ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Saturday, July 30, 2011

സിസ്റ്റർ മരിയയ്ക്ക് ലഭിച്ച ദർശനങ്ങൾ

 (ജീവിത സാഹചര്യങ്ങളാണ് കോതമംഗലം സ്വദേശിനിയായ  മായഎന്ന ഹിന്ദുപെണ്‍കുട്ടിയെ  ക്രിസ്തീയ വിശ്വാസത്തിലേക്കാനയിച്ചത്. പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്ന അവള്‍, കത്തോലിക്കാ സഭയേയും സഭയുടെ പഠനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍  ഈശോയോടുള്ള അത്യഗാധമായ സ്നേഹവും ശിശുസഹജമായ അവളുടെ വിശ്വാസവും വലിയ കൃപ അവള്‍ക്കു നേടിക്കൊടുത്തു.  ഈശോ അവള്‍ക്ക് പ്രത്യക്ഷനായി കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങള്‍  വളരെ ലളിതമായ ഭാഷയില്‍  അവളെ പഠിപ്പിച്ചു. അങ്ങനെ അവള്‍  മരിയ എന്ന പേരില്‍  കത്തോലിക്കാ  സഭാംഗമായി.
മരിയ ഇന്ന് സിസ്റ്റര്‍  മരിയയാണ്.  വലിയ ദൗത്യങ്ങള്‍ക്കായി ഈശോ സിസ്റ്റര്‍  മരിയയെ ഒരുക്കിക്കൊണ്ടിരിക്കുന്നു.)

കത്തോലിക്കര്‍  ജപമാല ചൊല്ലുന്നതെന്തിനാണ്,   നന്മ നിറഞ്ഞ മറിയമേ എന്ന് ഒത്തിരി ആവര്‍ത്തിക്കുന്നതു കൊണ്ട് എന്താണു് പ്രയോജനം എന്നുള്ള മരിയയുടെ ചോദ്യത്തിനുത്തരമായി,  ജപമാലപ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെയും ശക്തിയെയും പറ്റി ഈശോ മരിയയെ ഇപ്രകാരം പഠിപ്പിക്കുന്നു.
"കുഞ്ഞേ, എന്താണാ പ്രാര്‍ത്ഥന? 'നന്മ നിറഞ്ഞ മറിയമേ നിനക്കു സ്തുതി; കര്‍ത്താവു നിന്നോടു കൂടെ, സ്ത്രീകളില്‍  നീ അനുഗൃഹീതയാകുന്നു! നിന്റെ ഉദരഫലവും അനുഗൃഹീതം!' ഈ വാക്കുകള്‍  എന്താണു്? ദൈവത്തിന്റെ വചനമല്ലേ? വചനത്തെക്കുറിച്ച് എന്താണു് ഞാൻ പറഞ്ഞിരിക്കുന്നത്? 'വചനം നിങ്ങളെ വിശുദ്ധീകരിക്കും; വചനം നിങ്ങളെ സ്വതന്ത്രരാക്കും' എന്നല്ലേ? നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് നിന്നെ വിശുദ്ധീകരിക്കാനും സ്വതന്ത്രയാക്കാനും കഴിയും. എന്നാല്‍ , ഈ വചനങ്ങള്‍ക്കെതിരേ സാത്താൻ സര്‍വ്വശക്തിയുമെടുത്ത് പൊരുതും. കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണത്. ആ വചനങ്ങള്‍ക്ക് എന്റെ അമ്മ 'ആമേന്‍' പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത് . അതുകൊണ്ടാണ് ജപമാലപ്രാര്‍ത്ഥനയോട് അവനിത്രമാത്രം വൈരാഗ്യം.
കുഞ്ഞേ, അതിപുരാതന കത്തോലിക്കാ കുടുംബങ്ങളില്‍  മുട്ടിന്മേല്‍  നിന്ന് ജപമാല ചൊല്ലുന്ന ഒരു പതിവുണ്ടായിരുന്നു. എന്റെ അമ്മയുടെ കൂടെയാണ് അന്നവര്‍  ജീവിച്ചിരുന്നത്. എന്റെ മക്കളൊക്കെ ഇന്നത്തേക്കാള്‍  നല്ലവരായിരുന്നു. ഇന്നത്തേക്കാള്‍   ദൈവവിളികളുമുണ്ടായിരുന്നു അന്ന്.  അന്നത്തെപ്പോലെ ഇന്നും  എന്റെ മക്കള്‍  എന്റെ അമ്മയുടെ കൂടെ ജീവിച്ചിരുന്നെങ്കില്‍  എന്നു ഞാനാഗ്രഹിച്ചു പോവുകയാണ്.....

