ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Monday, October 29, 2012

വി. സൈമൺ, വി.യൂദാ തദേവൂസ്

ഒക്ടോബർ 28

ഇന്ന് അപ്പസ്തോലന്മാരായ വി. സൈമൺ, വി.യൂദാ തദേവൂസ് എന്നിവരുടെ തിരുനാൾ.

Sunday, October 21, 2012

സക്കേവൂസിന്റെ മാനസാന്തരം

                     ജറീക്കോയിലെ ചന്തസ്ഥലം. ഒരു വലിയ മൈതാനമാണത്. മൈതാനത്തിന്റെ ഒരു മൂലയിൽ  പ്രധാനപ്പെട്ട റോഡു വന്നുചേരുന്ന സ്ഥലത്ത് ഒരു പഴയ കെട്ടിടമുണ്ട്. അതാണ് ചുങ്കം കാര്യാലയം. ത്രാസും കട്ടിയും അളവുപാത്രങ്ങളും എല്ലാമുണ്ട്. ഒരു  ബഞ്ചും. പൊക്കംകുറഞ്ഞ ഒരു  മനുഷ്യൻ ബഞ്ചിലിരുന്ന് പണമിടപാടുകൾ നടത്തുന്നു. എല്ലാവരുംതന്നെ അയാളോടു സംസാരിക്കുന്നു. അത് സക്കേവൂസാണ്.
                          ജോലി ചെയ്യുന്നുണ്ടെങ്കിലും സക്കേവൂസിന് എന്തോ അസ്വസ്ഥതയുള്ളതു പോലെ തോന്നുന്നു. അയാളുടെ മനസ്സ് വേറെവിടെയോ ആണ്. ഒറ്റവാക്കിലും ആംഗ്യത്തിലുമാണ് ആളുകൾക്ക് മറുപടി നൽകുന്നത്. 
                           ഇടയ്ക്കൊരാൾ നസ്രായനെക്കുറിച്ച് സംസാരിച്ചപ്പോൾ അയാൾ ഉൽസാഹത്തോടെ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടു. നെടുവീർപ്പിട്ടു. 
സമയം കടന്നുപോയി. ചൂടു് കൂടിവരുന്നു. ചന്ത വിജനമായി. സക്കേവൂസ് തലയ്ക്ക് കൈയും കൊടുത്തിരുന്ന് ചിന്തിക്കയാണ്.
"നസ്രായൻ ഇതാ ഇവിടെ വന്നിരിക്കുന്നു." പ്രധാന റോഡിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതാനും കുട്ടികൾ ആർപ്പുവിളിക്കുന്നു.
                      സ്ത്രീകൾ, പുരുഷന്മാർ, രോഗികൾ, യാചകർ, എല്ലാവരും അവന്റെ പക്കലേക്കു് ഓടിയടുക്കുന്നു. മൈതാനം ശൂന്യമാണ്. സക്കേവൂസ് എഴുന്നേറ്റു് അയാളുടെ  മേശപ്പുറത്തു കയറിനിന്നു. എങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല. കാരണം അനേകമാളുകൾ വൃക്ഷക്കമ്പുകൾ ഒടിച്ചെടുത്ത് അവ വീശിക്കൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്നു. ഈശോ രോഗികളുടെ പക്കലേക്കു കുനിയുകയും ചെയ്യുന്നു. സക്കേവൂസ് ഉടനെ മേൽവസ്ത്രങ്ങളെല്ലാം മാറ്റി ചെറിയ അങ്കിമാത്രം ധരിച്ചുകൊണ്ട് ഒരു വൃക്ഷത്തിന്മേൽ വലിയ തായ്ത്തടിയിലൂടെ  മുകളിലേക്കു വലിഞ്ഞു കയറി, സൗകര്യമുള്ള ഒരു  കവരത്തിൽ ഇരിപ്പുറപ്പിച്ചു. കാൽരണ്ടും തൂക്കിയിട്ടാണിരിക്കുന്നത്. ഉടൽമുഴുവൻ കുനിച്ച് കമിഴ്ന്നു കിടന്ന് താഴേക്കു നോക്കുകയാണ്.
