ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Sunday, July 17, 2011

കർത്താവിന്റെ ദിവസം വിശുദ്ധമായി ആചരിക്കുക

ഈശോ അപ്പസ്തോലന്മാരോടൊപ്പം 'തെളിവെള്ളം' (Clear Water) എന്ന സ്ഥലത്താണ്. ഈശോയുടെ പ്രസംഗം കേൾക്കാനായി ധാരാളമാളുകൾ കൂടിയിട്ടുണ്ട്. ഈശോ പ്രസംഗം ആരംഭിച്ചു: "നിങ്ങൾക്കെല്ലാവർക്കും സമാധാനമുണ്ടാകട്ടെ! സമാധാനത്തോടുകൂടെ പ്രകാശവും പരിശുദ്ധിയും നിങ്ങളിലേക്കു പ്രവഹിക്കട്ടെ!

"ആത്മാർത്ഥമായി ആറുദിവസം ജോലി ചെയ്യുക; ഏഴാം ദിവസം കർത്താവിനായിട്ടും നിന്റെ ആത്മാവിനായിട്ടും ചിലവഴിക്കുക" എന്നു പറയപ്പെട്ടിരിക്കുന്നു. സാബത്തിന്റെ വിശ്രമത്തെക്കുറിച്ചുള്ള കൽപ്പനയാണിത്.

മനുഷ്യൻ ദൈവത്തെക്കാൾ വലിയവനല്ല. ദൈവം പ്രപഞ്ചത്തെ ആറു ദിവസം കൊണ്ടു സൃഷ്ടിച്ചു. ഏഴാം ദിവസം  അവൻ വിശ്രമിച്ചു. അപ്പോൾപ്പിന്നെ, മനുഷ്യൻ എന്തുകൊണ്ടാണ് അവനെ അനുകരിക്കാതെ, അവന്റെ പ്രമാണത്തെ അനുസരിക്കാതിരിക്കുന്നത്? ഇത് ബുദ്ധിശൂന്യമായ ഒരു കൽപ്പനയാണോ? അല്ല, ഇത് ശരിക്കും ശരീരത്തിനും ധാർമ്മിക ജീവിതത്തിനും അരൂപിയുടെ ജീവനും സഹായകമായ ഒരു കൽപ്പനയാണ്. സൃഷ്ടികൾക്കെല്ലാം ആവശ്യമുള്ളതുപോലെ, ക്ഷീണിച്ച ഒരു ശരീരത്തിന് വിശ്രമം ആവശ്യമാണ്. വയലിൽ പണിയെടുത്ത കാളയ്ക്ക് വിശ്രമം വേണം. അതു വിശ്രമിക്കുന്നു. കാള നഷ്ടപ്പെട്ടു പോകാതിരിക്കാൻ അതു വിശ്രമിക്കുന്നതിന് നാം അനുവദിക്കുന്നു. വയലിലെ മണ്ണിനും വിശ്രമം വേണം. നമ്മൾ അതനുവദിക്കുന്നു. വിത്തിടാത്ത മാസങ്ങളിൽ, മഴവെള്ളത്തിൽ നിന്നും ഭൂമിയിൽ നിന്നും ലഭിക്കുന്ന ലവണങ്ങളാൽ മണ്ണ് പരിപുഷ്ടമാകുന്നതിന് നാം അനുവദിക്കുന്നു. മൃഗങ്ങളും ചെടികളും പ്രത്യുൽപ്പാദനത്തിന്റെ നിത്യമായ നിയമങ്ങൾ പാലിച്ച്, നമ്മുടെ അനുമതി കൂടാതെ തന്നെ നന്നായി വിശ്രമിക്കുന്നു. എന്നാൽ സൃഷ്ടാവിനെ അനുകരിക്കാൻ മനുഷ്യൻ  ആഗ്രഹിക്കാത്തതെന്തുകൊണ്ട്? ദൈവം ഏഴാം ദിവസം വിശ്രമിച്ചു. താഴ്ന്ന സൃഷ്ടികളായ,  സ്വാഭാവിക പ്രവണതയെന്ന കൽപ്പന മാത്രം ലഭിച്ചിട്ടുള്ള മൃഗങ്ങളും  സസ്യങ്ങളും ആ പ്രമാണത്തോട് സഹകരിക്കാനും അനുസരിക്കാനും പഠിച്ചിട്ടുണ്ട്.
ഈ കൽപ്പന ശരീരത്തിനു വേണ്ടി മാത്രമല്ല, ധാർമ്മിക ജീവിതത്തിനും വേണ്ടിയുള്ളതാണ്. ആറുദിവസം മനുഷ്യൻ  എല്ലാവർക്കും എല്ലാറ്റിനും വേണ്ടിയുള്ളവനാണ്. തറിയിലുള്ള ഒരു നൂലു പോലെ അവൻ മുകളിലേക്കും താഴേക്കും നീങ്ങുന്നു. 'ഇനി ഞാൻ എന്നെത്തന്നെ ഒന്നു ശ്രദ്ധിക്കാൻ പോകയാണ്; എന്റെ പ്രിയപ്പെട്ടവരേയും അന്വേഷിക്കാൻ പോകയാണ്. ഞാൻ ഒരു  പിതാവാണല്ലോ; ഇന്ന് ഞാൻ എന്റെ കുട്ടികളുടേതായിരിക്കും. ഞാനൊരു ഭർത്താവാണ്; ഇന്നത്തെ ദിവസം എന്റെ ഭാര്യയ്ക്കു വേണ്ടി ഞാൻ  ചെലവഴിക്കും. ഞാനൊരു പുത്രനാണ്; ഇന്ന് വൃദ്ധരായ എന്റെ മാതാപിതാക്കളുടെ കാര്യങ്ങൾ ഞാൻ  അന്വേഷിക്കും' ഇങ്ങനെയൊന്നും പറയാനാവാതെ എന്നും അദ്ധ്വാനമാണല്ലോ.

ഇത് ആദ്ധ്യാത്മികമായ ഒരു  കൽപ്പനയാണ്. ജോലി വിശുദ്ധമാണ്. സ്നേഹം കൂടുതൽ വിശുദ്ധവും ദൈവം ഏറ്റം വിശുദ്ധിയുള്ളവനുമാണ്. അതിനാൽ ഏഴു ദിവസങ്ങളിൽ ഒന്നെങ്കിലും നല്ലവനും പരിശുദ്ധനുമായ നമ്മുടെ പിതാവിനായി നീക്കിവയ്ക്കണം. അവനാണ് നമുക്ക് ജീവൻ തന്നതും ആ ജീവൻ നമ്മിൽ നിലനിർത്തുന്നതും. നമ്മുടെ പിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ, ഭാര്യമാർ, നമ്മുടെ ശരീരങ്ങൾ ഇവയോടുള്ളതിനേക്കാൾ കുറവു ബഹുമാനമാണോ നമ്മുടെ  പിതാവിനോടു നമുക്കുണ്ടാകേണ്ടത്? കർത്താവിന്റെ ദിവസം  അവനു തന്നെയുള്ളതായിരിക്കട്ടെ.  ഓ! ഒരു ദിവസം മുഴുവൻ ജോലി  ചെയ്തതിനു ശേഷം സ്നേഹമുള്ള ഒരു ഭവനത്തിൽ വിശ്രമിക്കുന്നത് എത്ര സന്തോഷപ്രദമാണ്! ഒരു യാത്ര കഴിഞ്ഞ് ഭവനത്തിലേക്ക് തിരിച്ചു വരുന്നത് എത്ര സന്തോഷപ്രദമാണ്! എന്നാൽപ്പിന്നെ, ആറുദിവസത്തെ ജോലി കഴിഞ്ഞ് പിതാവിന്റെ ഭവനത്തിൽ അഭയം തേടാത്തതെന്തുകൊണ്ട്? ആറുദിവസത്തെ യാത്ര കഴിഞ്ഞു വരുന്ന ഒരു മകൻ നിങ്ങളോടു പറയില്ലേ, 'ഞാൻ വന്നു; എന്റെ വിശ്രമദിവസം നിങ്ങളോടുകൂടെ ചെലവഴിക്കാൻ ഞാനാഗ്രഹിക്കുന്നു' എന്ന്. നിങ്ങൾ എന്തുകൊണ്ട് ആ മകനെപ്പോലെ ആകുന്നില്ല?

ഇപ്പോൾ ഇതും ശ്രദ്ധിച്ചു കേൾക്കൂ. വിശുദ്ധമായ ദിവസാചരണം എന്നത് ബാഹ്യമായ ആചരണമല്ല. നിന്റെ ചിന്താഗതിക്ക് അൽപ്പം പോലും മാറ്റം വരുത്താത്ത പുറമേയുള്ള ആചരണമല്ല ദൈവം ആവശ്യപ്പെടുന്നത്; സജീവമായ പ്രവൃത്തികളാണ്. കപടമായ സാബത്താചരണം വെറും തട്ടിപ്പാണ്. മനുഷ്യദൃഷ്ടിയിൽ സാബത്താചരിക്കുന്നു എന്നു കാണിക്കാൻ വിശ്രമം എടുക്കുന്നതും അലസമായി തള്ളുന്ന സമയം തിന്മയ്ക്കായും ജഡികാനന്ദത്തിനായും ചെലവഴിക്കുമ്പോൾ അതു വെറും തട്ടിപ്പാണ്. ശരീരത്തിനു  വിശ്രമം  കൊടുക്കുന്നതോടൊപ്പം ആന്തരികമായി, ആദ്ധ്യാത്മികമായി സ്വയം വിശുദ്ധീകരിക്കുവാൻ ആത്മപരിശോധന ചെയ്യുന്നില്ലെങ്കിൽ ആ സാബത്താചരണവും കപടമാണ്. സ്വന്തം ഹീനത്വം അംഗീകരിച്ച് അടുത്ത ആഴ്ചയിൽ സ്വയം നന്നാക്കാമെന്നുള്ള ദൃഢനിശ്ചയം, ശരിയായ സാബത്താചരണത്തിന്റെ ഭാഗമാണ്."

