ജാലകം നിത്യജീവൻ: ഒരു ഉപമയും വിശദീകരണവും

nithyajeevan

nithyajeevan

Thursday, October 27, 2011

ഒരു ഉപമയും വിശദീകരണവും

 ഒരു ശരത്കാല പ്രഭാതം. ഈശോയും അപ്പസ്തോലന്മാരും ഒരു ഗ്രാമത്തിലാണ്. ഈശോ വഴിവക്കിലുള്ള ഒരു ചെറുഭിത്തിയിൽ ഇരിക്കുകയാണ്. അപ്പസ്തോലന്മാരും ഗ്രാമത്തിലെ ആളുകളും ചുറ്റും നിൽപ്പുണ്ട്. ഗ്രാമീണർ ഈശോയോടു ചോദിക്കുന്നു; "നിങ്ങൾക്കിവിടെ സന്തോഷമല്ലേ? ഞങ്ങൾക്കുള്ളതിൽ ഏറ്റം നല്ലത് നിങ്ങൾക്കു തന്നു."
"മറ്റേതൊരു സ്ഥലത്തേക്കാൾ സന്തോഷമാണ്. നിങ്ങളുടെ കരുണയ്ക്ക് ദൈവം പ്രതിസമ്മാനം നൽകും." ഈശോ മറുപടി പറയുന്നു.
"എങ്കിൽ ഞങ്ങളോട് കുറച്ചുകൂടി സംസാരിക്കുക. തീക്ഷ്ണതയുള്ള പ്രീശന്മാരും അഹങ്കാരികളായ നിയമജ്ഞരും ചിലപ്പോഴെല്ലാം ഇവിടെ വരും. പക്ഷേ അവർ ഞങ്ങളോട് സംസാരിക്കയില്ല. അത് നീതിയാണ്; അവർ വളരെ ഉയർന്നവരാ... ഞങ്ങളോ... പക്ഷേ ഞങ്ങൾ ഒന്നും അറിയാത്തവരായിരിക്കണമോ? ഞങ്ങളുടെ വിധി ഞങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു.."
"എന്റെ പിതാവിന്റെ ഭവനത്തിൽ ഒരു വേർതിരിവും  വ്യത്യാസവും ഇല്ല. അവനിൽ വിശ്വസിക്കയും അവന്റെ പ്രമാണങ്ങൾ അനുസരിക്കയും  ചെയ്യുന്ന  എല്ലാവരും ഒന്നുപോലെ പരിഗണിക്കപ്പെടുന്നു.  അവന്റെ ഹിതം മനുഷ്യരെ അറിയിക്കുന്നതിനുള്ള ഉപാധിയാണ്  കൽപ്പനകൾ.   അവന്റെ രാജ്യത്തിൽ നിത്യസൗഭാഗ്യം നേടുവാൻ മനുഷ്യൻ ശരിയായി ജീവിക്കുന്നതിനായി കൽപ്പനകൾ നൽകിയിരിക്കുന്നു.

ഈ ഉപമ ശ്രദ്ധിച്ചു കേൾക്കുവിൻ. ഒരു  പിതാവിന് കുറെ മക്കളുണ്ടായിരുന്നു. ചില മക്കൾ അവനോടടുത്താണു ജീവിച്ചത്. ചിലർ ഓരോ കാരണങ്ങളാൽ അവനിൽ നിന്നകന്നും ജീവിച്ചുപോന്നു.    എന്നാൽ പിതാവിന്റെ ആഗ്രഹങ്ങൾ എന്താണെന്ന് അവർക്ക്   അറിയാമായിരുന്നതിനാൽ ദൂരെയായിരുന്നെങ്കിലും   പിതാവിന്റെ സാന്നിദ്ധ്യം അവിടെയുള്ളതുപോലെ  അവർ  വർത്തിച്ചു.