പുതിയനിയമത്തില്‍  പരിശുദ്ധാത്മാവ് ആദ്യമായി തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എലിസബത്തിലൂടെയാണ്. ദൈവാത്മാവിനാല്‍  പൂരിതയായ എലിസബത്ത് ആദ്യം പറയുന്ന വാക്കുകള്‍  എന്താണു്?  "മറിയമേ, നീ സ്ത്രീകളില്‍   അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതം... എന്റെ കര്‍ത്താവിന്റെ അമ്മ എന്റെയടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എങ്ങനെയുണ്ടായി...!" കുഞ്ഞേ, പരിശുദ്ധ അമ്മ നിന്റെയടുത്തു വരുന്നത് മഹാഭാഗ്യമാണെന്ന ബോധ്യം നിനക്കുണ്ടാകണമെങ്കില്‍  നിന്റെയുള്ളില്‍  പരിശുദ്ധാത്മാവുണ്ടായിരിക്കണം. ഇല്ലെങ്കില്‍  നിനക്കത് മനസ്സിലാവില്ല. പുതിയനിയമത്തില്‍  പരിശുദ്ധാത്മാവ് ആദ്യം മഹത്വപ്പെടുത്തുന്നത് എന്റെ അമ്മയെയാണ്.  എന്റെ അമ്മയുടെ മഹത്വം നീയെന്നല്ല ആരു വിചാരിച്ചാലും ഇല്ലാതാക്കാനും കഴിയില്ല.

 അന്ന് ഞാന്‍  ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍, ഒരു സ്ത്രീ വിളിച്ചുപറഞ്ഞു, 'നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരങ്ങളും അനുഗൃഹീതം' എന്ന്.  അന്നു തുടങ്ങിയതാണ് എന്റെ അമ്മയെ മഹത്വപ്പെടുത്തല്‍. 
ആ  മഹത്വം നിത്യത വരേയും ഉണ്ടായിരിക്കുകയും ചെയ്യും."

മരിയ വീണ്ടും ചോദിച്ചു. "കര്‍ത്താവേ, പരിശുദ്ധ അമ്മ മുട്ടത്തൊണ്ടാണെന്നു ചിലര്‍  പരിഹസിക്കുന്നുണ്ടല്ലോ?"
"കുഞ്ഞേ, തിരുവചനം ഇപ്രകാരം പറയുന്നു: "സകല തലമുറകളും മറിയത്തെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും." (ലൂക്കാ 1:48) എന്റെ അമ്മ എനിക്ക് മുട്ടത്തൊണ്ടല്ല, അവളെനിക്ക് അമ്മയാണ്. അമ്മയുടെ വിലയറിയണമെങ്കില്‍  നീ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക. ഒരുകാര്യം കൂടി അറിയുക; പക്ഷിക്കുഞ്ഞിന്റെ അമ്മ തള്ളപ്പക്ഷിയാണ്. അല്ലാതെ മുട്ടത്തൊണ്ടല്ല. മേലില്‍  വിവേകമില്ലാതെ ഇങ്ങനെ സംസാരിക്കരുത്.