Saturday, July 16, 2011

ഫോട്ടിനായി എന്ന സമരിയാക്കാരി



ഈശോ അപ്പസ്തോലന്മാരോടൊപ്പം സമരിയായിലേക്കു പോവുകയാണ്. അതിർത്തിയിലെത്തിയപ്പോൾ ഈശോ യാത്ര അവസാനിപ്പിച്ച് അവിടെ കണ്ട ഒരു കിണറിന്റെ അടുത്തുള്ള ചെറിയ ഭിത്തിയിൽ ഇരുന്നു. ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാനായി പട്ടണത്തിലേക്കും പോയി.  ഈശോയുടെ കൂടെയായിരിക്കാൻ ജോൺ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും എല്ലാവരും ഒരുമിച്ചു പോകുവാൻ ഈശോ കൽപ്പിച്ചതിനാൽ അവൻ അനുസരിച്ചു. ഈശോ  കൈമുട്ടുകൾ കാൽമുട്ടുകളിൽ ഊന്നി കൈകൂപ്പി, ശരീരം മുന്നിലേക്കൽപ്പം ചായിച്ച് തല കുനിച്ച് അവിടെയിരുന്ന് ധ്യാനത്തിൽ മുഴുകി.
              ഒഴിഞ്ഞ ഒരു വലിയ ഭരണി ഇടതുകൈയിൽ തൂക്കിപ്പിടിച്ചുകൊണ്ട് ഒരു സ്ത്രീ കിണറിനരികിലേക്കു നടന്നുവന്നു. അവിടെ ഇരിക്കുന്നതാരെന്ന് അവൾ അത്ഭുതപൂർവം നോക്കുന്നു. അവളെക്കണ്ട് കിണറ്റിൻകരയിൽ ആരോ വലിച്ചെറിഞ്ഞ കുറേ അപ്പക്കഷണങ്ങൾക്കായി കലപില കൂട്ടിക്കൊണ്ടിരുന്ന ചെറുകിളികൾ ശബ്ദമുണ്ടാക്കി പറന്നകന്നു. ഈശോ തലയുയർത്തി നോക്കി. 
"സ്ത്രീയേ, നിനക്കു സമാധാനം. എനിക്കു കുടിക്കാൻ അൽപ്പം വെള്ളം തരുമോ? ദീർഘദൂരം നടന്നുവന്ന എനിക്ക് നല്ലതുപോലെ ദാഹിക്കുന്നു."
"താങ്കൾ ഒരു യഹൂദനല്ലേ? സമരിയാക്കാരിയായ എന്നോടു് വെള്ളം ചോദിക്കുന്നതു ശരിയാണോ? എന്താണു സംഭവിച്ചത്? ഞങ്ങൾ പുനരധിവസിക്കപ്പെട്ടുവോ? അതോ താങ്കൾ  യഹൂദ സമുദായത്തിൽ നിന്നും പുറംതള്ളപ്പെട്ടവനാണോ? ഒരു യഹൂദൻ ഒരു  സമരിയാക്കാരിയോട് ദയാപൂർവ്വം സംസാരിക്കണമെങ്കിൽ അതിനുതക്ക എന്തോ വലിയ കാര്യം സംഭവിച്ചിരിക്കണം. എനിക്ക് ഇതാണ് താങ്കളോടു പറയാനുള്ളത്. താങ്കൾക്ക് യാതൊന്നും ഞാൻ തരികയില്ല. നൂറ്റാണ്ടുകളായി യഹൂദന്മാർ ഞങ്ങളുടെമേൽ ചൊരിഞ്ഞിട്ടുള്ള എല്ലാ ദുർവചനങ്ങൾക്കും വേണ്ടി അങ്ങനെ ഞാൻ  താങ്കൾക്ക് ശിക്ഷ തരും."
"നീ പറയുന്നത് ശരിയാണ്. ഒരു വലിയ സംഭവം ഉണ്ടായിരിക്കുന്നു. അതുവഴി പല കാര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഇനി ഒട്ടേറെ കാര്യങ്ങളിൽ മാറ്റം വരികയും ചെയ്യും. ദൈവം ഈ ലോകത്തിന് മഹത്തായ ഒരു സമ്മാനം തന്നിരിക്കുന്നു. ദൈവത്തിന്റെ ആ സമ്മാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അവനോട് ദാഹജലം ചോദിക്കുകയും അവൻ നിനക്ക് ജീവജലം നൽകുകയും ചെയ്യുമായിരുന്നു." 
"ജീവജലം  ഭൂമിയുടെ ഞരമ്പുകളിലുണ്ട്. അത് ഈ കിണറ്റിലേക്ക് വരുന്നുണ്ട്. ഈ ജലം ഞങ്ങളുടേതാണ്." ആ സ്ത്രീ പരിഹാസദ്യോതകമായി പറഞ്ഞു.
"ജലം  ദൈവത്തിന്റെ ദാനമാണ്. ദൈവകൃപയും അങ്ങനെയാണല്ലോ. ജീവനും ദൈവത്തിൽ നിന്നാണു വരുന്നത്. സ്ത്രീയേ, സകലതും ആ ഒരേയൊരു ദൈവത്തിന്റെ വകയാണ്. സമരിയാക്കാരും യഹൂദരും ഉൾപ്പെടെ എല്ലാ മനുഷ്യരും ദൈവത്തിന്റെ  സൃഷ്ടികളാണ്. ഇത് യാക്കോബിന്റെ കിണറല്ലേ? യാക്കോബ് ഞങ്ങളുടെ വംശത്തലവനല്ലേ? പിൽക്കാലത്തുണ്ടായ ഏതോ പിഴ മൂലം നമ്മൾ തമ്മിൽ അകന്നുവെങ്കിലും നമ്മുടെ ഉത്ഭവത്തിന് മാറ്റമുണ്ടാകുന്നില്ല."
"തീർച്ചയായും തെറ്റ് ഞങ്ങളുടെ  ഭാഗത്തായിരിക്കും,  അല്ലേ?" അവൾ ചോദിക്കുന്നു.
"ഞങ്ങളോ നിങ്ങളോ തെറ്റു ചെയ്തിട്ടില്ല. കാരുണ്യമോ നീതിബോധമോ ഇല്ലാത്ത ഏതോ ഒരാളായിരിക്കും തെറ്റു ചെയ്തത്. നിന്നെയോ നിന്റെ വംശത്തെയോ കുറ്റപ്പെടുത്തുവാൻ ഞാനാഗ്രഹിക്കുന്നില്ല. പിന്നെ എന്തിനാണ് നീ എന്നോടു വിദ്വേഷപൂർവ്വം സംസാരിക്കുന്നത്?"
"ഇങ്ങനെ സംസാരിക്കുന്ന ആദ്യത്തെ യഹൂദൻ താങ്കളായിരിക്കും. മറ്റുള്ളവർ അങ്ങനെയല്ല. ഈ കിണറിന്റെ കാര്യം തന്നെ പറയാം. അതേ, ഇത് യാക്കോബിന്റെ കിണറാണ്. ഇതിൽ നല്ല ശുദ്ധമായ ജലം  ധാരാളമുണ്ട്. എന്നാൽ ഇതിന് വളരെയേറെ ആഴമുണ്ട്. 

താങ്കളുടെ പക്കൽ തൊട്ടിയോ ഭരണിയോ ഇല്ല. പിന്നെ എങ്ങനെയാണ് എനിക്കു ജീവജലം കോരിത്തരിക? വറ്റിപ്പോകാത്ത ഈ ഉറവ, തനിക്കും തന്റെ മക്കൾക്കും കന്നുകാലികൾക്കും വേണ്ടി കണ്ടെത്തുകയും പിന്നീട് തന്റെ സ്മാരകവും സമ്മാനവുമായി ഞങ്ങൾക്കു വിട്ടുതരികയും ചെയ്ത ഞങ്ങളുടെ പൂർവപിതാവായ യാക്കോബിനേക്കാൾ വലിയവനാണോ താങ്കൾ?"


