ജാലകം നിത്യജീവൻ: January 2016

nithyajeevan

nithyajeevan

Sunday, January 31, 2016

ഫാത്തിമായിലെ മൂന്നാം രഹസ്യം

         

ഫാത്തിമായിലെ മൂന്നാം ദർശനത്തിൽ (1917ജൂലൈ 13) മാതാവ് അറിയിച്ച രഹസ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ  സി.ലൂസിയ 1941 ൽ, അന്നത്തെ ലിറിയ ബിഷപ്പായിരുന്ന മോൺ.ജോസ് ആൽവ്സ് ഡിസിൽവയുടെ നിർദേശപ്രകാരം എഴുതിയ തന്റെ ആദ്യത്തെ ഓർമ്മക്കുറിപ്പിലൂടെ  വെളിപ്പെടുത്തി.  
 രഹസ്യത്തിന്റെ ആദ്യഭാഗം നരകദർശനമാണ്.  ധാരാളമാളുകൾ  തങ്ങളുടെ പാപങ്ങൾ നിമിത്തം നരകത്തിൽ വീഴുന്നുവെന്നും പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനും ത്യാഗം ചെയ്യുവാനും ആരുമില്ലെന്നും പരിശുദ്ധ അമ്മ വിലപിച്ചു.  
രഹസ്യത്തിന്റെ രണ്ടാം  ഭാഗം, വരാൻ പോകുന്ന മറ്റൊരു  യുദ്ധത്തെയും കമ്മ്യുണിസ്റ്റ് റഷ്യയുടെ ഉദയത്തെയും  കമ്മ്യുനിസത്തിന്റെ  വളർച്ചയെയും പറ്റിയുള്ള പ്രവചനങ്ങളാണ്.  മനുഷ്യർ മാനസാന്തരപ്പെട്ട്  ദൈവത്തിങ്കലേക്ക് തിരിയുന്നില്ലെങ്കിൽ ഇപ്പോഴത്തെതിലും ഭയാനകമായ  മറ്റൊരു യുദ്ധം ഉണ്ടാകുമെന്നും  അതു  തടയുന്നതിനായി റഷ്യയെ  മാതാവിന്റെ  വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും അല്ലെങ്കിൽ റഷ്യ അതിന്റെ അബദ്ധസിദ്ധാന്തങ്ങൾ ലോകം മുഴുവൻ പരത്തുമെന്നും, കൂടാതെ,  മാതാവിന്റെ
 വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ       പ്രചരിക്കണമെന്ന്  നിത്യപിതാവ് ആഗ്രഹിക്കുന്നുവെന്നും അതിനായി മാസാദ്യശനിയാഴ്ച ആചരണം സഭയിൽ        തുടങ്ങണമെന്നും മാതാവ് 
                                         അറിയിച്ചു.                                           
മൂന്നാം ഭാഗം, അഥവാ മൂന്നാം ഫാത്തിമ രഹസ്യം (The third secret of Fatima)  കൂടി വെളിപ്പെടുത്തുവാൻ 1943 ൽ ബിഷപ്പ് ആവശ്യപ്പെട്ടുവെങ്കിലും .കുറഞ്ഞൊരു കാലം  ലൂസിയ സന്ദേഹിച്ചു;   "അതു ചെയ്യുവാൻ   തന്നെ അധികാരപ്പെടുത്തുന്നതായുള്ള  ഒരുറപ്പ്  അവൾക്കു ദൈവത്തിൽ നിന്നു ലഭിച്ചില്ല" എന്നാണ് കാരണമായി അവൾ പറഞ്ഞത്. എന്നാൽ 1943 ഒക്ടോബറിൽ  ഇതുസംബന്ധിച്ച വ്യക്തമായ കൽപ്പന ബിഷപ്പ് പുറപ്പെടുവിച്ചപ്പോൾ അനുസരണത്തിൻ കീഴിൽ,  ആ രഹസ്യം കടലാസിലാക്കുവാൻ അവൾ  തുനിഞ്ഞു.  