എന്റെ അമ്മ ജീവിക്കുന്ന സക്രാരിയാണ്; വാഗ്ദാന പേടകമാണ്. പഴയനിയമത്തില്‍  വാഗ്ദാന പേടകത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.  ദൈവം പറഞ്ഞു കൊടുത്തതനുസരിച്ച് മനുഷ്യര്‍  നിര്‍മ്മിച്ച ഒരു പേടകമായിരുന്നു അത്. അതിനള്ളില്‍  ദൈവമായിരുന്നില്ല; ദൈവത്തിന്റെ ഉടമ്പടി പത്രികയായിരുന്നു. എന്നിട്ടും വാഗ്ദാന പേടകത്തിനു നേരെ കൈനീട്ടിയ ഉസാ എന്ന മനുഷ്യനെ ദൈവം വധിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.  പുതിയനിയമത്തിലെ ജീവിക്കുന്ന  വാഗ്ദാന പേടകമാണ് പരിശുദ്ധ മറിയം.  അമ്മയുടെയുള്ളില്‍  ദൈവത്തിന്റെ ഉടമ്പടി പത്രികയല്ല, ദൈവം തന്നെയായിരുന്നു വസിച്ചിരുന്നത്. അങ്ങനെയെങ്കില്‍,  ദൈവത്തിന്റെ സജീവ വാഗ്ദാന പേടകമായ പരിശുദ്ധ അമ്മയ്ക്കെതിരെ കരങ്ങളോ നാവോ ഉയർത്തുന്നവർക്കെതിരേ ദൈവം എന്തു ചെയ്യുമെന്ന് സങ്കല്‍പ്പിക്കാന്‍  പോലുമാവില്ല. 
കുഞ്ഞേ, രക്ഷയുടെ സമയം വ്യര്‍ത്ഥസംഭാഷണങ്ങളില്‍  ഏര്‍പ്പെട്ട് നശിപ്പിച്ചു കളയരുത്. എന്റെ അമ്മയെ സ്നേഹിക്കയും ആദരിക്കയും നിത്യം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കയും ചെയ്യുക."

വിശുദ്ധഗ്രന്ഥ വായന


                                  ഈശോ പറയുന്നു: "വിശുദ്ധഗ്രന്ഥം വായിക്കേണ്ടത് കണ്ണുകൾ കൊണ്ടായിരിക്കരുത്; ഒരുവന്റെ അരൂപി കൊണ്ടായിരിക്കണം.   അപ്പോൾ ആ വചനങ്ങൾക്കു നിദാനമായ അതിസ്വാഭാവിക അറിവ് സത്യത്തിന്റെ പ്രകാശത്താൽ വെളിവാക്കപ്പെടും.    പക്ഷേ, ഇതു ലഭിക്കണമെങ്കിൽ വായിക്കുന്ന വ്യക്തിക്ക് എന്നോടു് ഐക്യപ്പെട്ടിരിക്കുന്ന അരൂപി ഉണ്ടായിരിക്കണം. അപ്പോൾ നിങ്ങളെ നയിക്കുന്നത് എന്റെ അരൂപിയായിരിക്കും."

Friday, July 29, 2011

വിശുദ്ധ മാർത്താ

ജൂലൈ 29 - ഇന്ന് വി.മാർത്തായുടെ തിരുനാൾ

ഈശോയുടെ പ്രിയ സ്നേഹിതനായ ലാസ്സറസ്സിന്റെ സഹോദരിയും ഈശോയുടെ ശിഷ്യകളിൽ ഒരാളുമായിരുന്നു മാർത്ത.   ഈശോയുടെ കുരിശുമരണസമയത്ത് മറ്റ് ഭക്തസ്ത്രീകളോടൊപ്പം  മാർത്തയും സഹോദരി മേരിയും കാൽവരിയിലുണ്ടായിരുന്നു.

ഈശോയുടെ ഭൗമികജീവിതത്തിൽ ഏറ്റവുമധികം സ്നേഹവും സഹായവും കിട്ടിയത്  ലാസ്സറസ്സിന്റെ ഭവനത്തിൽ നിന്നാണ്. "ബഥനിയിലെ എന്റെ സ്നേഹിതരിൽ നിന്നു സ്വീകരിച്ചിട്ടുള്ളതു പോലെ മറ്റാരിൽ നിന്നും ഒന്നും ഞാൻ സ്വീകരിച്ചിട്ടില്ല" എന്ന്  ഈശോ തന്നെ ലാസ്സറസ്സിനോട് ഒരവസരത്തിൽ പറയുന്നുണ്ട്.

സഹോദരിമാരിൽ മൂത്തവളായിരുന്നു മാർത്ത.  ജഡമോഹങ്ങൾക്കടിപ്പെട്ട്  പാപജീവിതം നയിച്ചിരുന്ന ഇളയവളായ മേരിക്ക്  മാനസാന്തരത്തിന്റെ കൃപ നേടിക്കൊടുത്തത് സഹോദരങ്ങളുടെ കണ്ണീരും പ്രാർത്ഥനയുമായിരുന്നു. 