"നീ പറഞ്ഞതു ശരിയാണ്. എന്നാൽ ഈ വെള്ളം ആരെങ്കിലും കുടിച്ചാൽ അവർക്കു പിന്നെയും ദാഹിക്കും. ഞാൻ തരുന്ന വെള്ളം കുടിക്കുന്നവർക്ക് പിന്നീടൊരിക്കലും ദാഹിക്കയില്ല. എന്തെന്നാൽ ഞാൻ തരുന്ന ജലം ഒരിക്കലും വറ്റാത്ത നിത്യജീവന്റെ അരുവിയായിത്തീരും."
"എന്ത്? താങ്കൾ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല. താങ്കൾ ഒരു മാന്ത്രികനാണോ? താങ്കൾ തരുന്ന ജലം  ആയുഷ്ക്കാലം മുഴുവൻ നിലനിൽക്കുമെന്നാണോ പറയുന്നത്?"
"അത്രമാത്രമല്ല; അതിലുമധികം; അതായത് നിത്യജീവനോളം ആ ജലം നിലനിൽക്കും. അതു കുടിക്കുന്നവരിലേക്ക് നിത്യജീവൻ പ്രവഹിക്കും."
"യഥാർത്ഥമായും  കൈവശമുണ്ടെങ്കിൽ എനിക്ക് ആ ജലം കുറേ തന്നാലും. ഇവിടെ വരെ വന്നപ്പോഴേക്കും ഞാൻ വളരെ ക്ഷീണിച്ചിരിക്കയാണ്. ആ ജലം കിട്ടിയാൽ പിന്നെ എനിക്കു രോഗം വരികയോ വാർദ്ധക്യം ബാധിക്കയോ ചെയ്യുകയില്ലല്ലോ."
"നിനക്കു ക്ഷീണം തോന്നിക്കുന്ന കാര്യം ഇതു മാത്രമാണോ? മറ്റൊന്നുമില്ലേ? ഈ വെള്ളം കുടിച്ച് നിന്റെ നിസ്സാരമായ ശരീരത്തിന് തൃപ്തി നൽകാൻ മാത്രമാണോ നീ ആഗ്രഹിക്കുന്നത്? ഇതേപ്പറ്റി ആലോചിച്ചുനോക്കുക. ശരീരത്തേക്കാളധികം പ്രാധാന്യമർഹിക്കുന്ന മറ്റെന്തോ ഇല്ലേ? നിന്റെ ആത്മാവു തന്നെ. യാക്കോബ് തനിക്കും മക്കൾക്കും വേണ്ടി ഭൗമികജലം മാത്രമല്ല സമ്പാദിച്ചത്; ശുദ്ധി സമ്പാദിക്കാനും അത് പ്രദാനം ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചു. അതാണ് ദൈവം തരുന്ന ജലം."
"നിങ്ങൾ ഞങ്ങളെ പുറജാതിക്കാരെന്നു വിളിക്കുന്നു. നിങ്ങൾ പറയുന്നതു ശരിയാണെങ്കിൽ ഞങ്ങൾക്കു ശുദ്ധരാകുവാൻ കഴിയില്ലല്ലോ?"  ആ സ്ത്രീ ആശയക്കുഴപ്പത്തിലാണ്. 
"പുറജാതിക്കാർക്കും ശുദ്ധരാകാം. നീതിമാനായ ദൈവം പുറജാതിക്കാർ ചെയ്യുന്ന 
നന്മകൾക്കും പ്രതിഫലം നൽകും. അതൊരു പൂർണ്ണമായ പ്രതിഫലമായിരിക്കയില്ല. എന്നാൽ ഞാനൊരു കാര്യം പറയാം; പാപിയായ ഒരു വിശ്വാസിയേയും നിഷ്ക്കളങ്കനായ ഒരു പുറജാതിക്കാരനേയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ദൈവം കൂടുതൽ കാരുണ്യം കാണിക്കുന്നത് രണ്ടാമത്തെയാളിനോടായിരിക്കും. രണ്ടാമത്തെ ഗണത്തിൽപ്പെട്ട ഒരാളാണെന്ന് നീയെന്ന് സ്വയം തോന്നുന്നുവെങ്കിൽ നീ എന്തുകൊണ്ട് യഥാർത്ഥ ദൈവത്തിന്റെ പക്കലേക്കു വരുന്നില്ല? നിന്റെ പേരെന്താണ്?"
"ഫോട്ടിനായി"
"ശരി, ഫോട്ടിനായി, എന്നോടു സത്യം പറയുക. പുറജാതിക്കാരിയായതു കൊണ്ട് വിശുദ്ധിയിലേക്കുയരാൻ കഴിയില്ലെന്നാണോ നിന്റെ സങ്കടം? എന്നാൽ ഞാൻ പറയുന്നു, 
വർഷങ്ങളായി തെറ്റായ ജീവിതം നയിക്കുന്നതു കൊണ്ടുള്ള ചിന്താക്കുഴപ്പമാണ് നിനക്കുള്ളതെന്ന്."
"അതേ, ഞാൻ ദുഃഖിതയാണ്."
"അങ്ങനെയെങ്കിൽ കുറഞ്ഞപക്ഷം പരിശുദ്ധയായ ഒരു  പുറജാതിക്കാരിയായി നിനക്കു ജീവിച്ചുകൂടേ?"
"കർത്താവേ!"
"അതേ; ഞാൻ പറഞ്ഞതു നിനക്കു നിഷേധിക്കാൻ പറ്റുമോ? നീ പോയി നിന്റെ 
ഭർത്താവിനെയും വിളിച്ചുകൊണ്ട് ഇവിടെ മടങ്ങിവരിക."
"എനിക്കു  ഭർത്താവില്ല." ആ സ്ത്രീ കൂടുതൽ വിഷമസ്ഥിതിയിലായി.

"നീ പറഞ്ഞതു  ശരിയാണ്. നിനക്കു ഭർത്താവില്ല. നിനക്ക് അഞ്ച് പുരുഷന്മാരുണ്ടായിരുന്നു. ഇപ്പോൾ കൂടെയുള്ളയാൾ നിന്റെ ഭർത്താവല്ല. ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? നിന്റെ മതം കാമാസക്തിയെ തിരസ്ക്കരിക്കുന്നുണ്ടല്ലോ. ദൈവത്തിന്റെ പത്തു കൽപ്പനകൾ ഉണ്ട്. അവയും നിനക്കറിയാം. ഫോട്ടിനായീ, പിന്നെ നീ ഇങ്ങനെ ഒരു ജീവിതം നയിച്ചതെന്തിനാണ്? ഒരു   ഭർത്താവിന്റെ വിശ്വസ്തയായ ഭാര്യയായി കഴിയേണ്ടതിനു പകരം ഓരോരുത്തരുടെ കാമാസക്തി തീർക്കാൻ വേണ്ടി സ്വന്തം ശരീരം വിട്ടുകൊടുത്തതിൽ നിനക്കു പശ്ചാത്താപമില്ലേ? ജീവിതത്തിന്റെ സായംകാലത്ത് കഴിഞ്ഞകാല ജീവിതത്തിന്റെ 

