ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Wednesday, February 23, 2011

സുഗന്ധസാന്നിദ്ധ്യം

(പരിശുദ്ധഅമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി വഴി നല്‍കിയ സന്ദേശം)

"പ്രിയസുതരേ, നിങ്ങളുടെ  അമ്മയായ ഞാൻ  എല്ലായ്പ്പോഴും നിങ്ങളോടൊപ്പം സന്നിഹിതയാണെന്നു പറയുവാൻ ഞാനാഗ്രഹിക്കുന്നു. എന്റെ സ്വരൂപം എന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്. അത് നിങ്ങളുടെ സ്വർഗ്ഗീയ മാതാവിനെപ്പറ്റി നിങ്ങളെ  അനുസ്മരിപ്പിക്കുന്നു.
                       നിങ്ങൾ  സ്നേഹിക്കുന്ന ഒരാളിന്റെ ഫോട്ടോ സ്നേഹത്തോടുകൂടി നിങ്ങള്‍   നോക്കുന്നു. കാരണം, അതു നിങ്ങളില്‍ ഒരോര്‍മ്മയും ഛായയും സൃഷ്ടിക്കുന്നു. അതുപോലെ നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ രൂപത്തേയും നിങ്ങൾ  സ്നേഹപുരസ്സരം നോക്കണം. അത് നിങ്ങളിൽ എന്റെ ഓർമ്മയുണർത്തുന്നു. അതു നിങ്ങളുടെ മദ്ധ്യേയുള്ള എന്റെ സാന്നിദ്ധ്യത്തിന്റെ  ഒരു പ്രത്യേക അടയാളമായിത്തീരുന്നു.
                   എന്റെ സ്വരൂപത്തിനു നൽകപ്പെടുന്ന ഈ യുക്തമായ വണക്കം, എനിക്കു് എത്രത്തോളം പ്രിയങ്കരമാണെന്നുള്ളതിന്റെ ഒരടയാളം ഈ കൊച്ചു സ്വരൂപത്തിലൂടെ ഞാൻ   പ്രവർത്തിക്കുന്ന കാര്യങ്ങൾ തന്നെയാണ്. മൂന്നുവിധത്തിലുള്ള അടയാളങ്ങൾ എന്റെ സ്വരൂപത്തിലൂടെ  നിങ്ങൾക്ക് ഞാൻ തരുന്നു. പെട്ടെന്ന് സജീവങ്ങളാകുന്ന എന്റെ കണ്ണുകൾ, മാറിവരുന്ന എന്റെ മുഖത്തിന്റെ നിറം, സുഗന്ധം പുറപ്പെടുവിക്കുന്ന എന്റെ ഹൃദയം. ഈ അടയാളങ്ങൾ ചിലപ്പോൾ വളരെ മൃദുലവും മറ്റുചിലപ്പോൾ വളരെ ശക്തവുമായിരിക്കും. 
                        കണ്ണുകളിൽ ഞാൻ അടയാളം തരുന്നത്,  ദയാമസൃണമായ കണ്ണുകളോടെ ഞാൻ നിങ്ങളെ   കാക്കുന്നു എന്നു നിങ്ങളെ ഗ്രഹിപ്പിക്കാനാണ്. ഞാനൊരിക്കലും നിങ്ങളിൽനിന്നകലെയല്ല. 
                        എന്റെ മുഖത്തിനു  നൽകുന്ന നിറത്തിന്റെ അടയാളത്താൽ ഞാൻ എല്ലാവരുടേയും അമ്മയാണെന്ന് നിങ്ങളെ ഗ്രഹിപ്പിക്കാൻ  ഞാനാഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞാൻ പങ്കുചേരുന്നു. നിങ്ങളുടെ എല്ലാ  സന്തോഷങ്ങളിലും ഞാൻ       ആനന്ദിക്കുന്നു. നിങ്ങളുടെ നിരവധിയായ  കഷ്ടപ്പാടുകളിൽ ഞാനും സഹിക്കുന്നു.
                         ഒരമ്മ സന്തോഷവതിയായിരിക്കുമ്പോൾ അവളുടെ മുഖത്തിന്റെ  നിറം റോസാപ്പുഷ്പത്തിന്റേതു പോലെ ആയിത്തീരുന്നു. അവൾ, തന്റെ മക്കളുടെ ദുർവ്വിധിയെപ്പറ്റി വിഷാദചിത്തയാകുമ്പോൾ അവളുടെ മുഖം വിളറിയിരിക്കുന്നതായി നിങ്ങൾക്കു കാണാം. ഭൂമിയിലുള്ള ഒരമ്മയ്ക്ക് ഇപ്രകാരം സംഭവിക്കുന്നുവെങ്കിൽ എനിക്കും അങ്ങനെതന്നെ സംഭവിക്കുന്നു. നിങ്ങൾ സഹിക്കുമ്പോൾ ഞാനും സഹിക്കുന്നു; നിങ്ങൾ സന്തോഷിക്കുമ്പോൾ ഞാനും സന്തോഷിക്കുന്നു. നിങ്ങൾ    നല്ലവരായിരിക്കുമ്പോൾ ഞാൻ ആനന്ദിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുമ്പോൾ എന്റെ മുഖം പ്രോജ്ജ്വലമാകുന്നു. കാരണം അപ്പോൾ നിങ്ങളെന്നെ ആനന്ദിപ്പിക്കുകയാണ്.
                               ചിലപ്പോൾ കൂടുതലായും ചിലപ്പോൾ  കുറവായും ഞാൻ പരത്തുന്ന പരിമളത്താൽ,  സദാസമയവും, വിശിഷ്യാ എന്റെ സഹായം കൂടുതൽ ആവശ്യമുള്ള അവസരങ്ങളിൽ, ഞാൻ      നിങ്ങളോടുകൂടെ ഉണ്ടെന്ന കാര്യം നിങ്ങൾ ഗ്രഹിക്കണമെന്ന് ഞാനഭിലഷിക്കുന്നു. ആകയാൽ, എന്റെ സാന്നിദ്ധ്യത്തിന്റെ  അടയാളമാണത്.
                            ആ സുഗന്ധം നിങ്ങൾക്കനുഭവപ്പെടുന്നില്ലെങ്കിൽ, അഥവാ അൽപ്പം മാത്രമേ അനുഭവപ്പെടുന്നുള്ളുവെങ്കിൽ അതിന്റെ കാരണം ഞാൻ നിങ്ങളെ    സ്നേഹിക്കാത്തതുകൊണ്ടോ നിങ്ങൾ ദുഷ്ടരായതുകൊണ്ടോ ആണെന്നു വിചാരിക്കരുത്. ഒരമ്മ,  തന്റെ സഹായം  കൂടുതൽ  ആവശ്യമുള്ളവരെ പ്രത്യേക  മമതയോടെ സ്നേഹിക്കുന്നു.