സ്നേഹം സൃഷ്ടിപരമാണ്


ഈശോ പറയുന്നു: "ആരോഗ്യമുള്ളപ്പോൾ ആരാണ് ശരീരത്തെക്കുറിച്ച് ചിന്തിക്കുക? എന്നാൽ പനിയുടെ ആദ്യത്തെ കിടുകിടുപ്പ് അനുഭവപ്പെടുമ്പോൾ  അഥവാ ഒരു പാണ്ട് ശരീരത്തിലെവിടെയെങ്കിലും കാണപ്പെട്ടാൽ ഭയമാകും. രോഗത്തിന്റെ കൂടെ ഭയവും കൂടിയാകുമ്പോൾ രോഗം മൂർഛിക്കുന്നു. ശരീരത്തിന്റെ ശക്തി മുഴുവൻ ക്ഷയിപ്പിക്കുന്നു. നേരെമറിച്ച്, സ്നേഹം സൃഷ്ടിപരമാണ്. 
അത് നിർമ്മിക്കുന്നു;  ഉറപ്പിക്കുന്നു; ഒരുമിപ്പിക്കുന്നു; നിലനിർത്തുന്നു. സ്നേഹം ദൈവത്തിൽ പ്രത്യാശ നൽകുന്നു. സ്നേഹം തിന്മകളകറ്റുന്നു; തന്നോടു തന്നെ ജ്ഞാനിയായി വർത്തിക്കുന്നതിനു കഴിവു നൽകുന്നു. അഹംഭാവികൾ, പ്രപഞ്ചത്തിന്റെ കേന്ദ്രം തങ്ങൾ തന്നെയാണെന്നു വിശ്വസിക്കുകയും അങ്ങനെ ജീവിക്കയും ചെയ്യുന്നു. അവർ വ്യക്തിയുടെ ഒരു ഭാഗത്തെ - മഹിമ കുറവുള്ള ഭാഗത്തെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. തന്നിമിത്തം, അമർത്യവും വിശുദ്ധവുമായ ഭാഗത്തിന് നാശം വരുത്തുന്നു.

 എല്ലാ രോഗങ്ങളും സഹനങ്ങളും തിന്മയുടെ ഫലമോ ശിക്ഷയോ ആണെന്നു കരുതുന്നതു ശരിയല്ല. കർത്താവ് തന്റെ നീതിമാന്മാരായ മക്കൾക്കു നൽകുന്ന പരിശുദ്ധമായ രോഗങ്ങളും സഹനങ്ങളുമുണ്ട്. മറ്റുള്ളവരുടെ രക്ഷയ്ക്കായി മോചനദ്രവ്യമായി -  ജാമ്യത്തടവുകാരായിത്തീരുന്ന ആളുകളെപ്പോലെ സഹിക്കുന്ന ഇവർ, ലോകം അനുദിനം ചെയ്തുകൂട്ടുന്ന കുറ്റങ്ങൾക്ക് തങ്ങളുടെ വ്യക്തിപരമായ സഹനങ്ങളിലൂടെ പരിഹാരം ചെയ്യുന്നു. 


കർത്താവിന്റെ നാമത്തിൽ ജോഷ്വാ യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയത്ത് വൃദ്ധനായ മോശ പ്രാർത്ഥിച്ചിരുന്നത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? എല്ലാ തിന്മകളുടേയും ആരംഭകനും മനുഷ്യരാശിയുടെ പീഢകനുമായ സാത്താന്, ഏറ്റം ഉഗ്രനായ ശത്രുവിന്, കനത്ത പ്രഹരം ഏൽപ്പിക്കുന്നത് വിശുദ്ധമായി സഹിക്കുന്ന ആത്മാക്കളാണെന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കണം. എല്ലാ മനുഷ്യരുടേയും പേർക്ക് അവർ യുദ്ധം  ചെയ്യുന്നു. ദൈവം അയയ്ക്കുന്ന വിശുദ്ധമായ ആ രോഗങ്ങളും ഇന്ദ്രിയസന്തോഷങ്ങളെ പാപമാക്കുന്ന തിന്മയുടെ ഫലമായ രോഗങ്ങളും തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്! ആദ്യത്തെത് ദൈവകാരുണ്യത്തിന്റെ നിശ്ചയമാണ്; രണ്ടാമത്തേത് പൈശാചികമായ അഴിമതികളുടെ തെളിവ്. അതിനാൽ സ്നേഹിക്കേണ്ടത് ആവശ്യമാണ്.   വിശുദ്ധമായി ജീവിക്കാൻ സ്നേഹം  ആവശ്യമാണ്. കാരണം, സ്നേഹം സൃഷ്ടിക്കുകയും കാത്തുസൂക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു."