ഓർമ്മകളും ദുഃഖങ്ങളുമായി കഴിയേണ്ടി വരുമോ എന്നു നീ ഭയപ്പെടുന്നില്ലേ? ഉണ്ട്. ദൈവത്തേയും പ്രേതങ്ങളേയും നീ ഭയപ്പെടുന്നു. നിന്റെ കുട്ടികൾ എവിടെ?"
അവൾ തല കുനിച്ച് ഒന്നും മിണ്ടാതെ നിന്നു.
"നിനക്ക് ഈ ലോകത്തിൽ ആരുമില്ല. ഈ ഭൂമിയിൽ പിറന്നുവീഴാൻ നീ അവസരം
നൽകാതിരുന്ന നിന്റെ മക്കളുടെ ആത്മാക്കൾ നിനക്കെതിരേ നിലവിളിച്ചുകൊണ്ടിക്കുകയാണ്. നിനക്ക് മനോഹരമായ വസതിയും സമൃദ്ധമായ ഭക്ഷണവും രത്നങ്ങളും വസ്ത്രങ്ങളും എല്ലാമുണ്ട്. എന്നിട്ടും നിനക്കനുഭവപ്പെടുന്നത് ശൂന്യതയും കണ്ണീരും ആന്തരികദുഃഖവുമാണ്. സത്യസന്ധമായ പശ്ചാത്താപത്തിലൂടെയും ദൈവത്തിന്റെ  ക്ഷമയിലൂടെയും അതോടൊപ്പം നിന്റെ കുഞ്ഞുങ്ങളുടെ ക്ഷമയിലൂടെയും നിനക്കു വീണ്ടും ധന്യയായിത്തീരാൻ കഴിയും."
"പ്രഭോ, അങ്ങ് ഒരു   പ്രവാചകനാണെന്നു ഞാൻ  മനസ്സിലാക്കുന്നു. എന്റെ ജീവിതത്തെക്കുറിച്ച് എനിക്കു ലജ്ജ തോന്നുന്നു."
"നീ ചീത്തക്കാര്യങ്ങൾ ചെയ്തപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പാകെ നിനക്കു ലജ്ജ തോന്നിയിരുന്നില്ലേ? മനുഷ്യർ നിന്നെ വേദനിപ്പിച്ചപ്പോൾ നീ വിലപിച്ചിരുന്നില്ലേ? ഫോട്ടിനായീ, നീ എന്റെ അടുത്തുവരിക; ദൈവത്തെപ്പറ്റി ഞാൻ നിന്നോടു പറയാം. ഒരുപക്ഷേ, ദൈവത്തെപ്പറ്റി നിനക്ക് കാര്യമായി ഒന്നും അറിയില്ലെന്നുവരാം. അതുകൊണ്ടാവാം നീ ഇത്രത്തോളം തെറ്റുകാരിയായത്. സത്യദൈവത്തെ നന്നായി അറിഞ്ഞിരുന്നെങ്കിൽ നീ നിന്നെത്തന്നെ ഇത്രത്തോളം തരംതാഴ്ത്തുകയില്ലായിരുന്നു. ദൈവം നിന്നോടു സംസാരിക്കുകയും പിന്തുണ നൽകുകയും ചെയ്യുമായിരുന്നു."
"പ്രഭോ, ഞങ്ങളുടെ പൂർവികന്മാർ ഈ മലയിൽ വച്ചാണ് ദൈവത്തെ ആരാധിച്ചിരുന്നത്. എന്നാൽ ജറുസലേമിൽ ചെന്നുവേണം ദൈവത്തെ ആരാധിക്കാൻ എന്നാണല്ലോ യഹൂദന്മാർ പറയുന്നത്. എന്നാൽ ഒരൊറ്റ ദൈവമേ ഉള്ളൂവെന്ന് അവിടുന്ന് പറയുന്നു. ഞാൻ  എന്തു ചെയ്യണം? എവിടെപ്പോയി ദൈവത്തെ  ആരാധിക്കണം? എനിക്കു  പറഞ്ഞുതരൂ."
"സ്ത്രീയേ, എന്നെ വിശ്വസിക്കൂ. അൽപ്പകാലം കഴിഞ്ഞാൽ സമരിയാ മലയിലോ ജറുസലേമിലോ ആയിരിക്കുകയില്ല പിതാവായ ദൈവം  ആരാധിക്കപ്പെടുന്നത്. അറിയപ്പെടാത്ത ദൈവത്തെയാണ് നിങ്ങൾ  ആരാധിക്കുന്നത്. ഞങ്ങൾ ആരാധിക്കുന്നത് അറിയപ്പെടുന്ന ദൈവത്തെയാണ്. എന്തെന്നാൽ രക്ഷ വരുന്നത് യഹൂദന്മാരിലൂടെയാണ്. പ്രവാചകന്മാരെക്കുറിച്ച് ഞാൻ  നിന്നെ ഓർമ്മിപ്പിക്കുന്നു. എന്നാൽ യഥാർത്ഥ ഭക്തന്മാർ സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന സമയം വരുന്നു; അല്ല, ഇതാ ആ സമയം വന്നുകഴിഞ്ഞിരിക്കുന്നു. ഇനി പഴയ ആരാധനാ സമ്പ്രദായങ്ങൾക്കു പ്രസക്തിയില്ല. ജന്തുക്കളെ അഗ്നിയിൽ ബലികഴിക്കേണ്ട ആവശ്യവുമില്ല. ദിവ്യകാരുണ്യത്തിന്റെ അഗ്നിയിൽ  അർപ്പിക്കപ്പെടുന്ന കളങ്കമില്ലാത്ത കുഞ്ഞാടിന്റെ നിത്യബലി ഇതാ വരുന്നു. അത് ആദ്ധ്യാത്മികമായ ഒരു ആരാധനാ സമ്പ്രദായമായിരിക്കും. സത്യത്തിലും ആത്മാവിലും  ആരാധിക്കാൻ കഴിയുന്നവർക്ക് അതിന്റെ അർത്ഥം മനസ്സിലാകും. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ അത് ആത്മീയമായി ചെയ്യണം."

"അവിടുന്ന് ദിവ്യമായ വാക്കുകൾ സംസാരിക്കുന്നു. മിശിഹാ വരാറായി എന്നു ഞങ്ങൾക്കും അറിയാം. അതുകൊണ്ടാണ് എനിക്കിത് മനസ്സിലാകുന്നത്. 'ക്രിസ്തു' എന്ന പേരിലും മിശിഹാ  അറിയപ്പെടും. അവൻ എല്ലാക്കാര്യങ്ങളും ഞങ്ങളെ  പഠിപ്പിക്കും. ഇവിടെനിന്നും അധികം അകലെയല്ലാതായി ഒരാളുണ്ട്. അദ്ദേഹം മിശിഹായുടെ മുന്നോടിയാണെന്ന് ആളുകൾ പറയുന്നു. ധാരാളം പേർ അദ്ദേഹത്തിന്റെ അടുത്തുപോയി പ്രസംഗം കേൾക്കുന്നുണ്ട്. എന്നാൽ  അദ്ദേഹം  ഒട്ടും മയമില്ലാത്തവനാണ്. അവിടുന്നാകട്ടെ ദയാലുവും... സാധാരണക്കാർ അങ്ങയെ ഭയപ്പെടുകയില്ല. ക്രിസ്തു നല്ലവനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം  സമാധാനത്തിന്റെ രാജാവായിരിക്കുമെന്ന് അവർ പറയുന്നു. അദ്ദേഹം വരുന്നതിന് ഇനി അധികം താമസമുണ്ടാകുമോ?"

"അവന്റെ സമയം വന്നിരിക്കുന്നു എന്നു ഞാൻ നിന്നോടു പറഞ്ഞുകഴിഞ്ഞല്ലോ."


"അത് അങ്ങേയ്ക്കെങ്ങനെ അറിയാം? അതോ അങ്ങ് ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളാണോ? യോഹന്നാൻ സ്നാപകന് ധാരാളം ശിഷ്യന്മാരുണ്ട്. ക്രിസ്തുവിനും ധാരാളം ശിഷ്യന്മാരുണ്ടാവാം." 

"നിന്നോട് ഇപ്പോൾ സംസാരിക്കുന്ന ഈ ഞാൻ തന്നെയാണ് ക്രിസ്തു."

Sunday, July 3, 2011

കര്‍ത്താവിന്‍റെ സന്ദേശം



"ഞാന്‍ ഉന്നതങ്ങളില്‍ നിന്ന് നിങ്ങളെ എല്ലാവരെയും വിളിക്കുന്നു. വരിക; വന്നു നിങ്ങളുടെ ദൈവമായ എന്നില്‍ സമാധാനം കണ്ടെത്തുക. നിങ്ങള്‍ക്ക് എന്‍റെ അനുഗ്രഹം ഉണ്ടായിരിക്കും. എന്നിലേക്ക്‌ പിന്തിരിയുക. എങ്കില്‍ നിങ്ങള്‍ എന്നേക്കും ജീവിക്കും."

(ദൈവത്തിലുള്ള യഥാര്‍ത്ഥ ജീവിതം  vol.8)