                          ജനക്കൂട്ടം മൈതാനത്തു പ്രവേശിച്ചു. ഈശോ മുകളിലേക്കു നോക്കി. വൃക്ഷക്കൊമ്പുകളുടെയിടയിലിരുന്ന് തന്നെ വീക്ഷിക്കുന്ന ഏകനായ കാഴ്ചക്കാരനെക്കണ്ട് പുഞ്ചിരിതൂകുന്നു. "സക്കേവൂസേ, വേഗം താഴെയിറങ്ങി വരിക. ഇന്നു നന്റെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്." ഈശോ ആജ്ഞ നൽകി.
                                ഒരുനിമിഷം വിസ്മയിച്ച് സ്തബ്ധനായ സക്കേവൂസ്  ശക്തിയെല്ലാം സംഭരിച്ച് താഴേക്കു് ഊർന്നിറങ്ങി. സംഭ്രമം നിമിത്തം വസ്ത്രം ധരിക്കാൻ കഴിയുന്നില്ല. പുസ്തകങ്ങളും മേശയുമെല്ലാം അടച്ചു. എല്ലാം വേഗം ചെയ്യാൻ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. ഈശോ ക്ഷമാപൂർവം കാത്തുനിൽക്കയാണ്. 
സക്കേവൂസ്  ഒരുങ്ങിയിറങ്ങി ഗുരുവിനെ വീട്ടിലേക്കു കൊണ്ടുപോയി. ഈശോ വീടിനകത്തു പ്രവേശിച്ചു. ഭക്ഷണം തയാറാക്കുന്ന സമയത്തു രോഗികളോടും മറ്റുള്ളവരോടും സംസാരിക്കുകയാണ്. 
                                  അവസാനം ഈശോ എല്ലാവരേയും പറഞ്ഞുവിടുന്നു: "സൂര്യാസ്തമയത്തിൽ തിരിച്ചുവന്നുകൊള്ളൂ. ഇപ്പോൾ എല്ലാവരും വീട്ടിൽ പോവുക. സമാധാനം നിങ്ങളോടുകൂടെ."
                               ആളുകൾ പിരിഞ്ഞു. സക്കേവൂസ്  വളരെ കേമമായി ഈശോയെ സൽക്കരിക്കുന്നു.
                       ഭക്ഷണം കഴിഞ്ഞു് അപ്പസ്തോലന്മാർ വിശ്രമിക്കാനായി തോട്ടത്തിലേക്കിറങ്ങി. സക്കേവൂസ്   ഈശോയുടെ സമീപെയുണ്ട്. ഈശോ വിശ്രമിക്കട്ടെ എന്നുകരുതി സക്കേവൂസ് ആദ്യം പുറത്തിറങ്ങിപ്പോയതാണ്. എന്നാൽ അൽപ്പം കഴിഞ്ഞ് നോക്കിയപ്പോൾ ഈശോ ഉറങ്ങുന്നില്ല, ചിന്തിച്ചുകൊണ്ടിരിക്കയാണെന്നു കണ്ട് അടുത്തുചെന്നു. ഭാരമുള്ള ഒരു   പണപ്പെട്ടിയും കൊണ്ടാണ് ചെന്നിരിക്കുന്നത്. ആ പെട്ടി ഈശോയുടെ  