                         ദുഃഖത്തിന്റെയും സഹതാപത്തിന്റെയും കണ്ണുനീർ പൊഴിക്കുന്ന എന്റെ ദയാപൂർണ്ണമായ കണ്ണുകളിൽ  നോക്കുക. ലോകത്തിന്റെ പലഭാഗങ്ങളിലും എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരാളമായി പ്രവഹിപ്പിച്ചുകൊണ്ട്, ചിലപ്പോൾ രക്തക്കണ്ണീർ ചിന്തിക്കൊണ്ടു പോലും ഈ അടയാളങ്ങൾ  ഞാൻ നൽകുന്നു.
                     ലോകത്തിൽ നിരവധി സ്ഥലങ്ങളിൽ എന്റെ മാതൃസന്ദേശം ഇപ്പോഴും ഞാൻ നൽകിക്കൊണ്ടിരിക്കുന്നു. എന്റെ മാതൃസാന്നിദ്ധ്യത്തിന് ഒരടയാളമായിട്ടും നിങ്ങളുടെ     ജീവിതത്തിനു സുരക്ഷിതരായ തുണയേകുന്നതിനുമായിട്ടാണ് ഈ സന്ദേശങ്ങൾ ഞാൻ           നൽകുന്നത്. ഞാൻ നിങ്ങളോടുകൂടി ജീവിക്കുന്നു; നിങ്ങൾക്കുവേണ്ടി എല്ലാം തയ്യാറാക്കുന്നു; ഈ സമയത്തുള്ള ശുദ്ധീകരണത്തിന്റെ പ്രയാസമേറിയ വഴികളിലൂടെ നിങ്ങളെ ഞാൻ  കൈപിടിച്ചു നടത്തുന്നു. 
എന്നിൽനിന്ന് ഇത്രത്തോളം സ്വീകരിച്ച നിങ്ങളോട് ഇക്കാര്യം ഞാൻ ആവശ്യപ്പെടുന്നു: "എന്നോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കുക!!!"

