ്മ എന്ന് വിളിക്കുക."

Sunday, August 5, 2012

ദൈവികരഹസ്യം

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)  


1938 May 25

                 ഈശോ:     "ആയിരക്കണക്കിന് വിത്തുകള്‍ ഉത്പ്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു വലിയ മരമായി ഒരു ചെറിയ വിത്ത്‌ വളരുന്നതിന്റെ രഹസ്യമെന്താണെന്നു നിനക്ക് മനസ്സിലാക്കാനാവില്ല. വിദ്യുത് ശക്തിയുടെയും തരംഗദൈര്‍ഘ്യത്തിന്റെയും        നിനക്ക്        അജ്ഞാതമായ
 മറ്റനേകം ശക്തികളുടെയും രഹസ്യമെന്താണെന്നു നിനക്ക് മനസ്സിലാക്കാനാവില്ല. അങ്ങനെയെങ്കില്‍ ദൈവിക രഹസ്യങ്ങളെക്കുറിച്ച് ആശ്ചര്യപ്പെടേണ്ടതില്ല. രഹസ്യങ്ങളെ സ്നേഹിക്കുക. പിതാവിലുള്ള നിന്റെ ശിശുതുല്യമായ ശരണം തെളിയിക്കുന്നതിനായി അവ അവിടെയുണ്ട്." 

Thursday, August 2, 2012

ജീവിതം

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്) 


1937 September 15
      "എന്റെ ക്രിസ്ത്യാനികളേക്കാള്‍ സന്തോഷമുള്ളവരായിരിക്കാന്‍ ആര്‍ക്കു സാധിക്കും? എന്റെ പിതാവു തന്നെ നിങ്ങളുടെ പിതാവ് ; എന്റെ അമ്മ തന്നെ നിങ്ങളുടെയും അമ്മ; ഞാന്‍ നിങ്ങളുടെ സഹോദരനും..  ഇതു മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട് സന്തോഷത്താല്‍ നിറയുക."

December 17
                   "ജീവിതത്തിലെ വലിയ വലിയ സംഭവങ്ങളെ എനിക്കു കാഴ്ച വെയ്ക്കാം എന്നു വിചാരിച്ചു നോക്കിയിരിക്കല്ലേ .. ഏറ്റം ചെറിയ ആംഗ്യം  പോലും എന്റെ കണ്ണുകളില്‍ വലുതാണ്‌.. എല്ലാം എനിക്കു സമര്‍പ്പിക്കുക. നിന്റെ പൂര്‍ണമനസ്സോടെ നന്നായി പ്രാര്‍ഥിക്കുന്നതിനായി ശ്രമിക്കുക. ബാക്കി ഞാന്‍ ചെയ്തുകൊള്ളാം."    

Wednesday, August 1, 2012

പ്രാര്‍ത്ഥന

                          (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്) 


1937 June 30
Gabrielle Bossis


ഈശോ:  "ചിലപ്പോള്‍ നിനക്ക് എന്റെ സാന്നിദ്ധ്യം കൂടുതലായി അനുഭവപ്പെടുന്നു; മറ്റുചിലപ്പോള്‍ കുറച്ചും... പ്രാര്‍ത്ഥന നിന്നെ ക്ഷീണിപ്പിക്കാതിരിക്കട്ടെ.എന്തിനാണ് നീ നിനക്കുതന്നെ ഇത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നത്?  പ്രാര്‍ത്ഥന വളരെ ലളിതവും ഹൃദ്യവുമായിരിക്കട്ടെ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൊച്ചുവര്‍ത്താനം പോലെ.."