അടുത്തുള്ള മേശപ്പുറത്തു വച്ചു. അയാൾ പറയുന്നു: "ഗുരുവേ, കുറേനാളായി ആളുകൾ നിന്നെക്കുറിച്ച് എന്നോടു പറയുന്നുണ്ടായിരുന്നു. ഒരുദിവസം ഒരു   പർവതത്തിന്റെ ചരിവിൽവച്ച് നീ പല കാര്യങ്ങൾ പറഞ്ഞു. ഇവിടുത്തെ പണ്ഡിതന്മാർക്ക് അതിനെക്കാൾ നന്നായിപ്പറയാൻ സാധിക്കയില്ല. ആ സത്യങ്ങൾ എന്റെ ഹൃദയത്തിൽ പതിഞ്ഞു. അപ്പോൾത്തുടങ്ങി ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കയായിരുന്നു. പിന്നീട് ആളുകൾ  പറഞ്ഞു,  നീ നല്ലവനാണ്, നീ പാപികളെ നിരസിക്കയില്ല എന്ന്. ഗുരുവേ, ഞാനൊരു പാപിയാണ്. അവർ എന്നോടു പറഞ്ഞു, നീ രോഗികളെ സുഖപ്പെടുത്തുന്നുണ്ട് എന്ന്. എന്റെ ഹൃദയത്തിനു രോഗമുണ്ട്. കാരണം ഞാൻ വഞ്ചിച്ചിട്ടുണ്ട്. അന്യായപ്പലിശ വാങ്ങിയിട്ടുണ്ട്. ഞാൻ കള്ളനും ദരിദ്രരോടു കാഠിന്യം കാണിക്കുന്നവനുമാണ്. എന്നാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചിരിക്കുന്നു. കാരണം നീ എന്നോടു  സംസാരിച്ചു. നീ എന്നെ സമീപിച്ചപ്പോൾ ജഡമോഹത്തിന്റെയും സമ്പത്തിന്റെയും പിശാച് എന്നെ വിട്ടുപോയി. ഇന്നുമുതൽ ഞാൻ  നിന്റേതാണ്. നീ എന്നെ ഉപേക്ഷിക്കയില്ലെങ്കിൽ അതാണ് ഞാനാഗ്രഹിക്കുന്നത്. നിന്നിൽ ഞാൻ  വീണ്ടും ജനിച്ചിരിക്കുന്നു എന്നറിയിക്കാൻ അന്യായമായി ഞാൻ  നേടിയ സമ്പത്തെല്ലാം ഉപേക്ഷിക്കുന്നു. എന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്കുവേണ്ടി നിനക്കു ഞാൻ തരുന്നു. പകുതി, ഞാൻ വഞ്ചിച്ചവർക്ക് നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ ഉപയോഗിക്കും. അതിനുശേഷം ഗുരുവേ, നീ അനുവദിക്കുമെങ്കിൽ നിന്നെ ഞാൻ അനുഗമിക്കും.
                          "ഞാൻ അതാഗ്രഹിക്കുന്നു. വരൂ. ഞാൻ വന്നത് ആളുകളെ  രക്ഷിക്കാനും പ്രകാശത്തിലേക്കു വിളിക്കാനുമാണ്. ഇന്ന് പ്രകാശവും രക്ഷയും നിന്റെ ഹൃദയമാകുന്ന ഭവനത്തിലേക്കു വന്നിരിക്കുന്നു. വരൂ സക്കേവൂസ്, എന്നെ കുറ്റപ്പെടുത്താനായി അനുഗമിക്കുന്നവരേക്കാൾ കൂടുതലായി എന്റെ വാക്കുകൾ  നീ മനസ്സിലാക്കിയിരിക്കുന്നു. അതിനാൽ ഇപ്പോൾത്തുടങ്ങി നീ എന്റെകൂടെയായിരിക്കും."