Tuesday, February 22, 2011

സ്വയംബലിയാക്കുന്ന ആത്മാക്കൾ

                                 ഈശോ പറയുന്നു: "ഒരു സൃഷ്ടി, അതിന്റെ ഉറവിടത്തെക്കുറിച്ചു    ചിന്തിച്ച്    സ്വഭാവാതീത മണ്ഡലത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്നു   മനസ്സിലാക്കുമ്പോൾ,   അവൻ  അരൂപികളായ   ദൈവദൂതന്മാരേക്കാൾ    ശ്രേഷ്ടനായിത്തീരുന്നു. 
ഇത് എപ്പോഴാണ് സംഭവിക്കുക? ഒരു വ്യക്തി പൂർണ്ണമായും എന്റെ ഹിതത്തിൽ ജീവിക്കുമ്പോഴാണ് - പരിപൂർണ്ണമായി സ്വയം എനിക്കു വിട്ടുതരുമ്പോഴാണ് - എനിക്കുവേണ്ടിയും എന്നിലും അല്ലാതെ ജീവിക്കയോ സ്നേഹിക്കയോ പ്രവർത്തിക്കയോ ചെയ്യാതാകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഈ സ്ഥിതിയിലെത്തുമ്പോൾ ആ വ്യക്തി  മാംസത്തെ ദൈവദൂതന്മാരേക്കാൾ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തുന്നു. 
ദൈവദൂതന്മാർക്ക് മാംസത്തിന്റെ പരീക്ഷണം എന്താണെന്നറിഞ്ഞുകൂടാ. അതിനെ കീഴ്പ്പെടുത്തുന്നതിന്റെ ബഹുമതിയും അവർക്കില്ല. സൃഷ്ടി, തന്റെ ക്രൂശിതനായ ഗുരുവിനോടുള്ള സ്നേഹത്തെപ്രതി, ഈ സ്ഥിതിയിൽ തന്നെത്തന്നെ ക്രൂശിക്കുന്നു.അപ്പോൾ അവൻ, ദൈവദൂതഗണങ്ങളുടെ വിസ്മയത്തിന്റെ വിഷയമായിത്തീരുകയാണ്. എന്നോടുള്ള സ്നേഹത്തെപ്രതി സഹിക്കുവാനോ എന്നെപ്പോലെ ക്രൂശിക്കപ്പെടുവാനോ അവർക്കു സാധിക്കയില്ല. ഞാൻ ലോകത്തിന്റെ രക്ഷകനും നിത്യനായ പിതാവിന്റെ പുത്രനുമാണല്ലോ.
എന്റെ കുരിശിനു ചുറ്റും എന്റെ പുൽക്കൂടിനു ചുറ്റും ഉണ്ടായിരുന്നതുപോലെ, എന്നെ ആരാധിക്കുന്ന ദൈവദൂതഗണങ്ങളുണ്ടായിരുന്നു.  കാരണം, പുൽക്കൂടും കുരിശും രക്ഷകൻ എന്നുള്ള എന്റെ ദൗത്യനിർവഹണത്തിന്റെ ആദിയും അന്ത്യവും ആയിരുന്നു. അതുപോലെ, ഇപ്പോൾ ക്രൂശിതരാകുന്ന ചെറിയ ആത്മാക്കൾക്കു ചുറ്റിലും ദൈവദൂതഗണങ്ങളുണ്ട്. കാരണം, എനിക്കായി മരിക്കുന്ന അത്തരം ആത്മാക്കളിൽ അവർ (ദൈവദൂതന്മാർ) എന്നെക്കാണുന്നു."


(മരിയ വാൾതോർത്തയുടെ 'Victim Souls' ൽ നിന്ന്)

സമ്പൂർണ്ണബലിയുടെ ആത്മാക്കൾ (VICTIM SOULS)