ജൂലൈ 10 
                    "കൃത്യം എണ്ണം വാചാ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂട്ടാന്‍ ലക്‌ഷ്യം വയ്ക്കല്ലേ..ലളിതമായി എന്നെ സ്നേഹിക്കുക. നിന്റെ ഹൃദയത്തിന്റെ ഒരു നോട്ടം, ഒരു സ്നേഹിതന്റെ വാത്സല്യം നിറഞ്ഞ പുഞ്ചിരി.. "

Monday, July 30, 2012

സ്നേഹസംഭാഷണം

                                            (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)  

1937 ജൂണ്‍ 12


ഈശോ: നിന്റെ ദിവസം നീ മൂന്നായി വിഭജിക്കണം. രാവിലെ നീ എഴുന്നേറ്റാലുടനെ നിന്നെത്തന്നെ സ്രഷ്ടാവായ പിതാവിനു സമര്‍പ്പിക്കണം;  സ്വന്തം പുത്രനെ നിനക്കു ഭക്ഷണമായിത്തരുന്ന പിതാവിന്. വിശുദ്ധ ബലിക്കു ശേഷം നിന്നില്‍ ആയിരിക്കുന്ന പുത്രന് നിന്നെത്തന്നെ സമര്‍പ്പിക്കണം. പിന്നെ, സ്നേഹം തന്നെയായ പരിശുദ്ധാത്മാവില്‍ ഉറങ്ങുക.
                         
               സംഗീതം മനുഷ്യനെ ഈ ലോകത്തില്‍ നിന്നുയര്‍ത്തുന്നു; എങ്കില്‍പ്പിന്നെ, എന്നെക്കുറിച്ച് ധ്യാനിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ സായൂജ്യത്തിലേക്കു വരാന്‍ കഴിയും എന്നതില്‍ നീ ആശ്ചര്യപ്പെടുന്നതെന്തിനാണ്‌ ? 


ജൂണ്‍ 27
          പിതാവിന്റെ കരങ്ങളില്‍ ഉണര്‍ന്നെഴുനേല്‍ക്കണമെന്ന് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലേ? കാരണം നിന്റെ ഓരോ പ്രഭാതവും ഒരു പുതിയ സൃഷ്ടിയാണ്.
           പരിശുദ്ധാത്മാവില്‍ കിടന്നുറങ്ങണമെന്ന് ഞാന്‍ പറഞ്ഞില്ലേ? കാരണം നിന്റെ ബോധപൂര്‍വമായ അവസാനത്തെ ശ്വാസം സ്നേഹത്തോടെയായിരിക്കണം. 

Friday, July 27, 2012

സത്പ്രവൃത്തികൾ - ഈശോയുടെ പ്രബോധനം


                                                ഈശോ വലിയൊരു ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്:  "നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോകത്തിന്റെ വിഭ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ  ശ്രദ്ധിക്കുവിൻ. മാനുഷികമായ പ്രശംസയിൽ  നിങ്ങൾ വീണുപോകരുത്. നിങ്ങളുടെ ഔദാര്യവും നല്ല   പ്രവൃത്തികളുമാകുന്ന സുഗന്ധമുള്ള റോസാപ്പൂവിനെ   ദുര്‍ഗന്ധമുള്ളതാക്കിത്തീർക്കരുത്.  എന്തുകൊണ്ടെന്നാൽ അവയുടെ സുഗന്ധം ദൈവത്തിനിഷ്ടമുള്ളതാകുന്നു. അഹങ്കാരമുള്ള ആത്മാവ് പ്രശംസ മോഹിച്ചുകൊണ്ട് നല്ല പ്രവൃത്തി ചെയ്യുമ്പോഴാണ് നന്മ ദുർഗന്ധപൂരിതമായിത്തീരുന്നത്. അപ്പോൾ  ഔദാര്യത്തിന്‍റെ പനിനീർപ്പൂവ്,  അഹംഭാവമാകുന്ന   വലിയ ഒച്ചുകളാൽ മലിനമാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു അഹങ്കാരിയായ മനുഷ്യന്‍, ദുഷ്ടതയുടെ ദുർഗന്ധം വമിക്കുന്ന ചപ്പുചവറുകൾ നിറച്ച ധൂപപാത്രത്തിലെ പുകയേറ്റ് വയറു നിറഞ്ഞ മൃഗത്തെപ്പോലെ നിർവൃതി കൊള്ളുന്നു. 
                     