പത്രോസിന്‍റെ സദ്‌ഗുണങ്ങള്‍

   (പന്ത്രണ്ട് അപ്പസ്തോലന്മാരുമൊത്ത് ഈശോ പേത്രാ എന്ന സ്ഥലത്തേക്കു പോകുമ്പോള്‍ യൂദാസ്കറിയോത്ത, അങ്ങോട്ടേക്ക് പോകേണ്ടതില്ല എന്നു നിര്‍ബന്ധം പിടിക്കുന്നു. അവന്‍റെ   വിചിത്രമായ പെരുമാറ്റത്തില്‍ അസ്വസ്ഥരായ  മറ്റുള്ളവര്‍ അതിനെതിരെ പ്രതികരിക്കുന്നു. സെബെദീപുത്രന്‍ ജയിംസും  യുദാസുമായി അല്‍പ്പം വാക്കുതര്‍ക്കം വരെയുണ്ടാകുന്നു.  ഇതു കേട്ട് അങ്ങേയറ്റം ദുഃഖത്തോടെ ഈശോ അവരെ തിരുത്തുകയും അവരുടെ ഉപവിയില്ലായ്മയെപ്പറ്റി ശാസിക്കയും ചെയ്യുന്നു. ഈശോയ്ക്കു ദുഃഖം വരുത്തിയതിന് ജയിംസ്, യുദാ തദേവൂസുമായി  ഈശോയുടെ അടുക്കല്‍  ചെന്ന്  ഈശോയോട്   മാപ്പു ചോദിക്കുന്നു.) 
  ഈശോ പറയുന്നു : "യൂദാസിന്‍റെ തെറ്റുകളെല്ലാം ഞാന്‍ കാണുന്നില്ലെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്?  അവന്‍റെ പ്രവൃത്തികളൊന്നും എനിക്ക് പരിചയമില്ലെന്ന് നിങ്ങള്‍ കരുതുന്നോ? ഓ! അതങ്ങനെയല്ലെന്നു നിങ്ങള്‍ക്കു ബോധ്യപ്പെട്ടു കൊളളും. അരൂപിയില്‍ പൂര്‍ണ്ണരായവരെയാണ് എനിക്ക് വേണ്ടിയിരുന്നതെങ്കില്‍, ഞാന്‍ ദൈവദൂതന്മാരെ മനുഷ്യരൂപം കൊടുത്ത് എന്‍റെ ചുറ്റിലും നിര്‍ത്തുവാന്‍ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ അത് ഉപകാരപ്പെടുമായിരുന്നോ?  ഇല്ല;  അത് എന്‍റെ  സ്വാര്‍ഥതയും   മനുഷ്യരോടുള്ള നിന്ദയും ആയിത്തീരുമായിരുന്നു. നിങ്ങളുടെ അപൂര്‍ണ്ണത നിമിത്തം ഉണ്ടാകുന്ന ദുഃഖം എനിക്ക് ഒഴിവാക്കാമായിരുന്നു. പക്ഷെ, എന്‍റെ പിതാവിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ, അവരെ രക്ഷിക്കാന്‍ എന്നെ അയക്കത്തക്കവിധം അത്രയധികം സ്നേഹിക്കപ്പെടുന്ന മക്കളെ ഞാന്‍ നിന്ദിക്കയായിരിക്കും ചെയ്യുക.  മനുഷ്യരുടെ കാര്യം നോക്കിയാല്‍, അത് അവര്‍ക്ക് ഉപദ്രവകരവുമാകുമായിരുന്നു. എന്‍റെ ദൗത്യം പൂര്‍ത്തിയാക്കി എന്‍റെ ദൂതന്മാരോട് കൂടെ   ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍, എന്‍റെ ദൗത്യം തുടരാന്‍ ആരുണ്ടാകും? എന്തുണ്ടാകും?ഞാന്‍ പറയുന്നത് പരീക്ഷിച്ചു നോക്കാനും പ്രവൃത്തിയിലാക്കാനും ഏതു മനുഷ്യനുണ്ടാകും? അരൂപിയാല്‍ നയിക്കപ്പെടുന്ന ഒരു ജീവിതത്തിന് ഒരു ദൈവവും ദൈവ ദൂതന്മാരും മാത്രമാണ് മാതൃക കാണിച്ചതെങ്കില്‍, മനുഷ്യന് ആഗ്രഹമുണ്ടെങ്കില്‍ അവന് എല്ലാത്തരത്തിലും ശുദ്ധതയും പരിശുദ്ധിയും  പാലിക്കുവാന്‍  കഴിയുമെന്ന് അവനെ 
ബോധ്യപ്പെടുത്തുവാന്‍,  മനുഷ്യ ശരീരമെടുക്കുക എനിക്കാവശ്യമായിരുന്നു. അതുപോലെ തന്നെ, എന്‍റെ അരൂപിക്ക് മറുപടി നല്‍കിയ അരൂപിയുള്ള ആളുകളെ - അവര്‍ ഏതു തരക്കാരായാലും, ധനികരോ ദരിദ്രരോ പഠനമുള്ളവരോ 
അറിവില്ലാത്തവരോ - സ്വീകരിക്കുക എന്നതും ആവശ്യമായിരുന്നു. അവരെ ഞാന്‍ കണ്ടതുപോലെ സ്വീകരിക്കുകയും എന്‍റെയും  അവരുടെയും ഇഷ്ടപ്രകാരം സാവധാനത്തില്‍ അവരെ മറ്റു മനുഷ്യരുടെ ഗുരുക്കന്മാരാക്കി രൂപാന്തരപ്പെടുത്തുകയും ആവശ്യമാണ്‌. 
                        മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കുന്നു. കാരണം, അവനെ കാണുന്നു. എന്നാല്‍ ഇത്രയധികം അധപ്പതിച്ച മനുഷ്യന്, അവന്‍ കാണാത്ത ദൈവത്തില്‍ വിശ്വസിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സീനായ്മല കത്തിയെരിഞ്ഞ സമയത്ത് തന്നെ അതിന്റെ ചുവട്ടില്‍ വിഗ്രഹാരാധന തുടങ്ങിക്കഴിഞ്ഞു.... മോശ മരിച്ചു പോലുമില്ല, അതിനു മുന്‍പുതന്നെ അവര്‍ കല്‍പ്പന ലംഘിച്ചു തുടങ്ങി. മോശയുടെ മുഖത്തു നോക്കുവാന്‍ അവര്‍ക്ക് സാധ്യമല്ലായിരുന്നു.
                             എന്നിട്ടും അവരതു ചെയ്തു. എന്നാല്‍ നിങ്ങള്‍ ഗുരുക്കന്മാരായി രൂപാന്തരപ്പെട്ടു കഴിയുമ്പോള്‍, പുളിമാവു പോലെ മനുഷ്യരുടെ ഇടയില്‍ നിങ്ങള്‍ സാക് ഷ്യം ആയിക്കഴിയുമ്പോള്‍, അവര്‍ ഇപ്രകാരം പറയുകയില്ല; "അവര്‍ മനുഷ്യരുടെ 
ഇടയിലേക്കിറങ്ങിയ ദൈവങ്ങളാണ്. നമുക്കവരെ അനുകരിക്കുക അസാധ്യം."  അവര്‍ ഇങ്ങനെ പറയുവാന്‍ നിര്‍ബന്ധിക്കപ്പെടും; അവര്‍ നമ്മെപ്പോലെ മനുഷ്യരാണ്. അവര്‍ക്ക് നമ്മെപ്പോലെ തന്നെയുള്ള പ്രവണതകളും പ്രേരണകളും പ്രതികരണങ്ങളുമുണ്ട്. എങ്കിലും അവയെ എതിര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. അവരുടെ പ്രതികരണങ്ങള്‍ നമ്മുടെ മൃഗീയ പ്രവണതകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്."
                ദൈവത്തിന്‍റെ വഴികളിലൂടെ നടക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നെങ്കില്‍ മനുഷ്യന്‍ ദൈവികനാകും എന്നവര്‍ക്ക് ബോധ്യമാകും. അതിനാല്‍ നിങ്ങള്‍ എന്നെപ്പോലെയാകാന്‍  ശ്രമിക്കണം. അതിനു തിരക്കു കൂട്ടേണ്ട. വിവേചനാശക്തിയുള്ള ഒരു മൃഗത്തിന്‍റെ സ്ഥിതിയില്‍ നിന്ന് അരൂപിയുടെ നിലയിലേക്ക്                             മനുഷ്യന്‍ വളരുന്നത്‌ സാവധാനത്തിലാണ്. പരസ്പരം സഹിക്കുകയും ക്ഷമിക്കയും വേണം. ദൈവം ഒഴികെ ഒരുത്തരും പൂര്‍ണ്ണരല്ല.
             ഇപ്പോള്‍ എല്ലാം കഴിഞ്ഞല്ലോ. ഇല്ലേ? മനസ്സിന്റെ ദൃഡനിശ്ചയത്തോടെ നിങ്ങളെത്തന്നെ നന്നാക്കുവിന്‍. യോനായുടെ മകന്‍ സൈമണിനെ അനുകരിക്കുക. ഒരു വര്‍ഷം തന്നെയെടുത്തില്ല, അവന്‍ വളരെ നന്നായി പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍..... സൈമണിനെപ്പോലെ വെറും മാനുഷികരീതിയില്‍ വര്‍ത്തിച്ചിരുന്ന മറ്റാര് നിങ്ങളുടെ ഇടയിലുണ്ട്?"
                           "ശരിയാണ്. ഞാന്‍ അവനെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അവന്‍ എന്നെ വിസ്മയിപ്പിക്കുന്നു." യുദാ തദേവുസ് പറയുന്നു.
                             "നിങ്ങള്‍ സൈമണിനെ ബാഹ്യമായി മാത്രം കാണുന്നു. എന്നാല്‍, ഞാന്‍ അവന്‍റെ ആന്തരികമായ ആഴം കാണുന്നുണ്ട്. പരിപൂര്‍ണ്ണനാകുവാന്‍ ഇനിയും അവനു ധാരാളം ചെയ്യുവാനും സഹിക്കുവാനും ഉണ്ട്. എന്നാല്‍, അവന്‍റെതുപോലുള്ള സന്മനസ്സ്, സാധുത്വം, എളിമ, സ്നേഹം, എന്നിവ നിങ്ങളെല്ലാവരിലും കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്." 