വി. പാദ്രേ പിയോ
          ഈശോ പറയുന്നു: "ഓരോ യുഗത്തിനും അതിന്റേതായ ഭക്തിമുറയുണ്ട്. ലൗകായതികത്വത്തിന്റെ തിരയടികളാൽ ക്ഷോഭിച്ചിരുന്ന ലോകത്തിലാണ് സഭ ജനിച്ചത്. കന്യകകളും സമർപ്പിതരായ ആത്മാക്കളും അജ്ഞാനികളുടെ മദ്ധ്യത്തിലാണ് ജീവിച്ചത്. അവരുടെ മദ്ധ്യത്തിലേക്ക് ക്രിസ്തുവിന്റെ പരിമളം പരത്തി അവർ ലോകത്തെ ക്രിസ്തുവിനായി കീഴടക്കി.
                        പിന്നീട്‌ കർശനമായ വിഭാഗീയതയുടെ കാലമായി. അന്നത്തെ ചിന്താഗതിയിൽ, പരിപൂർണ്ണത പ്രാപിക്കുന്നതിനും ആത്മാക്കളുടെ രക്ഷ തുടർന്നു നടക്കുന്നതിനും ലോകത്തിൽനിന്ന് പിന്മാറി ജീവിക്കേണ്ടത് ആവശ്യമായിരുന്നു. ആശ്രമങ്ങൾ, പർണ്ണശാലകൾ, അടച്ചുകെട്ടിയ മുറികൾ, ഇവയിൽ നിന്നെല്ലാം ത്യാഗത്തിന്റെയും പ്രാർത്ഥനയുടേയും നദികൾ ഭൂമിയിലെല്ലായിടത്തും പരന്നൊഴുകി, ശുദ്ധീകരണസ്ഥലത്തേക്ക് ഒഴുകിയിറങ്ങി, സ്വർഗ്ഗത്തിലേക്ക് ഉയരുകയും ചെയ്തു.
                        പിൽക്കാലത്ത് സന്യാസഭവനങ്ങൾ ഉണ്ടായി. കർമ്മപരമായ ജീവിതത്തിനായി സ്വയം അർപ്പിച്ച അവർ, ആശുപത്രികൾ, അഭയകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവയുണ്ടാക്കി.  ക്രിസ്തുമതത്തിന്റെ ഈ പുതിയ ഭാവം  സമൂഹത്തിന് പ്രയോജനപ്രദമായി.
                                എന്നാൽ ഇപ്പോൾ, കഠിനമായ അജ്ഞാനാന്ധകാരം ബാധിച്ചിരിക്കുന്ന  ലോകത്തിൽ - പൈശാചികമാം വിധം  ഗോപ്യമായ വിഗ്രഹാരാധന കൊണ്ട് നിറഞ്ഞിരിക്കുന്ന ലോകത്തിൽ - സമർപ്പിതരായ ആത്മാക്കളെ ആവശ്യമുണ്ട്. അവർ തങ്ങളുടെ ധ്യാനാത്മകതയും കർമ്മനിരതയും  ഒറ്റവാക്കിൽ സംഗ്രഹിക്കുന്നു: "സമ്പൂർണ്ണബലിയുടെ ആത്മാക്കൾ."
                     സ്നേഹത്തിന്റെ ഏറ്റവും ശ്രേഷ്ടമായ രൂപമാണ് സ്വയംബലിയാക്കുക എന്നു മനസ്സിലാക്കുന്ന ഈ ആത്മാക്കൾക്കു മാത്രമേ എന്റെ ആത്മബലിയുടെ അർത്ഥം മനസ്സിലാക്കുവാനും എന്നെ അനുകരിക്കുവാനും കഴിയുന്നുള്ളൂ.
                           സഹനത്തിനായി സമ്പൂർണ്ണ സമർപ്പണം ചെയ്തിരിക്കുന്ന ഈ ആത്മാക്കൾ, സ്നേഹത്തെ, എന്റെ സ്നേഹത്തിന് അനുരൂപമായ വിധത്തിൽ ഉയർത്തുന്നു. എന്നെപ്രതി അവർ തങ്ങളെത്തന്നെ ബലിയാക്കുന്നു. കാരണം ആത്മാക്കളിൽ ഞാനുണ്ട്. ആരെങ്കിലും ഒരാത്മാവിനെ രക്ഷിക്കുമ്പോൾ, അവർ  ആ ആത്മാവിൽ എന്നെ രക്ഷിക്കുന്നു.
അതിനാൽ, എന്നെപ്രതി സ്വയംബലിയാക്കുന്നവർക്ക് അതിലും വലിയ സ്നേഹം എനിക്കു നൽകാനില്ല."
                             ഒരുവന് സ്വയം ബലിയാക്കിത്തീർക്കുവാൻ എങ്ങനെ കഴിയും? ഇങ്ങനെയാണ് കഴിയുന്നത്: മനസ്സിൽ ഒരൊറ്റ ആഗ്രഹവും ചിന്തയും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആത്മാക്കളെ രക്ഷിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കണം. ആത്മാക്കൾ വീണ്ടെടുക്കപ്പെടുന്നത് ബലി (ത്യാഗങ്ങൾ) സമർപ്പിക്കുമ്പോഴാണ്. എന്നാൽ ഞാൻ ആശ്വസിപ്പിക്കപ്പെടുന്നത് സ്നേഹത്താലാണ്; സ്നേഹം കെട്ടുപോയ ഹൃദയങ്ങളിൽ അതു കത്തിക്കുമ്പോഴാണ്. ആത്മബലിയായി സമർപ്പിക്കപ്പെട്ട ഒരാത്മാവും സമർപ്പണത്തിനു ശേഷം സ്വന്തമല്ല; നിരന്തരമായ സമർപ്പണമാണത്; സ്വയം നൽകലാണ്; കെടാത്ത തീ പിടിച്ച  ഒരു ജീവിതമാണത്.
                                  ഇതുപോലെ ജീവിക്കാൻ കഴിയുന്നവർക്ക് അദൃശ്യമായ എന്റെ സാന്നിദ്ധ്യം നൽകപ്പെടുന്നു. എന്റെ അപ്പസ്തോലന്മാരും എന്റെ രക്തസാക്ഷികളും എവിടെയുണ്ടോ അവിടെ ഞാനുമുണ്ട്. ബലിജീവിതം നയിക്കുന്നവർ അപ്പസ്തോലന്മാരാണ്; രക്തസാക്ഷികളുമാണ്."
                     (ലോകപാപങ്ങളുടെ പരിഹാരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി സ്വന്തം ജീവിതം ബലിയായി ദൈവത്തിനു സമർപ്പിച്ച്  സഹനജീവിതം നയിക്കുന്നവരാണ് victim souls. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇപ്രകാരം ബലിജീവിതം നയിക്കുന്ന അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആത്മാക്കൾ എക്കാലവുമുണ്ട്.  ഇവരിലധികംപേരും ദൃശ്യമോ അദൃശ്യമോ ആയ പഞ്ചക്ഷതങ്ങൾ വഹിക്കുന്നവരായിരിക്കും.)


Famous Victim souls:
1. St. Padre Pio - mystic, stigmatist and victim soul:
2. St. Foustina Kowalska - mystic and victim soul.
3. St. Gemma Galgani - stigmatist and victim soul.
4. Servant of God Sr. Consolata Betrone - mystic and victim soul.
5. Therese Neumann -  stigmatist and victim soul
6. Servant of God Marthe Robin - Mystic, Stigmatic&Victim    Soul 
7. Maria Valtorta - mystic and victim soul.
8. Blessed Mariam Thresia - Mystic, Stigmatist, and victim soul