("ദൈവമനുഷ്യന്റെ സ്നേഹഗീത"യിൽ നിന്ന്)

ജീവനും മരണവും

ഈശോ  ജനക്കൂട്ടത്തോടു സംസാരിക്കയാണ്.
"വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങള്‍ക്കു സമാധാനം.  ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങള്‍  ഉപയോഗിക്കുമ്പോള്‍ത്തന്നെയും മനുഷ്യന്‍  തെറ്റായി ധരിക്കുന്നു. മനുഷ്യന്‍  ജീവിതം എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്.  അതായത് - അമ്മയുടെ ഉദരത്തില്‍  നിന്നു ജനിച്ച്, ശ്വസിക്കാന്‍  തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്.  മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാന്‍  പാകമായിത്തീരുന്ന അവസ്ഥയും... എന്നാല്‍ അതങ്ങനെയല്ല. ജീവനെന്താണെന്ന് നിങ്ങൾ  മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്‍. ഉണ്ടായിരിക്കുക  എന്നത് ജീവനുമല്ല. ഈ തൂണുകളിന്മേല്‍  പടര്‍ന്നു കിടക്കുന്ന മുന്തിരിവള്ളി 'ഉണ്ട്'.  എന്നാൽ  അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തില്‍  കെട്ടിയിരിക്കുന്ന, കരയുന്ന ആടിന് അസ്തിത്വമുണ്ട്. എന്നാല്‍   അതിന് ഞാന്‍  പറയുന്ന ജീവനില്ല. ഞാന്‍  പറയുന്ന ജീവന്‍, ശരീരത്തിന്റെ അസ്തിത്വത്തോടെ  ആരംഭിക്കുന്നതല്ല;  മാംസത്തിന്റെ അന്ത്യത്തോടെ അവസാനിക്കുന്നുമില്ല.  ഞാന്‍  പരാമര്‍ശിക്കുന്ന ജീവന്‍  അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു  ശരീരത്തില്‍  വസിക്കാന്‍  ദൈവം  ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവന്‍  ആരംഭിക്കുന്നത്. ആ ജീവന്‍  അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യന്‍  ആദ്യം  ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല.  ആദ്യം അവന്‍  രൂപം പ്രാപിക്കുന്നത് ഒരു   മൃഗമായിട്ടാണ്. എന്നാല്‍  ശാരീരികമല്ലാത്ത ഭാഗം,   
 അതായത് ആത്മാവ്,  അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ   അരൂപി വളരെ ശക്തിയുള്ള ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കുന്നില്ല. സൃഷ്ടാവിന്റെ ചിന്തക്കനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ  പുത്രന്‍; സ്വര്‍ഗ്ഗത്തിലെ ഭാവിപൗരന്‍.
 
ഇതു സംഭവിക്കണമെങ്കില്‍ ജീവന്‍  തുടരണം. മനുഷ്യനല്ലാതായിക്കഴിയുമ്പോഴും, അതായത് മരിച്ചു കുഴിഞ്ഞാലും മനുഷ്യന്റെ ഛായയില്‍  അവന് ആയിരിക്കുവാന്‍  കഴിയും.  അതുകൊണ്ടാണ് ഞാന്‍  പറയുന്നത് ജീവിതം ആരംഭിക്കുന്നത് മാംസത്തിന്റെ  ആരംഭത്തിലല്ല; അതവസാനിക്കുന്നത് മാംസത്തിന്റെ  അവസാനത്തിലുമല്ല എന്ന്. ജനിക്കുന്നതിനു മുമ്പ് ജീവിതം ആരംഭിക്കുന്നു; ജീവിതം ഒരിക്കലും അവസാനിക്കുന്നുമില്ല. കാരണം, ആത്മാവ് മരിക്കയില്ല. അതായത് ഇല്ലായ്മയായിത്തീരുന്നില്ല. പാപം വഴി അതിന്റെ ലക്ഷ്യത്തിന് അതു മരിച്ചതായിത്തീരുന്നു. ലക്ഷ്യം സ്വര്‍ഗ്ഗമാണ്.  കൃപാവരത്തിനു മരിച്ചു കഴിയുമ്പോൾ അതിന്റെ  സൗഭാഗ്യകരമായ ലക്ഷ്യത്തിന് മരിച്ചതായിത്തീരുന്നു. എന്നാല്‍   ശിക്ഷയ്ക്കായി അതു  ജീവിതം  തുടരുന്നു. നിത്യതയോളം തുടരുന്നു. എന്നാല്‍  ആത്മീയജീവന്‍  ഭദ്രമായി സംരക്ഷിക്കപ്പെടുന്നെങ്കില്‍  അത് ജീവന്റെ പൂര്‍ണ്ണതയിലെത്തുന്നു; നിത്യതയിലേക്ക് സൃഷ്ടാവിനെപ്പോലെ ആനന്ദത്തോടെ ചെന്നുചേരുന്നു.
 