യഥാര്‍ത്ഥ മതം

  ഈശോ പറയുന്നു:  "യഥാര്‍ത്ഥ മതം അടങ്ങിയിരിക്കുന്നത് പത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കുന്നതിലാണ്. വലിയ ആര്‍ഭാടങ്ങളോടെ പൂജ നടത്തുന്നതിലല്ല. കുറ്റമില്ലാത്ത നന്‍മ പ്രവൃത്തികള്‍ അഭ്യസിക്കുക, കാരുണ്യം കാണിക്കുക, സ്വയം പുകഴ്ച വിട്ടു കളയുക, മനുഷ്യനെ അപമാനിതനാക്കുന്ന സകലവും ഉപേക്ഷിക്കുക, വഞ്ചനാപരമായ പ്രകൃത്യതീത ശക്തികള്‍, ദുശ്ശകുനങ്ങള്‍ തുടങ്ങിയവയില്‍ 
ആശ്രയിക്കാതിരിക്കുക എന്നിവയെല്ലാം ശരിയായ മതാനുഷ്ടാനത്തിന് ആവശ്യമാണ്‌. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ ദൈവിക ദാനങ്ങള്‍ നീതിപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നതും ശരിയായ 
മതാനുഷ്ടാനത്തിന്റെ ഭാഗമാണ്. ആരോഗ്യം, ധനം, സമ്പത്ത്, ബുദ്ധി, അധികാരം ഇവയില്‍ അഹങ്കരിക്കാന്‍ പാടുള്ളതല്ല. അഹങ്കാരം ബുദ്ധിഹീനതയുടെ   ലക്ഷണമാണ്.    കാരണം, ദൈവം 
അനുവദിക്കുന്നിടത്തോളമേ മനുഷ്യന്‍ ജീവിച്ചിരിക്കുകയുള്ളൂ.  
ആരോഗ്യം, ധനം, സമ്പത്ത്, ബുദ്ധി, അധികാരം ഇവയെല്ലാം ദൈവം നല്‍കിയാല്‍ മാത്രം ഉണ്ട്. അത്യാഗ്രഹങ്ങള്‍ ഉപേക്ഷിച്ച് മനുഷ്യനെപ്പോലെ ജീവിക്കണം.   അത്യാഗ്രഹമാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുവാനും മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍,  മൃഗത്തെപ്പോലെയാകാതെ മനുഷ്യനെപ്പോലെ ജീവിക്കുവാന്‍ സ്വന്തം ആത്മാഭിമാനം ആവശ്യപ്പെടുന്നു. 
അധപ്പതനം എളുപ്പമാണ്. ഉയര്‍ച്ച വിഷമമുള്ളതും. എന്നാല്‍ ജീര്‍ണ്ണതയുടെ ഗര്‍ത്തത്തില്‍ നിപതിച്ചതുകൊണ്ടു മാത്രം അതില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരുണ്ട്‌? അതില്‍ നിന്ന് പുറത്തിറങ്ങി പ്രകാശമുള്ള ഉന്നതങ്ങളിലേക്ക് കയറുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? ഞാന്‍ ഗൗരവമായി പറയുന്നു: പാപിയുടെ ജീവിതം ഒരഗാധ ഗര്‍ത്തത്തില്‍ ആയിരിക്കുന്നതുപോലെ   അബദ്ധങ്ങളില്‍ ജീവിക്കുന്നവരും  അതില്‍ത്തന്നെ. എന്നാല്‍ സത്യത്തിന്റെ വചനം ശ്രവിക്കുകയും സത്യത്തിലേക്ക് വരികയും ചെയ്യുന്നവര്‍ പ്രകാശത്തിന്റെ ഉയരങ്ങളിലേക്ക് കയറുന്നു."   

Saturday, July 2, 2011

കാണാതെ പോയ ആടിന്റെ ഉപമ.

     ഈശോ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.  ഒരരുവിയുടെ വൃക്ഷനിബിഡമായ തീരത്തുനിന്നാണ് പ്രസംഗം. ചേർന്നുള്ള ചോളവയലിൽ വലിയ ഒരു ജനാവലി. സമയം സന്ധ്യയാണ്. ആട്ടിൻപറ്റങ്ങൾ ആലയിലേക്കു നീങ്ങുന്നു.
     ഈശോ പ്രസംഗം ആരംഭിക്കുന്നത് കടന്നുപോകുന്ന ആട്ടിൻപറ്റത്തെ പരാമർശിച്ചുകൊണ്ടാണ്. ഈശോ പറയുന്നു:
    
      നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ആടുകളെക്കുറിച്ചു വിചാരമുള്ള ഒരു നല്ല ഇടയനാണ്. നല്ല ഇടയൻ എന്താണു ചെയ്യുന്നത്? തന്റെ ആടുകൾക്ക് നല്ല മേച്ചിൽസ്ഥലങ്ങൾ അന്വേഷിക്കുന്നു. പുല്ലു മാത്രമല്ല, തണലും ധാരാളം കുടിവെള്ളം കിട്ടുന്ന അരുവികളും അയാൾ തേടുന്നു. ഏറ്റം സമൃദ്ധമായ പുൽമേടുകൾ അയാൾ തെരഞ്ഞെടുക്കുകയില്ല. കാരണം അവയ്ക്കുള്ളിൽ പാമ്പുകളും രോഗം വരുത്തുന്ന ചെടികളും സർവസാധാരണമാണ്. മലഞ്ചെരിവുകളാണയാൾ ഇഷ്ടപ്പെടുന്നത്. അവിടെ മഞ്ഞുതുള്ളികൾ വീണ് പുല്ലിന്റെ ഇലകൾ വൃത്തിയുള്ളവയായിരിക്കും. നല്ല ശക്തിയുള്ള വെയിലടിക്കുന്നതിനാൽ പാമ്പുകൾ അവിടെയുണ്ടായിരിക്കയില്ല. ആരോഗ്യപ്രദമായ വായു ധാരാളം. നല്ലിടയൻ  എല്ലാ        ആടുകളെയും ഓരോന്നോരോന്നായി ശ്രദ്ധിക്കുന്നു. രോഗമുള്ളവയെ അവൻ സുഖപ്പെടുത്തുന്നു. മുറിവേറ്റവയെ വച്ചുകെട്ടുന്നു. അത്യാഗ്രഹം കൊണ്ട് അധികം തീറ്റ തിന്നു രോഗം വരുത്തുന്നവയെ അവൻ ശാസിക്കുന്നു. ഒരു സ്നേഹിതനോടെന്നപോലെ അവയോട് സംസാരിക്കുന്നു. ഭൂമിയിൽ അലഞ്ഞുതിരിയുന്ന സ്വന്തം മക്കളോട് സ്വർഗ്ഗസ്ഥനായ പിതാവ് ഇങ്ങനെതന്നെയാണ് വർത്തിക്കുന്നത്. പിതാവിന്റെ സ്നേഹമാകുന്ന വടി എല്ലാറ്റിനേയും ഒരുമിച്ചുകൂട്ടുന്നു. അവന്റെ സ്വരമാണ് അവരെ നയിക്കുന്നത്. അവന്റെ നിയമമാണ് അവരുടെ മേച്ചിൽപ്പുറം; സ്വർഗ്ഗമാണ് അവരുടെ ആല.