Saturday, February 19, 2011

പരിഹാര പ്രാർത്ഥന


           കർത്താവായ ഈശോയേ, നാളിതുവരെയും പലവിധത്തിലും തരത്തിലും രോഗബാധിതരായ എന്റെ മാതാപിതാക്കളേയും കുടുംബാംഗങ്ങളെയും പൂര്‍വികരേയും എന്നേയും അങ്ങേയ്ക്ക് സമര്‍പ്പിച്ച്  തീക്ഷ്ണമായി പ്രാര്‍ ത്ഥിക്കാത്തതിനെക്കുറിച്ച്  ഞാന്‍   ദുഃഖിക്കുന്നു. രക്ഷകനായ ഈശോയേ! എന്റെ വംശത്തിന്റെ മുഴുവനും, പ്രത്യേകിച്ച്, എന്റെ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടേയും പ്രതിനിധിയായി നിന്നുകൊണ്ട് ഞാന്‍   ഇപ്പോള്‍ അങ്ങേയ്ക്ക്  അര്‍പ്പിക്കുന്ന എന്റെ പ്രാര്‍ത്ഥന കേട്ടു് എന്നേയും  അവരേയും അനുഗ്രഹിക്കേണമേ. എന്നേയും എന്റെ കുടുംബാംഗങ്ങളെയും തകര്‍ക്കുംവിധം എന്നിലും എന്റെ കുടുംബാംഗങ്ങളിലും തലമുറകളിലും ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജഡികപാപങ്ങളെ പ്രതിയും പ്രത്യേകിച്ച്,  എന്റെ കുടുംബത്തില്‍  സംഭവിച്ചിട്ടുള്ള വിഗ്രഹാരാധന, അന്ധവിശ്വാസം, കൊലപാതകം, ഭ്രൂണഹത്യ, കലഹങ്ങള്‍, ഇന്നും നിലനില്‍ക്കുന്ന വൈരാഗ്യങ്ങള്‍, അമിത ധനസമ്പാദനം, പ്രകൃതിവിരുദ്ധപാപങ്ങള്‍, പലതരം അനീതികള്‍, അഹങ്കാരം, ലൈംഗികപാപങ്ങള്‍ ഇവയെല്ലാറ്റിനെയും പ്രതി ഞാനങ്ങയോട് മാപ്പു ചോദിക്കുന്നു.
                 കര്‍ത്താവേ, ഞങ്ങളുടെമേല്‍  കരുണയായിരിക്കേണമേ! മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടേയും തലമുറകളുടേയും മേല്‍  കരുണയായിരിക്കേണമേ! ഞാനോ എന്റെ കുടുംബാംഗങ്ങളോ പൂര്‍വ്വികരോ തലമുറകളോ അങ്ങയെ നിഷേധിച്ചും ധിക്കരിച്ചും ഉപേക്ഷിച്ചും അന്യദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെങ്കില്‍, എല്ലാവര്‍ക്കും വേണ്ടി മനസ്താപത്തോടെ ഞാന്‍    മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ, ഞങ്ങളില്‍  കനിയേണമേ...! ഞങ്ങളെ അങ്ങയുടെ തിരുരക്തത്താല്‍  കഴുകേണമേ..!
                സകല തലമുറകളുടേയും രാജ്ഞിയായ പരിശുദ്ധ അമ്മേ, എന്റെ തലമുറയില്‍ വന്നിരിക്കുന്ന എല്ലാ മക്കളുടേയും ബന്ധനം അഴിക്കുവാന്‍ അമ്മ തമ്പുരാനോടു പറയണമേ, പ്രാര്‍ത്ഥിക്കണമേ!

                         ആമേന്‍

Thursday, February 17, 2011

ദിവ്യകാരുണ്യ അത്ഭുതങ്ങൾ


ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ പരിശുദ്ധ സാന്നിദ്ധ്യത്തെ അവിശ്വസിക്കുന്നവര്‍ കത്തോലിക്കരുടെ ഇടയില്‍ത്തന്നെ ഏറെയുണ്ട്. ഒരു വാഴ്ത്തിയ ചെറിയ ഓസ്തിയില്‍   ദൈവമായ ഈശോ സന്നിഹിതനാണെന്നു വിശ്വസിക്കുവാൻ നമ്മുടെ യുക്തിക്ക് ബുദ്ധിമുട്ടാണ്. എന്നാൽ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ടു നോക്കുമ്പോൾ അതളുപ്പമാകുന്നു. 

പരിശുദ്ധ കുർബാനയെപ്പറ്റി ഈശോ പറയുന്നു: "സ്നേഹിക്കപ്പെട്ട  എൻ്റെ  അപ്പസ്തോലൻ്റെ (വി. യോഹന്നാൻ ശ്ലീഹാ), സുവിശേഷത്തിന്റെ ആറാം അദ്ധ്യായം നിങ്ങൾ ഭക്ത്യാദരപൂർവ്വം ധ്യാനിച്ച്  വായിച്ചിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു....! അന്ന് ഞാനരുളിച്ചെയ്തു: "സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്..."  ദിവ്യകാരുണ്യം ഒരു ദൈവിക രഹസ്യമാണ്. കൃപ ലഭിച്ചവർ മാത്രം അതു മനസ്സിലാക്കിയാൽ മതി. അന്നു ഞാനതു പറഞ്ഞപ്പോൾ, ഈ വചനം കഠിനമാണെന്ന് പറഞ്ഞ്, സത്യം ഗ്രഹിക്കാതെ,  അനേകർ എന്നെ വിട്ടുപോയി. എന്നാൽ എൻ്റെ അപ്പസ്തോലന്മാർ യാതൊന്നും സംശയിക്കാതെ അതിൽ വിശ്വസിച്ചു. നിങ്ങളും അതുപോലെ വിശ്വസിക്കാൻ പഠിക്കുക."