Saturday, October 20, 2012

കുഞ്ഞുങ്ങളേപ്പോലെയാകുവിൻ!

              നാട്ടിൻപുറത്തുള്ള ഒരു റോഡിലൂടെ ഈശോ മുമ്പിലും അപ്പസ്തോലന്മാരും ശിഷ്യരുമടങ്ങുന്ന ഗണം പുറകിലുമായി നടക്കുന്നു. ശിഷ്യഗണം താന്താങ്ങളുടെ യോഗ്യതകളെക്കുറിച്ചുള്ള
ചർച്ചയിലാണ്. ചിലർ അവകാശം പറയുന്നത് ആദ്യത്തെ ശിഷ്യർ തങ്ങളാണെന്നാണ്; ചിലർ പറയുന്നു, ഈശോയുടെ ശിഷ്യരാകാൻ അവർ അവരുടെ പദവി ഉപേക്ഷിച്ചുവെന്നാണ്. ഈ ചർച്ച ദീർഘസമയം നടന്നു.
                                   ഈശോ ഇതൊന്നും കേൾക്കുന്നതായി തോന്നിയില്ല.  അവർ ഗ്രാമത്തിലെ  (കഫർണാം) ആദ്യത്തെ ഭവനത്തിലെത്തി.  ആ വീടിനു മുമ്പിലുള്ള  കിണറിനരികെ ഇരുന്നിട്ട് അപ്പസ്തോലന്മാരെയും ശിഷ്യരേയും അടുത്തേക്കു വിളിച്ചു. "ഇങ്ങുവരൂ... എന്റെ ചുറ്റുമിരുന്ന് ഈ പ്രബോധനം ശ്രവിക്കൂ. നിങ്ങൾ തർക്കിച്ചത് ഞാൻ കേട്ടു. സ്വരം പതറുന്നതുവരെ ഉച്ചത്തിൽ തങ്ങളുടെ മേന്മകളെക്കുറിച്ച് ചർച്ച ചെയ്ത് അതനുസരിച്ചുള്ള സ്ഥാനമായിരിക്കും ഓരോരുത്തർക്കും കിട്ടുക എന്നാണല്ലോ നിങ്ങൾ വിശ്വസിക്കുന്നത്. നിങ്ങൾക്കു് ഒരു ജിജ്ഞാസയുണ്ട്;  നിങ്ങളിൽ ആരായിരിക്കും സ്വർഗ്ഗരാജ്യത്തിൽ ഒന്നാമൻ എന്നറിയാനുള്ള ജിജ്ഞാസ.
                                   നിങ്ങളുടെ നന്മയ്ക്കായി നിങ്ങളുടെ ഗുരു നിങ്ങളുടെ ജിജ്ഞാസയ്ക്കു വഴങ്ങുകയാണ്. മനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വഴങ്ങുന്നതിനെ ഞാൻ വെറുക്കുന്നെങ്കിലും ഇതു ചെയ്യുന്നു. ചന്തയുടെ ബഹളത്തിൽ, ഏതാനും നാണയങ്ങൾക്കു വേണ്ടി ഏതു ചോദ്യത്തിനും ഉത്തരം പറയാനിരിക്കുന്ന കബളിപ്പുകാരനല്ല നിങ്ങളുടെ ഗുരു. ഭാവി പറയാൻ, അങ്ങനെ പണം സമ്പാദിക്കാൻ അവനെ സഹായിക്കുന്ന പാമ്പിന്റെ അരൂപിയും അവനില്ല. ഭാവി അറിഞ്ഞിട്ട് അതനുസരിച്ച് പ്രവർത്തിക്കാം എന്നു കരുതുന്ന മനുഷ്യന്റെ ഇടുങ്ങിയ മനസ്സിനെ തൃപ്തിപ്പെടുത്താനാണ് ഈ പണികളെല്ലാം. ജ്ഞാനത്തോടെ പ്രവർത്തിക്കാൻ മനുഷ്യന് സ്വയമേ കഴിവില്ല. മനുഷ്യന് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ ദൈവം അവനെ സഹായിക്കും. ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെ ഒഴിവാക്കാൻ കഴിവില്ലെങ്കിൽ ഭാവി അറിഞ്ഞിട്ടും, അറിയാൻ ശ്രമിച്ചിട്ടും ഒരുപകാരവുമില്ല. ഒരൊറ്റ മാർഗ്ഗമേയുള്ളൂ. കർത്താവും പിതാവുമായവനോടു പ്രാർത്ഥിക്കുക - അവന്റെ കാരുണ്യം തുണയായിരിക്കുവാൻ... ഞാൻ ഗൗരവമായി പറയുന്നു, പ്രത്യാശയോടു കൂടെയുള്ള പ്രാർത്ഥനയ്ക്ക് ശിക്ഷയെ അനുഗ്രഹമായി മാറ്റാൻ കഴിയും.
                              എന്നാൽ ഭാവി ദുരന്തങ്ങളെ ഒഴിവാക്കാൻ, മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കുന്ന മനുഷ്യരുടെ സഹായം തേടുന്നവന് പ്രാർത്ഥിക്കാൻ തന്നെ സാധിക്കയില്ല; അഥവാ, വളരെ മോശമായിട്ടായിരിക്കും പ്രാർത്ഥിക്കുക. ഈ ജിജ്ഞാസ നിങ്ങളെ ഒരു നല്ലപാഠം പഠിപ്പിക്കും എന്ന കാരണത്താൽ, ഇതിന് ഒരു പ്രാവശ്യം മാത്രം ഞാൻ മറുപടി പറയുന്നു.