     എന്നാൽ ഒരാട് അവനെ വിട്ടുപോയി. അവന് അതിനെ വലിയ കാര്യമായിരുന്നു. ഇളംപ്രായം, പരിശുദ്ധമായത്, ഏപ്രിൽമാസത്തിലെ വെൺമേഘം പോലെ വെള്ളനിറം. എത്ര നന്നായി അതിനെ വളർത്തണമെന്നും എത്രയധികം സ്നേഹം അതു കാണിക്കുമെന്നും മറ്റും ചിന്തിച്ചുകൊണ്ട് ഇടയൻ വലിയ സ്നേഹത്തോടെ പലപ്പോഴും അതിനെ നോക്കിയിരുന്നു. എന്നാൽ  അത് വഴിമാറിപ്പോയി. മേച്ചിൽപ്പുറത്തിനടുത്തുള്ള വഴിയിലൂടെ ഒരു പ്രലോഭകൻ കടന്നുപോയി. ഒറ്റനിറമുള്ള സാധാരണ  ഉടുപ്പിനു പകരം പലനിറങ്ങളുള്ള വസ്ത്രമാണയാൾ ധരിച്ചിരുന്നത്. ചെറുകോടാലിയും കത്തിയും തൂക്കിയിടുന്ന തുകൽബൽറ്റ് അയാൾക്കില്ല. അയാളുടേതു സ്വർണ്ണബൽറ്റാണ്. ശക്തിയേറിയ സുഗന്ധദ്രവ്യങ്ങളടങ്ങിയ ചെപ്പുകൾ അയാളുടെ കൈവശമുണ്ട്. നല്ലിടയൻ കൊണ്ടുനടക്കുന്നതുപോലുള്ള വടി അയാളുടെ കൈയിലില്ല. നല്ലിടയൻ ആ വടി കൊണ്ട് ആടുകളെ ഒരുമിച്ചു കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ആ വടി പോരാ എന്നുതോന്നുമ്പോൾ കൈക്കോടാലിയും കത്തിയും പ്രയോഗിക്കും. ആവശ്യമെങ്കിൽ ജീവൻതന്നെയും അർപ്പിക്കും. എന്നാൽ പ്രലോഭകന്റെ കൈയിലുള്ളത് ഒരു ധൂമകലശമാണ്. അതിൽനിന്നു പുകയുയരുന്നുണ്ട്. അതിനുള്ളിൽ മിന്നുന്ന രത്നങ്ങളുണ്ട്. അയാൾ പാട്ടുപാടി ഉപ്പു വിതറിക്കൊണ്ടു കടന്നുപോകുന്നു. എന്നാൽ   പോകുന്നില്ല; അവിടെത്തന്നെ നിൽക്കുന്നു. നൂറാമത്തെ ആട്, ഏറ്റം പ്രായം കുറഞ്ഞത്, കാഴ്ചയ്ക്ക് ഏറ്റം യോഗ്യൻ, എടുത്തുചാടി പ്രലോഭകന്റെ പിന്നാലെ ഓടിമറഞ്ഞു കഴിഞ്ഞു. ഇടയൻ അതിനെ വിളിക്കുന്നുണ്ട്, എന്നാൽ   അതുതിരിച്ചു വരുന്നില്ല. അത് വായുവിനേക്കാൾ വേഗത്തിലോടുന്നു, പ്രലോഭകന്റെ ഒപ്പമെത്താൻ. ഓടുന്നവഴിക്ക് അൽപ്പം ശക്തി കിട്ടാൻ അത് ഉപ്പ് തിന്നുന്നു. എന്നാൽ ഉപ്പ് ഉള്ളിൽച്ചെന്നപ്പോൾ ഒരു കത്തൽ അനുഭവം. അതുകൊണ്ട് തണുത്ത വെള്ളംതേടി അത് വനത്തിൽ പച്ചമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിലേക്കു പോകയാണ്.  പ്രലോഭകനെ അനുഗമിച്ച് അത് വനത്തിനുള്ളിലേക്കു കടന്ന് കുന്നുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിനിടയ്ക്ക് വീഴുന്നു. ഒന്ന്, രണ്ട്,  മൂന്ന്. വീഴുന്ന ഓരോ പ്രാവശ്യവും അതിന്റെ കഴുത്തിനുചുറ്റി വഴുവഴുപ്പുള്ള ഇഴജന്തുക്കളുടെ ആലിംഗനമാണ് അനുഭവപ്പെടുക. ദാഹം ശക്തിയായതിനാൽ അഴുക്കുവെള്ളം കുടിക്കുകയും വിശപ്പടക്കാൻ വിഷസസ്യങ്ങൾ തിന്നുകയും ചെയ്യുന്നു. അതേസമയം നല്ലിടയൻ  എന്താണു ചെയ്യുന്നത്? തൊണ്ണൂറ്റിഒൻപത് ആടുകളെയും സുരക്ഷിതമായ ഒരു സ്ഥലത്താക്കിയശേഷം അയാൾ പുറപ്പെടുന്നു. നഷ്ടപ്പെട്ട ആടിന്റെ സൂചന നൽകുന്ന അടയാളങ്ങൾ കണ്ടെത്തുന്നതുവരെ അയാൾ വിശ്രമിക്കുന്നില്ല.  പോയ ആട് തിരിച്ചുവരാത്തതിനാൽ അയാൾ ഉച്ചസ്വരത്തിൽ അതിനെ വിളിക്കുന്നു. ഒരു  ഫലവുമില്ല. അവസാനം വളരെ ദൂരെ നിന്ന് സർപ്പങ്ങൾ ചുറ്റി ബോധമില്ലാതെ കിടക്കുന്ന ആടിനെ അയാൾ കാണുന്നു. അതിനെ സ്നേഹിക്കുന്ന ആളിനെക്കണ്ടപ്പോൾ വേർതിരിഞ്ഞുപോയതിന്റെ ദുഃഖം കാണിക്കാൻ അതിനു കഴിയുന്നില്ല. പകരം അയാളെ അത് പരിഹസിക്കുന്നു. ഈ ആട് ഒരു  കള്ളനെപ്പോലെ, സ്വന്തമല്ലാത്ത  വീടുകളിൽ കയറിയിട്ടുണ്ടെന്ന് ഇടയനു മനസ്സിലാകുന്നുണ്ട്. കുറ്റബോധം കൊണ്ട് ആട് അയാളെ നോക്കുന്നില്ല. നോക്കാൻ അതിനു ധൈര്യം കിട്ടുന്നില്ല. എന്നിട്ടും നല്ലിടയനു മനസ്സു മടുക്കുന്നില്ല. ആടിന്റെയടുത്തു ചെല്ലാൻ ശ്രമിക്കയാണ്. അവസാനം ആടിന്റെയടുത്തെത്തി. ഓ! എന്റെ പ്രിയകുഞ്ഞേ, നിന്നെ ഞാൻ കണ്ടുപിടിച്ചു. അവസാനം നിന്റെയടുത്ത് ഞാനെത്തി. നിനക്കുവേണ്ടി എത്രദൂരം ഞാൻ നടന്നു? നിന്നെ ആലയിലേക്കു കൊണ്ടുപോകാൻ എത്രയധികം ബുദ്ധിമുട്ടി? നിരാശയിൽ നിന്റെ തലതാഴ്ത്തിക്കളയാതെ..... നിന്റെ പാപം എന്റെ ഹൃദയത്തിൽ ഞാൻ കുഴിച്ചുമൂടിയിരിക്കുന്നു. ആരും അതേക്കുറിച്ച് അറിയുകയില്ല. ഞാൻ മാത്രമേ അതറിയുന്നുള്ളൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു.  മറ്റുള്ളവരുടെ വിമർശനത്തിൽനിന്ന് ഞാൻ  നിന്നെ രക്ഷിക്കും. വരൂ, നിനക്കു മുറിവേറ്റുപോയോ? നിന്റെ മുറിവുകൾ ഞാൻ  കാണട്ടെ. എനിക്കവയറിയാം. എന്നാലും നീ എന്നെ അതു കാണിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നീ പരിശുദ്ധി പാലിച്ചിരുന്ന കാലത്ത് നിന്റെ ഇടയനും ദൈവവുമായ എന്നെ നീ നിഷ്കളങ്കമായ കണ്ണുകളോടെ നോക്കുമായിരുന്നല്ലോ. ആ വിശ്വാസത്തോടെ നീ എന്നെ നിന്റെ മുറിവുകൾ കാണിക്കൂ....ശരി, ഇതെല്ലാമാണ് നിന്റെ മുറിവുകൾ അല്ലേ? എല്ലാ മുറിവുകൾക്കും ഒരു പേരു തന്നെ. എത്ര ആഴമായ മുറിവുകൾ ? ആരാണ് ഈ വലിയ മുറിവുകൾ നിന്റെ ചങ്കിലുണ്ടാക്കിയത്? പ്രലോഭകൻ തന്നെ. എനിക്കറിയാം. അവന് കൈക്കോടാലിയോ കത്തിയോ ഇല്ല. എങ്കിലും വിഷമുള്ള അവന്റെ കടി ആഴത്തിൽ മുറിവേൽപ്പിക്കുന്നു. നോക്കൂ, എത്രയധികം മുറിവുകൾ ! എത്രയധികം രക്തമാണു വാർന്നുപോയത് ! എത്രയേറെ മുള്ളുകൾ തറച്ചിരിക്കുന്നു!

          ഓ ! നിരാശയിലാണ്ടിരിക്കുന്ന എന്റെ പാവപ്പെട്ട ആത്മാവേ, എന്നോടു പറയൂ, നിന്നോടു ഞാൻ എല്ലാം ക്ഷമിച്ചാൽ നീ എന്നെ ഇനിയും സ്നേഹിക്കുമോ? എന്റെ കരങ്ങൾ നിന്റെ പക്കലേക്കു നീട്ടിയാൽ ഇങ്ങോട്ടു വരുമോ? എന്നോടൊന്നു പറയൂ, എങ്കിൽവന്ന് വീണ്ടും ജനിക്കുക. പരിശുദ്ധമായ മേച്ചിൽപ്പുറങ്ങളിലേക്കു വീണ്ടും വരിക. നീ കരയൂ ... നിന്റെ കണ്ണീരും എന്റെ കണ്ണീരും കൂടെ നിന്റെ പാപത്തിന്റെ അടയാളങ്ങൾ കഴുകിക്കളയും. നിന്നെ ദഹിപ്പിച്ച തിന്മ നിമിത്തം നീ അവശതയിലായതിനാൽ എന്റെ നെഞ്ചും എന്റെ രക്തക്കുഴലുകളും നിനക്കായി തുറന്നുകൊണ്ടു ഞാൻ  പറയുന്നു, ഇവ ഭക്ഷിക്കുക; അങ്ങനെ ജീവിക്കൂ .... നിന്നെ എന്റെ കരങ്ങളിൽ ഞാൻ  വഹിക്കുന്നതിന് എന്റടുത്തേക്കു വരൂ.... നമുക്ക് അതിവേഗത്തിൽ നടന്ന് ശുദ്ധമായ പുൽമേടുകളിലേക്കു പോകാം. നീ ദുരിതത്തിന്റെ ഈ  സമയത്തെ വിസ്മരിക്കുക. നിന്റെ തൊണ്ണൂറ്റിഒൻപത് നല്ല സഹോദരങ്ങളും നീ തിരിച്ചുവന്നല്ലോ എന്നോർത്തു സന്തോഷിക്കും. ഞാൻ  നിന്നോടു പറയുന്നു, ആല വിട്ടു പോകാതിരുന്ന തൊണ്ണൂറ്റിഒൻപത് നീതിമാന്മാരേക്കാൾ, നഷ്ടപ്പെട്ടശേഷം കണ്ടെടുക്കപ്പെട്ട ഒന്നിനെക്കുറിച്ച് നല്ലവരുടെ ഇടയിൽ കൂടുതൽ സന്തോഷമുണ്ടാകും."

         ഈശോ പിന്നിലെ റോഡിലേക്ക് ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കിയിട്ടില്ല. ആ വഴിയേ, സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ മഗ്ദലായിലെ മേരിവന്നുചേർന്നിരിക്കുന്നു. ഒരു കറുത്ത ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. ഈശോ, 'എന്റെ പ്രിയപ്പെട്ട നിന്നെ ഞാൻ കണ്ടെത്തി' എന്നുതുടങ്ങി തുടർന്നു പറയുന്ന വാക്കുകൾ കേട്ട് മേരി അവളുടെ മുഖാവരണം കൊണ്ട് മുഖം പൊത്തി നിർത്താതെ കരയുന്നു.

   ആളുകൾക്ക് അവളെ കാണാൻ കഴിയുന്നില്ല. കാരണം അവൾ അരുവിയുടെ ഇങ്ങേക്കരയിലാണ്. തലയ്ക്കുമീതേ വന്നിട്ടുള്ള ചന്ദ്രനും ഈശോയുടെ അരൂപിയും മാത്രമേ അവളെക്കാണുന്നുള്ളൂ.