              ഓ, ജീവകാരുണ്യപ്രവൃത്തികൾ എങ്ങനെ നിർവഹിക്കപ്പെടണമെന്ന് ആളുകൾ    ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കൂട്ടർഒരു  ദാനധർമം ചെയ്‌താല്‍ കൊടുത്ത തുകയും തുക കൈപ്പറ്റിയ ആളിന്‍റെ പേരും വെളിപ്പെടുത്തുകയും പ്രശംസയ്ക്കായി യാചിക്കയും ചെയ്യുന്നു. ഇങ്ങനെ  വെളിപ്പെടുത്തുന്നവൻ അഹങ്കാരത്താൽ പാപം ചെയ്യുന്നു. അയാൾ ഇങ്ങനെ പറയും; "നോക്കൂ എത്രയധികം കൊടുക്കുവാനെനിക്കു കഴിയുന്നു? ഗുണഭോക്താവിന്റെ പേരു 
വെളിപ്പെടുത്തുന്നതിലൂടെ ആ മനുഷ്യനെ അയാള്‍ അപമാനിക്കുന്നു. കൂടാതെ പ്രശംസ നേടാനുള്ള വ്യഗ്രതയാൽ അയാൾ അത്യാഗ്രഹം എന്ന പാപവും ചെയ്യുന്നു.  ഇതാണ്  അൽപ്പത്തം. നിങ്ങൾക്കു കിട്ടുന്ന പ്രശംസ ദൈവത്തിന്‍റെതും അവിടുത്തെ മാലാഖമാരുടേതും ആയിരിക്കട്ടെ!
                      
             നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ പെരുമ്പറയടിച്ച്   മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയോ അവരുടെ പ്രശംസ പിടിച്ചുപറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് കപടഭക്തരാണ്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞതിനാൽ ഇനി ദൈവത്തിൽ നിന്ന് മറ്റൊരു പ്രതിഫലം കൂടി  ലഭിക്കുകയില്ല. നിങ്ങൾ ദാനധര്‍മം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്. ദാനധർമംഅത്രയ്ക്കു  രഹസ്യവും വിനീതവുമായിരിക്കണം. കൊടുത്തുകഴിഞ്ഞാൽ 
പിന്നീട് അതെപ്പറ്റി ഓർക്കുകപോലും ചെയ്യരുത്. നിങ്ങളുടെ പ്രവൃത്തിയെ നിങ്ങൾ  തന്നെ ആസ്വദിച്ച് സമയം കളയരുത്.  നിങ്ങളുടെ ഔദാര്യം ദൈവത്തിന്‍റെതുമായി താരതമ്യം ചെയ്യുമ്പോൾ യാതൊന്നുമല്ല. നിങ്ങളുടെ ഔദാര്യത്തെപ്പറ്റി നിങ്ങൾ മറന്നേക്കുക. ആ പ്രവൃത്തി മുഴുവനായും മറക്കുക ഒരു പ്രകാശവും മാധുര്യമുള്ള ഒരു ശബ്ദവും എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കും അവ നിങ്ങളുടെ ജീവിതത്തെ മധുരകരവും സന്തുഷ്ടവുമാക്കും. എന്തുകൊണ്ടെന്നാൽ, ആ പ്രകാശം ദൈവത്തിന്‍റെ പുഞ്ചിരിയും മാധുര്യം ആത്മീയമായ സമാധാനവുമാകുന്നു. നിങ്ങൾ  കേൾക്കുന്ന ശബ്ദം പിതാവായ ദൈവത്തിന്‍റെ  കൃതജ്ഞതാസ്വരമാകുന്നു. ദൈവം നിങ്ങളിലെ നിഗൂഡമായ നന്മയെയും തിന്മയെയും കാണുകയും അതിനനുസരിച്ചു നിങ്ങൾക്കു പ്രതിഫലം നല്‍കുകയും ചെയ്യുന്നു..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Sunday, July 22, 2012