മഞ്ഞുവീണ് ഇലകൊഴിഞ്ഞ് നഗ്നമായി മരവിച്ചു നില്‍ക്കുന്ന ഒരു വനത്തേക്കാൾ  കഷ്ടമാണ് മൃതമായ ഒരാത്മാവിന്റെ സ്ഥിതി. എന്നാല്‍  എളിമ, സന്മനസ്സ്, പ്രായശ്ചിത്തം, ഇവ നിങ്ങളില്‍  തറഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ ജീവന്‍   നിങ്ങളിലേക്കു തിരിയെ വരും. വസന്തകാലത്തിലെ വനം പോലെയായിത്തീരും അത്. ദൈവത്തിനായി നിങ്ങൾ പുഷ്പിക്കും. നിത്യം നിലനില്‍ക്കുന്ന ജീവന്റെ  ഫലങ്ങൾ നിങ്ങളിലുളവാകും.അത് അവസാനമില്ലാതെ നൂറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടും.
ജീവനിലേക്കു വരൂ.. ഉണ്ടെന്ന അവസ്ഥയില്‍  മാത്രമായിരിക്കാതെ, ജീവിക്കാന്‍  ആരംഭിക്കൂ. അപ്പോൾ മരണം അവസാനമായിരിക്കയില്ല. പ്രത്യുത, ആരംഭമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത സമാധാനവും  അളക്കാനാവാത്ത സന്തോഷവും നിറഞ്ഞ ഒരു     ദിവസത്തിന്റെ തുടക്കമായിരിക്കുമത്. ആവശ്യമുള്ളവർക്കെല്ലാം സത്യദൈവത്തിന്റെ നാമത്തില്‍  ഈ  ജീവിതം ഞാന്‍  വാഗ്ദാനം ചെയ്യുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍  അവര്‍  ജഡികാശകളും ദുർമോഹങ്ങളും പാദത്തിനടിയിലാക്കി ഞെരിച്ചു  കളയണം.
സമാധാനത്തില്‍  പോവുക. കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."

Thursday, July 28, 2011

മാതാപിതാക്കളെ ബഹുമാനിക്കുക

ഈശോ പ്രസംഗം തുടങ്ങുകയാണ്: 

                  "നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടാകട്ടെ! 
അപ്പനെയും അമ്മയേയും ബഹുമാനിക്കുക എന്ന് പത്തു കല്‍പ്പനകള്‍ പറയുന്നു. എങ്ങനെയാണ് അവരെ ബഹുമാനിക്കേണ്ടത്? എന്തുകൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്? 