ലോകത്തിൽ പലയിടങ്ങളിലായി ഇന്നും  നടക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങൾ, നമ്മുടെ വിശ്വാസത്തെ  ഊട്ടിയുറപ്പിക്കുവാൻ പരാപ്തമാണ്. 


കേരളത്തിൽ,  പാലക്കാട്  ജില്ലയിലെ കഞ്ചിക്കോട് എന്ന സ്ഥലത്ത് 1997 ൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. കഞ്ചിക്കോട്ടുള്ള നല്ലിടയൻ പള്ളിയിൽ വച്ച്, 1997 ഒക്ടോബർ 26 ന് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട  ദിവ്യബലിയിൽ, പരിശുദ്ധ കുർബാന സ്വീകരിച്ച റാണി ജോൺ എന്ന വീട്ടമ്മയുടെ നാവിൽ, തിരുവോസ്തി, ഈശോയുടെ തിരുശ്ശരീര രക്തങ്ങളായി മാറുകയുണ്ടായി. അതിനുശേഷവും ഈ അത്ഭുതം പലതവണ ആവർത്തിച്ചു. (കേരളത്തിലെ ജീവിച്ചിരിക്കുന്ന വിശുദ്ധരിൽ ഒരാളായ റാണിയ്ക്ക് ഈശോയുടെയും പരിശുദ്ധഅമ്മയുടേയും ദർശനങ്ങൾ (വ്യക്തിപരമായി) ഇപ്പോഴും ലഭിക്കുന്നുണ്ട്.)

2001 മേയ് മാസത്തിൽ, തിരുവനന്തപു രം രൂപതയിൽപ്പെട്ട ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേലാലയത്തിൽ ആരാധനയ്ക്കായി എഴുന്നെള്ളിച്ചു വച്ച പരിശുദ്ധ കുർബാനയിൽ,  ശിരസ്സിൽ മുൾമുടിയണിഞ്ഞ നമ്മുടെ കർത്താവിൻ്റെ  രൂപം കാണപ്പട്ടു.


 

Wednesday, February 16, 2011

ദിവ്യകാരുണ്യ ആരാധന

പരിശുദ്ധഅമ്മയുടെ സന്ദേശം
                      "ദിവ്യകാരുണ്യ നാഥനായ ഈശോ, തന്റെ രാജകീയ കൊട്ടാരമാകുന്ന ദേവാലയങ്ങളിൽ തന്റെ വിശ്വാസികളാൽ മാത്രമല്ല, അനേകശതം മാലാഖമാരാലും വിശുദ്ധരാലും ശുദ്ധീകരാത്മക്കളാലും ചുറ്റപ്പെട്ട് വണങ്ങപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന്റെയും കരുണാർദ്രമായ ഭക്തിയുടേയും അടയാളമായി, പരമപരിശുദ്ധ കൂദാശ, വീണ്ടും പുഷ്പങ്ങളാലും ദീപങ്ങളാലും സമലംകൃതമാക്കാൻ നിങ്ങൾ ബദ്ധശ്രദ്ധരാകുക. വിശ്വാസികളുടെ വണക്കത്തിനായി വിശുദ്ധ കുർബ്ബാന അടിക്കടി എഴുന്നെള്ളിച്ചു വയ്ക്കുക. ഇന്നു വളരെയധികം വ്യാപകമായിത്തീർന്നിരിക്കുന്നതും പരമകാഷ്ഠയിലെത്തി നിൽക്കുന്നതും വിവരിക്കാനാവാത്ത വിധം മ്ളേച്ഛവും പൈശാചികവും ദൈവനിന്ദാപരമായ രീതിയിൽ നടത്തപ്പെടുന്നതുമായ കറുത്ത കുർബ്ബാനകൾ മുഖാന്തിരം ദൈവത്തോട് കാണിക്കപ്പെടുന്ന അലക്ഷ്യതയ്ക്കും അപരാധങ്ങൾക്കും നിരവധിയായ ദൈവദോഷങ്ങൾക്കും ഭയാനകമായ ദൈവനിന്ദനത്തിനും പരിഹാരമായി ദിവ്യകാരുണ്യാരാധനയുടെ മണിക്കൂറുകൾ ഇരട്ടിപ്പിച്ചുകൊണ്ട് പ്രതിവിധി ചെയ്യുക.
         ദിവ്യകാരുണ്യത്തിൽ ഈശോ യഥാർത്ഥത്തിൽ സന്നിഹിതനാണ്. എപ്പോൾ നിങ്ങൾ അവനു മുമ്പിൽ പോകുന്നുവോ, അപ്പോൾ അവൻ നിങ്ങളെ കാണുന്നു. എപ്പോൾ നിങ്ങൾ അവനോടു സംസാരിക്കുന്നുവോ, അവൻ നിങ്ങളെ ശ്രവിക്കുന്നു. എപ്പോൾ നിങ്ങൾ അവനോടു് എന്തെങ്കിലും ചോദിക്കുന്നുവോ അപ്പോഴെല്ലാം അവൻ  നിങ്ങളുടെപ്രാർത്ഥന ചെവിക്കൊള്ളുന്നു.
         ലളിതവും നിത്യേനയുള്ളതുമായ ജീവിതാവസ്ഥ ഈശോയോടൊത്തു സ്വീകരിക്കാൻ സക്രാരിക്കു മുന്നിലേക്കു പോകുക. ഈശോയെ നിങ്ങളുടെ  പ്രിയ സ്നേഹിതനും ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്ന വ്യക്തിയും ഏറ്റവുമധികം ആശിക്കാവുന്നവനും സ്നേഹിക്കാവുന്നവനും ആക്കുക. 