അപ്പസ്തോലന്മാരുടെ അപ്പസ്തോല

July 22 - Today is the Feast of St.Mary Magdelene
St.Mary Magdalene, "the apostle to the apostles"  
                  ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീർന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീർന്ന ബഥനിയിലെ ലാസറിന്റെ  ( ലാസറസ് )  സഹോദരിമാരാണ് മാർത്തയും മേരിയും.   സിറിയയിലെ   റോമന്‍           ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോൾ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തിൽ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാര്‍ത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിച്ചപ്പോള്‍  പ്രാര്‍ത്ഥിച്ച് കാത്തിരിക്കാനാണ്   ഈശോ അവരോട് ആവശ്യപ്പെട്ടത്.
                            സഹോദരങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായി മഗ്ദലനാ മേരി മാനസാന്തരത്തിലേക്കു വന്നു.     അനുതപിച്ച്  പാപപ്പരിഹാരം ചെയ്യുവാനും സ്വയം വിശുദ്ധീകരിക്കുവാനുമുള്ള ഈശോയുടെ ആഹ്വാനം  അവള്‍  ചെവിക്കൊണ്ടു. പാപിനിയായ മേരി ത്യാഗിനിയായി മാറി.   ഈശോയുടെ സുവിശേഷപ്രഘോഷണയാത്രകളില്‍, പരിശുദ്ധ അമ്മയുടെ നേതൃത്വത്തില്‍ അവിടുത്തെ അനുഗമിച്ചിരുന്ന വനിതാശിഷ്യഗണത്തില്‍ അവളും അംഗമായി.       

                       ദൈവരാജ്യപ്രഘോഷണയാത്രകളില്‍, 
പരസ്യപാപിനിയായിരുന്ന മഗ്ദലനാ മേരി   അവിടുത്തെ അനുഗമിക്കുന്നതില്‍ ഈശോയുടെ        ശിഷ്യരില്‍   പലര്‍ക്കുമുണ്ടായിരുന്ന അതൃപ്തി മനസ്സിലാക്കിയ   മാര്‍ത്ത ഒരിക്കല്‍ ഈശോയോടു  പറയുന്നു:  "കര്‍ത്താവെ, ചില പട്ടണങ്ങളിലൂടെ കടന്നുപോകണമെന്നു കേട്ടപ്പോള്‍  മേരിക്കു  വേദനയാണ്. അവളുടെ വിഷമം നമ്മള്‍ പരിഗണിക്കണമെന്നു തോന്നുന്നു. ഞാനിതു പറയുന്നത് അങ്ങയെക്കാളേറെ അങ്ങയുടെ ശിഷ്യരെ ഓര്‍ത്താണ്.."

               "അതു ശരിയാണ് മാര്‍ത്താ. പക്ഷെ, അത് അപ്രകാരം തന്നെ ആയിരിക്കേണ്ടതാവശ്യമാണ്.  അവള്‍ ഉടനെതന്നെ ലോകത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍, ഭയാനകമായ പരസ്യാഭിപ്രായത്തെ നേരിട്ടില്ലെങ്കില്‍, അവളുടെ അതിധീരമായ മാനസാന്തരം തന്നെ മരവിച്ചുപോകും. അവള്‍ ഉടനെ അതു ചെയ്യണം. അതും നമ്മളോടുകൂടെ.."

"അവള്‍ നമ്മളോടുകൂടെ ആയിരിക്കുമ്പോള്‍ ആരും ഒന്നും പറയുകയില്ല. ഞാന്‍ ഉറപ്പു തരുന്നു മാര്‍ത്താ, എന്‍റെ  കൂട്ടുകാര്‍ക്കു വേണ്ടിയും..." പത്രോസ് വാഗ്ദാനം ചെയ്യുന്നു.

"തീച്ചയായും; ഒരു സഹോദരിയോടെന്നപോലെ നമുക്കവളോടു വര്‍ത്തിക്കാം. അവള്‍ അങ്ങനെയാണെന്നാണല്ലോ ഈശോയുടെ അമ്മ നമ്മളോടു പറഞ്ഞത്." യൂദാ തദേവൂസ് പറയുന്നു.

"നാമെല്ലാവരും പാപികളാണ്. ലോകം നമ്മെയും ഒഴിവാക്കിയിട്ടില്ല.  അതിനാല്‍ അവളുടെ വിഷമം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ .." തീക്ഷ്ണനായ സൈമണ്‍ പറയുന്നു.