                            നിങ്ങൾ  ചോദിക്കുന്നത്  "ഞങ്ങളിൽ ആരായിരിക്കും സ്വർഗ്ഗരാജ്യത്തിലെ വലിയവൻ" എന്നാണ്.   ഞങ്ങൾ എന്നതുകൊണ്ട് ഇവിടെ സന്നിഹിതരായിരിക്കുന്നവരെ മാത്രമല്ല, ഇപ്പോഴും ഭാവിയിലുമുള്ള എല്ലാവരേയും ഉദ്ദേശിച്ചാണ് ഞാൻ മറുപടി പറയുന്നത്.   "മനുഷ്യരുടെ ഇടയിൽ ഏറ്റവും ചെറിയവനായിരിക്കുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ!!"  അതായത്, ഏറ്റവും ചെറിയവൻ എന്നു മനുഷ്യരാൽ കരുതപ്പെടുന്നവർ  -  കാപട്യമില്ലാത്തവർ, എളിയവർ, പ്രത്യാശയുള്ളവർ, അറിവില്ലാത്തവർ തുടങ്ങിവർ - അങ്ങനെയുള്ളവർ കുഞ്ഞുങ്ങളാണ്; അഥവാ തങ്ങളുടെ ആത്മാക്കളെ കുഞ്ഞുങ്ങളുടേതുപോലെ ആക്കാൻ കഴിവുള്ളവരാണ്.
                           ശാസ്ത്രം, അധികാരം, ധനം, നല്ല ജോലി ഇവയൊന്നും സ്വർഗ്ഗരാജ്യത്തിൽ നിന്നെ വലിയവനാക്കുകയില്ല. സ്നേഹം, കാരുണ്യം, എളിമ,  കാപട്യമില്ലായ്മ, വിശ്വാസം ഇത്യാദി കാര്യങ്ങളിൽ കുഞ്ഞുങ്ങളേപ്പോലെയാകുക. തർക്കങ്ങളും അഹങ്കാരവും കൂടാതെ കൊച്ചുകുട്ടികളെപ്പോലെ പരസ്പരം സ്നേഹിക്കുവിൻ. തമ്മിൽത്തമ്മിൽ സമാധാനത്തിൽ ജീവിക്കുക. എല്ലാ മനുഷ്യരോടും സമാധാനമുള്ള മനസ്സോടെ വർത്തിക്കുക. കർത്താവിന്റെ നാമത്തിൽ നിങ്ങൾ  സഹോദരങ്ങളാണ്;  ശത്രുക്കളല്ല. ഈശോയുടെ ശിഷ്യരുടെയിടയിൽ ഒരു ശത്രുതയും ഉണ്ടാകാൻ പാടില്ല. ഏകശത്രു പിശാചാണ്.   തിന്മ ഏതു രൂപം ധരിച്ചു വന്നാലും അതിനോടു യുദ്ധം ചെയ്യുന്നതിൽ മടുപ്പില്ലാത്തവരാകുവിൻ. പിശാച് ഒരിക്കലും പറയില്ല, "അതുമതി; ഇപ്പോൾ ഞാൻ ക്ഷീണിച്ചിരിക്കുന്നു;  അതിനാൽ ഞാൻ വിശ്രമിക്കാൻ പോകയാണ്"  എന്ന്.  അവൻ ക്ഷീണമില്ലാത്തവനാണ്. അവൻ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരുവനിലേക്ക് ചിന്തയുടെ വേഗത്തിൽ, അതിലും വേഗത്തിൽ പോകുന്നു; പ്രലോഭിപ്പിക്കുന്നു; സ്വന്തമാക്കുന്നു; കെണിയിൽ വീഴ്ത്തുന്നു. വലിയ  ജാഗ്രതയില്ലെങ്കിൽ അവൻ നശിപ്പിക്കുന്നു. ദൈവത്തിൽ നിന്നോ ദൈവത്തിന്റെ ദാസന്മാരിൽ നിന്നോ ലഭിച്ച പരാജയത്തിന് പകരം വീട്ടാനാണ് അവനിതു ചെയ്യുന്നത്. എന്നാൽ അവൻ പറയുന്നത് നിങ്ങളും പറയണം; "ഞാൻ വിശ്രമിക്കയില്ല." നരകത്തിലേക്ക് ആളുകളെ പിടിക്കാനാണ് അവൻ വിശ്രമിക്കാതിരിക്കുന്നത്. പറുദീസായിലേക്ക് ആളുകളെ നേടുന്നതിൽ നിങ്ങളും വിശ്രമിക്കാൻ  പാടില്ല. ഒരിടവും അവനു കൊടുക്കരുത്.   ഞാൻ  മുൻകൂട്ടി  പറയുന്നു, നിങ്ങൾ  എത്രയധികമായി യുദ്ധം ചെയ്യുമോ അത്രയധികമായി അവൻ നിങ്ങളെ സഹിപ്പിക്കും.  പക്ഷേ അതേക്കുറിച്ച് നിങ്ങൾ  ആകുലരാകരുത്. അവന് ഭൂമി മുഴുവൻ ഓടിക്കയറാം; എന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവില്ല. അതിനാൽ അവിടെ നിങ്ങളെ അവൻ ഉപദ്രവിക്കയില്ല. അവനോടു യുദ്ധം ചെയ്തവരെല്ലാം അവിടെയുണ്ടായിരിക്കും."