പരമാർത്ഥമായ അനുസരണം, ശരിയായ സ്നേഹം, സ്നേഹനിർഭരമായ ബഹുമാനം ഇവയെല്ലാം നൽകിക്കൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്. ദൈവം കഴിഞ്ഞാൽ ഒരു പിതാവും മാതാവുമാണ് നമുക്ക് ജീവൻ നല്‍കിയതും നമ്മുടെ എല്ലാ ഭൗതികാവശ്യങ്ങളും നടത്തിത്തന്നതും. ഭൂമിയിലേക്കു ജാതനാകുന്ന ചെറിയ വ്യക്തിയുടെ ആദ്യ ഗുരുഭൂതരും സ്നേഹിതരും അവരാണ്. അതിനാൽ അവരെ നമ്മ
ള്‍  ബഹുമാനിക്കണം.
നമ്മുടെ കൈയില്‍  നിന്നു താഴെ വീണുപോയ ഒരു സാധനം ആരെങ്കിലും എടുത്തു തരികയോ നമുക്ക് കഴിക്കാൻ അൽപ്പം ആഹാരം തരികയോ ചെയ്താൽ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ "വളരെ ഉപകാരം" എന്നോ നാം പറയും. അപ്പോള്‍, നമുക്ക് ഭക്ഷണം നേടാനായി ജോലി ചെയ്ത് പുറംപൊട്ടിക്കുന്നവരോട് "വളരെ ഉപകാരം" എന്നോ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ പറയേണ്ടതല്ലേ? അവർ നമ്മുടെ ഗുരുഭൂതരാണ്. നമ്മെ ആദ്യം സ്ക്കൂളിനായി ഒരുക്കുന്നതും പിന്നീട് ജീവിതത്തിനായി ഒരുക്കുന്നതും നമ്മുടെ മാതാപിതാക്കളാണ്. അവർ നമ്മുടെ  സ്നേഹിതരാണ്. ഒരു പിതാവിനേക്കാള്‍ കൂടുതല്‍  സഖിത്വം നല്‍കാൻ ഏതു സ്നേഹിതനാണ് കഴിയുക? ഒരു മാതാവിനേക്കാള്‍ കൂടുതല്‍  സഖിത്വം നല്‍കാൻ ഏതു സ്നേഹിതയ്ക്കാണ് കഴിയുക? അവരെക്കുറിച്ച് നമ്മള്‍ ഭയചകിതരാകാറുണ്ടോ? അവൻ എന്നെ വഞ്ചിച്ചു, അല്ലെങ്കില്‍  അവൾ എന്നെ വഞ്ചിച്ചു എന്ന് മാതാപിതാക്കളെക്കുറിച്ച് പറയാൻ പറ്റുമോ? മാതാപിതാക്കള്‍ക്കെതിരേ ഹൃദയങ്ങളടയ്ക്കുന്നവർ, അവരുടെ ഹൃദയത്തില്‍  ഉരുക്കിയ ഈയത്തുള്ളികള്‍ വീഴ്ത്തുകയാണ്. എന്നാല്‍  ഞാൻ പറയുന്നു, ആ കണ്ണീർ പൂഴിയില്‍  വീണുപോകയോ വിസ്മൃതിയിലാണ്ടു പോകയോ ചെയ്കയില്ല. ദൈവം അവ പെറുക്കിയെടുത്ത് എണ്ണി നോക്കുന്നു. അവഹേളിക്കപ്പെടുന്ന ഒരു പിതാവിന്റെയോ മാതാവിന്റെയോ വേദനക്ക് കർത്താവില്‍  നിന്ന് അവർക്കു സമ്മാനം ലഭിക്കും. എന്നാല്‍  ഒരു മകൻ അവന്റെ പിതാവിനെയോ മാതാവിനെയോ പീഡിപ്പിക്കുന്നെങ്കിൽ അവന്റെ പ്രവൃത്തി വിസ്മരിക്കപ്പെടുകയില്ല. മകനോടുള്ള ദുഃഖപൂർണ്ണമായ സ്നേഹത്താല്‍  അവർ മകനുവേണ്ടി കരുണയ്ക്കായി ദൈവത്തോടു യാചിച്ചാലും അവന്റെ തിന്മ വിസ്മരിക്കപ്പെടുകയില്ല.