"മറ്റെല്ലാവരെയുംകാള്‍ നന്നായി ഞാന്‍ അവളെ മനസ്സിലാക്കുന്നു. നമ്മള്‍ പാപം ചെയ്ത സ്ഥലത്തുതന്നെ ജീവിക്കുന്നത് നല്ലതാണ്. നമ്മള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അതൊരു പീഡനമാണ്; പക്ഷെ, അതിനെ ചെറുത്തു നില്‍ക്കുന്നത് നീതിയും മഹത്വവുമാകുന്നു. കാരണം ദൈവത്തിന്‍റെ ശക്തി നമ്മില്‍ പ്രത്യക്ഷമാകും...ഒരു വാക്കും ഉരിയാടാതെതന്നെ നമ്മള്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരാകും ..."മാത്യു പറയുന്നു.

"മാര്‍ത്താ, നിന്റെ സഹോദരിയെ എല്ലാവരും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് നിനക്കു കാണാന്‍ കഴിയും. അവള്‍ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യും. കുറ്റബോധമുള്ളവരും ഭീതി പൂണ്ടവരുമായ ആത്മാക്കള്‍ക്ക് അവള്‍ ഒരു അടയാളമായിത്തീരും. നല്ലയാളുകള്‍ക്ക് ഒരു ശക്തികേന്ദ്രവും... മനുഷ്യപ്രകൃതിയുടെ അവസാന ബന്ധനങ്ങളും  തട്ടിക്കളഞ്ഞ്‌ മേരി സ്നേഹത്താല്‍ ജ്വലിക്കുന്ന അഗ്നിയായിത്തീരും. അവളുടെ സുഭിക്ഷമായ വികാരങ്ങള്‍ക്ക് ഒരു വ്യത്യസ്ത മാര്‍ഗം കൊടുക്കുന്നുവന്നു മാത്രം... സ്നേഹിക്കാനുള്ള അവളുടെ ശക്തമായ കഴിവ് അതിസ്വാഭാവികതലങ്ങളിലേക്കുയര്‍ത്തി  അവള്‍ അത്ഭുതങ്ങള്‍ തന്നെ പ്രവര്‍ത്തിക്കും  എനിക്ക് തീര്‍ച്ചയാണ്.  ഇപ്പോള്‍ അവള്‍ തകര്‍ച്ചയിലാണെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അവളുടെ പുതിയ ജീവിതത്തില്‍ കൂടുതല്‍ ശാന്തയും ശക്തിയുള്ളവളും ആയിത്തീരും. പ്രീശനായ സൈമണിന്റെ  ഭവനത്തില്‍ വെച്ച് ഞാന്‍ പറഞ്ഞു, അവളോട്‌ കൂടുതലായി ക്ഷമിക്കപ്പെട്ടിരിക്കുന്നു; കാരണം അവള്‍ കൂടുതലായി  സ്നേഹിച്ചു  എന്ന്.  ഞാന്‍ ഗൗരവമായി പറയുന്നു,  എല്ലാം അവളോട്‌ ക്ഷമിക്കപ്പെടും; കാരണം, സര്‍വശക്തിയോടും പൂര്‍ണ്ണ ആത്മാവോടും ശരീരത്തോടുംകൂടെ ഒരു ദഹനബലിയായി അവളുടെ ദൈവത്തെ അവള്‍ സ്നേഹിക്കും."

         ഈശോ പറഞ്ഞത്  അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു. അവള്‍ക്കു മുന്‍പേ ഈശോയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്ന സഹോദരി മാര്‍ത്തയെയും മറ്റു പലരെയും പിന്നിലാക്കി  ആത്മീയ ജീവിതത്തില്‍ വളരെപ്പെട്ടെന്ന്  അവള്‍ മുന്നേറി.  ഈശോയുടെ കുരിശുമരണത്തിനു സാക്ഷിയായി പരിശുദ്ധഅമ്മയോടും യോഹന്നനോടും മറ്റു ശിഷ്യകളോടുമൊപ്പം  കാല്‍വരിമലയില്‍ അവളുമുണ്ടായിരുന്നു.   ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം ദര്‍ശിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചതും ഉയിര്‍പ്പിന്‍റെ  സദ്‌വാര്‍ത്ത അപ്പസ്തോലന്മാരെ അറിയിക്കാനുള്ള ദൌത്യം  ലഭിച്ചതും അവള്‍ക്കാണ്.  അങ്ങനെ അവള്‍ അപ്പസ്തോലന്മാരുടെ അപ്പസ്തോലയായിത്തീര്‍ന്നു!