Thursday, October 18, 2012

വി.ലൂക്കാ

ഇന്ന് സുവിശേഷകനായ വി.ലൂക്കായുടെ തിരുനാള്‍
   
St.Luke
           വിശുദ്ധ ബൈബിളിലെ മൂന്നാമത്തെ സുവിശേഷത്തിന്റെയും അപ്പസ്തോല നടപടികളുടെയും  രചയിതാവായ വി.ലൂക്കായുടെ ജന്മദേശം,   സിറിയയിലെ അന്ത്യോക്യായാണ്. വി.പൌലോസിനാല്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം,   വി.പൌലോസിന്റെ ഭൂരിഭാഗം പ്രേഷിത യാത്രകളിലും  സന്തത സഹാരിയായിരുന്നു.  
                  തൊഴില്‍ കൊണ്ട്  വൈദ്യനായിരുന്ന  വി.ലൂക്കാ, മികവുറ്റ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു. ഇന്ന് നാം കാണുന്ന നിത്യസഹായമാതാവിന്റെ പുകള്‍പെറ്റ ചിത്രം അദ്ദേഹം  രചിച്ചതായാണ് ഐതിഹ്യം. അതെന്തായാലും, പരിശുദ്ധ അമ്മയുടെ ഏറ്റം മനോഹരമായ വാഗ്മയചിത്രമാണ്‌  തന്റെ സുവിശേഷത്തിലൂടെ അദ്ദേഹം നമുക്കു നല്‍കിയിരിക്കുന്നത്.  

Tuesday, October 16, 2012

വി.മര്‍ഗ്ഗരീത്താ മറിയം

 October 16

ഇന്ന്, തിരുഹൃദയഭക്തിയുടെ പ്രേഷിതയും പ്രചാരകയുമായിരുന്ന   വി.മര്‍ഗ്ഗരീത്താ മറിയത്തിന്റെ (St.Margaret Mary Alacoque) തിരുനാള്‍  
To love Me, Think of Me;  To think of Me, Love Me

                                      പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലായി  ബനടിക്ടന്‍ ആശ്രമങ്ങളിലാണ് ഈശോയുടെ പരിശുദ്ധ ഹൃദയത്തോടുള്ള പ്രത്യേകമായ ഭക്തി ആരംഭിച്ചതെങ്കിലും   ഈ ഭക്തിയുടെ  പ്രചാരണത്തിനായി  ഈശോ തെരഞ്ഞെടുത്തത് പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ഒരു വിസിറ്റേഷന്‍    സന്യാസിനിയായിരുന്ന വി.മര്‍ഗ്ഗരീത്താ മറിയത്തെയായിരുന്നു. ഒരു ദര്‍ശനത്തില്‍ ഈശോ അവളോടു  പറഞ്ഞു: "കണ്ടാലും, മനുഷ്യരെ ഇത്രമാത്രം സ്നേഹിക്കുന്നതും മനുഷ്യരാല്‍ ഇത്ര കുറച്ചു  സ്നേഹിക്കപ്പെടുന്നതുമായ എന്റെ ഹൃദയം.."

മാലാഖയുടെ അഭിവാദനത്തിന്റെ മനോഹാരിത

  October - Month of the Most Holy Rosary
(From "The Secret of the Rosary" by St.Louis De Montfort)