പിതാവിൽ നിന്നകന്നു ജീവിച്ചിരുന്ന മക്കളെ വേലക്കാരാണ്  വളർത്തിയത്. ആ വേലക്കാരുടെ ഭാഷയും രീതികളും വ്യത്യസ്തമായിരുന്നു. ആ പിതാവ് തന്റെ ആഗ്രഹങ്ങളും കൽപ്പനകളും അറിയിച്ചിരുന്നെങ്കിലും അവർ അത് മക്കളോടു പറയാൻ കൂട്ടാക്കിയില്ല. കാരണം, അഹങ്കാരികളായ ആ ഭൃത്യന്മാർ ആ മക്കളെ മറ്റുള്ളവരെക്കാൾ താണവരായിക്കരുതി. ഇതെല്ലാം മനസ്സിലാക്കിയ പിതാവ്, മക്കളെയെല്ലാം ഒരുമിച്ചുകൂട്ടാൻ നിശ്ചയിച്ചു. എല്ലാവരേയും അവൻ വിളിച്ചു. മാനുഷികമായ അവകാശങ്ങൾ കണക്കാക്കിയാണ് അവൻ അവരെ വിധിച്ചതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വീട്ടിൽ,  കൂടെ വസിച്ചവർക്കു മാത്രമേ അവൻ സ്വത്ത് കൊടുക്കുകയുള്ളോ? അവർ പിതാവിന്റെ കൂടെത്തന്നെയായിരുന്നതിനാൽ അവന്റെ
കൽപ്പനകളും അഭീഷ്ടങ്ങളും അവർക്കറിയാമായിരുന്നു. നേരെമറിച്ച്, പാടെ വ്യത്യസ്തമായ ചിന്താഗതിയിൽ, പിതാവിനെയോർത്ത് നീതിയായി പ്രവർത്തിച്ച മക്കളുടെ ചെയ്തികളെ പരിഗണിച്ച് അവരെ  അടുത്തുവിളിച്ച് അയാൾ പറഞ്ഞു: "നിങ്ങളുടെ നീതിയായ  പ്രവൃത്തികൾക്ക് ഇരട്ടി യോഗ്യതയുണ്ട്. കാരണം, നിങ്ങൾ മറ്റു സഹായങ്ങൾ കൂടാതെ സ്വന്തമനസ്സാൽ ഇവ ചെയ്തു. വന്ന് എന്റെ ചുറ്റിലും നിൽക്കുക. നിങ്ങൾക്കു് അതിന്നവകാശമുണ്ട്. മറ്റുള്ളവർക്ക് ഞാൻ എപ്പോഴും കൂടെയുണ്ടായിരുന്നു. അവരുടെ എല്ലാ പ്രവൃത്തികളും എന്റെ ഉപദേശത്താൽ നയിക്കപ്പെടുകയും എന്റെ പുഞ്ചിരിയാൽ സമ്മാനിക്കപ്പെടുകയും ചെയ്തു. നിങ്ങൾക്കു്  വിശ്വാസവും സ്നേഹവും കൊണ്ട് എല്ലാം ചെയ്യേണ്ടിവന്നു. വരൂ... നിങ്ങൾക്കുള്ള സ്ഥലങ്ങൾ എന്റെ വീട്ടിൽ  തയ്യാറായിരിക്കുന്നു. എന്റെ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നവരും വീട്ടിൽ നിന്ന് അകലെ ആയിരുന്നവരും തമ്മിൽ ഒരു   വ്യത്യാസവും എനിക്കില്ല. അടുത്തുള്ളവരായാലും അകലെയുള്ളവരായാലും വ്യത്യാസം വരുന്നത് എന്റെ മക്കൾ ചെയ്യുന്ന പ്രവൃത്തിയിലാണ്."

ഇതാണ് ഉപമ. ഇനി അതിന്റെ വിശദീകരണം കേൾക്കൂ. നിയമജ്ഞരും പ്രീശരുമെല്ലാം ദേവാലയത്തിനു ചുറ്റും വസിക്കുന്നു. നിത്യതയുടെ ദിവസത്തിൽ അവർ കർത്താവിന്റെ ഭവനത്തിൽ ഇല്ലാതിരിക്കാൻ ഇടയുണ്ട്. എന്നാൽ വളരെ ദൂരെയായതിനാൽ ദൈവകാര്യങ്ങൾ തീരെ അറിഞ്ഞുകൂടാത്തവർ അന്ന് അവന്റെ മടിയിലായിരിക്കാം. കാരണം. ദൈവത്തെ അനുസരിക്കാനുള്ള മനുഷ്യന്റെ മനസ്സാണ് രാജ്യം നേടിത്തരുന്നത്; കുറെയേറെ അഭ്യാസങ്ങളും പഠനവുമല്ല.

അതിനാൽ  ഞാൻ നിങ്ങളോടു പറഞ്ഞുതന്ന  കാര്യങ്ങൾ ചെയ്യുവിൻ. ശിക്ഷ ഒഴിവാക്കണമെന്നു ചിന്തിക്കാതെ ദൈവത്തോടുള്ള സ്നേഹത്തെ പ്രതി മാത്രം അവ ചെയ്യുക. നിങ്ങൾക്ക് പിതാവിന്റെ ഭവനത്തിൽ ഒരു സ്ഥലമുണ്ടായിരിക്കും."