               ഈശോയോടുള്ള നിങ്ങളുടെ  സ്നേഹം പറയുക; ഇതു തുടർച്ചയായി ആവർത്തിക്കുക. എന്തെന്നാൽ, ഈ ഒരു കാര്യം മാത്രമാണ് അവനെ അത്യാനന്ദഭരിതനാക്കുന്നത്. അത് എല്ലാ ഒറ്റിക്കൊടുക്കലിനും പരിഹാരമാകും.  "ഈശോയെ, നീ എന്റെ സ്നേഹമാകുന്നു; ഈശോയെ, നീ മാത്രമാണ്  എന്റെ ഉത്ക്കൃഷ്ടസുഹൃത്ത്; ഈശോയെ, ഞാൻ നിന്നെ സ്നേഹിക്കുന്നു; ഈശോയെ, ഞാൻ നീയുമായി സ്നേഹത്തിലാണ് " ഇത് എപ്പോഴും  അവനോടു  പറയുക. നിങ്ങളുടെ   തുടർച്ചയായ സക്രാരിസന്ദർശനം  നിങ്ങളുടെ പരിശുദ്ധിയെ പരിപോഷിപ്പിക്കുകയും പക്വതപ്പെടുത്തുകയും ചെയ്യും."

Monday, February 14, 2011

തിരുസ്വരൂപവണക്കം


                                                    കത്തോലിക്കാ സഭയിലെ തിരുസ്വരൂപ   വണക്കത്തെക്കുറിച്ച്        പെന്തക്കോസ്ത 
വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾ ആക്ഷേപമുന്നയിക്കാറുണ്ട്. നിയമാവർത്തനം 4:15-17 വാക്യങ്ങളാണ് ഇതിനുപോദ്ബലകമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതേ വാക്യങ്ങളുപയോഗിച്ച് കോതമംഗലം സ്വദേശിനിയായ മരിയ സഹോദരി വഴി ഈശോ തന്നെ നമുക്ക് സംശയനിവൃത്തി വരുത്തിത്തരുന്നു. 
(ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച മായയ്ക്ക് ഈശോയോട് പ്രത്യേകമായ സ്നേഹമുണ്ടായിരുന്നതിനാൽ ഈശോ അവളെ തന്നിലേക്കാകർഷിക്കുകയും അങ്ങനെ അവൾ ഒരു ക്രിസ്തീയ വിശ്വാസിയായിത്തീരുകയും ചെയ്തു. എന്നാൽ ഈശോയെപ്പറ്റി അറിയുവാനും ഈശോയോട്  പ്രാർത്ഥിക്കുവാനും അവളെ സഹായിച്ചത് പെന്തക്കോസ്ത
വിഭാഗത്തിൽപ്പെട്ട ഒരു സഹോദരിയായിരുന്നു. സ്വാഭാവികമായും അവൾ ആ സഭയിലെ അംഗമാവുകയും സുവിശേഷം പ്രഘോഷിക്കുവാൻ തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്തു. ഈശോയെ എത്ര തീക്ഷ്ണമായി സ്നേഹച്ചോ, അതിലുമധികം തീക്ഷ്ണതയോടെ പരിശുദ്ധ അമ്മയെയും ജപമാലയെയും കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെയും അവൾ എതിർത്തിരുന്നു. അങ്ങനെയിരിക്കെ, മരിയ വാൾത്തോർത്തയുടെ 'ദൈവമനുഷ്യന്റെ സ്നേഹഗീത' വായിക്കാനിടയായ അവൾ ആകെ ആശയക്കുഴപ്പത്തിലായി. ഏതു സഭയാണ് സത്യസഭയെന്നും ആരു പറയുന്നതാണ് സത്യമെന്നും അറിയുവാൻ തീവ്രമായി ആഗ്രഹിച്ച അവൾ, അതിനായി ഈശോയോട് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഈശോ അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുക തന്നെ ചെയ്തു. ഈശോ അവൾക്ക് ദർശനം നൽകുകയും അവളുടെ സംശയങ്ങൾക്കെല്ലാം നിവൃത്തി വരുത്തി, കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങൾ അവളെ പഠിപ്പിച്ചുകൊടുക്കുകയും 'മരിയ'  എന്നു പേരുകൊടുത്ത് കത്തോലിക്കാ തിരുസ്സഭയിലെ അംഗമാക്കുകയും ചെയ്തു.  തിരുസ്വരൂപവണക്കത്തെക്കുറിച്ച് മരിയയുടെ ചോദ്യത്തിന് ഉത്തരമായി  ഈശോ നൽകിയ മറുപടിയാണ് താഴെക്കൊടുത്തിരിക്കുന്നത്.)