എന്നാൽ,  വളരെയേറെ  ക്ലേശിച്ചിട്ടും അവൾക്കത് എഴുവാൻ കഴിഞ്ഞില്ല.   ഒടുവിൽ,  പരിശുദ്ധ മാതാവുതന്നെ അവളുടെ  സഹായത്തിനെത്തി. ബിഷപ്പിന്റെ ആജ്ഞ അനുസരിച്ച്  രഹസ്യം രേഖപ്പെടുത്താമെന്നും  എന്നാൽ രേഖപ്പെടുത്തിയ  രഹസ്യം കവറിലാക്കി മുദ്രവെച്ച് ബിഷപ്പിനെ ഏൽപ്പിക്കണമെന്നും ഈ രഹസ്യം 1960 നുശേഷം മാത്രം വെളിപ്പെടുത്തുവാനുള്ളതാണെന്നും  മാതാവ് അവളെ അറിയിച്ചു.  അങ്ങനെ മാതാവിന്റെ സഹായത്തോടെ,   1944 ജനുവരി മൂന്നാം  തീയതി
  അവൾ ഫാത്തിമാ രഹസ്യത്തിന്റെ മൂന്നാം ഭാഗം  രേഖപ്പെടുത്തുകയും അത് കവറിലിട്ട് സീൽ ചെയ്ത് "1960 നുശേഷം മാത്രം  ദൈവജനത്തിനു  വെളിപ്പെടുത്തപ്പെടുവാനുള്ളത്" എന്നു   കവറിനു പുറത്ത് രേഖപ്പെടുത്തി ബിഷപ്പിന്റെ പക്കൽ എത്തിക്കുകയും ചെയ്തു.. 
 എന്നാൽ,  അതു തുറന്നു വയിച്ചുനോക്കുവാൻ ബിഷപ്പ് തുനിഞ്ഞില്ല.  ഇതറിഞ്ഞ സി.ലൂസിയാ,  ബിഷപ്പിൽനിന്നും ഒരു വാഗ്ദാനം ചോദിച്ചുവാങ്ങി.  ദൈവമാതാവ്  അറിയിച്ച  ഈ രഹസ്യം, 1960 നു ശേഷമോ അല്ലെങ്കിൽ അവളുടെ മരണത്തിനു ശേഷമോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് ലോകത്തെ അറിയിക്കണമെന്നതായിരുന്നു അത്.  അതല്ല, ബിഷപ്പാണ് ആദ്യം മരിക്കുന്നതെങ്കിൽ രഹസ്യമടങ്ങിയ കവർ ലിസ്ബണിലെ കർദ്ദിനാളിനെ എല്പ്പിക്കണമെന്നും സി.ലൂസിയ അഭ്യർഥിച്ചു. ബിഷപ്പ് അതു സമ്മതിച്ചു.  സി.ലൂസിയായുടെ കത്ത് 1957 വരെ ബിഷപ്പ് സൂക്ഷിച്ചു. അതിനുശേഷം,  ഈ കത്ത് പ്രാദേശിക  സഭാധികാരികൾ  വത്തിക്കാനിലേക്ക് അയക്കുകയാണ് ഉണ്ടായത്.
അന്ന് മാർപ്പാപ്പായായിരുന്ന പന്ത്രണ്ടാം പീയൂസും 1960 ആകുന്നതുവരെ  കാത്തിരിക്കാനാണ് തീരുമാനിച്ചത്.  1958 ൽ അദ്ദേഹത്തിന്റെ   മരണത്തെത്തുടർന്ന്  ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പാ സ്ഥാനമേറ്റു.  അദ്ദേഹം കത്ത് തുറന്നു  വായിച്ചുവെങ്കിലും  അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല. 
                   "ഫാത്തിമായിലെ മൂന്നാം രഹസ്യം,  രഹസ്യമായിത്തന്നെ സൂക്ഷിക്കപ്പെടുന്നതാണ്" എന്ന ഒരു പത്രപ്രസ്താവന  വത്തിക്കാൻ 1960 ൽ പുറപ്പെടുവിച്ചു. ഇത് ഒരുപാട് ഊഹാപോഹങ്ങൾക്കു വഴി തെളിച്ചു.  ലോകത്തിന്റെ നാശത്തിനു വഴിതെളിക്കുന്ന ആണവയുദ്ധം മുതൽ 
കത്തോലിക്കാ സഭയിലെ പിളർപ്പ് വരെ ഫാത്തിമായിലെ മൂന്നാം രഹസ്യമായി വ്യാഖ്യാനിക്കപ്പെട്ടു..