                     ദൈവത്തിന്റെ പ്രതാപത്തോളം  മഹത്തും മനുഷ്യന്റെ പാപാവസ്ഥയോളം ഹീനവുമായ മറ്റൊന്നുമില്ലെങ്കിലും സര്‍വശക്തനായ ദൈവം നമ്മുടെ നിസ്സാര പ്രാര്‍ഥനകള്‍ തള്ളിക്കളയുന്നില്ല. നേരെ മറിച്ച്, നാം അവിടുത്തെ സ്തുതികള്‍ ആലപിക്കുമ്പോള്‍ അവിടുന്ന് സംപ്രീതനാകുന്നു. അത്യുന്നതന്റെ സ്തുതിക്കായി നമുക്കു പാടാന്‍ സാധിക്കുന്നതില്‍ ഏറ്റവും മനോഹരമായ കീര്‍ത്തനങ്ങളിലൊന്ന്  പരിശുദ്ധ മാതാവിനോടുള്ള വി.ഗബ്രിയേലിന്റെ ഈ അഭിവാദനമാണ്. 
                    "ദൈവമേ, ഞാന്‍ അങ്ങേയ്ക്ക് ഒരു പുതിയ കീര്‍ത്തനം പാടും" (സങ്കീ: 144.9).  മിശിഹായുടെ ആഗമനത്തില്‍ ആലപിക്കപ്പെടുമെന്ന് ദാവീദ് പ്രവചിച്ച ഈ പുതിയ കീര്‍ത്തനം വി.ഗബ്രിയേലിന്റെ   അഭിവാദനമല്ലാതെ മറ്റൊന്നുമല്ല. 
                             ഒരു പഴയ കീര്‍ത്തനവും ഒരു പുതിയ കീര്‍ത്തനവുമുണ്ട്.   പഴയ കീര്‍ത്തനം, തങ്ങളെ സൃഷ്ടിച്ചു  നിലനിര്‍ത്തി പരിപാലിക്കുന്നതിനും അടിമത്തത്തില്‍ നിന്നു രക്ഷിക്കുന്നതിനും ചെങ്കടലിലൂടെ സുരക്ഷിതരായി നയിക്കുന്നതിനും രക്ഷിക്കുവാന്‍ മന്ന നല്‍കുന്നതിനും അവിടുത്തെ മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തോടുള്ള നന്ദിയാല്‍  നിറഞ്ഞ് യഹൂദന്മാര്‍ പാടിയതാണ്.  പുതിയ കീര്‍ത്തനമാകട്ടെ, ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെയും പരിത്രാണകര്‍മ്മത്തിന്റെയും കൃപകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികള്‍ പാടുന്നതാണ്.  അത്യന്തം അതിശയകരമായ ഈ കാര്യങ്ങള്‍ സംഭവ്യമാക്കിയത് മാലാഖയുടെ അഭിവാദനമാകയാല്‍, പരിശുദ്ധ ത്രിത്വം നമുക്കു നല്‍കിയ  അളവറ്റ നന്മകള്‍ക്കു നന്ദി പറയുവാന്‍ അതേ അഭിവാദനം തന്നെ നാമും ആവര്‍ത്തിക്കുന്നു. 
                ഈ പുതിയ കീര്‍ത്തനം ദൈവമാതാവിന്റെ സ്തുതിക്കായുള്ളതാണെങ്കിലും പരിശുദ്ധ ത്രിത്വത്തെയും അത് ശ്രേഷ്ഠമാംവിധം മഹത്വപ്പെടുത്തുന്നുണ്ട്.  കാരണം, നാം പരിശുദ്ധ അമ്മയ്ക്ക് അര്‍പ്പിക്കുന്ന ഏതൊരു അഞ്ജലിയും തീര്‍ച്ചയായും പരിശുദ്ധ മാതാവിന്റെ സകല നന്മകളുടെയും പൂര്‍ണ്ണതകളുടെയും കാരണമായ ദൈവത്തിങ്കലേയ്ക്ക് എത്തിച്ചേരും. പരിശുദ്ധ മാതാവിനെ നാം ബഹുമാനിക്കുമ്പോള്‍ പിതാവായ ദൈവം മഹത്വപ്പെടും. കാരണം, അവിടുത്തെ സൃഷ്ടികളില്‍ ഏറ്റം പൂര്‍ണ്ണമായതിനെയാണ് നാം ആദരിക്കുന്നത്. പുത്രനായ ദൈവവും  മഹത്വപ്പെടും. കാരണം, അവിടുത്തെ എത്രയും പരിശുദ്ധയായ അമ്മയെയാണ് നാം സ്തുതിക്കുന്നത്. പരിശുദ്ധാത്മാവായ ദൈവവും മഹത്വപ്പെടും. കാരണം, അവിടുന്ന് തന്റെ മണവാട്ടിയില്‍ ചൊരിഞ്ഞ കൃപകളെ നാം പുകഴ്ത്തുകയാണ്. 
                    മാലാഖയുടെ അഭിവാദനം ചൊല്ലിക്കൊണ്ട്‌ നാം  പരിശുദ്ധ അമ്മയെ സ്തുതിക്കുമ്പോള്‍, വി.എലിസബത്ത് മാതാവിനെ സ്തുതിച്ചപ്പോള്‍ എന്നപോലെ പരിശുദ്ധ അമ്മ അത് സര്‍വശക്തനായ ദൈവത്തിനു കൈമാറുന്നു. എലിസബത്ത്, മറിയത്തെ "ദൈവമാതാവ്" എന്ന ഏറ്റം ഉന്നതമായ പദവി നല്‍കിക്കൊണ്ടാണ് പ്രകീര്‍ത്തിച്ചത്. പരിശുദ്ധ അമ്മ ഉടനെ ഈ സ്തുതികളെ മനോഹരമായ സ്തോത്രഗീതത്തിലൂടെ ദൈവത്തിനു തിരിച്ചുനല്‍കി.  മാലാഖയുടെ അഭിവാദനം പരിശുദ്ധ ത്രിത്വത്തിനു മഹത്വം നല്‍കുന്നതുപോലെ നമുക്ക് നമ്മുടെ പരിശുദ്ധ അമ്മയ്ക്കു നല്‍കാനാകുന്ന അത്യുന്നതമായ സ്തുതിയും കൂടെയാണത്.      