Friday, July 1, 2011

ആദി പാപം - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു:   "ലൂസിഫര്‍ ഒരു ദൈവദൂതനായിരുന്നു.  
ദൈവദൂതന്മാരില്‍ ഏറ്റം സുന്ദരനായിരുന്നു. ഒരു പരിപൂര്‍ണ്ണനായ അരൂപിയായിരുന്നു.  അവന്‍ ദൈവത്തെക്കാള്‍ മാത്രം   താണവനായിരുന്നു.  എന്നാലും പ്രകാശപൂരിതനായ അവന്റെ അന്തസ്സത്തയില്‍ അഹങ്കാരത്തിന്റെ ആവി പൊങ്ങി.  അവന്‍ അത് ചിതറിച്ചുകളഞ്ഞില്ല.  നേരെമറിച്ച്, അതിന്മേല്‍ 
മനസ്സു വെച്ച് അടയിരുന്നു;  അതിനെ  ഘനീഭവിപ്പിച്ചു.  ഈ  അടയിരിക്കലില്‍നിന്ന് തിന്മ വിരിഞ്ഞുവന്നു.മനുഷ്യ സൃഷ്ടിക്കു മുന്‍പേ  തിന്മയുണ്ടായിരുന്നു. ദൈവം ലൂസിഫറിനെ പറുദീസായില്‍ നിന്ന് വെളിയിലേക്കെറിഞ്ഞു. പറുദീസായെ  അശുദ്ധമാക്കിയ  അവനെ,  തിന്മ  വിരിയിച്ചെടുത്ത ആ ശപിക്കപ്പെട്ടവനെ,  സ്വര്‍ഗ്ഗത്തില്‍ നിന്ന് ബഹിഷ്കരിച്ചു. എന്നാല്‍ അവന്‍ നിത്യമായി  തിന്മ  വിരിയിക്കുന്നവനാണ്‌. ഇപ്പോള്‍ പറുദീസാ അശുദ്ധമാക്കാന്‍  കഴിയാത്തതുകൊണ്ട് അവന്‍ ഭൂമിയെ അശുദ്ധമാക്കുന്നു.

 വിശുദ്ധഗ്രന്ഥത്തില്‍  ആലങ്കാരികമായി  പറഞ്ഞിരിക്കുന്ന  വൃക്ഷം,   ഈ സത്യത്തെ  തെളിയിക്കുന്നു.  ദൈവം മനുഷ്യനോടും സ്ത്രീയോടും പറഞ്ഞു: "നിങ്ങള്‍ക്ക് സൃഷ്ടിയുടെ  എല്ലാ      നിയമങ്ങളും       രഹസ്യങ്ങളുമറിയാം. 
എന്നാല്‍, മനുഷ്യനെ സൃഷ്ടിക്കുവാനുള്ള എന്‍റെ അവകാശത്തില്‍ കൈ കടത്തരുത്.  മനുഷ്യവംശത്തിന്‍റെ  വര്‍ദ്ധനവിനും  നിലനില്‍പ്പിനും  എന്റെ സ്നേഹം  മാത്രം മതി. ആ സ്നേഹം നിങ്ങളുടെ ഇടയില്‍ പ്രചരിക്കും. അത് അനേകംപുതിയ 'ആദാമു'കളെ -വെറുംഇന്ദ്രിയങ്ങളുടെ  മോഹത്താലല്ല - നിര്‍മലമായ സ്നേഹത്തിന്‍റെ  സ്പന്ദനങ്ങളാല്‍ ഉത്തേജിപ്പിക്കും.  ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തന്നിരിക്കുന്നു. എന്നാല്‍, മനുഷ്യനെ രൂപപ്പെടുത്തുക എന്ന രഹസ്യം മാത്രം എന്‍റെ സ്വന്തമായി ഞാന്‍  സൂക്ഷിക്കുന്നു."

അരൂപിയിലുള്ള കന്യാത്വം  മനുഷ്യനില്‍ നിന്ന് ഇല്ലാതാക്കണമെന്ന് സാത്താന്‍  ആഗ്രഹിച്ചു.  അവന്റെ വിഷമുള്ള നാവു കൊണ്ട് ഹവ്വയുടെ അവയവങ്ങളെയും കണ്ണുകളെയും  ലാളിച്ച്,  ഓമനിച്ച്,  പ്രലോഭിപ്പിച്ച്, ഉത്തേജിപ്പിച്ച് അവയ്ക്ക്  മുന്പില്ലാതിരുന്ന  ഒരു സൂക്ഷ്മദൃഷ്ടി  ഉളവാക്കി.    കാരണം,  മുന്‍പ്  തിന്മ  അവളെ  ലഹരി പിടിപ്പിച്ചിട്ടില്ലായിരുന്നു.

അവള്‍'കണ്ടു'.കണ്ടതുകൊണ്ട്അവള്‍പരീക്ഷിക്കുവാനാരംഭിച്ചു. അവളുടെ മാംസംഉത്തേജിതമായി.ഓ!അവള്‍ ദൈവത്തെ  
വിളിച്ചിരുന്നെങ്കില്‍!   ദൈവത്തിന്റെ പക്കലേക്ക് ഓടിയെത്തി പിതാവേ, സര്‍പ്പം എന്നെതലോടി, താലോലിച്ച;ഞാന്‍ അസ്വസ്ഥയായിരിക്കുന്നു' എന്നു പറഞ്ഞിരുന്നെങ്കില്‍!പിതാവ്തന്റെ നിശ്വാസത്താല്‍  അവളെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയുംചെയ്യുമായിരുന്നു. നവമായ നിര്‍മ്മലത അവളില്‍ഉളവാക്കുമായിരുന്നു.അവളില്‍ ജീവന്‍ ഉളവാക്കിയത് അവിടുത്തെ  നിശ്വസനമാണല്ലോ. സര്‍പ്പത്തിന്റെ വിഷം മറന്നുപോകാന്‍ അതിടയാക്കുമായിരുന്നു. എന്നാല്‍ ഹവ്വാ  ദൈവത്തിന്റെ പക്കലേക്കു പോകുന്നില്ല.അവള്‍ സര്‍പ്പത്തിന്റെ 
പക്കലേക്കാണ്  വീണ്ടും  പോകുന്നത്.  അവളുടെ 
ഇന്ദ്രിയാനുഭൂതി  മധുരമുള്ളതായിരുന്നു.വൃക്ഷത്തിന്റെഫലം കാഴ്ചക്ക് മനോഹരവും തിന്നാന്‍ കൊള്ളാവുന്നതു മാണെന്നു കണ്ട് അവള്‍ അതെടുത്തു തിന്നു. 

അവള്‍ക്കു  മനസ്സിലായി;  തിന്മ  അവളുടെഉള്ളില്‍പ്രവേശിച്ചു.
അവള്‍ പുതിയ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ ആരംഭിച്ചു. പുതിയ ചെവികള്‍ കൊണ്ട് മൃഗങ്ങളുടെ  ശബ്ദങ്ങളും സ്വഭാവങ്ങളും  മനസ്സിലാക്കി.  അത്യധികമായ ഭ്രാന്ത് ബാധിച്ചതുപോലെ അവള്‍ അവ ആഗ്രഹിച്ചു. പാപം ആരംഭിച്ചത്അവള്‍തന്നെയാണ്. കൂട്ടുകാരനുമൊത്ത് അത് നിര്‍വ്വഹിച്ചു. അതുകൊണ്ടാണ്
സ്ത്രീക്ക് കൂടുതല്‍ ഭാരമേറിയ വിധി ലഭിച്ചത്.അവള്‍ നിമിത്തം പുരുഷന്‍ദൈവത്തോട്എതിര്‍ത്തു. ജഡികാഗ്രഹങ്ങളോടും മരണത്തോടും പരിചയം നേടി. അവള്‍ നിമിത്തം അവനു  തന്‍റെ മൂന്ന് തരത്തിലുള്ള അധികാരം നില നിര്‍ത്താന്‍ കഴിഞ്ഞില്ല.  അരൂപിയുടെ ഭരണം നഷ്ടപ്പെട്ടു; കാരണം, ദൈവത്തെ അനുസരിക്കാതിരിക്കാന്‍  അരൂപിയെ അനുവദിച്ചു. ധാര്‍മ്മികമായ ഭരണം നഷ്ടപ്പെട്ടു; കാരണം, അനിയന്ത്രിതമായ  വികാരങ്ങള്‍ അവരെ കീഴടക്കാന്‍ സമ്മതിച്ചു.  മാംസത്തിന്മേലുള്ള    ഭരണവും   നഷ്ടപ്പെട്ടു; കാരണം, മൃഗങ്ങളുടെ ജന്മവാസനയുടെ  തലത്തിലേക്ക് അത് താഴ്ത്തപ്പെട്ടു. 'സര്‍പ്പംഎന്നെ ചതിച്ചു'എന്ന്ഹവ്വാപറയുന്നു. സ്ത്രീ ആ കനി എനിക്ക് തന്നു; ഞാന്‍ അതു തിന്നുകയുംചെയ്തു'എന്ന് ആദം പറയുന്നു. ഇവ മൂന്നും, മൂന്ന്അത്യാഗ്രഹങ്ങള്‍, അന്ന് മുതല്‍ മനുഷ്യനിലുള്ള  ഈ മൂന്ന് തലങ്ങളെയും ഭരിക്കുന്നു."