മരിയയുടെ ചോദ്യം: "കർത്താവേ, കത്തോലിക്കാ  ദേവാലയങ്ങളിൽ എത്രമാത്രം വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്? എന്നാൽ നിയമാവർത്തനം 4:15-17 ൽ വിഗ്രഹാരാധനക്കെതിരെ അങ്ങ് വ്യക്തമായി പറയുന്നുണ്ടല്ലോ...?"

ഈശോ  പറയുന്നു: "കുഞ്ഞേ, നീ പരിശുദ്ധാത്മാവിന്റെ നിറവോടു കൂടി വചനം (യോഹ. 14:26) വായിക്കാത്തതുകൊണ്ടാണത്. നീ ഏതു വചനം ഉപയോഗിച്ച് എന്നോടു തർക്കിക്കുന്നുവോ ആ തിരുവചനത്തിൽത്തന്നെ അതിനുള്ള മറുപടിയുമുണ്ട്. ഞാൻ ആ വചനം  ആവർത്തിക്കാം; "ഹോറെബിൽവച്ച് ദൈവം നിങ്ങളോടു സംസാരിച്ച ദിവസം, നിങ്ങൾ ഒരു രൂപവും കണ്ടില്ല, അതിനാല്‍,  എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ വിഗ്രഹങ്ങളുണ്ടാക്കി  നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ..."(നിയമാ: 4:15-17)  അതിനാൽ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുവിൻ. അന്നു നിങ്ങൾ യാതൊരു രൂപവും കണ്ടിരുന്നില്ല. അതുകൊണ്ടാണ് ഒന്നിന്റെയും സാദൃശ്യത്തിൽ  വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് ഞാൻ കൽപ്പിച്ചത്. എന്നാൽ  ഇന്നു നീ ദൈവത്തെ കണ്ടിട്ടില്ലേ. യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം ആരംഭിക്കുന്നതു ശ്രദ്ധിക്കൂ; "ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൾ കൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട്‌ സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ  അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ടു. അതിനു സാക്ഷ്യം നൽകുകയും  ചെയ്യുന്നു...." കുഞ്ഞേ, നിങ്ങൾ  ദൈവത്തെ കണ്ടു. ദൈവത്തിന്റെ സ്വരം കേട്ടു. ദൈവത്തെ സ്പർശിച്ചറിയുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഇനിയും നിങ്ങൾ  ദൈവത്തെ  കണ്ടിട്ടില്ലെന്നു പറയുന്നതെന്തുകൊണ്ടാണ്? പുത്രനായ ദൈവം ഒരു  മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു. ആ ദൈവപുത്രന്റെ തിരുസ്വരൂപം കാണുമ്പോൾ, കേവലമൊരു മനുഷ്യനെയാണോ നിനക്കോർമ്മ വരുന്നത്? സാക്ഷാൽ ദൈവത്തെത്തന്നെയല്ലേ? അനുതാപം തോന്നാറില്ലേ ഹൃദയത്തിൽ...? ആശ്വാസം തോന്നാറില്ലേ ജീവിതഭാരങ്ങളിൽ...? 

ഇനിയൊരു കാര്യം കൂടി - 'എന്നെക്കാണുന്നന്നവൻ പിതാവിനെയും കാണുന്നു'  എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ ഞാൻ  അരുളിച്ചെയ്തിട്ടില്ലേ? (യോഹ. 14:8-10) അപ്പോൾ നീ പിതാവിനെയും  പുത്രനെയും കണ്ടുകഴിഞ്ഞു. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ എഴുന്നെള്ളി വന്നുവെന്ന്  സുവിശേഷം സാക്ഷ്യപ്പെടുത്തുന്നില്ലേ? (മത്തായി 3:16) പരിശുദ്ധ  ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും തങ്ങളെത്തന്നെ  വെളിപ്പെടുത്താൻ തിരുമനസ്സായിട്ടും ഇതൊന്നും  അറിയുന്നില്ല എന്നു നീ പറയുന്നതെന്തുകൊണ്ടാണ്? അതുവരെ ദൈവത്തെ  കാണാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് പഴയനിയമത്തിൽ നിങ്ങളോടു് വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് ഞാൻ പറഞ്ഞത്. ഇപ്പോൾ ഈ തിരുസ്വരൂപങ്ങൾ ദൈവത്തെയാണ് അനുസ്മരിപ്പിക്കുന്നതെങ്കിൽ, ദൈവാത്മാവിനെയാണ് നിങ്ങളിലേക്കു കൊണ്ടുവരുന്നതെങ്കിൽ നീ എന്തിനു ഭയപ്പെടണം? ഭയപ്പെടേണ്ട കുഞ്ഞേ, ദൈവത്തിൽ വിശ്വസിക്കുക.."