Monday, October 15, 2012

വി.അമ്മ ത്രേസ്യ

 October 15

ഇന്ന്  വേദപാരംഗതയായ വി.അമ്മ ത്രേസ്യയുടെ തിരുനാള്‍ 
St.Theresa of Avila
                                  സ്പെയിനിലെ ആവിലായാണ് വി.അമ്മ ത്രേസ്യായുടെ ജന്മദേശം.  അലന്‍സോ - ഡോണാ ബിയാട്രിസ് ദമ്പതിമാരുടെ മൂന്നാമത്തെ സന്താനമായി 1515 മാര്‍ച്ച് 28 ന്  അവള്‍ ഭൂജാതയായി.  12 വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അവള്‍ക്ക് പിന്നീട് പരിശുദ്ധ കന്യകാമാതാവായിരുന്നു അമ്മയും ആശ്രയവും.  പില്‍ക്കാലത്ത് ആ അമ്മ തന്നെ അവളെ തന്റെ സഭയിലേക്ക് (കര്‍മ്മലീത്ത സഭ) നയിക്കുകയും ചെയ്തു.
                    അന്നത്തെ സന്യാസജീവിതത്തിന്റെ കുത്തഴിഞ്ഞ സ്ഥിതി മാറ്റി നവോഥാനത്തിനു  വഴിയൊരുക്കിയത്  വി.അമ്മ ത്രേസ്യയാണ്.
                      വി.അമ്മ ത്രേസ്യായുടെ ജീവിതത്തിലേക്കു കടന്നു ചെല്ലുമ്പോള്‍ നമ്മെ അതിശയിപ്പിക്കുന്ന, ദുരൂഹമായ ചില വസ്തുതകള്‍ കാണാം.  അവയിലൊന്നാണ് പുണ്യവതിയുടെ ഹൃദയത്തിന്റെ ഇരുപുറവും തുളച്ചിരിക്കുന്ന മുറിവ്. അവര്‍ ദിവംഗതയാകുന്നതിന് 23 വര്‍ഷം മുന്‍പ് 1559 ല്‍ ആണ് ഇതു സംഭവിച്ചത്.
               പുണ്യവതിയുടെ മുറിവേറ്റ  ഹൃദയത്തെ ഒരു തിരുനാളാഘോഷം കൊണ്ട് തിരുസഭ ബഹുമാനിക്കുന്നു.  August 27 ന് സ്പെയിനില്‍ മുഴുവനായും കര്‍മ്മലീത്ത സഭ പ്രത്യേകമായും വി. ത്രേസ്യായുടെ ഹൃദയഭേദക തിരുനാളാണ്.  സ്പെയിനിലെ ആല്പദെ തൊര്‍മ്മാസ എന്ന പട്ടണത്തില്‍ കര്‍മ്മലീത്താ നിഷ്പാദുക സന്യാസിനികളുടെ ആശ്രമത്തില്‍, സ്നേഹത്താല്‍ മുറിവേറ്റ അവളുടെ ഹൃദയം ഇന്നും കേടുകൂടാതെ സൂക്ഷിക്കപ്പെടുന്നു.