ജാലകം നിത്യജീവൻ: ഈശോ എഫ്രായിമിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Sunday, July 25, 2021

ഈശോ എഫ്രായിമിൽ പ്രസംഗിക്കുന്നു

 

മാതളപ്പഴത്തിൻ്റെ ഉപമ 

               ഈശോ എഫ്രായിമിലാണ്.   ഒരരുവിക്കരയിലുള്ള വലിയൊരു പാറമേൽ ഇരിക്കുന്നു.  ഈശോയുടെ ചുറ്റിനുമായി (സമരിയാക്കാരായ) ആളുകൾ   പുല്ലുള്ള    നിലത്തിരിക്കുന്നു.  കൊച്ചുകുട്ടികളും കൂട്ടത്തിലുണ്ട്.  ഈശോ അവരെ നോക്കി പുഞ്ചിരിക്കുന്നു.

                    ഒരു ബാലൻ, തൻ്റെ കൈയിലുള്ള മൂന്ന് ചെമന്ന മാതളപ്പഴങ്ങൾ ഈശോയുടെ കൈയിൽ കൊടുത്തു. ഈശോ രണ്ടെണ്ണം പൊട്ടിച്ച് എല്ലാ കൊച്ചു കൂട്ടുകാർക്കും വീതിച്ചുകൊടുത്തു. മൂന്നാമത്തേത് ഇടതു കൈയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് സംസാരിക്കാൻ തുടങ്ങി. മാതളപ്പഴം ഇപ്പോൾ എല്ലാവർക്കും കാണാം.

"ലോകത്തെ മുഴുവൻ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? പ്രത്യേകിച്ചും,  പാലസ്തീനാ നാടിനെ എന്തിനോടാണ് ഉപമിക്കുക? ഒരിക്കൽ അതൊരു രാഷ്ട്രമായി ഐക്യത്തിൽ വർത്തിച്ചിരുന്നു.  ദൈവഹിതവും അതായിരുന്നു.  പിൽക്കാലങ്ങളിൽ അത് തെറ്റിൽ വീണു. സഹോദരങ്ങളുടെ ദുഃശാഠ്യവും രാജ്യം വിഭജിച്ചു പോകാൻ കാരണമായി.  സ്വന്തം ഇഷ്ടത്താൽത്തന്നെ ചെറുതാക്കപ്പെട്ടുപോയ ഇസ്രായേലിനെ ഞാൻ എന്തിനോടാണ് താരതമ്യം ചെയ്യുക?  ഞാൻ അതിനെ ഈ  മാതളപ്പഴത്തോട് ഉപമിക്കുകയാണ്.  ഞാൻ ഗൗരവമായിപ്പറയുന്നു;  യഹൂദരിലും സമരിയാക്കാരിലും കാണുന്ന ഭിന്നത തന്നെ വേറെ രൂപത്തിലും അളവിലും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും കാണുന്നുണ്ട്.  ചിലപ്പോൾ  ഒരു രാജ്യത്തിലെതന്നെ പ്രവിശ്യകളിലും കാണുന്നു. അവ ദൈവം സൃഷ്ടിച്ചവയാണോ?  അല്ല.  എത്ര വർഗ്ഗങ്ങളുണ്ടോ അത്രയും ആദാമുകളെയും ഹവ്വമാരെയും ദൈവം സൃഷ്ടിച്ചില്ല. എത്രയേറേ വർഗ്ഗങ്ങളും ഗോത്രങ്ങളും കുടുംബങ്ങളുമാണ് പരസ്പരം ശത്രുതയിൽ കഴിയുന്നത്?  ദൈവം ഒരു  ആദത്തെയും ഹവ്വായെയും മാത്രമേ  സൃഷ്ടിച്ചുള്ളൂ.  അവരിൽ നിന്നാണ് സകല  മനുഷ്യരും ഉണ്ടായിട്ടുള്ളത്;  ഒരൊറ്റ കുടുംബവും വീടും പോലെ..  കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് വീടിൻ്റെ മുറികളും കൂടിയതുപോലെ ..പല മുറികളായി വളർന്നു, വർദ്ധിച്ചു .. അതിനാൽ, എന്തിനാണ് ഇത്രയധികം വിരോധം? ഇത്രയധികം പ്രതിബന്ധങ്ങളും തെറ്റിദ്ധാരണകളും ?  നിങ്ങൾ എന്നോടു പറഞ്ഞല്ലോ,  സഹോദങ്ങളെപ്പോലെ പരിഗണിച്ച് ഐക്യത്തിൽ ജീവിക്കാൻ നിങ്ങൾക്കറിയാമെന്ന് ? എന്നാൽ, അതുപോരാ; നിങ്ങൾ സമരിയാക്കാരല്ലാത്തവരെയും സ്നേഹിക്കണം. 

                   ഈ മാതളപ്പഴത്തിലേക്കു നോക്കൂ..  ഇതിൻ്റെ ഭംഗി മാത്രമല്ല, രുചിയും നിങ്ങൾക്കറിയാം. തൊണ്ടു കൊണ്ടു മൂടിയിരിക്കുന്നെങ്കിലും അതിൻ്റെ നീര് മധുരമുള്ളതാണെന്ന് നിങ്ങൾക്കറിയാം. അതു  തുറക്കുമ്പോൾ സ്വർണച്ചെപ്പിൽ അടുക്കി വെച്ചിരിക്കുന്ന മാണിക്യക്കല്ലുകൾ പോലെയാണ് അതിൻ്റെ അല്ലികൾ.  എന്നാൽ, അല്ലികളുടെ അറകൾ വേർതിരിക്കുന്ന അകത്തെ കട്ടിയുള്ള പാട നീക്കാതെ അതിന്മേൽ കടിക്കുന്നവർ,  അത് കയ്പ് , അല്ലെങ്കിൽ വിഷമാണെന്നു പറഞ്ഞു ദൂരെയെറിയും. അതുപോലെ, ജനതകൾ തമ്മിൽ, ഗോത്രങ്ങൾ തമ്മിൽ, വേർതിരിവു വരുത്തുന്ന  വിരോധം വിഷമാണ്.  മധുരത്തിനു പകരം കയ്പ്.. ഈ വേർതിരിവുകൾ കൊണ്ട് ഒരുപകാരവുമില്ല. ഇവ പരിമിതികൾ വരുത്തുകയാണ് ചെയ്യുന്നത്. ഉത്ക്കണ്ഠയും ദുഃഖവും കൂടെ അവ കയ്‌പുള്ളവയാക്കുന്നു. അതു ഭക്ഷിക്കുന്നവരിൽ വിഷമായിത്തീരുന്നു.  സ്നേഹിക്കുന്നതിനു പകരം അയൽക്കാരെ ഉപദ്രവിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുമ്പോൾ വിഷം കഴിച്ചതുപോലെയുള്ള അനുഭവമാണുണ്ടാവുക. ഇത് തുടച്ചുനീക്കാൻ സാധിക്കാത്തതാണോ?  അല്ല,  സന്മനസ്സ് അവയെ ഇല്ലാതാക്കും.  ഈ പഴത്തിലുള്ള കയ്പ് പാട ഒരു കൊച്ചുകുട്ടിക്ക് എടുത്തുകളയാൻ കഴിയുന്നതുപോലെ എളുപ്പമാകും.  സന്മനസ്സുണ്ടായാൽ മതി. "