" ഭൂമിയില്‍  ദീർഘകാലം ജീവിച്ചിരിക്കുവാൻ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" എന്നു പറയപ്പെട്ടിരിക്കുന്നു. 'സ്വർഗ്ഗത്തില്‍  എന്നേക്കും ജീവിച്ചിരിക്കുന്നതിനും' എന്നു ഞാൻ  കൂട്ടിച്ചേർക്കുന്നു. മാതാപിതാക്കള്‍ക്കെതിരേ തെറ്റു ചെയ്യുന്നവർക്ക് ഈ ഭൂമിയിലെ ഹൃസ്വജീവിതം മതിയായ ശിക്ഷയായിരിക്കയില്ല. വരാനിരിക്കുന്ന ജീവിതം ഒരു സാങ്കൽപ്പിക കഥയൊന്നുമല്ല. നാം ഇവിടെ എങ്ങനെ ജീവിക്കുന്നുവോ അതനുസരിച്ച് വരാനിരിക്കുന്ന ജീവിതത്തില്‍  സമ്മാനമോ ശിക്ഷയോ ഉണ്ടാകും.
മാതാപിതാക്കള്‍ക്കെതിരേ തെറ്റു  ചെയ്യുന്നവൻ ദൈവത്തിനു് അപ്രീതി വരുത്തുന്നു. കാരണം മാതാപിതാക്കളെ സ്നേഹിക്കണമെന്ന് അവൻ നമ്മോടു കൽപ്പിക്കുന്നു. അവരെ സ്നേഹിക്കാത്തവൻ പാപം ചെയ്യുന്നു. ദൈവസ്നേഹം കഴിഞ്ഞാൽ ഏറ്റം പരിശുദ്ധമായ സ്നേഹത്തെ അവൻ ധിക്കരിക്കുന്നു.  ഒരമ്മയുടെ സ്നേഹത്തെ വഞ്ചിക്കയും പിതാവിന്റെ നരച്ച മുടിയെ അവഹേളിക്കുകയും ചെയ്യുന്ന ഒരുവനെ വിശ്വസിക്കാൻ കഴിയുമോ? അവനോടു മതിപ്പു തോന്നുമോ?

 എന്നാല്‍  അല്‍പ്പം കൂടി ശ്രദ്ധിക്കൂ. മക്കളുടെ ചുമതലകള്‍ പോലെ മാതാപിതാക്കള്‍ക്കും അവരുടേതായ ചുമതലകളുണ്ട്. കുറ്റക്കാരനായ പുത്രൻ ശപിക്കപ്പെട്ടവനായിരിക്കട്ടെ. എന്നാല്‍  കുറ്റക്കാരായ മാതാപിതാക്കളും ശപിക്കപ്പെട്ടവരായിരിക്കട്ടെ. കുട്ടികള്‍ നിങ്ങളെ വിമർശിക്കാനിടയാകരുത്; നിങ്ങളുടെ തിന്മ അനുകരിക്കാനും ഇടയാക്കരുത്. മക്കളോടു നിങ്ങള്‍ കാണിക്കുന്ന നീതിയും കാരുണ്യവും നിറഞ്ഞ സ്നേഹം നിമിത്തം അവർ നിങ്ങളെ സ്നേഹിക്കാനിടയാക്കണം. ദൈവം  കാരുണ്യമാണ്. ദൈവം കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള നിങ്ങളും കാരുണ്യമായിരിക്കണം. നിങ്ങള്‍  കുട്ടികള്‍ക്ക് മാതൃകയും ആശ്വാസവുമായിരിക്കണം. അവർക്കു് സമാധാനവും വഴികാട്ടികളുമായിരിക്കണം. കുട്ടികളുടെ സ്നേഹത്തിന്റെ  പ്രഥമവിഷയം നിങ്ങളായിരിക്കട്ടെ. മക്കള്‍ നിങ്ങളെ ഓർത്തുകൊണ്ട് നിങ്ങളില്‍  കാണുന്ന 
സല്‍ഗുണങ്ങള്‍ തങ്ങളുടെ ജീവിതപങ്കാളികളില്‍  ഉണ്ടോ എന്നന്വേഷിക്കട്ടെ. 
സമാധാനം നിങ്ങളോടുകൂടെ."

Wednesday, July 27, 2011

ധന്യ മാതൃത്വം

ഇതാ ധന്യയായ ഒരമ്മ ...
ശ്രീമതി എലിസബത്ത് 

                                                                2011 July 14 നു  കര്‍ത്താവില്‍ നിദ്ര
പ്രാപിച്ച  ശ്രീമതി എലിസബത്ത് ആനിക്കുഴിക്കാട്ടില്‍ തന്റെ  15 മക്കളില്‍ പത്തുപേരെ ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട് മാതൃത്വത്തിന് ധന്യതയേറ്റി.
ശ്രീമതി എലിസബത്തിന്റെ മക്കളില്‍ ആറു പേര്‍ വൈദികരും നാലുപേര്‍ കന്യാസ്ത്രികളുമാണ്.